Image

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുവാനുള്ള അണിയറ നീക്കത്തെ എതിര്‍ക്കും: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 11 October, 2011
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുവാനുള്ള അണിയറ നീക്കത്തെ എതിര്‍ക്കും: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കൊച്ചി: അദ്ധ്യാപക പാക്കേജിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അദ്ധ്യാപക നിയമനത്തില്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയും, ന്യൂനപക്ഷ വിദ്യാഭ്യാസ ഏജന്‍സികളുടെ അദ്ധ്യാപക നിയമന അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.

അദ്ധ്യാപക പാക്കേജ് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമാക്കിക്കൊണ്ട് ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്താതിരുന്ന വിഷയങ്ങള്‍ക്കൂടി കൂട്ടിച്ചേര്‍ത്ത് ജി.ഒ.(പി)199/2011 ജി.എഡ്യു.1/10/2011 ഉത്തരവിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപക നിയമനം പി.എസ്.സി.ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്ന തീരുമാനം ഉത്തരവില്‍ വന്നിരിക്കുന്നത് ന്യൂനപക്ഷ അവകാശധ്വംസനവും, ക്രൈസ്തവ വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തുന്ന സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുവാനുള്ള നടപടികളുടെ തുടക്കവുമാണെന്ന് വ്യക്തമാണ്.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും, സര്‍ക്കാര്‍ സ്‌കൂളുകളും പരാജയപ്പെടുമ്പോള്‍ ഈ മേഖലയില്‍ അനേകര്‍ക്ക് ആശ്രയമായ വിദ്യാഭ്യാസ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തളര്‍ത്താന്‍ ശ്രമിക്കുന്നത് ലജ്ജാകരവും സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. ഗവണ്‍മെന്റുമായി സഹകരിച്ചുപ്രവര്‍ത്തിക്കുക എന്ന മനോഭാവത്തിന്റെ പേരില്‍ ഉന്നതനീതിപീഠങ്ങളുടെയും, ഭരണഘടനയുടെയും സംരക്ഷണവും പിന്‍തുണയുമുള്ള വിദ്യാഭ്യാസ ഏജന്‍സികളെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നത് മാന്യതയല്ലെന്ന് സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

എയ്ഡഡ് വിദ്യാഭ്യാസ എജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ മൂക്കുകയറിട്ട് തകര്‍ക്കുകയല്ല, മറിച്ച് സര്‍ക്കാര്‍ വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ ഗവര്‍മെന്റ് സ്‌കൂളില്‍ പഠിക്കണമെന്ന് ഉത്തരവിറക്കി നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ? സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടവും ഇതരസൗകര്യങ്ങളും ഏര്‍പ്പെടുത്തി അറ്റകുറ്റപ്പണികളും നടത്തി പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് കടന്നുകയറാന്‍ ആരെയും അനുവദിക്കുകയില്ല. ന്യൂനപക്ഷ എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക നിയമനത്തെ പി.എസ്.സി. പരിധിയിലാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക