Image

ഓണം എന്ന സംഗതി (ജോര്‍ജ്‌ തുമ്പയില്‍)

Emalayalee exclusive Published on 03 September, 2013
ഓണം എന്ന സംഗതി (ജോര്‍ജ്‌ തുമ്പയില്‍)
മൂന്നാം ഓണം മാത്രമല്ല, ഒന്നാം ഓണവും കന്നിയിലായാലും അതു കഞ്ഞിയായാലും ഞങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ അതൊരു പ്രശ്‌നമല്ല. ഇതെന്നല്ല, ഇനി മാവേലി വന്നില്ലെങ്കില്‍ പോലും ഞങ്ങള്‍ ഓണത്തിനു ഒരു പ്രശ്‌നവുമില്ലാതെ സെലിബ്രേറ്റ്‌ ചെയ്യും. അതാണ്‌ അതിന്റെ ഒരു രീതി. കാരണം, തിരുവോണത്തിന്‌ അമേരിക്കയില്‍ ലീവ്‌ ഇല്ലല്ലോ... തന്നെയുമല്ല, ഞങ്ങള്‍ക്ക്‌ കുടുംബത്തിലുള്ളവരുടെയും അയല്‍പക്കക്കാരുടെയും അസോസിയേഷന്‍കാരുടെയും ഒക്കെ സൗകര്യം നോക്കണം. അങ്ങനെ സൗകര്യം നോക്കി നോക്കി വരുമ്പോള്‍ ഓണം സെപ്‌തംബറില്‍ നിന്നു അടുത്ത ഏപ്രില്‍ വരെ ആയി എന്നൊക്കെ ഇരിക്കും. ഇത്‌ അമേരിക്കന്‍ മലയാളീസിന്റെ ഒരു സ്റ്റൈലാണെന്നു കൂട്ടിക്കൊള്ളൂ.

ഇനി ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം. കേരളത്തേക്കാള്‍ ഒരു രാത്രി പിന്നിലാണെങ്കിലും ഞങ്ങള്‍ മറക്കാതെ ഓണം ആഘോഷിക്കുന്നുണ്ടല്ലോ. അതു നിങ്ങള്‍ മാനിച്ചാല്‍ മതിയെന്നാണ്‌ ഈ അവസരത്തില്‍ പറയുവാനുള്ളത്‌. തന്നെയുമല്ല, നല്ല ഒന്നാന്തരം വാഴയിലയില്‍ പായസവും പപ്പടവുമൊക്കെ കൂട്ടി വടിച്ചു നക്കി സദ്യയുണ്ണുന്നവരാണ്‌ ഞങ്ങള്‍ (ഇന്‍സ്റ്റന്റ്‌ ഇലയില്‍ ഓണസദ്യ കേറ്ററിങ്ങുകാര്‍ കൊണ്ടു തരുന്നതാണെന്നും ഓണത്തിനു ചിക്കനും ബീഫും ഹെന്നസിയുമുണ്ടെന്നൊക്കെ അസൂയക്കാര്‍ നെറ്റിലൂടെ പറഞ്ഞു പരത്തുന്നുണ്ട്‌. അതു കുശുമ്പു കൊണ്ടാണെന്നു മാത്രം വിചാരിക്കുക. പിന്നെ, ഇതൊക്കെ ഇല്ലേ എന്നു ചോദിച്ചാല്‍, ഇതൊന്നുമില്ലാതെ എങ്ങനെ സെലിബ്രേഷന്‍ എന്നൊരു മറുചോദ്യമാണ്‌ ഞങ്ങള്‍ അമേരിക്കന്‍ മലയാളീസിനു തിരിച്ചു ചോദിക്കാനുള്ളത്‌.)

അസോസിയേഷന്‍കാരുടെ പിരിവ്‌ ഇത്തവണ ഡോളറിനു വില കൂടിയതു കൊണ്ട്‌ അല്‍പ്പം പരുങ്ങലിലായിട്ടുണ്ട്‌. എന്നാല്‍, ഇതൊക്കെ പരിപാടിയുടെ തലേദിവസം പിടിച്ച പിടിയാലെ പിടിച്ചെടുക്കാന്‍ പാകത്തിലുള്ള സെക്രട്ടറിയായതു കൊണ്ട്‌ ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നു ഓര്‍മ്മിപ്പിക്കട്ടെ. പിന്നെയൊരു സുരക്ഷാ മുന്നറിയിപ്പ്‌ ഉള്ളത്‌, സെപ്‌തംബര്‍ 11-നു മുന്‍പ്‌ വീട്ടില്‍ പണിയൊന്നുമില്ലാതിരിക്കുന്ന ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡായവര്‍ മാവേലിയാകാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ എഫ്‌ബിഐക്കാര്‍ പണിയുണ്ടാക്കാന്‍ സാധ്യതയുണ്ട്‌. പണി പാളിയാലോ പായസത്തില്‍ പണി കിട്ടിയാലോ സെക്രട്ടറി ഉത്തരവാദിയായിരിക്കുന്നതല്ലെന്നു മുന്‍കൂര്‍ അദ്ദേഹം പറഞ്ഞിട്ടുള്ളതിനാല്‍ അടുത്ത 15 ദിവസത്തേക്ക്‌ മാവേലിയാകാനിരിക്കുന്നവര്‍ സൂക്ഷിക്കണമെന്നു ഓണവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പുണ്ട്‌.

ഉപ്പേരി, കളിയടക്ക തുടങ്ങിയവ ഒഴിവാക്കി കൊണ്ടുള്ള സദ്യയാണ്‌ ഇത്തവ പ്രിഫര്‍ ചെയ്യുന്നതെന്ന്‌ ഒരു വാര്‍ത്ത കേട്ടിട്ടുണ്ട്‌. നാളികേര ദിനമായ സെപ്‌തംബര്‍ ഒന്നിന്‌ ഇതു സംന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വിവിധ അസോസിയേഷനുകളിലെ ഓണാഘോഷ കമ്മിറ്റിക്കാര്‍ തയ്യാറെടുക്കുന്നതായും അറിയുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ്‌, ചിക്കനും പോര്‍ക്കും ബീഫും ഇല്ലാത്ത ഒരു ബുഫെ, അത്‌ ഓണത്തിനായാല്‍ പോലും ഉണ്ടാവില്ലെന്ന്‌ പിരിവ്‌ നേരത്തെ നല്‍കിയവരോടു അതാതു സെക്രട്ടറിമാര്‍ കമ്മിറ്റ്‌ ചെയ്‌തിട്ടുണ്ടത്രേ.

മാവേലി നാടുവാഴുമ്പോള്‍ എല്ലായിടത്തും സന്തോഷവും സമാധാനവും കളിയാടുമെന്നാണ്‌ കേട്ടിരിക്കുന്നത്‌. അതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണല്ലോ മലയാളിക്ക്‌ ഓണാഘോഷം. ഇവിടെ, ഓണാഘോഷം കഴിയുന്നതു വരെ അസോസിയേഷന്‍ സെക്രട്ടറിക്ക്‌ സമാധാനവും സന്തോഷവും ഇല്ലത്രേ. വള്ളംകളിയും വഞ്ചിപ്പാട്ടുമൊക്കെ ഓണത്തിനു കൊഴുപ്പേകുമെന്നൊക്കെ നമുക്കറിയാം, എന്നാല്‍ അമേരിക്കന്‍ മലയാളികളുടെ ഓണം സെലിബ്രേഷനുകളിലാണ്‌ യഥാര്‍ത്ഥ വഞ്ചിപ്പാട്ടും വള്ളംകളിയും നടക്കുന്നത്‌. പിന്നെ, ഓണത്തല്ല്‌ തുമ്പിത്തുള്ളല്‍ തുടങ്ങിയ കലാപരിപാടികള്‍ വിവിധ രൂപത്തില്‍ ന്യൂജനറേഷന്‍ സ്റ്റൈലില്‍ ഇവിടെ കാണാവുന്നതാണ്‌. എന്തായാലും, അമേരിക്കക്കാര്‍ക്ക്‌ ശരിക്കും നൊസ്റ്റാള്‍ജിയായി മാറുന്ന ഒരു പരിപാടിയായി ഓണം രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണെന്നു പറയുന്നതില്‍ തെറ്റില്ല. അതു കൊണ്ട്‌ ഓണമെന്നാല്‍ ഒന്നിച്ചാഘോഷിക്കേണ്ട എന്തോ വലിയൊരു സംഭവമാണെന്ന മട്ടില്‍ പുതിയ തലമുറകള്‍ പോലും ജയ്‌ വിളിക്കുമ്പോള്‍, മാവേലി അങ്ങൊന്ന്‌ കണ്ണടച്ചേക്കുക, കാരണം, ഞങ്ങള്‍ക്ക്‌ ആഘോഷിക്കാന്‍ എന്തെങ്കിലും ഒരു സംഗതി വേണ്ടേ?
ഓണം എന്ന സംഗതി (ജോര്‍ജ്‌ തുമ്പയില്‍)
ജോര്‍ജ്‌ തുമ്പയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക