Image

പ്രവാസിയുടെ മനസ്സിലെ പച്ചപ്പാണ് ഓണം: യോഹന്നാന്‍ ശങ്കരത്തില്‍

Published on 31 August, 2013
പ്രവാസിയുടെ മനസ്സിലെ പച്ചപ്പാണ് ഓണം: യോഹന്നാന്‍ ശങ്കരത്തില്‍
ഓണം......
ഒരു വസന്തകാലത്തിന്റെ സുഖമുള്ള സ്മരണകള്‍! പാഴ്‌ച്ചെടികള്‍ പോലും പൂത്താലമെടുക്കുന്നു. പൂക്കളങ്ങളില്‍ അഴകായി മണിമുറ്റങ്ങളിലെ ആഹ്‌ളാദാരവങ്ങളില്‍ പങ്കാളികളാകുന്നു.
അതോ ഓണത്തിനു നാട്ടിന്‍ പുറത്തിന്റെ മണമാണ്. കാടുകളുടെയും പടര്‍പ്പുകളുടെയും നിറമാണ്! ആ ഓര്‍മ്മകള്‍ക്ക് 'പുത്തന്റെ' മണമാണ്. പുതിയ മണ്‍കലത്തില്‍ വറ്റിക്കുന്ന പുത്തരിയുടെ അഴക് കൊയ്‌തെടുക്കുന്ന കറ്റകളുടെ മണം. കൊയ്ത്തു പാട്ടിന്റെ ഈണം.
ഒത്തുചേരലിന്റെ ഊഷ്മളതയാണ് ഓണം.
അങ്കണങ്ങളിലും മരച്ചുവടുകളിലും ആറ്റിന്‍കരകളിലും പുത്തുടുപ്പുകളുടെ മണം... ആര്‍പ്പു വിളികളുടെ താളം നിറഞ്ഞൊഴുകുന്ന ആവണി തിങ്കള്‍ക്കതിര്‍... ദൂരെ ദൂരേ ഏതോ കുടിലുകളുടെ മുറ്റത്തെ ചുവടിളക്കത്തിന്റെ നേര്‍ത്ത ഈണം നീറഞ്ഞ രാത്രി...കവി പാടിയതു പോലെ, കിളികള്‍ ചിലയ്ക്കാത്ത, കാടില്ലാത്താലോണക്കിളി പാടും ആ പാട്ടൊന്നു വേറെ!'
ഇതൊക്കെ ഓണപ്രകൃതിയൊരുക്കുന്ന പശ്ചാത്തലങ്ങള്‍!.എന്തെല്ലാം മധുര സ്മരനകലാണ് നമുക്കുള്ളത് .
ഒരൊണം കൂടി മലയാളിയുടെ മുറ്റത്തേക്ക് കടന്നു വരുന്നു . കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിന് മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ആ പഴയ പൊലിമ ഇന്നും ഉണ്ടോ എന്ന കാര്യം സംശയമാണ്. കഴിഞ്ഞ 3 മാസമായി കേരളത്തിന്റെ മുക്കിലും മൂലയിലും യാത്രയിലായിരുന്നു. എന്നാല്‍ മഴയൊക്കെ കഴിഞ്ഞു. മാനം തെളിഞ്ഞു. ഇപ്പോള്‍ മലയാളികള്‍ ഓണത്തെ വരവേല്ക്കാന്‍ തയാറെടുത്തു കഴിഞ്ഞു.
യഥാര്‍ത്ഥത്തില്‍ വിപണിയിലാണ് ഇപ്പോള് ഓണാഘോഷത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നത്. ഓണത്തിന്റെ അര്‍ത്ഥവ്യാപ്തി മറന്നു എങ്കിലും ഓണക്കോടി മലയാളി മറന്നിട്ടില്ല. ഓണത്തിരക്കിന്റെ ആദ്യ നാളുകളില്‍, വിലക്കുറവ് എന്ന മായികതയില്‍് മയങ്ങി മലയാളി വാങ്ങിക്കൂട്ടുന്നതധികവും പഴങ്കോടിയാണ് എന്നതാണ് സത്യം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാനും, പുതിയവ വാങ്ങിക്കൂട്ടാനും ഏറ്റവും ലാഭകരമായ സമയം ഓണക്കാലമാണെന്നതില്‍ മലയാളിക്ക് എതിരഭിപ്രായമില്ല.  കൂടിപ്പോയാല്‍ പത്തോ പന്ത്രണ്ടോ ദിവസത്തെ ഓണാഘോഷങ്ങള്‍ക്കിടയില്‍ വിപണി കൊയ്‌തെടുക്കുന്നത് കോടികളാണ്. വിപണിയുടെ ഉത്സവം മാത്രമായി ഒതുങ്ങുകയാണ് ഇന്നത്തെ ഓണം.
മദ്യപാനികളാണ് ഓണം ആഘോഷിക്കുന്ന മറ്റൊരു കൂട്ടര്‍. മദ്യപാന റിക്കോര്‍ഡുകള്‍ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപയുടെ മദ്യമാണത്രെ ഒരോണ നാളില്‍ മലയാളി കുടിച്ച് തീര്‍ക്കുന്നത്.
ഓണപ്പൂക്കളവും പുലികളിയുമൊക്കെ മലയാളി മനസ്സില്‍ നിന്ന് കുടിയൊഴിഞ്ഞിട്ട് കാലം കുറെ ആയി. കുറച്ച് നാള്‍ മുന്‍പ് വരെ നാട്ടുമ്പുറങ്ങളിലെങ്കിലും ഓണനാളുകളില്‍ പൂക്കളം കാണുവാന്‍ കഴിയുമായിരുന്നു. വായനശാലയുടെയും കലാസംഘങ്ങളുടെയുമൊക്കെ മുന്പില്‍ ഓണനാളുകളിലെ സജീവ സാന്നിധ്യമായിരുന്നു മികച്ച ഒരോണപൂക്കളം. എന്നാല്‍ നാട്ടുമ്പുറത്തുകാര്‍ നഗരവാസികളേക്കാള്‍ പരിഷ്‌കാരികളായതോട് കൂടി ആ കാഴ്ചയും നിലച്ചു. ഇപ്പോള്‍ ഓണക്കാലത്ത് പൂക്കളം കാണണമെങ്കില്‍ പൂക്കള മത്സരം നടക്കുന്ന സ്ഥലത്ത് പോകണം.
മലയാളിയുടെ തിരുവോണം ഇപ്പോള്‍ ടെലിവിഷന് സെറ്റുകള്‍ക്ക് മുന്‍പിലാണ്. തിരുവോണസദ്യ ഉണ്ണുമ്പോള്‍ പോലും ടീവിയില് നിന്നും കണ്ണെടുക്കാന്‍ മലയാളി തയ്യാറല്ല. മലയാളം ചാനലുകാര്‍ എല്ലാം കൂടി ഓണം ആഘോഷിക്കാന്‍ ഇറങ്ങിയപ്പോള്‍ ഓണ നാളുകളില്‍ പോലും മലയാളി ആശങ്കയിലാണ്. ഏത് ചാനലിലെ ഏത് പരിപാടി കാണും.
പാചകം ചെയ്തു പോലും ന്യൂക്ലിയര്‍ ഫാമിലിയിലെ മലയാളി മങ്കമാരുടെ ദേഹം അനങ്ങരുത് എന്ന് കരുതിയാകും എല്ലാ കറിക്കൂട്ടുകളും റെഡിമെയ്ഡായി നമ്മുടെ വിപണിയില്‍ ലഭ്യമാണ്. സാമ്പാറും അച്ചാറും തുടങ്ങി പായസം വരെ റഡിമെയ്ഡാണിപ്പോള്‍. ഈ മിക്‌സിനൊക്കെ അമ്മമാരുണ്ടാക്കി തന്ന ഓണസദ്യയുടെ സ്വാദ് ഉണ്ടോ എന്ന് ചോദിച്ചാല്‍ പുതു തലമുറയിലെ മലയാളിമങ്കമാര്‍ തിരിച്ച് മൊഴിയും. പഴയ കാലമൊന്നുമല്ല ഇപ്പോള്‍. സദ്യ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന സമയമുണ്ടാരുന്നെങ്കില്‍ ടീവിയില്‍ ഒരോണപ്പരിപാടി കൂടി കണ്ടേനെ എന്ന്....
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഓണം അതിന്റെ എല്ലാ നന്മകളോടും കൂടി മനസ്സില്‍ കൊണ്ട് നടക്കുന്നവരുണ്ട്. അത് പ്രവാസികളാണ്. സ്വന്തം നാടും വീടും വിട്ട് മറ്റു രാജ്യങ്ങളില്‍ കഴിയുന്ന അവരുടെ മനസ്സിലെ ആ പച്ചപ്പാണ് ഓണം.
ഇത് കുറിക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് അമേരിക്കന്‍ മലയാളികളുടെ ഓണക്കാലമാണ്. ഒക്ടോബര്‍ മാസം വരെ നീളുന്ന ഓണ ഉത്സവങ്ങള്‍. ഇന്നും ഇതിനു പൊലിമ കൂടിയിട്ടേ ഉള്ളു. അത് ഒരിക്കലും കുറയില്ല. അതാണ് അമേരിക്കന്‍ മലയാളികള്‍. എന്നും ഓണ സ്മരണകള്‍ അയവിറക്കുന്ന പ്രവാസി സമൂഹം.




പ്രവാസിയുടെ മനസ്സിലെ പച്ചപ്പാണ് ഓണം: യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക