Image

മഹാബലിയെ കോമാളി ആക്കരുത്: മഹാരാജാവിനു പിന്നാലെ എന്‍.എസ്. എസ്.

അനില്‍ പെണ്ണുക്കര Published on 27 August, 2013
മഹാബലിയെ കോമാളി ആക്കരുത്: മഹാരാജാവിനു പിന്നാലെ എന്‍.എസ്. എസ്.
ഓണക്കാലത്ത് മഹാബലിയെ അപഹാസ്യനാക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മഹാബലിയെ കോമാളിയായി ചിത്രീകരിക്കുന്നതിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഢവര്‍മ്മയാണ്. തന്നെ കാണാനെത്തിയ ഫൊക്കാനായുടെ നേതാക്കളോടായിരുന്നു അന്ന് അദ്ദേഹം മഹാബലിയെ ബഫൂണായി ചിത്രീകരിക്കരുതെന്നും മഹാബലിയുടെ യഥാര്‍ത്ഥ രൂപത്തിന്റെ ഛായാചിത്രം സമ്മാനിക്കുകയും ചെയ്തത്.

മഹാശക്തനും ജനക്ഷേമ തല്‍പ്പരനുമായ ചക്രവര്‍ത്തിയായിരുന്നു മഹാബലി. ഓണം കേരളത്തിന്റെ ദേശീയ ആഘോഷമാക്കി കണക്കാക്കുമ്പോള്‍ അതില്‍ ആദരിക്കപ്പെടേണ്ടയാളിനെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നത് തികച്ചും അപഹാസ്യമാണെന്നാണ് എന്‍.എസ്.എസ്. നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

കള്ളവും ചതിയും കള്ളപ്പറയും ഇല്ലാതിരുന്ന മഹത്തായ ഭരണത്തിന്റെ സ്മരണയാണ് ഓണം. നിര്‍ഭാഗ്യവശാല്‍ മലയാളി അടുത്ത കാലത്തായി ആഘോഷങ്ങളും അനുഷ്ഠാനങ്ങളും പൊരുളറിയാതെ ഗോഷ്ഠികളായി നടത്തുകയാണ്. സര്‍ക്കസിലെ കോമാളിയുടേയോ പഴയ നാടകത്തിലെ വിദാഷകന്റേയോ ഭാവത്തിലാണ് എക്കാലവും മാതൃകയാവുന്ന ഭരണം കാഴ്ച വെച്ച മഹാബലിയെ ചിത്രീകരിക്കുന്നത്. അധികാര മുദ്രയായ കിരീടം ധരിച്ച്, അതേസമയം നിസ്വനെപ്പോലെ ഓലക്കുടയും മെതിയടിയും അണിഞ്ഞ് പ്രജകളെ കണ്ട് അനുഗ്രഹിക്കാന്‍ സന്നദ്ധനായി വരുന്ന വാത്സല്യമൂര്‍ത്തിയായ ചക്രവര്‍ത്തിയെ അലസന്മാരുടെ ശരീരപ്രകൃതിയായ കുംഭയും കൊമ്പന്‍ മീശയുമായി അപഹാസ്യമായിട്ടാണ് അവതരിപ്പിക്കുന്നത്. അസുരന്മാരെ വികൃത ശരീരികളായി അവതരിപ്പിച്ച പഴയ ചിത്രകലാപാരമ്പര്യം മഹാബലിയുടെ കാര്യത്തിലും അനുവര്‍ത്തിക്കുന്നത് മഹാ കഷ്ടമാണെന്നും, തലമുറകളിലേക്ക് മികച്ച സംസ്‌കാരമാണ് പകരേണ്ടതെന്നും, ആഘോഷങ്ങളുടെ പൊരുളറിഞ്ഞ് ആദരവോടെ സംസ്‌കാരത്തെ സമീപിക്കണമെന്നും ജി. സുകുമാരന്‍ നായര്‍ ചൂണ്ടികാട്ടി.


മഹാബലിയെ കോമാളി ആക്കരുത്: മഹാരാജാവിനു പിന്നാലെ എന്‍.എസ്. എസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക