Image

ഓണം പൊട്ടി വിടരുന്നതു പോലെ..പൂവേ പൊലി പൂവേ...(ജോര്‍ജ്‌ തുമ്പയില്‍)

(ഇ-മലയാളി എക്‌സ്‌ക്ലൂസീവ്‌) Published on 28 August, 2013
ഓണം പൊട്ടി വിടരുന്നതു പോലെ..പൂവേ പൊലി പൂവേ...(ജോര്‍ജ്‌ തുമ്പയില്‍)
പൂവേ പൊലി പൂവേ പൊലി പൂവേ...

എന്റെ വളരെ ചെറുപ്പത്തില്‍ ഓണക്കാലത്ത്‌ ഇങ്ങനെയൊരു പാട്ട്‌ കേട്ടിരുന്നതായി നല്ലയൊരു ഓര്‍മ്മയുണ്ട്‌. എന്നാല്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ അത്‌ പിന്നീട്‌ കേള്‍ക്കുന്നത്‌ ആകാശവാണിയിലെ ഓണക്കാലത്തെ പരിപാടികള്‍ക്കിടയിലായി. പിന്നെയും വളര്‍ന്ന്‌ ഗള്‍ഫിലെത്തയപ്പോള്‍ ഓണക്കാലത്ത്‌ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണപരിപാടികളിലെ സംഘഗാനമായി അതു കേട്ടു തുടങ്ങി. ഇപ്പോള്‍ ആ പാട്ട്‌ കേള്‍ക്കാനെ ഇല്ല.. പലരും മറന്നു തുടങ്ങിയതു പോലെ.. അമേരിക്കയിലെ ന്യൂ ജനറേഷനോടു ഈ പാട്ടിനെക്കുറിച്ച്‌ പറഞ്ഞാല്‍ അവരു പറയും, എന്തൊരു ബോറന്‍ മ്യൂസിക്ക്‌. നോട്ടേഷന്‍സ്‌ ഒന്നും ശരിയാവുന്നില്ല...

പൂവേ പൊലി പൂവേ പൊലി പൂവേ...

ചിങ്ങം പുലര്‍ന്നു കഴിഞ്ഞാല്‍ കേരളക്കരയിലെ നാട്ടുമ്പുറങ്ങളിലെ നാട്ടിടവഴികളിലും വീട്ടുപരിസരങ്ങളിലും തൊടികളിലും മാലികളിലും ഒക്കെ പടര്‍ന്നുമുഴങ്ങിക്കേട്ടിരുന്നു. കയ്യാലകളിലും പൊന്തകളിലും വള്ളിപ്പടര്‍പ്പുകളിലും തൊടിത്തോട്ടങ്ങളിലും നിന്ന്‌ നല്ല പൂവുകള്‍ തേടി പൂക്കളം ഒരുക്കാന്‍ നടന്ന കുട്ടികളും അവരുടെ സഹായികളായി മാത്രം അക്കാലത്തു മാറുന്ന മുതിര്‍ന്നവരും മുഴക്കിയ ഒച്ചയാണത്‌. നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു, ഈ പാട്ട്‌ കേള്‍ക്കുമ്പോള്‍ ഓണം പൊട്ടി വിടരുന്നതു പോലെ ഒരു പ്രതീതി നിങ്ങളില്‍ ഉണ്ടാകുന്നില്ല. പുത്തന്‍ കോടിയുടെ മണം നിങ്ങളുടെ മൂക്കിലേക്ക്‌ അടിച്ചു കയറുന്നില്ല. അടുക്കളയില്‍ കായ വറുക്കുതിന്റെയും കളിയടക്കയുടെയും ഗന്ധങ്ങള്‍ നിങ്ങളുടെ മൂക്കിനെ പിടിച്ചുലയ്‌ക്കുന്നില്ല. തൊടിയിലേക്കിറങ്ങുമ്പോള്‍ കാശിത്തുമ്പയും മുക്കുറ്റിപ്പൂവും ചിരിക്കുന്നതു പോലെ തോന്നുന്നില്ല. ആകാശത്തെ തൊടാന്‍ വേണ്ടി പുളിമരത്തിന്റെ പൊട്ടാശാഖയില്‍ കെട്ടിത്തൂക്കിയ ഊഞ്ഞാലില്‍ പെട്ടയാടുന്നതിനെക്കുറിച്ച്‌ ഓര്‍മ്മിക്കുന്നില്ലേ.. ഇന്ന്‌ അതൊക്കെ അന്യമായതു പോലെ.. ഇനി നമുക്ക്‌ ആ കാലത്തേക്ക്‌ ഒന്നു തിരിഞ്ഞു പോകാന്‍ പറ്റുമോ. ആവുമെന്നു തോന്നുന്നില്ല. അതു കൊണ്ടു തന്നെ, ഓണത്തെ നെഞ്ചേറ്റി കൊണ്ട്‌ നമുക്ക്‌ ആ പാട്ടിന്റെ നഷ്‌ടം നികത്താം..

പൂവേ പൊലി പൂവേ പൊലി പൂവേ...

പൂവായ പൂവെല്ലാം പിള്ളേരറുത്തു

പൂവാങ്കുറുന്തില ഞാനുമറുത്തു

പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു

എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു

പൂവേ പൊലി പൂവേ പൊലി...


പത്തു ദിവസം ഓണപ്പൂക്കളമൊരുക്കാന്‍, അതും ഓരോ വീട്ടിലേക്കും എത്രമാത്രം പൂവേണ്ടി വരുമെന്ന്‌ ഒന്നാലോചിച്ചു നോക്കു. ഇന്നത്‌ ആലോചിക്കുന്നത്‌ തന്നെ പ്രയാസമായിരിക്കും. ഏതായാലും ചില്ലറ പൂവൊന്നും പോരെന്ന്‌ ഉറപ്പ്‌. അത്തം മുതല്‍ പത്തു നാളുകള്‍ പൂവിടുക തന്നെ വേണം. അതായത്‌, എല്ലാ ദിവസം പുലര്‍ച്ചെ ഉണര്‍ന്നെണ്ണീറ്റ്‌ കുളിയും കഴിഞ്ഞ്‌ ഒരിറക്കമാണ്‌. പൂവ്‌ ശേഖരിക്കല്‍ തന്നെ പരിപാടി. അന്നൊക്കെ, പൂവ്‌ പറിച്ചിടാന്‍ പ്രത്യേകം കൊട്ടയുണ്ടായിരുന്നു. ഇന്ന്‌ അത്‌ കാണുന്നത്‌ തന്നെ ഒരു ആന്റ്വിക്ക്‌ ഐറ്റം എന്ന നിലയിലാണ്‌. നാട്ടില്‍ പോവുമ്പോള്‍ അതു പോലൊരെണ്ണം വാങ്ങി പുതിയ വീടിന്റെ ഷോകെയ്‌സിലാക്കാന്‍ നോക്കുന്ന പ്രവാസികളെ എനിക്കറിയാം. അങ്ങനെയെങ്കിലും അവരറിയട്ടെ, ആ പൂക്കൂട എത്ര പൂവേ പൊലി പൂവേ പൊലി പൂവേ... പാട്ട്‌ കേട്ടിട്ടുണ്ടെന്ന്‌.

ഞങ്ങളുടെ ബാല്യകാലത്തെ കാര്യമാണ്‌. അക്കാലത്ത്‌ ആരുംതന്നെ പൂവുകളൊന്നും വച്ചുപിടിപ്പിച്ച്‌ നട്ടുനനച്ച്‌ വളര്‍ത്തുന്ന പതിവൊന്നുമുണ്ടായിരുന്നില്ല. പൂക്കളൊക്കെ അങ്ങനെ വളരുകയാണ്‌. അത്‌ കര്‍ക്കടകം കഴിഞ്ഞുള്ള ഓണവെയിലില്‍ മിന്നി തിളങ്ങിയങ്ങു നില്‍ക്കും. ഓണത്തുമ്പി പാറി നടക്കുന്ന വെയിലില്‍ എത്ര മനോഗരമായ കാഴ്‌ചയാണത്‌. അന്ന്‌ അതില്‍ വലിയൊരു പുതുമയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇന്ന്‌ തിരിച്ചറിയുന്നു, ആ നഷ്‌ടങ്ങളൊന്നും ഇനി തിരികെ കിട്ടില്ല.ഓര്‍ത്തെടുത്തു പുനഃസൃഷ്‌ടിക്കാനും പറ്റില്ല. കേള്‍ക്കാന്‍ പോലുമാവില്ല, പൂവേ പൊലി പൂവേ പൊലി പൂവേ... എന്ന പാട്ടും ഈണവും താളവുമൊന്നും.

ഉള്ള പൂവൊക്കെ പറിച്ച്‌ നശിപ്പിക്കുന്ന ശീലമൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. അവനവനു വേണ്ടതു മാത്രമാണ്‌ പറിക്കുക. ഇപ്പോള്‍ കാണുന്ന മത്സരബുദ്ധിയൊന്നും അന്ന്‌ ഇല്ലായിരുന്നു. ഇപ്പോള്‍ മറ്റുള്ളവന്‌ പൂവ്‌ കിട്ടാതിരിക്കാന്‍ ഇല്ലാത്ത കാശു കൊടുത്തു കടയില്‍ നിന്ന്‌ ഉള്ള പൂക്കള്‍ മുഴുവന്‍ വാങ്ങിക്കൂട്ടുന്നവരെ കാണുമ്പോള്‍ അറിയാതെ ഓര്‍ത്തു പോവും, ഇവരൊക്കെയും മലയാളികളാണോ, ഇവരൊക്കെയാണോ മാലോകരെല്ലാം ഒന്നു പോലെയെന്നു പാടി മാവേലി തമ്പുരാന്റെ കാലത്തെ അനുസ്‌മരിപ്പിക്കുന്ന ഓണം കൊണ്ടാടുന്നത്‌. എന്തൊരു വിരോധാഭാസം അല്ലേ.. അതാണ്‌ കാലത്തിന്റെ മഹത്വം.

എല്ലാവര്‍ക്കും എല്ലാ ദിവസവും പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കിട്ടണമെങ്കില്‍, ധൂര്‍ത്തടിക്കാതെ, സൂക്ഷ്‌മതയോടെ അവ കൈകാര്യം ചെയ്‌തേ പറ്റൂ. ഈയൊരു ബോധമുള്ളവര്‍ക്ക്‌ വളരെ കുറച്ചു പൂക്കളിറുക്കാനേ തോന്നൂ. അങ്ങനെ വരുമ്പോള്‍ പിന്നെ, നന്മ നിറഞ്ഞ ഒരു പ്രാര്‍ഥനയാണുരുക; പൂവേ പൊലി പൂവേ പൊലി പൂവേ...

അതായാത്‌, തന്റെ പൂക്കൂടയിലെ പൂവുകള്‍ പൊലിച്ച്‌ അധികമാകുക എന്നതു മാത്രമല്ല, തൊടിയിലും പറമ്പിലും നാടായ നാട്ടിലും കാടായ കാട്ടിലുമെല്ലാം പൂക്കള്‍ പൊലിച്ചുണരട്ടെ എന്നാണ്‌ അവരുടെ നിഷ്‌കളങ്കമായ പ്രാര്‍ഥന.

ഞാനോര്‍ക്കുന്നു, ഇപ്പോള്‍ ഉള്ള നാട്ടുമ്പുറങ്ങളല്ല അന്നത്തെ ഗ്രാമങ്ങള്‍. അന്ന്‌ എല്ലാവരും ഒന്നാണ്‌. എന്തിനും ഏതിനും മറ്റൊരാളുടെ സഹായം വേണം. വീടുകള്‍ക്ക്‌ മതിലുകളില്ല, മനസ്സിലും. അങ്ങനെയുള്ള നാട്ടുമ്പുറത്തെ പൂക്കള്‍ ആരുടെയും സ്വകാര്യസ്വത്തൊന്നുമല്ല. എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണത്‌. അത്‌ ആദ്യം വരുന്നവര്‍ മുഴുവനായും പറിച്ചു തോന്നിയ പോലെ ചെലവിട്ടാല്‍ പിന്നാലെ വരുന്നവര്‍ക്ക്‌ പൂക്കള്‍ കിട്ടിയില്ലെന്നു വരും. അപ്പോള്‍ അവരെയും ഓര്‍ക്കണം. അതു കൊണ്ടാണ്‌ പൂവ്‌ പൊലിക്കട്ടെ എന്നര്‍ത്ഥം വരുന്ന പൂവേ പൊലി പൂവേ പൊലി പൂവേ... എന്ന പാട്ടു പാടുന്നത്‌.

ഓണക്കാലത്ത്‌ ഇപ്പോള്‍ പൂവിടല്‍ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല. അതിനൊക്കെ ആര്‍ക്കു സമയം. എല്ലാവരും ടാര്‍ജറ്റ്‌ തികയ്‌ക്കാനുള്ള ഓട്ടത്തിലല്ലേ. കുറച്ചുകൊല്ലം മുന്‍പു വരെ പൂക്കളമത്സരങ്ങള്‍ ഉണ്ടായിരുന്നു. ആ പൂക്കളമിടാനുള്ള പൂക്കള്‍ പൂക്കടകളില്‍ നിന്നാണ്‌ എങ്ങനെയെങ്കിലും വാങ്ങാറുമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്‌ അതെല്ലാം കൊണ്ടുവരുന്നത്‌. കേരളമിന്ന്‌ പൂവില്ലാത്ത നാടായി കൊണ്ടിരിക്കുന്നു. ഉള്ള പൂക്കള്‍ക്കൊന്നും തന്നെ മണവുമില്ല, നിറവുമില്ല. എല്ലാം ഓര്‍ക്കിഡുകളുടെ കാലം.

വീട്ടിലെ പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌, പൂരാടത്തുന്നാള്‍ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി നിഴലിലുണക്കി ചെങ്കല്ലരച്ച്‌ ചുവപ്പിക്കും. ഉത്രാടത്തിന്‍നാള്‍ രാത്രി തൃക്കാക്കരപ്പനെ അരിമാവുകൊണ്ടണിയിക്കും. ഉണ്ടാക്കിയ ഉടനെ തൃക്കാക്കരയപ്പന്റെ നിറുകെയില്‍ നാലുഭാഗത്തും ഈര്‍ക്കിലി കൊണ്ട്‌ തുളകള്‍ ഉണ്ടാക്കും. ആ തുളകളില്‍ പൂക്കള്‍ കുത്തും. ചില വലിയ വീടുകളില്‍ കനംകുറഞ്ഞ പാലമരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്‌. എന്നാലും മണ്ണു കൊണ്ടുള്ള ഒരു തൃക്കാക്കരയപ്പനെങ്കിലും വേണം.

എന്റെ ചില കൂട്ടുകാരുണ്ട്‌, അവരൊക്കെയും ആചാരപരമായി പൂക്കളമൊരുക്കുന്നവരാണ്‌. അവരുടെ മുത്തശ്ശിമാരാണ്‌ അതിനു സഹായിക്കുന്നത്‌. അതു കാണാന്‍ പോകുന്നതു തന്നെ വലിയൊരു കാര്യമായിരുന്നു. അവിടെയൊക്കെ തൃക്കാക്കരയപ്പനെ വെക്കുന്നത്‌ മുറ്റത്തെ പൂക്കളത്തിലല്ല. മൂലത്തുനാള്‍ തന്നെ പൂക്കളത്തിന്റെ സ്ഥാനത്ത്‌ കളിമണ്ണ്‌ കൊണ്ട്‌ പൂത്തറയുണ്ടാക്കും. ആ തറ ചെങ്കല്ലരച്ച്‌ ചോപ്പിച്ച്‌ അരിമാവുകൊണ്ടണിഞ്ഞ്‌ അതില്‍ ആവണപ്പലക വെച്ച്‌ അതിന്‍മേല്‍ നാക്കില വെച്ച്‌ തുമ്പക്കുടം ഞൊറിയും.

നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു

ഓണം വന്നാലോ ബാലന്‍മാര്‌ക്കെല്ലാര്‌ക്കും

വേണം നല്ലൊരു പന്തു കളി

പൂ പൊലി പൊലി പൂവേ


വറുതിയുടെ ഒടുക്കമെത്തുന്ന സമ്പന്നതയുടെ ആമോദമായിരുന്നു അന്നൊക്കെയും ഓണം. കൊയ്‌ത്തുത്സവത്തിന്റെ ഒരു ഛായയുണ്ടതിന്‌. പഞ്ഞക്കര്‍ക്കിടകമെന്നു പേരില്‍ പെരുമ നേടിയ കടുത്ത ആഹാരമില്ലായ്‌മയുടെ കറുത്ത ദിവസങ്ങളും മഹാമാരിയും കഴിഞ്ഞ്‌ മാനം തെളിയുന്ന കാലത്ത്‌, തെളിഞ്ഞ മുഖവുമായെത്തുന്ന ധനധാന്യവരവിന്റെ സന്തോഷം പങ്കിടലായിരുന്നു ഓണം. അന്ന്‌ ഓണമുണ്ണലായിരുന്നു ഒരു ലഹരി എന്നു പറയാം. കാരണമുണ്ട്‌, ഓണത്തിനു മാത്രമാണ്‌ അതു സ്വന്തം വീടുകളില്‍ നിന്ന്‌ ഇതു പോലെ ആഢംബരമായി സദ്യയുണ്ണുന്നത്‌.

ഇന്നോ, മലയാളിയെന്നാല്‍ മധ്യവര്‍ഗക്കാരനായി മാറി. അവനെ സംബന്ധിച്ച്‌ എന്നു വേണമെങ്കിലും ഓണമുണ്ണാം എന്നതാണ്‌ സ്ഥിതി. കാണം വിറ്റ്‌ ഓണം ഉണ്ണുക എന്ന പഴഞ്ചൊല്ലു പോലും പഴഞ്ചനായി പോയി. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പഞ്ഞക്കര്‍ക്കിടകം എന്നൊന്ന്‌ ഇല്ലാതെയായി. ചിങ്ങത്തിന്റെ സമൃദ്ധി തന്നെയായി എല്ലാ മാസവും എല്ലാ ദിവസവും. എന്നും കുന്നും ചിക്കനും മട്ടണും ബീഫും പന്നീര്‍ ബട്ടര്‍ മസാലയും നാനും ചവയ്‌ക്കുന്ന ഇന്നത്തെ മലയാളിക്ക്‌ എന്തോന്ന്‌ ഓണം? എന്തോന്ന്‌ ഓണസദ്യ?

ഇന്ന്‌ ലോകത്ത്‌ എവിടെയായാലും മലയാളിയുടെ പ്രിയപ്പെട്ട ഓണം ഒരു സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ പടരുന്ന വെറും ആഘോഷം മാത്രമാണ്‌. അവിടെ അവിയലോ കിച്ചടിയോ പച്ചടിയോ കൂട്ടുകറിയോ അത്രയ്‌ക്കൊന്നും പത്ഥ്യമായിക്കൊള്ളണമെന്നില്ല. ചമ്രം പടിഞ്ഞിരുന്ന്‌ ഇലയില്‍ നിന്നുണ്ണാനും അവന്റെ വ്യായാമമില്ലാത്ത ശരീരത്തിന്‌ അമിതാദ്ധ്വാനം വേണമെന്നതിനാല്‍ അതിനും തയ്യാറാവണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ അമിതഭോഗലാലസനായി മലയാളിയുടെ ജീവിതത്തില്‍ ഇനി ഓണത്തിന്‌ പഴയ സ്ഥാനം കിട്ടുമെന്ന്‌ ആലോചിക്കുകയേ വേണ്ട. അതൊരു പ്രശ്‌നമൊന്നുമല്ല. പക്ഷേ, ഓരോ ആഘോഷത്തിനും അതിന്റെ ജനതയുടെ സാംസ്‌കാരികജീവിതവുമായി ബന്ധമുണ്ട്‌. അത്‌ തിരിച്ചറിയാത്തിടത്തോളം നാം നഷ്‌ടപ്പെടുന്നത്‌ നമ്മുടെ സ്വത്വമാണ്‌. നമ്മുടെ അസ്‌തിത്വമാണ്‌. ആ നിലയില്‍ ഓണം നമുക്കു നല്‍കുന്ന ഒട്ടനവധി സാസ്‌കാരികമുദ്രകളുണ്ട്‌. അത്‌ അവഗണിക്കും തോറും ഒരു മലയാളി എന്ന നിലയില്‍ നമ്മുടെ ഇരിക്കുന്ന വേരുകളെ അറുക്കുന്നതിനു തുല്യമായിരിക്കും.

കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചേ

തുമ്പകൊണ്ടമ്പേറിയ തോണിചമച്ചേ

തോണീടെ കൊമ്പത്തൊരാലു മുളച്ചേ

ആലിന്റെ പൊത്തിലൊരുണ്ണി പിറന്നേ

ഉണ്ണിക്കു കൊട്ടാനും പാടാനും

പറയും പറക്കോലും തുടിയും തുടിക്കോലും

കൂടെപ്പിറന്നേ...

പൂവേ പൊലി... പൂവേ പൊലി

പൂവേ പൊലി... പൂവേ..


കേള്‍ക്കാനാകുമോ, ഇനിയെന്നെങ്കിലും ഇതു പോലൊരു പാട്ട്‌, ഒരു ഈണവും താളവുമെല്ലാം ഓര്‍മ്മിക്കാനാകുമോ മലയാളിക്ക്‌, പ്രത്യേകിച്ച്‌ പ്രവാസി മലയാളിക്ക്‌. ഇല്ലെന്നു തന്നെ ഉറപ്പിക്കാം. അതെ കവി പാടിയതു പോലെ ഓര്‍മ്മിക്കാവാനിന്നു ഓണം... ഓണം ഒരു ഓര്‍മ്മയാകുന്നു. കാശിത്തുമ്പയും മുക്കുറ്റിപ്പൂവും ഓണത്തുമ്പിയും ഊഞ്ഞാലും ഒരു ആന്റ്വിക്‌ മുദ്രകള്‍ മാത്രമാവുന്നു.
എങ്കിലും ആശംസിക്കട്ടെ, നിങ്ങള്‍ക്ക്‌ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
ഓണം പൊട്ടി വിടരുന്നതു പോലെ..പൂവേ പൊലി പൂവേ...(ജോര്‍ജ്‌ തുമ്പയില്‍)ഓണം പൊട്ടി വിടരുന്നതു പോലെ..പൂവേ പൊലി പൂവേ...(ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക