Image

ഓണവും ഒരോര്‍മ്മയാകുന്നുവോ...? -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 29 August, 2013
ഓണവും ഒരോര്‍മ്മയാകുന്നുവോ...? -അനില്‍ പെണ്ണുക്കര
വീണ്ടും ഒരോണം വന്നു വിളിക്കുന്നു. മനസ്സുകൊണ്ട് ആ വിളി കേള്‍ക്കാത്ത മലയാളികളില്ല. പോയ നാളുകളില്‍ മണ്ണിന്റെ മണവുമായ് ജീവിതത്തോടു ചേര്‍ന്നു നിന്ന ഓണം ഇപ്പോള്‍ ഓര്‍മ്മയാകും പോലെ. നഷ്ടമാകുന്ന അനുഭവങ്ങള്‍ പലതും ഗൃഹാതുരതയുടെ ഏട്ടിലേക്ക് ഒതുക്കുന്ന നമുക്ക് ഓണവും ആ  വിശേഷണത്തോടൊപ്പം ചേര്‍ക്കാന്‍ വല്ലാത്ത വ്യഗ്രത.

എങ്കിലും, ഓര്‍മ്മകള്‍ക്കും ജീവിതത്തിനും ഓണം നല്‍കുന്ന നിറസമൃദ്ധിക്കു പകരം നില്‍ക്കാന്‍ മറ്റൊരു വാക്കില്ല. മലയാളിയുടെ മറ്റെല്ലാ ഉത്സവാഘോഷങ്ങള്‍ക്കും കാലദേശഭേദമെന്യേ പൊതുവായ ഒരു മാനം നല്‍കാം. എന്നാല്‍ അവിടെയും ഓര്‍മ്മകള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. തികച്ചും സ്വകാര്യമായ ഒരു ലോകത്തേയ്ക്ക് നാമോരുരുത്തരും മാറുകയാണ് ആ ഓര്‍മ്മകളിലൂടെ. ഗന്ധങ്ങളുടെ പെരുമഴയുമായാണ് ഓണം എത്തുന്നത്. ഓണപ്പരീക്ഷയുടെ ചൂടില്‍നിന്നും ഓണക്കോടിയുടെ പുത്തന്‍ മണത്തിലേക്കാണ് കുട്ടികളെ ഓണം കൈപിടിച്ചു നടത്തുന്നത്. പലതരം ഉപ്പേരികള്‍ വെളിച്ചെണ്ണയില്‍ മൂക്കുമ്പോള്‍ പല മണങ്ങളാണ് അന്തരീക്ഷത്തില്‍ നിറയുന്നത്. പുത്തന്‍ കയറിന്റെ ബലത്തിലാണ് തൊഴുത്തിലെ പശുവിന് ഓണം. അരിപ്പൊടി കലക്കി കൈമുക്കി വാതില്‍പ്പടിമേലും വാതിലിലും ജനാലകളിലും കൈ പതിക്കുന്നതോടെ ഗൗളിക്കും വന്നു ഓണം. കൊയ്ത്തുകഴിഞ്ഞ പാടത്ത് ഉണങ്ങുന്ന വയ്‌ക്കോലിന്റെ മണം, പത്തായത്തിനകവും, മനസ്സും നിറയ്ക്കുന്ന പുന്നെല്ലിന്റെ മണം, അങ്ങനെ അങ്ങനെ ഗന്ധങ്ങളുടെ ആയത്തിലേറി നാട്ടുമാവില്‍ കൊമ്പിലെ ഊഞ്ഞാലില്‍ ആടി അങ്ങേകൊമ്പിലെ ഇലയും കടിച്ചെടുത്ത് തിരികെയെത്തി മിടുക്കു തെളിയിച്ച ഒരു കുട്ടിക്കാലം. ഒരു സ്വകാര്യ അഹങ്കാരമായി ഉള്ളില്‍ കരുതി വയ്ക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്.

എന്നാല്‍ ഇന്ന് ഓണക്കാലത്തിന് മണ്ണിന്റെ മണമില്ല. ഓഫറുകള്‍ പെരുകുന്ന കാലമാണ് നമുക്ക് ഇപ്പോള്‍ ഓണം. കേടായ മിക്‌സിയും, ടിവിയും ഒക്കെ മാറിവാങ്ങാന്‍ പറ്റിയകാലം. കൈവശമുള്ള നോട്ടുകെട്ടുകളുടെ കനമനുസരിച്ച് നമുക്കും ഓണം വാങ്ങാം. ഊഞ്ഞാലും, ഉപ്പേരിയും, ഓണപ്പാട്ടും ഒത്താല്‍ ഒരു മാവേലിയെയും വാങ്ങി ഒരു ഓണം ഷോപ്പിംഗ്. ഇത് കച്ചവടത്തിന്റെ രസതന്ത്രം എരിവും പുളിയും നല്‍കുന്ന ഓണം. തീര്‍ന്നിട്ടില്ല. ചാനലുകള്‍ ഒരു മാസം മുന്‍പു തുടങ്ങും ക്ഷണം. ''ഈ ഓണം ഞങ്ങളോടൊപ്പം'. ഒരു ചാനലിനെയും പിണക്കാന്‍ നമുക്കാവില്ലല്ലോ? ഉറക്കത്തിനുപോലും അവധികൊടുത്ത് എല്ലാ ചാനലുകളോടൊപ്പവും ഓണം ആഘോഷിക്കാന്‍ കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ ശ്രമിക്കുന്നു. കുട്ടികളുടെ ഉത്സാഹത്തിമിര്‍പ്പിനും കൂട്ടൊരുക്കുന്നതായിരുന്നല്ലോ മുന്‍പും മുതിര്‍ന്നവര്‍ക്ക് ഓണം.

മാമ്പൂമണമുള്ള മധ്യവേനലവധിയും കൊയ്ത്തും പാട്ടും, തിരുവാതിരയും മനസ്സിന്റെ പ്രിയതരമായൊരിടത്ത് കാത്തുവയ്ക്കുന്ന ഒരു കൂട്ടരുണ്ട്. നമുക്കിടയില്‍. പ്രവാസികള്‍ ഇത്തിരി ഓണം ബാക്കിയാകുന്നത് അവരിലാണ്. ലോകത്തിന്റെ ഏതു കോണിലായാലും ഓണത്തിന് നാട്ടിലേക്ക് ഓടിയണാന്‍ ഓരോ പ്രവാസി മലയാളിയും കൊതിക്കുന്നു. വരാന്‍ കഴിഞ്ഞില്ലെങ്കില്‍ മറുനാടന്‍ മണ്ണില്‍ സൗഹൃദ കൂട്ടായ്മകളും, സദ്യയും, നാടന്‍ വേഷവിധാനങ്ങളും ഒക്കെയായി ഒരോണാഘോഷം.

പാഴ്‌ച്ചെടികള്‍ പോലും പൂത്താലമേന്തുന്ന  പൊന്നിന്‍ ചിങ്ങമാസത്തില്‍ പരിഭവങ്ങളേതുമില്ലാതെ എല്ലാ വര്‍ഷവും ഓണം വരുന്നു. ഇത്തവണയും പതിവുതെര്‌റാതെ മുന്നോടിയായി ഓണത്തുമ്പികള്‍ എത്തിക്കഴിഞ്ഞു. അല്ലെങ്കിലും ഓണത്തിന് എന്തു മാറ്റം. അത് ആഘോഷിക്കുന്ന നമ്മള്‍ മലയാളികളല്ലേ അനുദിനം മാറുന്നത്. എങ്കിലും ഓര്‍മ്മകളില്‍ ഓണമിന്നും പൊന്നോണം തന്നെ....


നാളെ

ഓര്‍മ്മകളിലെ ഓണക്കാലം

ഓണവും ഒരോര്‍മ്മയാകുന്നുവോ...? -അനില്‍ പെണ്ണുക്കരഓണവും ഒരോര്‍മ്മയാകുന്നുവോ...? -അനില്‍ പെണ്ണുക്കരഓണവും ഒരോര്‍മ്മയാകുന്നുവോ...? -അനില്‍ പെണ്ണുക്കരഓണവും ഒരോര്‍മ്മയാകുന്നുവോ...? -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക