Image

ഇനി ഞാന്‍ മറുപടികള്‍ പറയാം... ശ്വേതാ മേനോന്‍

Published on 28 August, 2013
ഇനി ഞാന്‍ മറുപടികള്‍ പറയാം... ശ്വേതാ മേനോന്‍
മലയാളികളുടെ സദാചാരബോധത്തിന്റെയും കപടസദാചാര ബോധത്തിന്റെയും കാഴ്‌ചകളെയും കെട്ടുകാഴ്‌ചകളെയും വലിച്ചു പുറത്തിട്ടത്‌ സമീപകാലത്ത്‌ ശ്വേതാ മേനോനിലൂടെയായിരുന്നു. ബ്ലസിയുടെ കളിമണ്ണ്‌ എന്ന സിനിമയില്‍ ശ്വേതാ മേനോന്റെ പ്രസവരംഗത്തിന്റെ ലൈവ്‌ ചിത്രീകരണം സദാചാര വിവാദങ്ങള്‍കൊണ്ട്‌ ഏറെ കുപ്രസിദ്ധിയും നേടി. കാമറക്ക്‌ മുമ്പില്‍ ലൈവായി പ്രസവരംഗ ചിത്രീകരണത്തിന്‌ തയാറായ ശ്വേതയെ അനുകൂലിച്ചത്‌ ചുരുക്കം പേരായിരുന്നുവെങ്കില്‍ എതിര്‍ത്തവരാണ്‌ മഹാഭൂരിപക്ഷവും. ശ്വേതയെ ഇനിയൊരു പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നും കളിമണ്ണ്‌ റിലീസിന്‌ അനുവദിക്കില്ലെന്നും വരെ ഭീഷണികള്‍ വന്നു. നാണവും മാനവുമില്ലാത്തവള്‍ എന്നായിരുന്നു സ്‌ത്രീകളടങ്ങുന്ന ഒരു കൂട്ടരുടെ ആരോപണം. പണ്ട്‌ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച ശ്വേത ഇതും ഇതിലപ്പുറവും ചെയ്യുമെന്നായിരുന്നു മറ്റൊരു നിരീക്ഷണം. പൂരപ്പറമ്പില്‍ ടിക്കറ്റ്‌ വെച്ച്‌ ശ്വേത പ്രസവിക്കാനിറങ്ങുമോ എന്നുപോലും ഒരു രാഷ്‌ട്രീയ നേതാവ്‌ ചോദിച്ചു.

അവസാനം കളിമണ്ണ്‌ എന്ന സിനിമ റിലീസ്‌ ചെയ്‌തു. മറ്റേത്‌ സിനിമയെയും പോലെ അതും തീയേറ്ററില്‍ വന്നു. ഒന്നും സംഭവിച്ചില്ല. എല്ലാവരും കൊട്ടിഘോഷിച്ചതുപോലെ ഒരു പ്രസവരംഗം കളിമണ്ണില്‍ ഉണ്ടായിരുന്നില്ല എന്നത്‌ തന്നെ കാരണം. പിന്നെ സെന്‍സര്‍ ബോര്‍ഡ്‌ ഒരുരംഗം പോലും വെട്ടിമാറ്റാതെയാണ്‌ ചിത്രത്തിന്‌ അനുമതി നല്‍കുകയും ചെയ്‌തത്‌. വിവാദങ്ങള്‍ ഏറെ മുറിവേല്‍പ്പിച്ചിരിക്കാം ഒരു സമയത്ത്‌ ശ്വേതാ മേനോനെ. മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ഒരു ആര്‍ട്ടിസ്റ്റിനെ ബഹുമാനിക്കേണ്ട രീതിയിലൊന്നും മലയാളികള്‍ അവരെ ബഹുമാനിച്ചില്ല ഈ വിവാദ വേളയില്‍. മറിച്ച്‌ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ്‌ അവഹേളിച്ചു.

എന്തായാലും സിനിമ ഇറങ്ങിയല്ലോ... ഇനിയിപ്പോള്‍ ശ്വേതക്ക്‌ മറുപടികളുണ്ട്‌. വിവാദങ്ങളുടെ പെരുമഴക്കാലം കഴിഞ്ഞപ്പോള്‍ ശ്വേതാ മേനോന്‍ മനസു തുറക്കുന്നു...

ഇത്രയും വിവാദങ്ങള്‍ എന്റെയൊരു സിനിമയെ ചുറ്റിപ്പറ്റി എന്റെ ഒരു തീരുമാനത്തെ ചുറ്റിപ്പറ്റിയുണ്ടാകുമെന്ന്‌ സ്വപ്‌നത്തില്‍ പോലും ഞാന്‍ വിചാരിച്ചതല്ല. ഞാനും ബ്ലസിയും തമ്മിലുള്ള ഒരു ചര്‍ച്ചാ വേളയില്‍ കടന്നു വന്ന കാര്യമാണ്‌ പ്രസവരംഗം നേരിട്ട്‌ ചിത്രീകരിക്കാമെന്നത്‌. ഇന്ന്‌ ഹോസ്‌പിറ്റലുകളില്‍ സ്‌ത്രി പ്രസവിക്കുമ്പോള്‍ ഭര്‍ത്താവിനെയും ഒപ്പം നിര്‍ത്താറില്ലേ. ഫറാഖാന്‍ അവരുടെ പ്രസവം കാമറയില്‍ ഷൂട്ട്‌ ചെയ്‌ത്‌ സൂക്ഷിച്ചിരുന്നു. യുട്യൂബില്‍ ഒന്ന്‌ വിരലമര്‍ത്തിയാല്‍ എത്രയോ ലേബര്‍റൂം രംഗങ്ങള്‍ നിങ്ങള്‍ക്ക്‌ മുമ്പിലെത്തും.

മാതൃത്വത്തിന്റെ നൊമ്പരവും സഹനവും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ ഞാന്‍ കളിമണ്ണിന്‌ തയാറായത്‌. പ്രസവരംഗം ഷൂട്ട്‌ ചെയ്യാന്‍ തയാറായതും അതിനു വേണ്ടി തന്നെ. അതെല്ലാം പോകട്ടെ എന്റെ വ്യക്തി സ്വാതന്ത്രം എന്നൊന്ന്‌ ഉണ്ടല്ലോ. അതുപോലും ആരും പരിഗണിക്കാതെയാണ്‌ വിവാദങ്ങള്‍ സൃഷ്‌ടിച്ചതും ഒറ്റപ്പെടുത്തിയതും.

പ്രസവരംഗം സിനിമയില്‍ ചിത്രീകരിക്കാനുള്ള ഒരു നടിയുടെ തീരുമാനം ചലച്ചിത്ര ലോകത്ത്‌ തന്നെ ആദ്യമായാണ്‌. ഇതിനുള്ള ധൈര്യം എങ്ങനെയാണ്‌ ലഭിച്ചത്‌?

ഞാന്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനാണ്‌ ബ്ലസി. ബ്ലസിയോട്‌ പലപ്പോഴും ഞാന്‍ നമുക്ക്‌ ഒരു സിനിമ ചെയ്യണം എന്ന്‌ പറഞ്ഞിരുന്നു. കളിമണ്ണ്‌ എന്ന സിനിമയുടെ കഥ തയാറായപ്പോള്‍ അദ്ദേഹം എന്നെ നായികയായി സമീപിക്കുകയായിരുന്നു. അന്ന്‌ ലൈവായി പ്രസവം ചിത്രീകരിക്കാനൊന്നും ആലോചിച്ചിരുന്നില്ല. പിന്നീടുള്ള ചര്‍ച്ചയിലെപ്പോഴോ ആണ്‌ അങ്ങനെയൊരു ആശയം കടന്നു വന്നത്‌. എനിക്കതില്‍ അപാകതയൊന്നും തോന്നിയില്ല. ഭര്‍ത്താവ്‌ ശ്രീവല്‍സന്‍ മേനോന്റെ പിന്തുണ വളരെ വലുതായിരുന്നു. വിവാദങ്ങള്‍ കടന്നു വന്നപ്പോഴും ഞാന്‍ തളരാതെ പിടിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ സപ്പോര്‍ട്ട്‌ ഒന്നുകൊണ്ടു മാത്രമാണ്‌. പിന്നെ സിനിമയിലെ എന്റെ സുഹൃത്തുക്കള്‍. ഒരിക്കലും തളരരുത്‌ എന്നായിരുന്നു എല്ലാവരും എന്നോട്‌ പറഞ്ഞത്‌. പിന്നെ എന്റെ തീരുമാനങ്ങളിലെ ശരി എന്തെന്ന്‌ എനിക്ക്‌ ബോധ്യമുണ്ടായിരുന്നു. എന്തിനെയും നേരിടാനുള്ള ധൈര്യം അതു തന്നെയായിരുന്നു.

കളിമണ്ണിനോടുള്ള എതിര്‍പ്പുകള്‍ മലയാളിയുടെ കപടസദാചാരബോധമായി കാണുന്നുണ്ടോ?

അങ്ങനെ അടച്ച്‌ വിമര്‍ശിക്കാനൊന്നും ഞാനില്ല. പക്ഷെ വിമര്‍ശിച്ചവര്‍ പലരും പൊതുമധ്യത്തില്‍ ഒരു ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്‌തത്‌ പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. ശ്വേതാമേനോനെയും ബ്ലസിയെയുമൊക്കെ വിമര്‍ശിച്ചാല്‍ അവര്‍ക്കും കിട്ടുമല്ലോ ഒരു പബ്ലിസിറ്റി. അതാണ്‌ പലരും ആഗ്രഹിച്ചത്‌. പിന്നെ കുറെയേറെ വീണ്ടുവിചാരമില്ലാത്ത പ്രചരണങ്ങള്‍. ഇപ്പോള്‍ ഈ വിമര്‍ശകര്‍ക്കെല്ലാം ശരിക്കുള്ള മറുപടി കിട്ടി കളിമണ്ണ്‌ എന്ന സിനിമയിലൂടെ.

ശ്വേതാ പൂരപ്പറമ്പില്‍ ടിക്കറ്റ്‌ വെച്ച്‌ പ്രസവിക്കുമോ എന്ന്‌ ചോദിച്ച ഒരു വനിതാ രാഷ്‌ട്രീയ നേതാവ്‌ പോലുമുണ്ട്‌ ഇവിടെ. ചാനലില്‍ വന്നിരുന്ന്‌ പരസ്യമായി വെല്ലുവിളിച്ച വനിതാ നേതാക്കളുമുണ്ട്‌?

അവര്‍ക്ക്‌ നേര്‍ക്ക്‌ നേരെ എപ്പോഴെങ്കിലും ഞാന്‍ മറുപടി കൊടുത്തുകൊള്ളാം. കുറഞ്ഞപക്ഷം എന്റെ മാതൃത്വത്തെയെങ്കിലും അവര്‍ ബഹുമാനിക്കണമായിരുന്നു. അവരും ഒരു സ്‌ത്രീയും അമ്മയുമൊക്കെയാണല്ലോ. എന്നിട്ടും ഇത്രത്തോളം മോശമായി സംസാരിക്കാന്‍ എങ്ങനെ സാധിക്കുന്നു. പുറമേക്ക്‌ ചിരിച്ചു കാണിക്കുന്ന പലരുടെയും ഉള്ളിലുള്ളത്‌ പുറത്തുവന്നു എന്നേ ഞാന്‍ കരുതുന്നുള്ളു. പിന്നെ ചാനലില്‍ കൂടെ വെല്ലുവിളിച്ചവര്‍ ആരും ഇപ്പോഴില്ലല്ലോ. സിനിമ ജനം സ്വീകരിച്ചപ്പോള്‍ അവരെല്ലാം ഓടിയൊളിച്ചു.

എങ്കിലും മാധ്യമപ്രവര്‍ത്തകനും രാഷ്‌ട്രീയ നേതാവുമായ ഡോ.സൊബാസ്റ്റ്യന്‍ പോള്‍ ഉയര്‍ത്തി വിമര്‍ശനം അല്‌പം ഗൗരവമുള്ളത്‌ തന്നെയായിരുന്നില്ലേ. ലൈവായി പ്രസവം ചിത്രീകരിച്ചപ്പോള്‍ ആ കുഞ്ഞിന്റെ സ്വകാര്യത നഷ്‌ടപ്പെടുന്നുവെന്നും അത്‌ മനുഷ്യാവകാശ വിരുദ്ധവുമാണ്‌ എന്നുമാണ്‌ ഡോ.സൊബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്‌?

ഞാനങ്ങനെ കരുതുന്നില്ല. സിനിമയില്‍ കൊച്ചു കുട്ടികളെ അഭിനയിപ്പിക്കില്ലേ നമ്മള്‍. അത്‌ അവരുടെ അനുവാദം ചോദിച്ചിട്ടല്ലല്ലോ. പക്ഷെ കുട്ടികളെ അഭിനയിപ്പിക്കാതിരിക്കാന്‍ കഴിയുമോ. അതുപോലെ തന്നെയേ ഞാന്‍ ഇതും കാണുന്നുള്ളു.

സിനിമയുടെ അവസാനം കുഞ്ഞു സുബൈനയും ശ്വേതക്കൊപ്പമുണ്ട്‌? അഭിനയവും കാമറയുമൊക്കെ എങ്ങനെയായിരുന്നു സുബൈനക്ക്‌?

അവള്‍ ഈ കോലാഹലങ്ങളൊന്നും അറിഞ്ഞിട്ടില്ലല്ലോ. അവള്‍ നല്ല കുസൃതിക്കാരി തന്നെയാണ്‌. ഇപ്പോള്‍ അവളാണ്‌ എന്റെ ലോകം. സിനിമയില്‍ അവളെ കണ്ട്‌ ഒരുപാട്‌ പേര്‍ വിളിച്ച്‌ അവളെക്കുറിച്ച്‌ സംസാരിച്ചു. സുബൈന എന്നത്‌ ഹൂബ്രുഭാഷയിലെ പദമാണ്‌. സുന്ദരി എന്നാണ്‌ അര്‍ഥം.

എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ അനശ്വരം എന്ന സിനിമ എത്തുന്നത്‌. അന്ന്‌ നായികമാരായിരുന്ന ആരും തന്നെ ഇപ്പോഴും ശ്വേതയെപ്പോലെ നായികയായി തുടരുന്നില്ല. ശ്വേത ഇപ്പോഴും മുന്‍നിര നായിക തന്നെ. വിവാഹം കഴിഞ്ഞ്‌ സിനിമ വിട്ടു പോകുന്ന പതിവ്‌ ശ്വേത തെറ്റിച്ചിരിക്കുന്നു?

വിവാഹം കഴിഞ്ഞ്‌ സിനിമയില്‍ നിന്നും പോകുക ഇവിടെ മലയാള സിനിമയിലെ മാത്രം രീതിയാണ്‌. ബോളിവുഡിലൊക്കെ ഒരു നായികയും അങ്ങനെ ചെയ്യുന്നില്ല. വിവാഹം കഴിച്ച്‌ പുരുഷന്‍മാര്‍ സിനിമ ഉപേക്ഷിക്കാറില്ലല്ലോ. സ്‌ത്രീ ചെയ്യുന്നതും പുരുഷനെപ്പോലെയൊരു ജോലി തന്നെയാണ്‌. പിന്നെ എന്തുകൊണ്ട്‌ സ്‌ത്രീകള്‍ മാത്രം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കണം. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലും ചെറുപ്പക്കാരായ ആളുകളുടെ ആറ്റിറ്റിയൂഡ്‌ മാറി വരുന്നുണ്ട്‌. നല്ല പ്രൊഫഷണലിസം കൈവരിക്കുമ്പോള്‍ ഇത്തരം യഥാസ്ഥിതിക ചിന്തകള്‍ക്കൊന്നും സ്ഥാനമുണ്ടാവില്ല.

ശ്വേത ഒരു ഗ്ലാമര്‍ ഗേളാണോ ഇപ്പോഴും?


ഗ്ലാമര്‍ ഗേളാവാന്‍ എനിക്കിപ്പോഴും പ്രായമൊന്നുമില്ല. സംവിധായകര്‍ നല്ല സിനിമയുമായി എത്തിയാല്‍. പക്ഷെ അതിനൊരു എയ്‌സ്‌തെറ്റിക്‌ ഐഡിയ ഉണ്ടായിരിക്കണം. വെറുതെ സ്‌കിന്‍ഷോ എനിക്ക്‌ താത്‌പര്യമില്ല. തമിഴില്‍ `ഞാന്‍ അവനില്ലൈ' എന്ന സിനിമയുടെ രണ്ടാംഭാഗത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്‌. അതില്‍ അത്യാവശ്യം ഗ്ലാമര്‍ റോള്‍ തന്നെയാണ്‌. പിന്നെ മലയാളത്തില്‍ എന്നെ ഗ്ലാമര്‍ റോളിലേക്ക്‌ ആരും പരിഗണിക്കുന്നില്ല. നല്ല വേഷങ്ങളാണ്‌ എനിക്ക്‌ തരുന്നത്‌. എന്നിലെ അഭിനേത്രിക്ക്‌ അത്രത്തോളം വാല്യു തരുന്നുണ്ട്‌ എന്നത്‌ സന്തോഷം നല്‍കുന്നു. സമീപകാലത്ത്‌ ഞാന്‍ ചെയ്‌ത സിനിമകളെല്ലാം നല്ല കഥാപാത്രങ്ങള്‍ തന്നെയായിരുന്നു എന്നാണ്‌ വിശ്വാസം.

കളിമണ്ണില്‍ രണ്ട്‌ ഐറ്റം ഡാന്‍സുകള്‍ ഉണ്ടല്ലോ?


ഞാന്‍ പറഞ്ഞല്ലോ തിരക്കഥയിലെ ആവിശ്യമാണ്‌ ഗ്ലാമറും ഐറ്റം ഡാന്‍സുമൊക്കെ നിശ്ചയിക്കുന്നത്‌. ബ്ലസിയെപ്പോലെയൊരു സംവിധായകന്‍ ഐറ്റം ഡാന്‍സ്‌ സിനിമയില്‍ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതിന്‌ പിന്നില്‍ വ്യക്തമായ കാരണമുണ്ടാകും. കളിമണ്ണിലെ മീര മുംബൈയിലെ ഒരു ഐറ്റം ഡാന്‍സറാണ്‌. സിനിമയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ മീരയെന്ന കഥാപാത്രം ബാര്‍ ഡാന്‍സറായിരുന്നു. അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും സിനിമയില്‍ ഐറ്റം ഡാന്‍സും ഉള്‍പ്പെടുത്തേണ്ടി വരും. അത്‌ സ്വാഭാവികമാണ്‌.

ഇതിനിടയല്‍ ചാനല്‍ അവതാരകയായും സജീവമായി നില്‍ക്കുന്നു. എങ്ങനെയാണ്‌ ഇത്രയും തിരക്കുകള്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തുകൊണ്ടു പോകാന്‍ കഴിയുന്നത്‌?

തിരക്കായി കരുതാതിരുന്നാല്‍ മതി. ഇതെല്ലാം എന്റെ ജോലിയാണ്‌. എല്ലാവരും ജോലി ചെയ്യുന്നത്‌ പോലെ തന്നെ. ചാനല്‍ ഫ്‌ളോര്‍ എനിക്ക്‌ നല്ല ആത്മവിശ്വാസവും സന്തോഷവും തരുന്ന ഇടമാണ്‌. അവിടെ ഒരുപാടുപേരുമായി ലൈവായി ഇടപെടാന്‍ സാധിക്കുന്നു. അങ്ങനെ പോസിറ്റീവായ ഗുണങ്ങള്‍ ഒരുപാടുണ്ട്‌.

അഭിമുഖം പറഞ്ഞ്‌ അവസാനിപ്പിക്കുമ്പോള്‍ ശ്വേതാ മേനോന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഇന്ന്‌ മലയാള സിനിമയില്‍ ശ്വേതയുടെ വാക്കുകള്‍ക്ക്‌ വിലയുണ്ട്‌. അവര്‍ ഒരു സൂപ്പര്‍താരത്തോളം പ്രേക്ഷക പ്രീതി സ്വന്തമാക്കുന്നു. ശ്വേതയെ നായികയാക്കിയാല്‍ തീയേറ്ററില്‍ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഇതൊരു മാറ്റമാണ്‌. നായകന്റെ സിനിമയില്‍ നിന്നും നായികയുടെ സിനിമയിലേക്കുള്ള മാറ്റം. നാളെ ശ്വേതയെപ്പോലെയുള്ള നിരവധി നായികമാര്‍ എത്തുകയും മലയാള സിനിമയെ മുമ്പോട്ടു നടത്തുകയും ചെയ്യട്ടെ എന്ന്‌ പ്രതീക്ഷിക്കാം.
ഇനി ഞാന്‍ മറുപടികള്‍ പറയാം... ശ്വേതാ മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക