Image

ആത്മഹത്യ, നിസ്സഹായതയുടെ നിലവിളികള്‍

അനില്‍ പെണ്ണുക്കര Published on 20 August, 2013
ആത്മഹത്യ, നിസ്സഹായതയുടെ നിലവിളികള്‍
കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക പ്രതിസന്ധി അടിയില്‍ പതഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വ്യാപാര വ്യവസായ മേഖലകള്‍ക്ക് മാത്രം ബാധകമാവുന്നതാണെന്നും കാര്‍ഷികസമ്പദ്‌വ്യവസ്ഥക്ക് വലിയ കുഴപ്പമൊന്നും വരുത്തില്ലെന്നുമുള്ള അലംഭാവമായിരുന്നു നാം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍തൊണ്ണൂറുകളുടെ മധ്യത്തില്‍ കൂട്ട കര്‍ഷക ആത്മഹത്യകള്‍ നമ്മെ യാഥാര്‍ത്ഥ്യത്തിലേക്ക് കുലുക്കിയുണര്‍ത്തുകയായിരുന്നു. അതുവരെയും അതൊരു നിശ്ശബ്ദപ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അവഗണിക്കാനാവാത്തവിധം ഈ പ്രതിസന്ധി അത്ര നിശ്ശബ്ദമല്ലാതായിരിക്കുന്നു. ഇന്ത്യയുടെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധിയുടെ പിടിയിലാണെന്ന കാര്യം നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. 1991 2000 ന്റെ മധ്യത്തോടെ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നമ്മുടെ സമസ്ത സാമൂഹികസാമ്പത്തിക മേഖലകളിലും, സാംസ്‌കാരിക ജീവിതത്തില്‍പ്പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ ഈ നയങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഏറെ ഗുരുതരമാണ്, പലപ്പോഴും ദുരന്തപൂര്‍ണവും.

കാര്‍ഷികമേഖലയിലെ സ്തംഭനവും പ്രതിസന്ധിയും നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം തന്നെ നിഷേധിക്കുകയാണ് പുത്തന്‍ നയങ്ങളുടെ വക്താക്കളില്‍ പലരും. കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലമായി നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ചില മേഖലകളില്‍  ഐടി, ബാങ്കിങ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ സേവനമേഖലകള്‍, ആഡംബരവസ്തുക്കളുടെ മേഖല എന്നിവ ഉദാഹരണം  ഉണ്ടായ തകര്‍പ്പന്‍ വളര്‍ച്ച നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണവര്‍. അവര്‍ പറയുന്നതോ, കാര്‍ഷിക മേഖല നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനഘടകമേ അല്ലാതായി മാറിയിരിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അത്ര വലിയ പ്രത്യാഘാതങ്ങളൊന്നും സമ്പദ്‌വ്യവസ്ഥക്ക് ഉണ്ടാക്കില്ലെന്നും, കഴിഞ്ഞ കുറച്ചു വര്‍ഷമായി പ്രകടമായതു പോലെ, പ്രതിവര്‍ഷം 8.9 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ നമുക്കാവുമെന്നും പട്ടിണിയും ദാരിദ്ര്യവും അകറ്റാന്‍ അതു തന്നെ ധാരാളമാണ് എന്നുമാണ് ഇവര്‍ അവകാശപ്പെട്ടത്.

ഇന്നും നമ്മുടെ ജനസംഖ്യയില്‍ 70 ശതമാനവും ജീവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അതുകൊണ്ടു തന്നെ കാര്‍ഷികമേഖലയില്‍ എന്തു സംഭവിച്ചാലും അതിന്റെ പ്രത്യാഘാതം ഈ മഹാഭൂരിപക്ഷത്തെ സംബന്ധിച്ച് നേര്‍ക്കുനേരെയുള്ളതും പ്രധാനവും ഗൌരവപൂര്‍ണവുമായ പ്രശ്‌നങ്ങളാണുണ്ടാക്കുക.
 നമ്മുടെ വലുപ്പത്തിലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചേടത്തോളം ഗ്രാമങ്ങളിലാണെങ്കിലും നഗരങ്ങളിലാണെങ്കിലും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താനാവണമെങ്കില്‍ ഭക്ഷ്യധാന്യങ്ങളുടെ മതിയായ ഉല്‍പാദനം ഇവിടെത്തന്നെ ഉണ്ടാവണം. പട്ടിണിയും ദാരിദ്ര്യവും, ആവശ്യത്തിന് ഭക്ഷ്യസാധനങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ഒരു രാജ്യത്തിന്റെ കഴിവുമായി നേരിട്ടു ബന്ധപ്പെട്ട കാര്യമാണ്.

കാര്‍ഷികമേഖലയുടെ ആധുനികവല്‍ക്കരണം ഏതൊരു വികസ്വരരാജ്യത്തിന്റെയും ആധുനികവല്‍ക്കരണത്തിനുള്ള മുന്നുപാധിയാണ്. ചലനാത്മകവും ആധുനികവും ആരോഗ്യപൂര്‍ണവുമായ ഒരു കാര്‍ഷിക മേഖല, വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥക്ക് വേണ്ടിവരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുന്നു എന്നു മാത്രമല്ല, അത് അത്തരമൊരു സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കുതന്നെ സഹായിക്കുന്ന ഒരു ആഭ്യന്തര കമ്പോളത്തിന്റെ സൃഷ്ടിയിലേക്കും നയിക്കും.

സമ്പദ്‌വ്യവസ്ഥയുടെ ആധുനികവല്‍ക്കരണത്തിന് സഹായിക്കുന്ന ഒട്ടേറെ അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ ലഭ്യതക്കും അത് ഇടവരുത്തും. ചലനാത്മകവും ആധുനികവുമായ ഒരു കാര്‍ഷികമേഖലയുടെ സാന്നിദ്ധ്യമില്ലാതെ ഒരു വികസ്വര രാജ്യത്തിനും  വിശേഷിച്ചും ഇന്ത്യയെപ്പോലെ വലിയൊരു രാജ്യത്തിന്  സ്വാശ്രിതവളര്‍ച്ച കൈവരിക്കാനാവില്ല.

കാര്‍ഷിക പ്രതിസന്ധി കാരണമുള്ള കര്‍ഷക ആത്മഹത്യയുടെ വേദനാകരമായ പ്രതിഭാസം 1990കളോടെയാണ്പുറത്തുവന്നത്. ഇവ തരുന്ന ചിത്രം വേദനാജനകമാണ്. 1995 മുതല്‍ 2006 വരെയുള്ള 12 വര്‍ഷത്തിനകം രണ്ടു ലക്ഷത്തിനടുത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടത്രെ. അതായത് പ്രതിവര്‍ഷം 16000 കര്‍ഷകര്‍ കഴിഞ്ഞ ഒന്നര ദശകമായി ആത്മഹത്യ ചെയ്യുകയാണ്. ഇതിന്റെ എണ്ണം വര്‍ഷം ചെല്ലുന്തോറും കുത്തനെ കൂടുകയാണ്. 1997ല്‍ 13,600, 2012ല്‍ 27,000. കാര്‍ഷിക പ്രതിസന്ധി കാരണം ഗണ്യമായൊരു വിഭാഗം കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിച്ച് മറ്റു തൊഴില്‍ തേടിപ്പോവുന്ന ഒരു കാലത്താണ് ഈ വര്‍ദ്ധന എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ വരുമ്പോള്‍ കര്‍ഷകരുടെ എണ്ണം കുറയുകയാണ് ചെയ്യുക. കര്‍ഷകര്‍ കുറയുമ്പോഴാണ് ആത്മഹത്യകളുടെ എണ്ണം കൂടുന്നത്. കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം കര്‍ഷകരില്‍ എത്രപേര്‍ എന്ന നിലക്ക് കണക്കാക്കിയാല്‍ 2001ല്‍ 15.8 ആയിരുന്നു. ഇത് മുഴുവന്‍ ജനസംഖ്യയുടെയും ഇടയിലുള്ള ആത്മഹത്യാ നിരക്കിനേക്കാള്‍ ഒന്നര മടങ്ങാണ്. കഴിഞ്ഞ ഒരു ദശകക്കാലമായി ഈ ആത്മഹത്യാ നിരക്ക് കൂടിവരികയാണ്.ആത്മഹത്യകളില്‍ അഞ്ചിലൊന്നും കര്‍ഷകാത്മഹത്യകളായിരുന്നു ഇവിടെ. കഴിഞ്ഞ ഒരു ദശകമായി എണ്ണത്തിലും തോതിലും തീവ്രതയിലും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

 വിവിധ ഘടകങ്ങളുടെ സങ്കലനം വഴി വന്നുചേര്‍ന്ന പ്രതിസന്ധിയെ കാര്‍ഷിക പ്രതിസന്ധി മാത്രമായോ കര്‍ഷക ആത്മഹത്യ മാത്രമായോ ഏകമുഖമായി വിലയിരുത്തുന്നത് അര്‍ത്ഥശൂന്യമാണ്. ഈ പരിതസ്ഥിതിയെ നേരിടാന്‍ താല്‍ക്കാലികവും പരസ്പരബന്ധിതമല്ലാത്തതുമായ ഏതു തരത്തിലുള്ള പ്രതിവിധിയും അപര്യാപ്തമായിരിക്കും. എല്ലാ തരത്തിലുമുള്ള പാക്കേജ് നടപടികളെയും നിരാകരിക്കുകയല്ല.വായ്പാ ആശ്വാസം, ആദായകരമായ ഉല്‍പന്നവില, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവ ഒരു പരിധി വരെ പ്രതിസന്ധിയെ നേരിടുന്ന കാര്യത്തില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുണ്ട്. പക്ഷേ അത് താല്‍ക്കാലികമാണ്.ഇന്ത്യന്‍ ജനതയില്‍ ഏറ്റവും അവഗണിത വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ബഹുജനമുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തിലൂടെ മാത്രമേ ഈ നയങ്ങള്‍ മാറ്റാനാവൂ. കര്‍ഷകമുന്നേറ്റങ്ങളുടെ മഹനീയ പാരമ്പര്യം ഇന്ത്യക്കുണ്ട്. 80കളുടെ അവസാനം പോലും വന്‍തോതിലുള്ള കര്‍ഷക മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അത്തരം മുന്നേറ്റങ്ങള്‍ വറ്റിവരണ്ടുപോയോ? തെരുവുകളില്‍ പ്രക്ഷോഭത്തിനിറങ്ങുന്നതിനു പകരം വലിയൊരു വിഭാഗം സ്വയം ജീവനൊടുക്കുകയാണ്. ഈ ആത്മഹത്യകളാവട്ടെ, നിസ്സഹായതയുടെ നിലവിളികളാണ്. പ്രതിഷേധമല്ല തന്നെ. ഈയൊരു വശമാണ് നാം ഇന്നു കാണുന്ന കര്‍ഷകാത്മഹത്യകളുടെ ദുരന്തത്തെ വേദനാജനകമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക