Image

മഹാബലി അസ്സീറിയയിലെ രാജാവോ?

അനില്‍ പെണ്ണുക്കര Published on 24 August, 2013
മഹാബലി അസ്സീറിയയിലെ രാജാവോ?
പുരാണപ്രസിദ്ധനായ മഹാബലി കേരളം ഭരിച്ചിരിക്കാന്‍ സാധ്യതയില്ല എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. നര്‍മദാനദിയുടെ ഉത്തരഭാഗത്താണ് ബലി യാഗം നടത്തിയിരുന്നത്. ആ യാഗവേദിയിലാണ് വാമനന്‍ ഭൂമി യാചിച്ചു ചെന്നത്. ''മഹാബലി നാടുകാണാന്‍ വരുന്ന സുദിനമാണ് ചിങ്ങത്തിലെ തിരുവോണം എന്ന ഐതിഹ്യം കേരളത്തില്‍ പ്രചാരത്തിലുണ്ടെങ്കിലും അദ്ദേഹം കരളത്തിലെ രാജാവായിരുന്നുവെന്ന് ആരും തെറ്റിദ്ധരിക്കരുത്'' എന്ന് കേരളസാഹിത്യചരിത്രത്തില്‍ മഹാകവി ഉള്ളൂരും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഓണാഘോഷത്തിന്റെ ഉല്‍പത്തി എന്ത്?
മഹാബലി അസ്സീറിയയിലെ ഒരു രാജാവോ ഒന്നിലധികം രാജാക്കന്മാരോ ആയിരിക്കാമെന്നും, അവരുടെ കാലത്ത് അസ്സീറിയയില്‍ താമസിച്ചിരുന്നപ്പോള്‍ നമ്മുടെ പ്രപിതാമഹന്മാര്‍ അനുഷ്ഠിച്ചിരുന്ന ആഘോഷത്തേയാണ് ഓണത്തിലൂടെ ആണ്ടുതോറും പുനഃസൃഷ്ടിക്കുവാനും സാക്ഷാത്കരിക്കുവാനും ശ്രമിക്കുന്നതെന്നും'' എന്‍.വി.കൃഷ്ണവാരിയര്‍ അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.
അസ്സീറിയയിലും കേരളത്തിലും ആഘോഷച്ചടങ്ങുകളില്‍ കാണുന്ന സമാനത അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്ക് തെളിവായും, ചൂണ്ടിക്കാണിക്കുന്നു. അസ്സീറിയന്‍ രാജാക്കന്മാരുടെ പേരുകളില്‍ കാണുന്ന 'ബെല' എന്ന ശബ്ദത്തിന്റെ സംസകൃതവല്‍ക്കരിക്കപ്പെട്ട രൂപമാണ് 'ബലി'യെന്നും ഓണക്കാലത്ത് മണ്ണുകൊണ്ട് നാമുണ്ടാക്കുന്ന പിരമിഡ് ആകൃതിയിലുള്ള തൃക്കാക്കരയപ്പന് (വിഷ്ണു) അസ്സീറിയന്‍ ക്ഷേത്രങ്ങളുടെ രൂപസാമ്യമുണ്ടെന്നും എന്‍.വി.സൂചിപ്പിക്കുന്നുണ്ട്.

ബലി-വാമനകഥയുടെ അടിസ്ഥാനത്തില്‍ മധുരയില്‍ ഏഴുദിവസത്തെ ഓണാഘോഷം ഉണ്ടായിരുന്നതായി പ്രശസ്ത സംഘകാല കവിയായ മാങ്കുടി മരുതനാര്‍ തന്റെ വിഖ്യാതമായ 'മധുരൈകാഞ്ച്' എന്ന ഗ്രന്ഥത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. വാമനരൂപം ധരിച്ച മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ആന്ധ്രയിലെ തിരുപ്പതിക്ഷേത്രത്തിലെ ഓണോത്സവം പ്രസിദ്ധമാണ്.

സംസ്‌കൃതത്തിലെ 'ശ്രാവണം' എന്ന പദത്തിന്റെ തത്ഭവങ്ങളാണ് ഓണവും തിരുവോണവും. ശ്രാവണ (ചിങ്ങമാസ) ത്തിലാണല്ലോ ഓണാഘോഷം. മലബാറില്‍ പുതുവര്‍ഷപ്പിറവിയെ കുറിക്കുന്ന ആഘോഷമാണ് ഓണമെന്നാണ് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏതായാലും ബലി-വാമനകഥയുമായി ബന്ധപ്പെട്ട് ഓണാഘോഷം മഹാകവി വൈലോപ്പിള്ളി പാടിപോലെ നമുക്ക് 'ഹൃദയ നിമന്ത്രിത സുന്ദരതത്ത്വം' തന്നെ.

വാമനാവതാരത്തെ പൂജിച്ച് ആദരിക്കുന്നതോടൊപ്പം മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുകയുമാണ് ഓണാഘോഷത്തിലൂടെ ചെയ്യുന്നത് എന്നതില്‍ പക്ഷാന്തരമുണ്ടാവാനിടയില്ല.

മഹാബലി അസ്സീറിയയിലെ രാജാവോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക