Image

മാരന്‍ സഹോദരന്‍മാരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്‌

Published on 10 October, 2011
മാരന്‍ സഹോദരന്‍മാരുടെ വസതികളില്‍ സി.ബി.ഐ റെയ്ഡ്‌
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെയും സണ്‍ ടി.വി ഉടമ കലാനിധി മാരന്റെയും വസതികളില്‍ സി.ബി.ഐ റെയ്ഡ്. ഇരുവരുടെയും ചെന്നൈ, ഡല്‍ഹി, ഹൈദരബാദ് എന്നിവടങ്ങളിലെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ്.

2 ജി. സ്‌പെക്ട്രം വിതരണവുമായി ബന്ധമുള്ള എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ. നേതാവുമായ ദയാനിധി മാരന് എതിരെ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. 2 ജി. ലൈസന്‍സിനായി എയര്‍സെല്‍ നല്‍കിയ അപേക്ഷയില്‍ മാരന്‍ തീരുമാനം വൈകിപ്പിച്ചതില്‍ ക്രമക്കേടുള്ളതായി സി.ബി.ഐ കണ്ടെത്തിയതായാണ് വിവരം.

എയര്‍സെല്ലിന്റെ അപേക്ഷയില്‍ തീരുമാനം വൈകിപ്പിച്ച മാരന്‍, എയര്‍സെല്ലിനെ മലേഷ്യ ആസ്ഥാനമായുള്ള മാക്‌സിസ് ഗ്രൂപ്പിന് കൈമാറിയതോടെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുത്തതായാണ് കണ്ടെത്തല്‍. ഇതിനുപിന്നാലെ മാരന്റെ സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വി.യുടെ ഡി.ടി.എച്ച്. സ്ഥാപനത്തില്‍ മാക്‌സിസ് കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തിയതും അന്വേഷണത്തിലാണ്. എ. രാജയ്ക്ക് പിന്നാലെ 2 ജി. കേസില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ മുന്‍ ടെലികോം മന്ത്രിയാണ് ദയാനിധി മാരന്‍.

മാക്‌സിസ് ഗ്രൂപ്പിലെ ടി.അനന്ദകൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ വസതികളിലും റെയ്ഡ് നടക്കുകയാണ്. എന്നാല്‍ എഫ്.ഐ.ആറില്‍ പേര് ചേര്‍ത്തിട്ടില്ലാത്ത അപ്പോളോ ആസ്പത്രി ഡയറക്ടര്‍ സുനിത റെഡ്ഡിയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക