Image

ജോര്‍ജ് വാകയിലച്ചന്‍ ഇനി ദൈവദാസന്‍

Published on 02 September, 2013
ജോര്‍ജ് വാകയിലച്ചന്‍ ഇനി ദൈവദാസന്‍
കൊച്ചി: മരടുകാരുടെ പ്രിയപ്പെട്ട അച്ചന്‍ പുണ്യാളന്‍ ഇനി ദൈവദാസന്‍. ഇന്നലെ വൈകിട്ട് ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിനിര്‍ത്തി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ ഫാ. ജോര്‍ജ് വാകയിലിനെ ദൈവദാസനായി പ്രഖ്യാപിച്ചു. വാകയിലച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന വരാപ്പുഴ അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ മരട് മൂത്തേടം സെന്റ് മേരിമാഗ്ദലിന്‍ ദേവാലയത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേയായിരുന്നു പ്രഖ്യാപനം. 

വാകയിലച്ചന്റെ വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികള്‍ക്കും ഇതോടെ തുടക്കമായി. ഇതിന്റെ ആദ്യപടിയായ പ്രാഥമിക പഠനത്തിനും അതിനെ തുടര്‍ന്നുള്ള സൂക്ഷ്മാന്വേഷണ പഠനത്തിനും ഔപചാരികമായി തുടക്കം കുറിക്കുകയും ചെയ്തു. വാകയിലച്ചനെ അള്‍ത്താരയിലെ വണക്കത്തിനു യോഗ്യനാക്കുന്ന ദൈവകൃപയ്ക്കായി പ്രാര്‍ഥിക്കണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു. ഭൗതിക സുഖസൗകര്യങ്ങളുടെ പിന്നാലെ പായുന്ന ഇന്നത്തെ മനുഷ്യര്‍ക്കു വിശ്വാസത്തിന്റെ വെളിച്ചവും കവാടവുമായിരുന്നു വാകയിലച്ചന്‍. 

തന്റെ ജീവിത മാതൃകയിലൂടെ അനേകരെ വിശ്വാസത്തിന്റെ പാതയിലേക്കും നന്മയിലേക്കും നയിച്ച വാകയിലച്ചന്‍ ജീവിതത്തിലുടനീളം പരിപാവനത കാത്തുസൂക്ഷിച്ചുവെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. കൂനമ്മാവിലെ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍നിന്നു വിശ്വാസികള്‍ പദയാത്രയായി കൊണ്ടുവന്ന വാകയിലച്ചന്റെ ഛായാചിത്രം അനാവരണം ചെയ്താണു പ്രഖ്യാപനം നടത്തിയത്.

കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു. നാമകരണ നടപടികള്‍ക്കു നേതൃത്വം നല്‍കിയതു പോസ്റ്റുലേറ്റര്‍ ഫാ. ആന്‍ഡ്രൂസാണ്. ആക്ടര്‍ ഫാ. പോള്‍ തുണ്ടിയിലും അംഗങ്ങള്‍ മോണ്‍. ജോസഫ് എട്ടുരുത്തില്‍, ഫാ. ഫ്രാന്‍സിസ് പേരേപ്പറമ്പില്‍, ഫാ. ഫ്രാന്‍സീസ് മരോട്ടിപ്പറമ്പില്‍ എന്നിവരുമായിരുന്നു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും അടക്കമുള്ള വലിയ വിശ്വാസി സമൂഹം ചടങ്ങുകളിലും പ്രാര്‍ഥനകളിലും സംബന്ധിച്ചു. രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക നേതാക്കളടക്കമുള്ള വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.വാകയിലച്ചന്റെ സ്മൃതിമന്ദിരത്തില്‍ വൈകുന്നേരം നാലിനു പ്രാര്‍ഥനാശ്രുശ്രൂഷയ്ക്കു വരാപ്പുഴ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. അലക്‌സ് വടക്കുംതല നേതൃത്വം നല്‍കി. 

വാകയിലച്ചനോടുള്ള പ്രാര്‍ഥനാ ആവശ്യങ്ങള്‍ അറിയിക്കാനും കൃതജ്ഞതകള്‍ രേഖപ്പെടുത്താനുംwww.vakayilachan.com  എന്ന വെബ്‌സൈറ്റ് െൈദവദാസപ്രഖ്യാപനത്തോടനുബന്ധിച്ചു തുടങ്ങി.

ജോര്‍ജ് വാകയിലച്ചന്‍ ഇനി ദൈവദാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക