Image

ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഡേ പരേഡില്‍ കണ്ടതും കേട്ടതും

Published on 21 August, 2013
ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഡേ പരേഡില്‍ കണ്ടതും കേട്ടതും
ന്യൂയോര്‍ക്ക്‌: ആരാധകരുടെ മനംകവര്‍ന്ന്‌ ബോളിവുഡ്‌ റാണി, മലയാളിയായ വിദ്യാ ബാലന്‍; തുറന്ന സില്‍വര്‍ മസ്റ്റാംഗ്‌ കാറില്‍ കൈകള്‍ കൂപ്പി അഭിനവ ഗന്ധി അണ്ണാ ഹസാരെ.

കേന്ദ്ര സര്‍ക്കാരിനേയും പ്രതിരോധ മന്ത്രി എ.കെ. ആന്റണിയേയും വെട്ടിലാക്കി മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്‌ പക്ഷെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയില്ല. കോടികളുടെ ഇടപാടിനു ഒരു സൈനീക ഓഫീസര്‍ ഇടനില നിന്നുവെന്നാരോപിച്ചാണ്‌ സിംഗ്‌ ആന്റണിയെ വെട്ടിലാക്കിയത്‌. ആരോപിതനായ സൈനീകോദ്യോഗസ്ഥന്‍ സിംഗിനെതിരേ മാനനഷ്‌ടക്കേസ്‌ കൊടുത്തിട്ടുണ്ട്‌.

ചുരുക്കത്തില്‍ ഒരു കോണ്‍ഗ്രസ്‌ വിരുദ്ധഛായ പരേഡിനുണ്ടായിരുന്നു. സംഘാടകരെല്ലാം ഗുജറാത്തികളും മോഡി ഭക്തരും.

ഇത്രയൊക്കെയായിട്ടും കഴിഞ്ഞവര്‍ഷത്തെയത്ര ആളെ കൂട്ടാന്‍ പരേഡിനായോ എന്നു സംശയം. ന്യൂജേഴ്‌സിയിലെ എഡിസണ്‍ പരേഡില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ പേര്‍ വന്നപ്പോള്‍ മന്‍ഹാട്ടനിലെ മാഡിസണ്‍ അവന്യൂവില്‍ അതു കണ്ടില്ല.

കാരണം വ്യക്തമാണ്‌. മിക്കവാറുമെല്ലാ നഗരങ്ങളിലും ഇന്ത്യാ ഡേ പരേഡുകള്‍ ഈവര്‍ഷം അരങ്ങേറി. അല്ലെങ്കില്‍ അരങ്ങേറുന്നുവെന്നതിനാല്‍ എല്ലാം ന്യൂയോര്‍ക്കില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയ്‌ക്ക്‌ ചെറിയ തോതിലെങ്കിലും മാറ്റം വന്നിരിക്കുന്നു.

യുവജനതയെ കൂടുതലായി കണ്ടുവെന്നതാണ്‌ ഇത്തവണത്തെ ഒരു പ്രത്യേകത.

ഫോമ, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, ഇന്റര്‍ഫെയ്‌ത്ത്‌ സംഘടന തുടങ്ങിയവില്‍പ്പെട്ടവരാണ്‌ പരേഡില്‍ പങ്കെടുത്തത്‌. കുറെപ്പേര്‍ കാണികളായും ബിസിനസുകളുടെ ഫ്‌ളോട്ടിലും ഉണ്ടായിരുന്നു.

(കുറെ മലയാളികള്‍ കൂടി മന്‍ഹാട്ടനിലൂടെ കൂവി വിളിച്ചു നടന്നിട്ട്‌ എന്തു നേട്ടം എന്നൊരു എതിര്‍ ചോദ്യവും).

ഇന്ത്യയുടെ ഐക്യവും കരുത്തും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാനുള്ള അവസരമാണിതെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു. നമ്മുടെ സംസ്‌കാരത്തനിമയാണ്‌ നഗരവീഥിയിലൂടെ നിറഞ്ഞൊഴുകിയത്‌- അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഇന്ത്യക്കാരുടെ ശക്തിപ്രകടനമെന്നപോലെ, ഇന്ത്യയുമായി കാത്തുസൂക്ഷിക്കുന്ന ബന്ധത്തിന്റെ ഉദ്‌ഘോഷണം കൂടിയാണ്‌ പരേഡെന്ന്‌ ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്‌, തോമസ്‌ കോശി, ജോണ്‍ സി. വര്‍ഗീസ്‌, രാജു ഫിലിപ്പ്‌, വര്‍ഗീസ്‌ ഫിലിപ്പ്‌ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.

മുപ്പത്തിമൂന്നാമത്‌ പരേഡ്‌ സംഘടിപ്പിച്ച ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ സ്ഥാപകന്‍ ഡോ. തോമസ്‌ ഏബ്രഹാം പരേഡിനു മുന്‍ നിരയില്‍ അണിനിരന്നു. റിപ്പബ്ലിക്‌ ദിനമോ, ഗാന്ധിജയന്തിയോ ആഘോഷിക്കുന്നതിനു പകരം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 1970-കളില്‍ തന്നെ തങ്ങള്‍ തീരുമാനിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഗസ്റ്റില്‍ കാലാവസ്ഥയും നല്ലത്‌. ഇന്ത്യാ-യു.എസ്‌ ബന്ധം ശക്തിപ്പെടുത്താന്‍ ഇത്തരം സംരംഭങ്ങള്‍ വഴിയൊരുക്കുന്നു- അദ്ദേഹം പറഞ്ഞു. കോളനിവാഴ്‌ചയില്‍ നിന്ന്‌ ആദ്യം മോചിതമാകുന്ന രാജ്യങ്ങളിലൊന്ന്‌ എന്ന നിലയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഇന്ത്യക്കാരല്ലാത്തവരും ആഘോഷിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

പരേഡിനു താളം പകര്‍ന്ന ചെണ്ടമേളം എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. കാടൊന്നു ല്ലാത്ത വിജനതയില്‍ ഉത്തരേന്ത്യക്കാര്‍ ഉപയോഗിക്കുന്ന പാട്ടകൊണ്ടുള്ള ചെണ്ടയുടെ മുഴക്കത്തേക്കാള്‍ നിബിഡമായ മരക്കൂട്ടങ്ങളിലൂടെ വിദൂരത്തേക്ക്‌ പായുന്ന ചെണ്ടയുടെ സ്വരം മാഡിസണ്‍ അവന്യൂവിന്റെ ഇരുവശത്തേയും അംബരചുംബികളെ ഭേദിച്ച്‌ പുറംലോകത്തെത്തി. ഇത്തവണ താളവുമായി ഒരു വനിതയുമെത്തി.

ന്യൂയോര്‍ക്ക്‌ സിറ്റി മേയറായി മത്സരിക്കുന്ന സിറ്റി കൗണ്‍സില്‍ സ്‌പീക്കര്‍ ക്രിസ്റ്റിന്‍ ക്വിന്‍ പരേഡിനെത്തി. ഏതാനും വര്‍ഷം മുമ്പ്‌ സ്വവര്‍ക്ഷാനുകൂലികള്‍ക്ക്‌ പരേഡിന്‌ എഫ്‌.ഐ.എ അധികൃതര്‍ അനുമതി നിഷേധിച്ചപ്പോള്‍ അവര്‍ക്ക്‌ പിന്തുണയുമായി ക്വിന്‍ എത്തിയിരുന്നു. പിന്നീട്‌ നിരോധനം പിന്‍വലിച്ചു. കത്തോലിക്കയെങ്കിലും ക്വിന്‍ ഒരു വനിതയെ ആണ്‌ വിവാഹം കഴിച്ചിരിക്കുന്നത്‌.

മേയര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമായ സിറ്റി പബ്ലിക്‌ അഡ്വക്കറ്റ്‌ ആയി മത്സരിക്കുന്ന ഇന്ത്യക്കാരി രേഷ്‌മ സൗജനി ഒരു സംഘത്തോടൊപ്പം പരേഡില്‍ നടന്നു നീങ്ങി.

ജോര്‍ജ്‌ ഏബ്രഹാമിനെ ചെയര്‍മാനാക്കിയ ശേഷം നടക്കുന്ന പരേഡില്‍ പുതിയ പ്രസിഡന്റ്‌ ശുദ്ധ്‌ ജസൂജയുടെ നേതൃത്വത്തില്‍ ഒട്ടേറെ ഐ.എന്‍.ഒ.സി പ്രവര്‍ത്തകര്‍ അണിനിരന്നു. കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വരഗീസ്‌, തോമസ്‌ ടി. ഉമ്മന്‍, സജി ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

ചെറുപ്പക്കാരായ ആം ആദ്‌മി പ്രവര്‍ത്തകന്‍ പരേഡില്‍ നടന്നു നീങ്ങിയത്‌ ശ്രദ്ധേയമായി. ഹസാരെയെ അനുകരിച്ചുള്ള തൊപ്പിയും വെച്ച്‌ ഇന്ത്യയില്‍ മാറ്റത്തിന്‌ ആഹ്വാനം ചെയ്‌തായിരുന്നു അവരുടെ മാര്‍ച്ച്‌. അവരില്‍ മൂന്നുപേര്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്ന്‌ കാല്‍നടയായി എത്തിയതാണ്‌. എഡിസണിലെ പരേഡില്‍ കഴിഞ്ഞയാഴ്‌ച അവര്‍ പങ്കെടുത്തിരുന്നു. ഇന്‍ക്വിലാബ്‌ വിളികളുമായി സംഘം നീങ്ങിയത്‌ ശ്രദ്ധിക്കപ്പെട്ടു.

കാല്‍നടയായി എത്തിയ അക്ഷയ്‌കുമാര്‍ അനുഗു യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ളോറിഡയില്‍ പി.എച്ച്‌.ഡി വിദ്യാര്‍ത്ഥിയാണ്‌. വി.എന്‍. മധുസൂദനന്‍ ഐ.ടി പ്രൊഫഷണല്‍. ജയേഷ്‌ ശ്രീനിവാസന്‍ എന്‍ജിനീയര്‍. മൂന്നാള്‍ക്കും അമേരിക്കയില്‍ തുടരാന്‍ താത്‌പര്യമില്ല. അധികാരം ജനങ്ങളിലെത്തിക്കുക എന്നതാണ്‌ ജനാധിപത്യമെന്നും അതല്ല ഇന്ത്യയില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ചെല്ലുന്നിടത്തൊക്കെ മാറ്റത്തിനുവേണ്ടി ദാഹിക്കുന്ന ജനങ്ങളെയാണ്‌ കാണുന്നത്‌. ഇന്ത്യയില്‍ വോട്ടവകാശമുള്ള പത്തുലക്ഷം പേര്‍ അമേരിക്കയിലുണ്ടെന്നും, ഒരു ലോക്‌സഭാ മണ്‌ഡലത്തിലുള്ളതിനേക്കാളും കൂടുതല്‍ വരും ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പൗരന്മാരായ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ ഏറെ സ്വാധീനമുണ്ടെന്നും അവര്‍ക്കും ഇന്ത്യയുടെ മാറ്റത്തിന്‌ പങ്കാളികളാകാമെന്നും അവര്‍ പറഞ്ഞു.

സിദ്ധിവിനായക്‌ ക്ഷേത്രം, ദിവ്യജ്യോതി സന്‍സ്ഥാന്‍, ബ്രഹ്‌മകുമാരീസ്‌ തുടങ്ങിയ വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കു പുറമെ വേളാങ്കണ്ണി മാതാവിന്റെ പ്രതിമയുമായി ഏതാനും ക്രൈസ്‌തവരും നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ക്രിസ്‌ത്യന്‍ അസോസിയേഷന്റെ ഫ്‌ളോട്ടുമുണ്ടായിരുന്നു. അംബേദ്‌കര്‍ അനുകൂലികളുടെ ബീഗംപുര കള്‍ച്ചറല്‍ സൊസൈറ്റിയും ഫ്‌ളോട്ടുമായെത്തി.

ഇന്റര്‍ഫെയ്‌ത്ത്‌ പ്രവര്‍ത്തകര്‍ ഗുരു ദിലീപ്‌ജിയുടെ നേതൃത്വത്തില്‍ എത്തി.
ജെ.എഫ്.എയുടെ  തോമസ്‌ കൂവള്ളൂരും പങ്കെടുത്തു.

നേരത്തെ പത്രസമ്മേളനത്തില്‍ പരേഡിന്‌ തങ്ങളേയും ക്ഷണിച്ചതിന്‌ ഹസാരെയും, ജനറല്‍ സിംഗും, വിദ്യാ ബാലനും സംഘാടകര്‍ക്ക്‌ നന്ദി പറഞ്ഞു.

പുതിയ തലമുറ സിനിമാ രംഗത്തു കൊണ്ടുവരുന്ന ക്രിയാത്മകതയെയാണ്‌ തങ്ങള്‍ എന്നും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന്‌ വിദ്യാ ബാലന്‍ പറഞ്ഞു. പണത്തിന്റെ പിന്‍ബലമോ, സ്റ്റാര്‍ പവറോ ഒന്നുമില്ലാതെ കഴിവിന്റെ മാത്രം ബലത്തില്‍ അവര്‍ തടസ്സങ്ങള്‍ തട്ടിനീക്കുന്നു. എല്ലാ രംഗത്തും പുതുമ അവരുടെ മാസ്‌മരിക സ്‌പര്‍ശത്തിലൂടെ കൈവരുന്നു- അവര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക്‌ ഇന്ത്യാ ഡേ പരേഡില്‍ കണ്ടതും കേട്ടതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക