Image

ബിഗ്‌ ബെന്‍ സമയഗോപുരം ചരിയുന്നുവെന്ന്‌ എന്‍ജിനീയര്‍മാര്‍

Published on 10 October, 2011
ബിഗ്‌ ബെന്‍ സമയഗോപുരം ചരിയുന്നുവെന്ന്‌ എന്‍ജിനീയര്‍മാര്‍
ലണ്ടന്‍: ലോകപ്രശസ്‌തമായ ബിഗ്‌ ബെന്‍ സമയഗോപുരം ക്രമേണ ചരിയുന്നുവെന്ന്‌ എന്‍ജിനീയര്‍മാര്‍. നഗ്‌നനേത്രങ്ങള്‍ക്കൊണ്ടു തിരിച്ചറിയാവുന്ന വിധമുള്ള ചരിവ്‌ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഗോപുരത്തിന്റെ മുകള്‍ഭാഗം ലംബരേഖയില്‍നിന്ന്‌ ഒന്നരയടി മാറിയാണ്‌ നില്‍ക്കുന്നത്‌. ഇങ്ങനെ പോയാല്‍ ഒരുനാള്‍ ബിഗ്‌ബെന്‍ നിലംപതിക്കുമെന്നും എന്‍ജിനീയര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

പേടിക്കേണ്ട - ഇപ്പോഴത്തെ വേഗമനുസരിച്ചു ബിഗ്‌ ബെന്നിന്‌ പിസാ ഗോപുരത്തിന്റെ ചരിവു സംഭവിക്കാന്‍തന്നെ നാലായിരം വര്‍ഷമെടുക്കും. ഒന്നര നൂറ്റാണ്ടിലേറെ പിന്നിട്ട `ബിഗ്‌ ബെന്‍ രണ്ടു ലോകയുദ്ധങ്ങളെ അതിജീവിച്ച ചരിത്രസാക്ഷിയാണ്‌. ഈ നാഴികമണിയുടെ അപൂര്‍വനാദം കേട്ടാണ്‌ ലണ്ടന്‍ നഗരം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ `ഭാരസാങ്കേതികവിദ്യയില്‍ ഇന്നും ഓടുന്ന ഈ ചതുര്‍മുഖ ക്ലോക്ക്‌ ലോകത്തെ ഏറ്റവും പഴക്കമുള്ള വലിയ സമയഗോപുരമാണ്‌.

1858ല്‍ നിര്‍മാണം പൂര്‍ത്തിയായ ബിഗ്‌ ബെന്നിനു ചുറ്റും പിന്നീടു നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണു ചരിവിനു കാരണമെന്നാണു നിഗമനം. ഗോപുരത്തിന്റെ അടിത്തറ പതുക്കെപ്പതുക്കെ ഭൂമിയിലേക്കു താഴുകയാണ്‌. ഇതുപക്ഷേ, ഒരേ ക്രമത്തിലല്ല സംഭവിക്കുന്നത്‌.

തെക്കുവശത്തേക്കാള്‍ വേഗത്തില്‍ വടക്കുവശം താഴുന്നു. ഇതാണു ചരിവിനു കാരണം. നൂറു മീറ്ററോളം ഉയരവും 11 നിലകളുമുള്ള ബിഗ്‌ ബെന്നിനു 393 പടവുകളുണ്ട്‌. വടക്കുപടിഞ്ഞാറു ഭാഗത്തേക്ക്‌ 0.26 ഡിഗ്രി ചരിവാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക