Image

വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ് അന്തരിച്ചു

Published on 10 October, 2011
വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ് അന്തരിച്ചു
മുംബൈ: വിഖ്യാത ഗസല്‍ ഗായകനും സംഗീതജ്ഞനുമായ ജഗ്ജിത് സിങ്(70) അന്തരിച്ചു. മുംബൈയിലെ ലീലാവതി ആസ്പത്രിയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബര്‍ 23 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗസല്‍ ഗായകന്‍ എന്നതിനൊപ്പം സംഗീതജ്ഞനെന്ന നിലയിലും അഞ്ച് ദശാബ്ദം നീണ്ട സംഗീത സപര്യയ്ക്കാണ് ജഗ്ജിത് സിങ്ങിന്റെ വേര്‍പാടിലൂടെ വിരാമമാകുന്നത്. 'ഗസല്‍ രാജാവ'ായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗസല്‍ ഗായികയായ ചിത്ര സിങ്ങാണ് ഭാര്യ. ജഗ്ജിത് സിങ്ങും ചിത്ര സിങ്ങും ആധുനിക ഗസല്‍ ഗായകരിലെ കുലപതികളായി വാഴ്ത്തപ്പെടുന്നു.

70 കളിലും 80 കളിലും സംഗീതലോകത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു ജഗ്ജിത്-ചിത്ര ദമ്പതികള്‍. പഞ്ചാബി, ഹിന്ദി, ഉറുദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. 2003 ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രേംഗീത്, ആര്‍ഥ്, സാത് സാത് തുടങ്ങിയ സിനിമകളിലൂടെ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങി. 80 ലധികം ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലായിരുന്നു ജഗ്ജിത് സിങ്ങിന്റെ ജനനം. ജീത് എന്നായിരുന്നു ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ വിളിപ്പേര്. പണ്ഡിറ്റ് ഛഗന്‍ലാല്‍ ശര്‍മ്മയുടെ കീഴിലായിരുന്നു കുട്ടിക്കാലത്തെ സംഗീതപഠനം. അതിന് ശേഷം സൈനിയ ഘരാന സ്‌കൂളില്‍ ഉസ്താദ് ജമാലാല്‍ ഖാന്റെ ശിഷ്യനായി നീണ്ട ആറ് വര്‍ഷം സംഗീതത്തിനായി സമര്‍പ്പിച്ചു. പ്രഫസറായ സൂരജ് ഭാനാണ് ജഗ്ജിത് സിങ്ങിലെ സംഗീതപ്രതിഭയെ കണ്ടെത്തിയത്. നൂര്‍ ജഹാന്‍, മല്ലിക പുഖ്‌രാജ്, ബീഗം അക്തര്‍, മെഹ്ദി ഹസ്സന്‍ എന്നിവര്‍ക്കായിരുന്നു 1970 കളില്‍ ഗസല്‍ ലോകത്ത് ഏറെ ആരാധകരുണ്ടായിരുന്നത്.

ഇവര്‍ക്കിടയിലേക്കാണ് 1976 ല്‍ 'ദി അണ്‍ഫോര്‍ഗെറ്റബിള്‍സ്' എന്ന ആല്‍ബവുമായി ജഗ്ജിത് സിങ് രംഗപ്രവേശം ചെയ്യുന്നത്. പരമ്പരാഗത ഗസല്‍ ശൈലിയില്‍ അതുവരെ പരിചിതമല്ലാത്ത ശബ്ദമായിരുന്നു ജഗ്ജിതിനെ ഏറെ ജനപ്രിയനാക്കിയത്. 1967 ലാണ് ജഗ്ജിത് ചിത്രയെ കണ്ടുമുട്ടുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ വിവാഹിതരായി. എക്റ്റസിസ്, എ സൗണ്ട് അഫയര്‍, പാഷന്‍സ്. ജഗ്ജിത്-ചിത്ര ദമ്പതികളുടെ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളാണ് ഇവ. ജഗ്ജിത്-ചിത്ര ദമ്പതികള്‍ ആധുനിക ഇന്ത്യന്‍ ഗസലിന്റെ ഒന്നാം പേരുകാരാണ്. ഏക മകന്‍ വിവേകിന്റെ മരണത്തോടെയാണ് ചിത്ര പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷയായത്. 1990 ജൂലായ് 28 നാണ് വിവേക് കാറപകടത്തില്‍ മരിച്ചത്. സംവണ്‍ സംവേര്‍ ആണ് ഇവര്‍ ഒരുമിച്ച് പാടിയ അവസാന ആല്‍ബം. ഹോപ്, ഇന്‍ സേര്‍ച്ച്, ഇന്‍സൈറ്റ്, മിറാഷ്, വിഷന്‍സ്, ലവ് ഈസ് ബ്ലൈന്‍ഡ്-ജഗ്ജിത് സിങ്ങിന്റെ ഏറെ ജനപ്രിയ ആല്‍ബങ്ങളാണിവ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക