Image

മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി (ഭാഗം മൂന്ന്‌)

Published on 26 August, 2013
മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി (ഭാഗം മൂന്ന്‌)
7

തങ്കത്തൂമലര്‍ ജാലമെങ്ങുമെഴകായ്
തിങ്ങും വസന്തങ്ങളില്‍
പൂങ്കാവില്‍ പുതുപൂക്കളാര്‍ന്നു വിലസും
മാങ്കൊമ്പിലേറിക്കുയില്‍
മങ്ഗല്യം കലരുന്ന രാഗലഹരീ-
മാധുര്യമാര്‍ന്നെപ്പോഴും
സംകീര്‍ത്തിച്ചു സമസ്തകാവ്യരസമായ്
പൂജിക്കുമമ്മേ! തൊഴാം

8

വേനല്‍ക്കാലദിവാകരന്റെ കതിരാല്‍
മിന്നുന്ന സന്ധ്യാഭ്രവും
തേനോലും ഫലജാലമാര്‍ന്ന തരുവും,
പൂതൂവിടും വല്ലിയും,
ധ്യാനം പൂണ്ടു വനാന്തരത്തിലമരും
സന്യാസിയും, സാധുവാം
വാനംപാടിയുമന്തമറ്റു സന്തതം
പൂജിക്കുമമ്മേ! തൊഴാം.

9

വര്‍ഷത്തുക്കളലംബരത്തിലണയും
കാര്‍മേഘവും, ചിത്തമാ-
കര്‍ഷിക്കും മഴവില്ലു, മക്കുളിരിളം
വര്‍ഷിക്കും മഴയും തരംഗമിളകി-
പ്പായും നദീജാലവും
ഹര്‍ഷം പൂണ്ടഖിലം കുളുര്‍ക്കുവതുപോല്‍
വാഴ്ത്തീടുമമ്മേ! തൊഴാം.
(തുടരും )


അവതാരിക

“ഇത് ഒരു ക്രിസ്തീയ കവിതയാണ്; ക്രിസ്തീയ സാഹിത്യത്തില്‍ ഇതിന് ഗണനീയമായ ഒരു സ്ഥാനം ലഭിക്കാതിരിക്കുകയില്ല”- എന്നിങ്ങനെ വര്‍ഗ്ഗീയപക്ഷം പിടിച്ച് വ്യവഹരിക്കേണ്ട ആവശ്യം ഇവടെയില്ല. കവി എന്റെ ശിഷ്യനാണെന്ന് എനിക്കഭിമാനമുണ്ടെങ്കിലും വാത്സല്യംകൊണ്ട് മിഥ്യാപ്രശംസ ചെയ്യേണ്ട ആവശ്യവും ഇവിടെ ഇല്ല. അങ്ങനെ ചെയ്യുകയില്ലെന്നുള്ള വിശ്വാസത്തോടും, പൊരെങ്കില്‍ അങ്ങനെ ചെയ്യരുതെന്നുള്ള അപേക്ഷയോടും കൂടിയാണ് അവതാരകന്റെ ചുമതല കവി എന്നെ ഏല്‍പ്പിച്ചത്. സാഹിത്യധര്‍മ്മം മുന്‍നിര്‍ത്തി 'ആത്മാഞ്ജലി' എന്ന ഈ ഗ്രന്ഥം പരിശോധിച്ചു നോക്കുമ്പോള്‍ അനശ്വരമായ ചില കാവ്യഗുണങ്ങള്‍ ഇതിനുണ്ടെന്നു ബോദ്ധ്യപ്പെട്ടതുകൊണ്ട് ആ ചുമതല ഞാന്‍ സസന്തോഷം സ്വീകരിക്കുകയും ചെയ്തു.

ക്രിസ്തുദേവന്റെ ജനനിയും, ക്രൈസ്തവലോകത്തിനൊട്ടാകെ പൂജനീയയും, സിമാബ്യൂ, ഗയോട്ടോ, റാഫേല്‍ മുതലായ ചിത്രകാരന്മാരുടെയും അസംഖ്യം കവികളുടെയും തൂലികയ്ക്കു വിഷയീഭൂതയുമായ കന്യാമറിയത്തിന്റെ അപദാനങ്ങളാണ് ഇതിലെ പ്രതിപാദ്യ വസ്തു. ഇങ്ങനെയുളള ഒരു വിഷയത്തെക്കുറിച്ച് ഭാഷാകവിതയില്‍ പ്രതിപാദിക്കുന്നതില്‍ രണ്ടു വൈഷമ്യങ്ങളുണ്ട്. സ്ഥലങ്ങളുടെയും ആളുകളുടെയും നാമങ്ങള്‍ മലയാണ്മയ്ക്കു യോജിക്കാതെ മുഴച്ചു നില്‍ക്കുമെന്നുള്ളതാണ് ഒന്നാമത്തെ വൈഷമ്യം. ഓര്‍ശലെം, ഹേറോദേശ്, പത്രോസ് മുതലായ പദങ്ങളെ കവിതാപ്രവാഹത്തില്‍ ലയിപ്പിക്കുക അത്ര എളുപ്പമുള്ള പണിയല്ല. രണ്ടാമത്തെ ക്ലേശം ഉപനിഷല്‍ പ്രതീതിയുള്ള കൈവല്യം, നാദബ്രഹ്മം, സായൂജ്യം, മുതലയായ പദങ്ങള്‍ ക്രിസ്തീയ ദര്‍ശനത്തിനു വിരുധമല്ലാത്ത രീതിയില്‍ പ്രയോഗിക്കുക എന്നതാണ്. ഈ പ്രതിബദ്ധങ്ങള്‍ ശ്രീമാന്‍ മുട്ടത്തുവര്‍ക്കി സാമര്‍ത്ഥ്യത്തോടെ തരണം ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

കന്യകാമറിയത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വ്യാവര്‍ത്തിച്ചെടുത്തു ശ്ലോക വിഷയമാക്കിയിട്ടുള്ളതില്‍ കവി സ്തുത്യര്‍ഹമായ ഔചിത്യബോധം പ്രകടിപ്പിക്കുന്നുണ്ട്. ക്രിസ്തീയ ഭവനങ്ങളില്‍ ദിവസംതോറും ഉരുവിട്ടു പോരുന്ന 'ജപമാലയില്‍' പ്രസ്തുത സംഭവങ്ങളെല്ലാം തന്നെ ക്രോഡീകൃതമായിട്ടുണ്ടെങ്കിലും, അവയുടെ രസാത്മകത്വം ചിരപരിചയത്താല്‍ വിസ്മൃതമായിട്ടാണിരിക്കുന്നത്. ശ്രീമാന്‍ വര്‍ക്കിയുടെ കവിതയില്‍ അവ രസസ്പര്‍ശത്താല്‍ ദീപ്രമായിത്തീര്‍ന്നിട്ടുണ്ട്.

“ഈ ഞാനെന്തിനു മാഴികിടന്നു മകനേ,
കാണുന്നു നീ സര്‍വ്വവും
കുഞ്ഞേ! കണ്‍മണിയേ! തരുന്നു വിട ഞാന്‍,
പൊയ്‌ക്കൊള്‍ക, പൊയ്‌ക്കൊള്‍ക നീ”-

ഇതുപോലെ രസനിഷ്യന്ദികളായ പല ഭാഗങ്ങളും 'ആത്മാഞ്ജലി' യില്‍ സുലഭമാണ്. ആകെക്കൂടി ശ്രീ മുട്ടത്തു വര്‍ക്കിയുടെ ഭാഷാ ശൈലി സരില്‍ പ്രവാഹാം പോലെ സ്വച്ഛവും അക്ലിഷ്ട സുന്ദരവുമായിട്ടാണ് എനിക്കു തോന്നുന്നത്.

ഭാഷയില്‍ ദേവീസ്തവങ്ങളും, ഈശ്വരാപദാനങ്ങളുടെയും പുണ്യക്ഷേത്രങ്ങളുടെയും വര്‍ണ്ണനകളും അനവധിയുണ്ട്. പക്ഷേ അവയില്‍ തല്‍കര്‍ത്താക്കളുടെ പദപ്രയോഗവൈചിത്ര്യമല്ലാതെ യഥാര്‍ത്ഥ ഭക്തിരസത്തിന്റെ കണിക അപൂര്‍വ്വമായിട്ടേ കണ്ടെത്തുകയുള്ളൂ. ഭക്തിരസാത്മകമായ ഒരു സ്ഥാനം കൈവരുമെന്നുള്ളതിനു സംശയമില്ല. മതിമാനും വാസനാസമ്പനും നിസ്തന്ദ്രോത്സാഹനുമായ ഈ യുവകവിയെ സാഹിത്യ പ്രണയികള്‍ യഥോചിതം ആദരിക്കുമാറാകട്ടെ എന്നുള്ള ആശസംയോടെ ആത്മാഞ്ജലിയെ അവരുടെ മുമ്പില്‍ ഞാന്‍ പ്രത്യപൂര്‍വ്വം അവതരിപ്പിച്ചുകൊള്ളുന്നു.

എം.പി.പോള്‍

മുഖവുര

സാഹിത്യ ക്ഷേത്രത്തില്‍ ആത്മാഞ്ജലിയുമായി ഞാന്‍ പ്രവേശിക്കുകയാണ്. അവിടെ പള്ളിക്കൊള്ളുന്ന കൈരളീദേവി പ്രസാദിച്ച് സസ്മിതം എന്നെ കടാക്ഷിച്ചനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷ. എനിക്കുവേറെയും പുഷ്പപൂജകള്‍ സമര്‍പ്പിക്കുവാനുണ്ട്. ആസൗന്ദര്യദേവതയുടെ തൃച്ചേവടികളില്‍ വിശ്വോത്തരന്മാരായ കവികളുടെയും ചിത്രകാരന്മാരുടെയും ഗായകന്മാരുടെയും ശില്പികളുടെയും മോഹനങ്ങള്‍ ഭാവനകളെ ഉത്തജിപ്പിച്ച രാജകന്യക, വാത്മീകിയേയും കാളിദാസനേയും സൃഷ്ടിച്ച എന്റെ പ്രിയപ്പെട്ട ജന്മഭൂമിയുടെ ആര്‍ഷസംസ്‌കാരത്തിന് ഏറ്റവും യോജിച്ച ഒരു ഉല്‍കൃഷ്ട കാവ്യവിഷയമാണെന്ന് എനിക്കു യോജിച്ച ഒരു ഉല്‍കൃഷ്ട കാവ്യവിഷയമാണെന്ന് എനിക്കു തോന്നി. ആനന്ദധാമമായ ആ 'ജഗദംബിക' യുടെ പാദകമലങ്ങളില്‍ ഭക്തിനിര്‍ഭരമായ ഹൃദയത്തോടുകൂടി എന്നും കൂപ്പുകൈ സമര്‍പ്പിക്കേണ്ടതാണെന്നും എനിക്കു തോന്നി. അങ്ങനെയാണ് ഈ “ആത്മാഞ്ജലി” ഉണ്ടായത്. ഇതില്‍ അറിവിന്റെ കുറവുകൊണ്ടും യുവസഹജമായ അപാകതകൊണ്ടും വന്നുപോയിട്ടുള്ള പോരായ്മകള്‍ക്ക് സഹൃദയര്‍ സദയം മാപ്പുനല്‍കണമെന്നപേക്ഷ.

ഏതൊരു മഹാമനസ്‌കനാണ് സാഹിത്യവേദിയില്‍ എനിക്ക് അനുസ്യൂതമായ പ്രേത്സാഹനം  നല്‍കിക്കൊണ്ടിരിക്കുന്നത്. ഏതൊരു വിമര്‍ശകകേസരിയാണ് ഈ ആത്മാഞ്ജലി യെ ലോകസകക്ഷം അവതരിപ്പിക്കുന്നത്, എന്റെ വന്ദ്യഗുരുവായ ആ സാഹിത്യാചാര്യന്‍, ശ്രീ.എം.പി. പോള്‍. എം.ഏ-യ്ക്ക് കൃതജ്ഞതാപുരസ്‌കാരമായ എന്റെ വിനീതനമസ്‌കാരം!
ഗ്രന്ഥകര്‍ത്താവ്
മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി- ആത്മാജ്ഞലി (ഭാഗം മൂന്ന്‌)
Join WhatsApp News
Mary R Joseph 2013-08-27 17:58:54
മുട്ടത്തു വര്ക്കി, അങ്ങ് വലിയ എഴുത്തുകാരൻ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക