Image

പ്രതിസന്ധികളെ അതിജീവിച്ച്‌ തിളക്കമാര്‍ന്ന ജയവുമായി രമ്യ

Published on 24 August, 2013
പ്രതിസന്ധികളെ അതിജീവിച്ച്‌ തിളക്കമാര്‍ന്ന ജയവുമായി രമ്യ
ബാംഗ്ലൂര്‍: ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട നടി രമ്യ പ്രതിസന്ധികളെ അതിജീവിച്ചാണ്‌ മികച്ച വിജയം നേടിയത്‌. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസമാണു പിതാവ്‌ ആര്‍.ടി.നാരായണന്റെ മരണം. മല്‍സരത്തില്‍ നിന്നു പിന്മാറാന്‍ രമ്യ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി. പത്രികയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നും സ്വന്തം മാതാപിതാക്കളാരെന്ന്‌ ഒരിക്കല്‍ പോലും വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ചു രമ്യയെ ദള്‍ നേതാവ്‌ `ടെസ്‌റ്റ്‌ട്യൂബ്‌ ശിശു എന്നു പരിഹസിച്ചതു വന്‍ വിവാദമായി.

പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്‌ രമ്യ. `ഭാഗ്യതാരം എന്ന വിശേഷണം രാഷ്‌ട്രീയത്തിലും അന്വര്‍ഥമാക്കിയാണു ദിവ്യ സ്‌പന്ദന എന്ന രമ്യ ലോക്‌സഭയിലെത്തുന്നത്‌. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ കന്നഡ സിനിമയുടെ `സുവര്‍ണ നായികയും `ചന്ദനറാണിയുമായ രമ്യയ്‌ക്കു രാഷ്‌ട്രീയത്തിലെ കന്നിയങ്കവും പിഴച്ചില്ല. തമിഴ്‌,തെലുങ്ക്‌ ചിത്രങ്ങളിലും സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളില്‍ നായികയായ ഇവര്‍ 2011ലാണു യൂത്ത്‌ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തുന്നത്‌. രണ്ടു കൊല്ലത്തിനകം എംപി സ്‌ഥാനവും സ്വന്തം.

1982 നവംബര്‍ 29ന്‌ ബാംഗ്ലൂരില്‍ ജനിച്ച രമ്യയുടെ പിതൃത്വത്തെ സംബന്ധിച്ച്‌ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. മണ്ഡ്യ സ്വദേശിയായ നാരായണനും ഭാര്യ രഞ്‌ജിതയുമാണു രമ്യയെ വളര്‍ത്തിയത്‌.

2003ല്‍ അഭി എന്ന കന്നഡ ചിത്രമാണു രമ്യയുടെ ആദ്യ സിനിമ. 2004ലെ ചിത്രം `കുത്ത്‌ തമിഴ്‌ സിനിമാരംഗത്തും വഴിത്തിരിവായി. കുത്ത്‌ രമ്യ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. പൊല്ലാതവന്‍, വാരണം ആയിരം തുടങ്ങിയ ഹിറ്റുകളിലൂടെ തമിഴ്‌ സിനിമാ രംഗത്തും പേരെടുത്തു.
പ്രതിസന്ധികളെ അതിജീവിച്ച്‌ തിളക്കമാര്‍ന്ന ജയവുമായി രമ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക