Image

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാര്‍ഷികാഘോഷം

അനില്‍ പെണ്ണുക്കര Published on 26 August, 2013
വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും  കാര്‍ഷികാഘോഷം
കാര്‍ഷികാഘോഷമായും ഓണത്തെ കാണുന്നവരുണ്ട്. കര്‍ക്കടപ്പേമാരിയില്‍ നിന്നും കെടുതികളില്‍ നിന്നും മോചിതയായ പ്രകൃതി വസന്തത്തിന്റെ മനോഹാരിതയിലേക്ക് കണ്‍തുറക്കുന്നത് ഓണക്കാലത്താണ്. വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ആഹ്ലാദകരമായ ഒരു തലത്തിലേയ്ക്ക് ജനമനസ്സുകള്‍ ഉണര്‍ന്നിരുന്നു. ആ ഒരു സന്തോഷം പൂക്കളമൊരുക്കിയും ദേവനെ (തൃക്കാക്കരയപ്പനെ) പ്രതിഷ്ഠിച്ചുപൂജിച്ചും സദ്യയൊരുക്കിയും ഓണക്കോടിയുടുത്തും ഓണപ്പുടവ സമ്മാനിച്ചും പ്രകടിപ്പിച്ച് ഗതകാലപ്രൗഢിയുടെ സമ്മോഹനമായ സ്മരണകളിലേക്ക് മനസ്സിനെ വ്യാപരിപ്പിക്കുന്നതിനുള്ള മുഹൂര്‍ത്തമായി അവര്‍ പരിഗണിച്ചു.

ഓണക്കാലം പൂപ്പൊലിയുടെയും ഓണപ്പാട്ടുകളുടെയും ഓണക്കളികളുടെയും സമ്മേളനവേദിയായിരുന്നു. ഇന്ന് അതെല്ലാം ടി.വി. ചാനലുകളില്‍ ഒതുങ്ങിയിരിക്കുകയാണ്.

''കിളുന്തുപൂവണിവീഥിയില്‍, നീലക്കടമ്പു പൂത്ത പടര്‍പ്പുകളില്‍ എവിടെയുമെവിടെയുമലതല്ലുകയാണവികലമായൊരു സൗന്ദര്യം'

എന്നത് ഓണക്കാലത്തെ ചേതോഹരമായി സവിശേഷതയായിരുന്നു.ഇന്ന് അതെല്ലാം വെറും ഓര്‍മ്മകള്‍മാത്രം. വയലേലകളും വേലിപ്പടര്‍പ്പുകളും അവയില്‍ പൂവണിഞ്ഞിരുന്ന ചെടികളുമെല്ലാം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കുന്നായ കുന്നുകളെല്ലാം ഇടിച്ചുനിരത്തപ്പെട്ടതിനാല്‍ തെച്ചിക്കാടുകളും തുമ്പച്ചെടിപ്പടര്‍പ്പുകളുമെല്ലാം പോയി.

ഓണക്കാലമായാല്‍ പൂവട്ടിയും വീശി പാട്ടുപാടി പൂവിറുക്കുന്ന കുട്ടികളുടെ കൂട്ടം ഹൃദയഹാരിയായ കാഴ്ചയായിരുന്നു. ഇന്ന് കുട്ടികള്‍ക്ക് പൂവട്ടി എന്താണെന്നു പോലുമറിയില്ല. ഓണക്കളിയും ഓണപ്പൊട്ടനും ഒണനിലാവുമെല്ലാം ടി.വി.ചാനലുകളില്‍ ഒതുങ്ങി.

തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നെത്തുന്ന പൂക്കള്‍ പൊള്ളുന്ന വിലകൊടുത്തു വാങ്ങിച്ചിട്ടുവേണം ഇന്ന് കേരളത്തില്‍ പൂക്കളം തീര്‍ത്ത് ഓണമാഘോഷിക്കാന്‍ നല്ല ഒന്നാന്തരം വാഴക്കുലകള്‍ ഓണക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ഇന്നാകട്ടെ അതിനും മറ്റിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

എന്നിട്ടും എന്തോ ഒരു യന്ത്രസംവിധാനം പോലെ ഓണാഘോഷം കടന്നുപോകുന്നു.
കമ്പോളത്തില്‍ ലാഭം കൊയ്യാനുള്ള ഒരു ലേബല്‍ ആയും ഓണം മാറിയിരിക്കുന്നു. ഉല്പന്നങ്ങള്‍ വിറ്റഴിക്കാനും വാങ്ങിക്കൂട്ടുവാനുമുള്ള ഒരവസരം.

ഓണക്കാലം കിറ്റുകളുടെ കാലവുമായി. പലവിധ സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് കിറ്റുകളുടെ രംഗപ്രവേശം. സദ്യയുടെ കിറ്റുവരെ ഇപ്പോള്‍ സുലഭമാണ്. ജനമനസ്സുകളില്‍നിന്ന് വേറിട്ട് ടെലിവിഷന്‍ ചാനലുകളില്‍ ഓണാഘോം പൊടിപൊടിക്കുമ്പോള്‍, അതിനു മുന്നില്‍ ചടഞ്ഞിരിക്കുന്നവര്‍ക്ക് അടുക്കളയിലേക്കുള്ള പ്രവേശം ഓണസദ്യ കിറ്റുകള്‍ ഒഴിവാക്കിക്കൊടുക്കുന്നു.

പണ്ടൊക്കെ ഓണം സാമൂഹികമായ ബന്ധങ്ങളുടെ രസം നുകരാന്‍ അവസരമൊരുക്കുന്ന ആഘോഷമായിരുന്നു. സൗഹൃദയങ്ങളെ ഊട്ടി ഉറപ്പിക്കാനുള്ള ദിവസം. സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാനും ഊട്ടുവാനുമുള്ള സന്ദര്‍ഭം. ദുഃഖങ്ങള്‍ക്ക് അവധി നല്‍കി വിനോദിക്കാനുള്ള ഒരവസരം. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒത്തുകൂടാനും സ്‌നേഹബന്ധം പുതുക്കാനും ഓണപ്പുടവ നല്‍കി ആദരിക്കുവാനുള്ള സമ്മോഹനമുഹൂര്‍ത്തം. ഇതെല്ലാം ഓണാഘോഷം കൊണ്ടു സാധിച്ചിരുന്നു. ഇന്ന് എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും പലതരത്തിലുള്ള തിരക്കുകളാണ്.

ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യനന്മയെ പരിപോഷിക്കാന്‍ ഉതകുന്നതാവണം. അപ്പോഴേ അത് അര്‍ത്ഥവത്താകൂ. പൂര്‍വസൂരികള്‍ ഈ ലക്ഷ്യത്തോടെയാണ് ആഘോഷങ്ങള്‍ സമൂഹജീവിതത്തിന്റെ ഭാഗമായി സംവിധാനം ചെയ്തത്. പക്ഷേ നാം അകന്നകന്നുപോകുന്നു.

വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും  കാര്‍ഷികാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക