Image

മോഹന്‍ലാല്‍ വീണ്ടും വിവാദക്കുരുക്കില്‍

Published on 12 October, 2011
മോഹന്‍ലാല്‍ വീണ്ടും വിവാദക്കുരുക്കില്‍
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ലെഫ്‌റ്റനെന്റ്‌ കേണല്‍ പദവി വിവാദങ്ങളിലേക്ക്‌. മോഹന്‍ലാല്‍ പദവി ദുരുപയോഗം ചെയ്‌തുവെന്ന ആരോപണമാണ്‌ ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്‌. നിലവില്‍ ഇന്ത്യന്‍ മിലിട്ടറിയുടെ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്‌റ്റനെന്റ്‌ കേണല്‍ പദവി വഹിക്കുന്നയാളാണ്‌ മോഹന്‍ലാല്‍. എന്നാല്‍ ഈ ഔദ്യോഗിക പദവി കൊമേഴ്‌സ്യല്‍ പരസ്യം വഴി ദുരുപയോഗം ചെയ്‌തു എന്ന ആരോപണമാണ്‌ ഇപ്പോള്‍ ലാല്‍ നേരിടുന്നത്‌. റിട്ടയയേര്‍ഡ്‌ ആര്‍മി ഓഫീസര്‍ മുഖേനയാണ്‌ ഇപ്പോള്‍ ഈ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്‌.

2010 ഡിസംബര്‍ മുതല്‍ 2011 ജനുവരി വരെ നടത്തപ്പെട്ട ഗ്രാന്റ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവെലിന്റെ പരസ്യങ്ങളില്‍ മോഹന്‍ലാല്‍ തന്റെ പദവിയും ഔദ്യോഗിക യൂണിഫോമും ദുരുപയോഗം ചെയ്‌തുവെന്ന്‌കാട്ടി റിട്ടയേര്‍ഡ്‌ ആര്‍മി ബ്രിഗേഡിയര്‍ സി.പി ജോഷിയാണ്‌ സൈന്യത്തിന്റെ ഉന്നത അധികാര കേന്ദ്രങ്ങളില്‍ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ പ്രതിരോധ മന്ത്രാലയത്തിന്‌ പരാതി പോയിട്ടുമുണ്ട്‌. മുന്‍ ബ്രിഗേഡിയറായ സി.പി ജോഷിയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ്‌ ഇപ്പോള്‍ സൈനീക കേന്ദ്രങ്ങള്‍ പരിഗണിക്കുന്നത്‌. കഴിഞ്ഞ ദിവസം ദേശിയ മാധ്യമങ്ങളില്‍ ഈ വിഷയം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു.

സൈന്യത്തില്‍ ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്ന മോഹന്‍ലാല്‍ ഔദ്യോഗിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ട ഈ പരസ്യത്തിനായി 50 ലക്ഷം രൂപ ഗ്രാന്റ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്‍ ഫോറത്തില്‍ നിന്നും കൈപ്പറ്റിയിരുന്നു. 2010 ഡിസംബര്‍ ഒന്ന്‌ മുതല്‍ 2011 ജനുവരി 11 വരെ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്‍ പരസ്യ പ്രചരണത്തിനായി പങ്കെടുക്കുന്നതിനായിരുന്നു ഇത്രയും തുക ലാല്‍ കൈപ്പറ്റിയത്‌.

ഇന്ത്യന്‍ സൈന്യത്തിന്റെ ടെറിറ്റോറിയല്‍ ആര്‍മി 2009ലാണ്‌ ലാലിന്‌ ലഫ്‌റ്റനെറ്റ്‌ കേണല്‍ പദവി നല്‍കി ആദരിച്ചത്‌. യുവാക്കളെ സൈന്യത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ ലാലിന്‌കഴിയുമെന്ന്‌ വിലയിരുത്തിക്കൊണ്ടാണ്‌ ഈ പദവി നല്‍കപ്പെട്ടത്‌. എന്നാല്‍ ഈ പദവി തീര്‍ത്തും കൊമേഴ്‌സ്യലായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി എന്നതാണ്‌ ഇപ്പോള്‍ ലാലിനെതിരെയുള്ള ഒരു ആരോപണം.

ഇതിനൊപ്പം വളരെ ഗുരുതരമായ മറ്റൊരു കുറ്റം കൂടി സൈനീക അധീകാരികള്‍ ചൂണ്ടിക്കാട്ടുന്നു. 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാന്‍മാര്‍ക്ക്‌ ബഹുമതിയായി നല്‍കിയിരിക്കുന്ന മെഡലുകളും ബാഡ്‌ജുകളും ധരിച്ചുകൊണ്ടുള്ള ചിത്രം, എന്‍.എസ്‌.ജി കമാന്‍ഡോയുടെ മെഡലുകളും അധികാര ചിഹ്നങ്ങളും ധരിച്ചു കൊണ്ടുള്ള ചിത്രം എന്നിവയാണ്‌ ലാലിന്റേതായി പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെട്ടത്‌. സൈന്യത്തിന്റെ ഭാഗമായിട്ടിരിക്കെ തനിക്ക്‌ അര്‍ഹതയില്ലാത്ത മെഡലുകളും ബാഡ്‌ജുകളും ഉപയോഗിക്കാന്‍ ലാല്‍ തയാറായത്‌ ഗുരുതരമായ കുറ്റമാണെന്നാണ്‌ സൈന്യത്തിലെ ഉന്നത അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്‌.

``സൈന്യം മോഹന്‍ലാലിന്‌ പദവി നല്‍കിയത്‌ വളരെ പോസിറ്റീവായ ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌. എന്നാല്‍ അദ്ദേഹം അത്‌ തീര്‍ത്തും സ്വകാര്യമായ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന്‌ ബോധ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‌ ലഭിക്കാത്ത മെഡലുകള്‍ ഉപയോഗിച്ച്‌ പരസ്യത്തില്‍ അഭിനയിച്ചത്‌ ഗൗരവതരമായ കുറ്റമാണ്‌. അതുകൊണ്ടു തന്നെ മോഹന്‍ലാലിന്റെ പദവി തിരികെ വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാന്‍ ആര്‍മി ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ തീരുമാനിച്ചിരിക്കുകയാണെന്നും ഒരു സീനിയര്‍ മിലിട്ടറി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു''.

യുവാക്കളെ ഇന്ത്യന്‍ സൈന്യത്തിലേക്ക്‌ ആകര്‍ഷക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ മാത്രമാണ്‌ മോഹന്‍ലാലിന്‌ സൈന്യം അനുമതി നല്‍കിയിരിക്കുന്നത്‌. ഈ പരസ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്‌ തന്നെ മിലിട്ടറി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്റെ അനുമതി വേണം. പക്ഷെ ഇത്തരം നിര്‍ദ്ദേശങ്ങളും മാനദണ്‌ഡങ്ങളും പാലിക്കാതെയാണ്‌ ഗ്രാന്റ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവെലിന്റെ പരസ്യം നിര്‍മ്മിക്കപ്പെട്ടത്‌.

ഐ.പി.സി സെക്ഷന്‍ 419 പ്രകാരം മോഹന്‍ലാലിനെ പ്രോസിക്യൂട്ട്‌ ചെയ്യാനും പരസ്യചിത്രം കാരണം കഴിയുമെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്‌റ്റനെറ്റ്‌ കേണല്‍ ആയിട്ടിരിക്കെ പണം വാങ്ങി പരസ്യങ്ങളില്‍ സൈനീക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടത്‌ തന്നെ വിമര്‍ശിക്കപ്പെടുമ്പോള്‍, ഉപയോഗിക്കാന്‍ പാടില്ലാത്ത മെഡലുകളും ബാഡ്‌ജുകളും ധരിച്ചത്‌ കുറ്റകരമായ പ്രവൃത്തിയായിട്ടാണ്‌ സി.പി ജോഷി ചൂണ്ടിക്കാട്ടുന്നത്‌. ലാലിന്റെ പദവി സൈന്യം തിരികെ വാങ്ങുക മാത്രമാണ്‌ ഇതിനുള്ള നടപടിയെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോഹന്‍ലാലിന്റെ സ്വന്തം നിര്‍മ്മാണ കമ്പിനിയായ ആശിര്‍വാദാണ്‌ പ്രൊഡക്ഷന്‍ ഹൗസാണ്‌ ഗ്രാന്റ്‌ കേരളാ ഷോപ്പിംഗ്‌ ഫെസ്റ്റിവെലിനു വേണ്ടിയുള്ള പരസ്യ ചിത്രം നിര്‍മ്മിച്ചത്‌. മേജര്‍ രവി സംവിധാനം ചെയ്‌ത കാണ്‌ഡഹാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ വേളയിലായിരുന്നു ഈ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ്‌. കാണ്‌ഡഹാറില്‍ അഭിനയിച്ച അമിതാഭ്‌ ബച്ചനെയും ഈ പരസ്യത്തില്‍ അഭിനയിപ്പിച്ചിരുന്നു. എന്നാല്‍ സൈന്യത്തില്‍ മേജര്‍ പദവി വഹിച്ചിരുന്ന മേജര്‍രവി ഇത്രയും വലിയൊരു വീഴ്‌ച സംഭവിച്ചിട്ടും ചൂണ്ടിക്കാണിച്ചില്ല എന്നതും വിമര്‍ശന വിധേയമായിട്ടുണ്ട്‌. മോഹന്‍ലാലിന്‌ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ഗ്രാഹ്യമില്ലെങ്കില്‍ കൂടി ഈയൊരു പരസ്യചിത്രം വരുമ്പോളുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്തുകൊണ്ട്‌ മേജര്‍ രവി ശ്രദ്ധയില്‍ പെടുത്തിയില്ല എന്നതാണ്‌ പ്രധാന ചോദ്യം. മാത്രമല്ല ലാലും മേജര്‍ രവി സൈന്യം നല്‍കിയ ഒരു അംഗീകാരത്തെ തീര്‍ത്തും നിരാസമായി കൈകാര്യം ചെയ്‌തുവെന്ന വിമര്‍ശനവും ശക്തമാണ്‌.

റിട്ടയേര്‍ഡ്‌ ബ്രിഗേഡിയര്‍ സി.പി ജോഷി ഊട്ടിയിലൂടെയുള്ള ഒരു യാത്രക്കിടയിലാണ്‌ മോഹന്‍ലാലിന്റെ പട്ടാള വേഷത്തിലുള്ള ചിത്രം പതിച്ച പരസ്യബോര്‍ഡ്‌ കാണുന്നത്‌. അപ്പോള്‍ തന്നെ പരസ്യത്തിലെ കുറ്റകരമായ പ്രശ്‌നങ്ങള്‍ അദ്ദേഹം ആര്‍മി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കുകയായിരുന്നു.

വളരെ മോശപ്പെട്ട പ്രവൃത്തിയെന്നാണ്‌ സി.പി ജോഷി ഈ വിഷയത്തെക്കുറിച്ച്‌ അഭിപ്രായപ്പെട്ടത്‌. ``ഒരു പട്ടാളക്കാരന്‍ ജീവിക്കുന്നതും മരിക്കുന്നതും രാജ്യത്തിനു വേണ്ടിയാണ്‌. അതിന്‌ രാജ്യം നല്‍കുന്ന ബഹുമതിയാണ്‌ ഞങ്ങളുടെ യൂണിഫോമിലെ മെഡലുകള്‍. ഒരോ പട്ടാളക്കാരനും വളരെ പവിത്രതയോടെയാണ്‌ ഈ മെഡലുകളെ കാണുന്നതും ബഹുമാനിക്കുന്നതും. എന്നാല്‍ ഈ ബഹുമതി ചിഹ്നങ്ങള്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്‌റ്റനെറ്റ്‌ കേണല്‍ പദവി വഹിക്കുന്ന വ്യക്തി യാതൊരു ഗൗരവവുമില്ലാതെ സ്വാര്‍ത്ഥ താത്‌പര്യ പ്രകാരം ദുരുപയോഗം ചെയ്‌തത്‌ ലജ്ജിപ്പിക്കുന്നുവെന്ന്‌ സി.പി ജോഷി അഭിപ്രായപ്പെടുന്നു''.

മോഹന്‍ലാല്‍ എന്ത്‌ താത്‌പര്യത്തിലാണ്‌ ഇത്തരമൊരു പ്രവൃത്തികാണിച്ചതെന്ന്‌ മനസിലാകുന്നില്ലെന്നാണ്‌ സൈനീകവൃത്തങ്ങള്‍ പ്രതികരിച്ചതെന്ന്‌ ദേശിയ മാധ്യമങ്ങളില്‍ റിപ്പോട്ടുകളുണ്ട്‌.

ലാലിന്റെ വീട്ടിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌ നടന്നപ്പോള്‍ മോഹന്‍ലാലിന്റെ പട്ടാള പദവി തിരികെ വാങ്ങണമെന്ന്‌ നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നു. സുകുമാര്‍ അഴിക്കോടായിരുന്നു ഈ ആവശ്യം ഉന്നയിച്ചവരില്‍ പ്രമുഖന്‍. ലാലിനെ ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക്‌ പരിഗണിച്ചത്‌ തന്നെ അനാവശ്യമെന്ന വിമര്‍ശനങ്ങളും മുമ്പേ തന്നെയുണ്ടായിരുന്നു.

കാണ്‌ഡഹാര്‍ എന്ന ചിത്രത്തിന്റെ സമയത്താണ്‌ മോഹന്‍ലാല്‍ പ്രസ്‌തുത പരസ്യചിത്രത്തില്‍ അഭിനയിച്ചത്‌. കാണ്‌ഡഹാര്‍ എന്ന ചിത്രം മോഹന്‍ലാലിന്‌ ലെഫ്‌റ്റനെറ്റ്‌ പദവി ലഭിച്ചതിനു ശേഷം ചിത്രീകരിച്ച ചിത്രമായിരുന്നു. ലാലിന്‌ ഏറെ സാമ്പത്തിക നഷ്‌ടം വരുത്തിയ ചിത്രം കൂടിയാണിത്‌. മാത്രമല്ല അമിതാബ്‌ ബച്ചനെ പോലെ രാജ്യം ആദരിക്കുന്ന നടനെ വെറും നിസാര വേഷത്തിലേക്ക്‌ പരിഗണിച്ചുവെന്ന വിമര്‍ശനം ഉണ്ടായി. ചിത്രത്തിലെ മികച്ച രംഗങ്ങളും ``ഹൈജാക്ക്‌'' എന്ന ബോളിവുഡ്‌ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചതുമായിരുന്നു. എന്തായാലും മിലട്ടറി വേഷം വീണ്ടും ലാലിനെ വിവാദക്കുരിക്കിലെത്തിച്ചിരിക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോഴുള്ളത്‌.

കാസനോവ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ വിദേശത്തായതിനാല്‍ വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ആര്‍മി ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ വിശദീകരണം ആവശ്യപ്പെടുമെന്നും തുടര്‍ നടപടികളിലേക്ക്‌ കടക്കുമെന്നുമാണ്‌ അറിയുന്നത്‌.
മോഹന്‍ലാല്‍ വീണ്ടും വിവാദക്കുരുക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക