Image

മിലന്‍ വാര്‍ഷികവും സാഹിത്യ സമ്മേളനവും

ജോയിച്ചന്‍ പുതുക്കുളം Published on 10 October, 2011
മിലന്‍ വാര്‍ഷികവും സാഹിത്യ സമ്മേളനവും
ഡിട്രോയിറ്റ്‌: മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ പതിനൊന്നാമത്‌ വാര്‍ഷികം വിവിധ കലാ സാഹിത്യ പരിപാടികളോടെ സമാപിച്ചു. ഡിട്രോയിറ്റ്‌ സെന്റ്‌ ജയിംസ്‌ കത്തോലിക്കാ പള്ളി അങ്കണത്തില്‍ ചേര്‍ന്ന സാഹിത്യ സമ്മേളനത്തില്‍ ഡോ. എം.വി. പിള്ള മുഖ്യാതിഥിയായിരുന്നു.

മലയാള കവിതാ സാഹിത്യത്തിന്റെ പരിണാമം, നിരണം കവികളില്‍ തുടങ്ങി ഉത്തരാധുനികതയെ സജീവമാക്കിയ സച്ചിതാനന്ദന്‍ വരെയുള്ളവരുടെ സംഭാവനകളെ സമഗ്രമായി വിലയിരുത്തിയും ആസ്വദിച്ചും ഡോ. എം.വി. പിള്ള നടത്തിയ മുഖ്യ പ്രഭാഷണം വിജ്ഞാനപ്രദവും ആസ്വാദ്യവുമായിരുന്നു. ആധുനികതയുടെ വക്താവായിരുന്ന അയ്യപ്പ പണിക്കരുടേയും, വര്‍ത്തമാനകാല സാമൂഹ്യ വ്യവസ്ഥിതിയേയും സദാചാര സങ്കല്‍പ്പങ്ങളേയും രൂക്ഷമായി പരിഹസിച്ച കെ. അയ്യപ്പന്റെ കവിതകള്‍ ഇനിയും കൂടുതല്‍ പഠനം അര്‍ഹിക്കുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മിലന്‍ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രവാസി മലയാള സാഹിത്യത്തിലേക്ക്‌ വിലയേറിയ സംഭാവനകള്‍ നല്‍കിയ അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, ഡോ. സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കുകയും, ഡോ. എം.വി. പിള്ളയെ രാധാകൃഷ്‌ണന്‍ പൊന്നാട അണിയിച്ച്‌ ആദരിക്കുകയും ചെയ്‌തു. ബിന്ദു പണിക്കര്‍, വിജി കുറുപ്പ്‌, ശബരി നായര്‍ എന്നിവരുടെ കവിതാ പാരായണം സാഹിത്യാസ്വാദകര്‍ക്ക്‌ ഹൃദ്യമായ അനുഭവമായിരുന്നു. തുടര്‍ന്ന്‌ മലയാള ചലച്ചിത്ര ഗാനശാഖയിലെ പ്രമുഖരായിരുന്ന ജോണ്‍സണ്‍, എം.ജി. രാധാകൃഷ്‌ണന്‍, ഗിരീഷ്‌ പുത്തന്‍ചേരി, രവീന്ദ്രന്‍ എന്നിവരുടെ രചനകള്‍ ഉള്‍പ്പെടുത്തി രാജേഷ്‌ നായര്‍ സംവിധാനം ചെയ്‌ത്‌ അണിയിച്ചൊരുക്കിയ ചലച്ചിത്ര ഗാനസന്ധ്യ എന്ന സംഗീത പരിപാടി അവതരിപ്പിച്ചു.

വിവിധ ആഘോഷപരിപാടികള്‍ക്ക്‌ തോമസ്‌ കര്‍ത്തനാള്‍, ജയിംസ്‌ ചാക്കോ, പുരുഷോത്തമന്‍ നായര്‍, ജയിംസ്‌ കുരീക്കാട്ടില്‍, സുനില്‍ നായര്‍, ഡോ.ഡി.എസ്‌ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലയാള സാഹിത്യവുമായി മിലനെ ബന്ധപ്പെടുത്തുന്ന `entemilan.org ' എന്ന പുതിയ വെബ്‌സൈറ്റ്‌ ഫാ. ജോയ്‌ ചക്യാന്‍ നേരത്തെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
മിലന്‍ വാര്‍ഷികവും സാഹിത്യ സമ്മേളനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക