Image

ഓണസ്മൃതി (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 19 August, 2013
ഓണസ്മൃതി (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
കര്‍ക്കിടകത്തിന്റെ ദുരിതങ്ങളെ പിന്നിട്ടുകൊണ്ട്, ആഹ്ലാദത്തിന്റെയും പങ്കുവയ്ക്കലിന്റെയും ദിനങ്ങളുമായി, ശുഭപ്രതീക്ഷകളുമായി, പൂക്കളങ്ങളുടെ ഉത്സവമായി വീണ്ടും പൊന്നോണമെത്തുന്നു. ലോകമെമ്പാടുമുള്ള ആബാലവൃദ്ധം മലയാളികളും ജാതിമതഭേദമന്യേ ദേശീയോത്സവമായി തിരുവോണം ആഘോഷിക്കുന്നു. ഓണാഘോഷത്തിന്റെ ആഹ്ലാദത്തിമിര്‍പ്പില്‍ ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യങ്ങള്‍ക്ക് വലിയ പ്രസക്തി ആരും നല്കുന്നില്ല.
പൊന്നിന്‍ ചിങ്ങമാസം കേരളത്തില്‍ വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമാണ്.ആ സമൃദ്ധിയെ എതിരേല്‍ക്കാന്‍ തിരുവോണത്തിനു പത്തുനാള്‍ മുമ്പുതന്നെ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് കലാപരമായി മുറ്റത്തുതീര്‍ക്കുന്ന പൂക്കളങ്ങള്‍ ഭവനങ്ങളെ കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണങ്ങളാക്കുന്നു.

ഗതകാലസ്മരണകളെ തഴുകിത്തലോടിയെത്തുന്ന ഓണാഘോഷങ്ങള്‍ പ്രവാസി മലയാളികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു.പുഞ്ചപ്പാടങ്ങളും കൈത്തോടുകളും അമ്പലക്കുളങ്ങളും ആമ്പല്‍പൊയ്കകളും നിറഞ്ഞ ഗ്രാമങ്ങള്‍ സ്മൃതിപഥത്തിലെത്തുന്നു. ചെമ്മണ്ണു വിരിച്ച വീഥിികളും ഇടവഴികളും ഒരു കാലത്ത് കേരളീയ ഗ്രാമങ്ങളുടെ മുഖമുദ്രയായിരുന്നു. കാളവണ്ടികളായിരുന്നു  അന്നത്തെ ഗ്രാമീണ കര്‍ഷകരുടെ  ഇഷ്ടവാഹനങ്ങള്‍. പ്രതാപത്തിന്റെ പ്രതീകങ്ങളായിരുന്നു ചുരുക്കമായി കണ്ടിരുന്ന കാറുകള്‍.

ഊഞ്ഞാലാട്ടവും കടുവാകളിയും കുട്ടികളുടെ ആര്‍പ്പുവിളികളും എല്ലാം  ചേര്‍ന്ന ഓണാഘോഷം ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവമായിരുന്നു.കേരളത്തിന്റെ മാത്രം സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന തിരുവാതിരയും വള്ളം കളിയും കേരളക്കരയെ ആനന്ദതുന്ദിലമാക്കിയിരുന്നു.

“ നാട്യ പ്രധാനം നഗരം ദരിദ്രം
   നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം”

എന്ന് മഹാകവി കുറ്റിപ്പുറം പാടിയത് ഇത്തരം ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായിരുന്നു. ചാരുതയാര്‍ന്ന ആ ഗ്രാമഭംഗിയുടെ പഴയകാലചിത്രം അനുസ്മരിക്കുന്നതുതന്നെ ആനന്ദകരമായ ഒരു അനുഭവം.
സംഘര്‍ഷങ്ങളും ഭയാശങ്കകളും കൊണ്ടു സങ്കീര്‍ണ്ണമായ ഒരു ഓണക്കാലത്തെ എതിരേല്ക്കാനാണ് ഇന്നു കേരളക്കര തയ്യാറാകുന്നത് എന്നതും വേദനാജനകമാണ്. എങ്കലും, പരമ്പരാഗതമായി കൊണ്ടാടിവരുന്ന ഓണാഘോഷം, വിലയേറിയ സന്ദേശങ്ങള്‍ പിന്‍തലമുറയിലേക്കു കൈമാറുവാന്‍ അവസരമൊരുക്കുന്നു എന്നതും ശ്ലാഘനീയമാണ്.

നാഗരിക ജീവിതശൈലിയും ഉപഭോക്ത സംസ്‌കാരവും നിത്യ ജീവിതത്തെ കീഴടക്കുമ്പോഴും, കുബേരകുചേല വ്യത്യാസമില്ലാതെ, മനുഷ്യന്‍ സഹവര്‍ത്തികളാകുന്നു എന്ന സാഹോദര്യത്തിന്റെ സന്ദേശം ഓണാഘോഷങ്ങളുടെ നേട്ടം തന്നെയാണ്. പഴമയെയും പുതുമയെയും പാരമ്പര്യങ്ങളെയും സംയോജിപ്പിക്കുമ്പോള്‍ അനുഭവവേദ്യമാകുന്ന ആഹ്ലാദം മറ്റൊരു നേട്ടമാണ്. പരസ്പര കരുതലും സ്‌നേഹവും നല്കുന്ന സംതൃപ്തിയില്‍ നിന്നും ഉളവാകുന്ന നന്മയുടെ പ്രകാശം യുവതലമുറയ്ക്കായി കത്തിച്ചുവയ്ക്കുന്ന ഭദ്രദീപമായി തുടരട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാ വായനക്കാര്‍ക്കും നന്മനിറഞ്ഞ ഓണാശംസകള്‍ !




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക