Image

സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ തറക്കല്ലിട്ടു; രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

Published on 09 October, 2011
സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ തറക്കല്ലിട്ടു; രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും
കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സ്‌മാര്‍ട്‌ സിറ്റിയ്‌ക്ക്‌ തറക്കല്ലിട്ടു. പദ്ധതിയുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്‌മാര്‍ട്‌ സിറ്റി ചെയര്‍മാനും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ടീകോം ഗ്രൂപ്പ്‌ സിഇഒ: അബ്‌ദുലത്തീഫ്‌ അല്‍ മുല്ല എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

ഏതാണ്ട്‌ ഒരു ലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭരണ നിര്‍വഹണ കേന്ദ്രം കൂടിയായി ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പവിലിയന്‍ 14 ആഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു ഘട്ടമായാണു പദ്ധതി പൂര്‍ത്തിയാക്കുക. ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്‌ ഉറപ്പു നല്‍കുന്നു. വേണ്ടത്ര പണം പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ടെന്നു പ്രമോട്ടര്‍മാരായ ടീകോം, ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ യോഗത്തില്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥാവിധി നടക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നതിനായി പ്രോജക്‌ട്‌ മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിച്ചതായി സ്‌മാര്‍ട്‌ സിറ്റി വൈസ്‌ ചെയര്‍മാന്‍ കൂടിയായ അബ്‌ദുലത്തീഫ്‌ അല്‍ മുല്ല പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. ബാബു, എം.എ. യൂസഫലി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനു യോഗം അംഗീകാരം നല്‍കി. പദ്ധതിക്കായി ഏറ്റെടുത്ത 246 ഏക്കര്‍ ഭൂമിക്ക്‌ ഒരുമിച്ചു പ്രത്യേക സാമ്പത്തിക മേഖലാ പദവി (സെസ്‌) ലഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. 131 ഏക്കറിനു കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ സെസ്‌ പദവി ലഭിച്ചിരുന്നു. ശേഷിച്ച ഭൂമി കൂടി ഉള്‍പ്പെടുത്തി സിംഗിള്‍ സെസായി അംഗീകരിച്ചുകൊണ്ടുള്ള വിജ്‌ഞാപനം വൈകാതെ വരുമെന്നാണു പ്രതീക്ഷ. യോഗത്തില്‍ ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, അബ്‌ദുലത്തീഫ്‌ അല്‍ മുല്ല, എംഡി: ബാജു ജോര്‍ജ്‌, ഇസ്‌മായില്‍ അല്‍ നഖി എന്നിവര്‍ പങ്കെടുത്തു. രണ്ടായിരം കോടി രൂപയാണു സ്‌മാര്‍ട്‌ സിറ്റി പദ്ധതിയുടെ മുതല്‍ മുടക്ക്‌.
സ്‌മാര്‍ട്ട്‌ സിറ്റിയ്‌ക്ക്‌ തറക്കല്ലിട്ടു; രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക