Image

നിര്‍മല്‍ മാധവ് പ്രശ്‌നം: ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോടിയേരി

Published on 11 October, 2011
നിര്‍മല്‍ മാധവ് പ്രശ്‌നം: ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോടിയേരി

തിരുവനന്തപുരം: നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിര്‍മ്മല്‍ മാധവിന് പ്രവേശനം നല്‍കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്ത സ്ഥിതിക്ക് ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണം ഫലപ്രദമാകില്ലെന്നും ചട്ടം ലംഘിച്ചാണു നിര്‍മല്‍ മാധവ് കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം നേടിയതെന്നും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയാണു നിര്‍മല്‍ മാധവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്കു പുറത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണ പിള്ള സമരക്കാര്‍ക്ക് നേരെ വെടിവെച്ചതു ചട്ടം ലംഘിച്ചാണ്. ഈ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പൊലീസുകാര്‍ സമരക്കാരുടെ തലയ്ക്കാണു തല്ലിയത്. തലയ്ക്കടിക്കാന്‍ പാടില്ലെന്നു വ്യക്തമായ മാര്‍ഗനിര്‍ദേശമുണ്ട്. ഇതിനു പുറമെ ഹോം ഗാര്‍ഡും വിദ്യാര്‍ഥികളെ തല്ലി. ഹോം ഗാര്‍ഡിന് ഇതിനുള്ള അധികാരമില്ല. നേരിയ ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യാമെന്നു കരുതിയാല്‍ വലിയ പ്രക്ഷോഭത്തിലേക്കു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെ.സുധാകരന്റെ ഗണ്‍മാന്‍ യാത്രക്കാരനെ അടിച്ചു കൊന്നു. അസിസ്റ്റന്റ് കമ്മിഷണര്‍ വെടിവെക്കുന്നു. പൊലീസിനെ ഉപയോഗിച്ച് എന്തും ചെയ്യാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു കേരളത്തില്‍ നടക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക