Image

സ്‌നേഹത്തിന്റെ നൂലിഴകള്‍ - രക്ഷാബന്ധന്‍ (സുധീര്‍പണിക്കവീട്ടില്‍)

Published on 20 August, 2013
സ്‌നേഹത്തിന്റെ നൂലിഴകള്‍ - രക്ഷാബന്ധന്‍ (സുധീര്‍പണിക്കവീട്ടില്‍)
ആര്‍ ആര്‍ക്ക്‌ ആദ്യം രാഖി കെട്ടികൊടുത്തുവെന്ന്‌ അന്വേഷിക്കുമ്പോള്‍ പതിനെട്ട്‌ പുരാണങ്ങളില്‍ ഒന്നായ ഭവിഷ്യപുരാണത്തില്‍ അത്‌ കണ്ടെത്തുന്നു. ദേവാസുരയുദ്ധത്തില്‍ ജയം വിദൂരമെന്ന്‌ കണ്ട്‌പരിഭ്രമിച്ച ഇന്ദ്രനോട്‌ ദേവന്മാരുടെ ഗുരുവായ ബ്രഹസ്‌പതി ഉപദേശിച്ചു. മന്ത്രങ്ങള്‍ ജപിച്ച ഒരു ചരട്‌ കയ്യില്‍ കെട്ടണമെന്ന്‌. അത്‌ കെട്ടികൊടുത്തത്‌ ഇന്ദ്രന്റെ പ്രിയതമയായിരുന്നു. ഇതാണത്രെരാഖിയുടെ തുടക്കം.പിന്നെ നമ്മള്‍ ഇതെപോലെയൊരു സംഭവം കാണുന്നത്‌ മഹാഭാരതത്തിലാണു. കയ്യില്‍ മുറിവുമായെത്തിയ ശ്രീകൃഷ്‌ണനു ഉടുത്തിരുന്ന ചേലയില്‍ നിന്ന്‌ ഒരു തുണ്ട്‌ കീറിയെടുത്ത്‌ ദ്രൗപതി മുറിവ്‌ കെട്ടികൊടുത്തു. അപ്പോള്‍ ശ്രീക്രുഷ്‌ണന്‍ ദ്രൗപതിയെ സഹോദരിയായി സ്വീകരിക്കുകയും അവരുടെ ഉടുചേലനിറഞ്ഞ സദസ്സില്‍ വച്ച്‌്‌ ദുശ്ശാശനന്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഒരിക്കലും അഴിച്ചാല്‍ തീരാത്തവിധം ചേലയുടെ നീളം കൂട്ടികൊടുത്ത്‌ പെങ്ങളുടെ മാനംകാക്കുകയും ചെയ്‌തു. ജാതി-മത ഭേദമെന്യെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ രാഖി അണിയിച്ചിരുന്നു. ഹുമയൂണ്‍ ചക്രവര്‍ത്തിക്ക്‌ രാഖി കൊടുത്തയച്ച ഒരു രജപുത്ര രാജകുമാരിയെപ്പറ്റിയും രേഖകള്‍ ഉള്ളതയി കാണുന്നു. ഭാരതീയര്‍ മാത്രമല്ല രാഖിയുടെ ശക്‌തിയും വിശുദ്ധിയും മനസ്സിലാക്കിയിരുന്നത്‌. മഹാനായ അലക്‌സാണ്ഡറുടെ പത്‌നി ഭാരതത്തിലെ വീരനായ രാജവ്‌ പോറസ്സിനു രാഖികെട്ടികൊടുത്ത്‌ അവരുടെ ഭര്‍ത്താവിനെ കൊല്ലരുതെന്ന്‌ അപേക്ഷിച്ചത്രെ യുദ്ധത്തില്‍ അലക്‌സാണ്ഡറിനെ വെട്ടാന്‍വാളൊങ്ങിയ പോറസ്സ്‌തന്റെ കയ്യിലെ രാഖി കണ്ട്‌ കൊല്ലാതെവിട്ടു. എല്ലാവരും അന്ധമായി കരുതുന്നത്‌ ഒരു നൂലിന്റെ ശക്‌തിയെപ്പറ്റിയാണ്‌. വാസ്‌തവത്തില്‍ അത്തരം ചടങ്ങുകളിലൂടെ മനുഷ്യര്‍ ആര്‍ജിക്കുന്ന വിശ്വാസത്തിന്റേയും, സ്‌നേഹത്തിന്റേയും സ്വാധീനമാണു എന്തെങ്കിലും അതുഭുതമായി നമ്മള്‍ കാണുന്നത്‌. എല്ലാം മനസ്സാണ്‌. അത്‌ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കുന്നു ജീവിത വിജയങ്ങള്‍. അല്ലാതെ ഒരു നൂലിനു എന്തുശക്‌തി!

രാഖി അഥവാ രക്ഷാബന്ധന്‍ ഭാരതത്തിലുടനീളം ഇപ്പോള്‍ ആഘോഷിക്കുന്ന ഒരു വിശേഷദിവസമാണ്‌. സഹോദരി-സഹോദരബന്ധത്തിന്റെ വിശുദ്ധിയും ആഴവും പ്രകടമാക്കുന്ന ചടങ്ങുകള്‍ ഇതിന്റെ പ്രത്യേകതയാണ്‌. അതുകൊണ്ടായിരിക്കും സംരക്ഷണത്തിന്റെ കെട്ട്‌എന്ന്‌ അര്‍ത്ഥം വരുന്ന വാക്കിനാല്‍ ഈ സുദിനം അറിയപ്പെടുന്നത്‌.സഹോദരിക്ക്‌ പൂര്‍ണ്ണസംരക്ഷണം നല്‍കുക എന്ന സന്ദേശം ഇത്‌ ഓര്‍മ്മിപ്പിക്കുന്നു ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ ആഘോഷപൂര്‍വ്വം ഈ ദിവസം കൊണ്ടാടുന്നു. ഇന്നേദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്മാരുടെ കൈകളില്‍ കെട്ടുന്നനൂലിനെ രക്ഷബന്ധന്‍ എന്ന്‌പറയുന്നു. നൂലുകള്‍പഴകുമ്പൊള്‍ പൊട്ടിപോയാലും സഹോദരി-സഹോദരന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനു കുറവുവരുന്നില്ല, അതുപൊട്ടിപോകുന്നില്ല. വടക്കെ ഇന്ത്യയിലെ വളരെപ്രധാനമായ ഈ ചടങ്ങിന്റെ പ്രത്യേകത ഈ ദിവസം പെണ്‍കുട്ടികള്‍ അവരുടെ സ്വന്തം സഹോദരന്മാര്‍ക്ക്‌ മാത്രമല്ല അവര്‍ സഹോദരന്മാരായി കാണുന്നവര്‍ക്കും ഈ `സ്‌നേഹ ചരട്‌' കെട്ടികൊടുക്കുന്നു എന്നതാണ്‌. സ്‌നേഹത്തില്‍ കത്തുന്ന മംഗളദീപങ്ങള്‍കൊണ്ട്‌ ആരതിയുഴിഞ്ഞ്‌ നെറ്റിയില്‍ ചുവന്ന തിലകം ചാര്‍ത്തി സഹോദരിമാര്‍ രാഖി അവരുടെ ആങ്ങളമാരുടെ കണങ്കയില്‍ കെട്ടുന്നു. പിന്നെ അയാളുടെ വായില്‍ മധുരം വച്ചുകൊടുക്കുന്നു. അപ്പോള്‍ ആങ്ങള അവള്‍ക്ക്‌ സമ്മാനങ്ങള്‍ കൊടുക്കുന്നു.ചെറുപ്പത്തില്‍ അവരുടെ മുടിവാലില്‍ പിടിച്ച്‌ ദ്വേഷ്യം പിടിപ്പിക്കുകയും കരയിക്കുകയും ചെയ്‌തചേട്ടന്മാര്‍ അല്ലെങ്കില്‍ അനിയന്മാര്‍ അപ്പോള്‍ അവരുടെ രക്ഷകരായി അവര്‍ക്ക്‌ കൂടുതല്‍ സ്‌നേഹം നല്‍കുന്ന കാഴ്‌ച മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നു. ആണ്‍കുട്ടികളെ മാത്രം പ്രസവിച്ച എന്റെ ചെറിയമ്മക്ക്‌ പെണ്‍കുട്ടികളോട്‌ വളരെ ഇഷ്‌ടമായിരുന്നു, അന്തിക്ക്‌ ഉമ്മറത്ത്‌ നിലവിളക്ക്‌ കൊളുത്തി വക്കാന്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം അവര്‍ പറയാറുണ്ട്‌. ശരിയാണ്‌, വീടിന്റെ ഐശ്വര്യലക്ഷ്‌മികളാണു പെണ്‍കുട്ടികള്‍. വളകിലുക്കങ്ങളുടേയും, പാദസരധ്വനികളുടേയും ശബ്‌ദം കേള്‍പ്പിക്കാന്‍, പൂക്കളുടെ, കണ്മഷി, ചാന്ത്‌ തുടങ്ങിയവയുടെ സുഗന്ധം പരത്താന്‍ വീടാകെ നിറഞ്ഞ്‌ നില്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്കല്ലേ കഴിയൂ. അവരുടെ സുരക്ഷമനസ്സില്‍ കണ്ട ആരോ ആര്‍ഷ ഭാരതത്തിന്റെസംസ്‌കാരത്തിന്റെ ഭാഗമായി മഹത്വപൂര്‍ണ്ണമായ ഈ ദിവസം കല്‍പന ചെയ്‌തതായിരിക്കണം.

സ്വന്തം സഹോദരന്മാരില്ലാത്തവര്‍ക്കും ഈ ദിവസം ആനന്ദം പകരുന്നു. കാരണംഅന്നേദിവസം അവര്‍ക്കിഷ്‌ടമുള്ള ഒരാളെ സഹോദരനായി കരുതി അയാളുടെ കയ്യില്‍ രാഖികെട്ടാവുന്നതാണ്‌. വടക്കെ ഇന്ത്യയില്‍വച്ച്‌ സഹപാഠിയായ ഒരു പെണ്‍കുട്ടി ഈ ലേഖകനു രാഖികെട്ടിതന്നിരുന്നു. അതെക്കുറിച്ച്‌്‌ ഓര്‍ക്കുമ്പോള്‍ ഒ എന്‍ വി കുറുപ്പ്‌ സാറിന്റെ കവിത ഇപ്പോള്‍ മനസ്സില്‍തെളിയുന്നു. ` എന്റെ കൈതണ്ടിലീരാഖി ചരട്‌ നീ ബന്ധിച്ചുതെല്ലിട മിണ്ടാതെ നിന്നുവോ, പിന്തിരിഞെങ്ങോ നടന്നുവോ, നിന്ന ശ്രുബിന്ദുക്കള്‍ വീണിടം നീറിപുകഞ്ഞുവോ.. വല്ലായ്‌മയാര്‍ന്ന നിന്‍ നില്‍പ്പുമാ മൗനവും, തുള്ളികളായിങ്ങടര്‍ന്നനിന്‍ ദുഖവും, എന്റെ ഈ കൈ തണ്ടില്‍ നീവന്നു ബന്ധിച്ച ചെഞ്ചുവപ്പോലുമീരാഖിയും എന്നോട്‌ ചൊല്ലാതെ ചൊല്ലുന്നു നിന്‍ പെങ്ങളാണിവള്‍...

അവര്‍ക്ക്‌ സഹോദരന്മാരുണ്ടായിരുന്നില്ല. അതിന്റെ ദുഃഖത്തെക്കുറിച്ച്‌ എന്നോട്‌പറയുമ്പോള്‍ ഞാന്‍ മഹാഭാരതത്തിലെ ദുശ്ശളയെക്കുറിച്ച്‌ അവളെ ഓര്‍മ്മിപ്പിക്കും. ഹസ്‌തിനപുരിയിലെ രാജാവിന്റെ മകള്‍. കൗരവവംശത്തിലെ ജനിച്ച ഒരേ ഒരു പെണ്‍കുട്ടി. നൂറു സഹോദരന്മാരും അഞ്ചുമുറ സഹോദരന്മാരുമുണ്ടായിട്ടും ജീവിതം ദുസ്സഹമായിപോയ ദുശ്ശള. അവളെ വിധവയാക്കിയത്‌ മുറസഹോദരന്മാരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ അശ്വമേധയാഗത്തിനായി അഴിച്ചു വിട്ട കുതിരക്കൊപ്പം വരുന്നത്‌ അര്‍ജുനനാണെന്നറിഞ്ഞ്‌ പേടിച്ചരണ്ട അവളുടെ മകന്‍. ഭയം മാറാന്‍ അവനോട്‌ അവള്‍ അര്‍ജുനന്റെ പത്ത്‌ നാമങ്ങള്‍ ഓര്‍ക്കാന്‍ പറയുന്നു. അച്‌ഛനെ കൊന്ന അമ്മാവനെ അയാള്‍ക്ക്‌ ഭയമാണ്‌്‌. അപ്പോള്‍ പിന്നെ ആ നാമങ്ങള്‍ ഉരുവിട്ടിട്ട്‌ എന്തു പ്രയോജനം. ആ യുവരാജാവ്‌ ഭയം മൂലം ഹ്രുദയം പൊട്ടിമരിച്ചുപോയി.. എല്ലാപ്രതീക്ഷയും തകര്‍ന്ന്‌ പൊട്ടികരയുന്ന ദുശ്ശളയെക്കുറിച്ച്‌ ഓര്‍ക്കുക എന്ന്‌ പറഞ്ഞപ്പോള്‍ അവള്‍ കണ്ണീര്‍ തുടച്ചെങ്കിലും ദുശ്ശളയെക്കുറിച്ച്‌ ഓര്‍ത്ത്‌ വിഷമിക്കയായിരുന്നു. ദേക്‌സക്‌താഹും മെ കുച്ച്‌ ബിഹോത്തെഹുവെ, നഹി മെദേക്‌സക്‌ത തുജെ രോത്തെഹുവെ...(എന്തും എനിക്ക്‌ കണ്ടുനില്‍ക്കാം പക്ഷെനീ കരയുന്നത്‌മാത്രം കണാന്‍ കഴിയില്ലെന്നര്‍ത്ഥം) വരുന്നപാട്ടുപാടി കൊടുത്തപ്പോള്‍ അവള്‍ സന്തോഷിവതിയായി. എന്റെ സ്വന്തം സഹോദരിമാരെക്കാള്‍ സ്‌നേഹം ഞാന്‍ അപ്പോള്‍ അവളുടെ മനോഹരമായ കണ്ണുകളില്‍ കണ്ടു.ഞാന്‍ അപ്പോള്‍ വയലാറിനെ ഓര്‍ത്തു `വ്യഭിചാര തെരുവില്‍ മനുഷ്യരാമുത്തുക്കള്‍ വിലപേശി വില്‍ക്കുന്നു.' സഹോദരസ്‌നേഹത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി എല്ലാവരും തന്റേയും അന്യന്റേയും സഹോദരിമാരെ സംരക്ഷിച്ചിരുന്നെങ്കില്‍ ഈ ലോകം എത്ര നന്നാകുമായിരുന്നു. എങ്കില്‍വയലാറിന്റെ വരികള്‍ വ്യത്യസ്‌ഥമാകുമായിരുന്നു.രാഖി എന്ന വിശേഷത്തിന്റെ പ്രത്യേകത അതാണ്‌. രാഖി എല്ലാപെണ്‍കുട്ടികളേയും രക്ഷിക്കാന്‍ ആണ്‍കുട്ടികളോട്‌ അഭ്യര്‍ത്ഥിക്കുന്നു. പെണ്‍കുട്ടികളുടെ മാനം കളയുന്നതും പുരുഷന്മാര്‍ അതിനു പ്രാധാന്യം കല്‍പ്പിച്ച്‌്‌ അവരെ ഭ്രഷ്‌ട്രാക്കുന്നതും പുരുഷന്മാര്‍. വെറുതെ കുറെ മിഠായിയും നിറമുള്ള ചരടുകളുമായി ഈ വിശേഷം കടന്നുപോകാതെ എല്ലാവരും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നെങ്കില്‍. പ്രതിദിനം കേള്‍ക്കുന്ന വാര്‍ത്തകളില്‍ ചവുട്ടിയരക്കപ്പെടുന്ന എത്രയോ പെണ്‍കുട്ടികളുടെ കഥകള്‍ നമ്മള്‍ വായിക്കുന്നു.ഒരു പക്ഷെ ഇത്തരം വിശേഷദിവസങ്ങള്‍ കുറെപേരെയെങ്കിലും നന്മയുടെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചേക്കാം.

കുട്ടി, നിന്റെ ജീവിതം സുഖകരമാകട്ടെ എന്നാശംസിച്ച്‌ രാഖിപെങ്ങളോട്‌ വിടവാങ്ങുമ്പോള്‍ അവളുടെ കല്യാണത്തിനു എത്താമെന്ന്‌ പറയുമ്പോള്‍ ആ മുഖത്ത്‌ എന്തൊരുസന്തോഷമായിരുന്നു. അവളപ്പോള്‍ ലജ്‌ജയുടെ പരിവേഷത്തില്‍ കലര്‍ന്ന്‌ നിന്നത്‌ കാണാന്‍ എന്തൊരു ഭംഗിയായിരുന്നു. ഞാനും മനസ്സില്‍പാടി - മേരിപ്യാരിബഹനിയബനേഗി ദുലനിയ, സജ്‌ കെ ആയേഗ ദുല രാജ ഭയ്യ രാജ ബജായേഗ ബാജ ..സോല സിംഗാര്‍ മേരി ബഹന കരേഗി.. (എന്റെ അരുമയായ പെങ്ങള്‍ മണവാട്ടിയാകും, എല്ലാ ഒരുക്കങ്ങളോടും കൂടി മണവാളന്‍ എത്തും, നിന്റെയീ ചേട്ടന്‍ വാദ്യഘോഷങ്ങള്‍ മുഴക്കും. സുന്ദരിയാകാനുള്ള പതിനാറ്‌ സൗന്ദര്യവസ്‌തുക്കള്‍ കൊണ്ടവള്‍ ചമഞ്ഞൊരുങ്ങും) ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അവള്‍ വിടര്‍ന്ന മിഴികളുമായി നോക്കിനില്‍പ്പുണ്ടായിരുന്നു. ഒരു കുടയും കുഞ്ഞ്‌ പെങ്ങളും എന്ന നോവലില്‍ ചില്ലുപിടിയുള്ള കുരുവിയുടെ പടമുള്ള കുടയുമായി വരുന്ന ആങ്ങളയുടെ വരവ്‌ കാത്തിരിക്കുന്ന പെങ്ങളെപോലെ.

എക്ലാസഹോദരിമാരെ, എവിടെയാണെങ്കിലും നിങ്ങള്‍ സുരക്ഷിതരായിരിക്കുക.... .ഫൂലോം ക താരോം ക സബ്‌ക കഹന ഹെയ്‌, ഏക്‌ ഹജാരോം മെമേരി ബഹന ഹെ...പെണ്‍കുട്ടികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആണ്‍കുട്ടികളുടെ ചുണ്ടില്‍ ഈ പാട്ടിന്റെ അര്‍ത്ഥം വരുന്ന ചിന്തകള്‍ ഉണ്ടാകട്ടെ....

ശുഭം
സ്‌നേഹത്തിന്റെ നൂലിഴകള്‍ - രക്ഷാബന്ധന്‍ (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക