Image

ഗാഡ്‌ഗില്‍ കമ്മിറ്റി എന്തപരാധം ചെയ്‌തു?

അനില്‍ പെണ്ണുക്കര Published on 05 September, 2013
ഗാഡ്‌ഗില്‍ കമ്മിറ്റി എന്തപരാധം ചെയ്‌തു?
പശ്ചിമഘട്ടം എന്ന ആവാസ വ്യവസ്ഥ ഇന്ന്‌ അതിദാരുണമായ ദുരന്തത്തിന്റെ വക്കിലാണ്‌. പ്രക്രതിയുടെ തിരിച്ചടി നാം പ്രതീക്ഷിക്കുന്ന രീതിയിലോ ഭാവത്തിലോ ആയിക്കൊള്ളണമെന്നില്ല. ഈ കഴിഞ്ഞ വേനല്‍ കാലത്ത്‌ നാം അനുഭവിച്ച കടുത്ത വരള്‍ച്ചയും ജലക്ഷാമവും സുചിപ്പിക്കുന്നത്‌ അതുതന്നെയാണ്‌. മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ കേരളാ സര്‌ക്കാര്‌ തള്ളിക്കളഞ്ഞിരിക്കുന്നു. ആ റിപ്പോര്‍ട്ടില്‍ എഴുതിവച്ചിരിക്കുന്ന നിര്‍ദേശങ്ങളും ശുപാര്‍ശകളും തകര്‍ന്നുകൊണ്ടിരിക്കുന്ന പഛിമഘട്ടത്തെ പ്രാണവായു ഉള്ള സ്ഥലമാക്കാന്‍ സഹായിക്കുമായിരുന്നു. പ്രശസ്ഥ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ എം. കെ. പ്രസാദ്‌ ഈ വിഷയത്തെ കുറിച്ച്‌ Eമലയാളിയോട്‌ സംസാരിക്കുന്നു.

നമ്മുടെ പശ്ചിമഘട്ടം ഇത്രയധികം ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയതിന്‌ കാരണം എന്താണ്‌ ?

പശ്ചിമഘട്ടം ഇത്രയധികം ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയതിന്‌ പ്രൊഫ. മാധവ ഗാഡ്‌ഗിലിന്‌ നന്ദി. ഗാഡ്‌ഗില്‍ അദ്ധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ്ധരുടെ മദ്ധ്യസ്ഥ സമിതി (ണഏഋഋജ) തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ 2011 ല്‍ പൊതുജനമദ്ധ്യത്തിലേക്കു പിറന്നുവീണതു തന്നെ ചരിത്രം സൃഷ്‌ടിച്ചുകൊണ്ടായിരുന്നു. 522 പേജുള്ള റിപ്പോര്‍ട്ട്‌ വനംപരിസ്ഥിതി മന്ത്രാലയത്തിന്‌ 2011 സെപ്‌തംബറില്‍ സമര്‍പ്പിക്കപ്പെട്ടു. അത്‌ അവിടെ കിടന്നു. കേരളത്തില്‍ നിന്നും ജി. കൃഷ്‌ണന്‍ എന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ മന്ത്രാലയത്തിലേക്ക്‌ അയച്ച വിവരാവകാശ നിയമ പ്രകാരമുള്ള പരാതിയിന്മേല്‍ കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച വിധി പ്രകാരമാണ്‌ റിപ്പോര്‍ട്ട്‌ പൊതുജനസമക്ഷം വെയ്‌ക്കാന്‍ തീരുമാനമുണ്ടായത്‌. ഇതിനെ തകര്‍ക്കാന്‍ മന്ത്രാലയം ഡല്‍ഹി കോടതിയില്‍ പോയി, തോറ്റു. അങ്ങനെയാണ്‌ 2012 മെയ്‌ 23 ന്‌ റിപ്പോര്‍ട്ട്‌ ഔദ്യോഗികമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷമായത്‌.

പ്രൊഫ.ഗാഡ്‌ഗില്‍ സമിതി എന്തോ അപരാധം ചെയ്‌തു എന്ന പോലെയാണ്‌ ചില സംസ്ഥാന സര്‍ക്കാരുകളും തല്‍പ്പരകക്ഷികളും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്‌. പശ്ചിമഘട്ട മലനിരകളെ വേലികെട്ടി അടച്ച്‌ വികസനപരിപാടികള്‍ ഒന്നും അനുവദിക്കാതെ അവിടെ താമസിക്കുന്ന ബഹുജനങ്ങളെയൊക്കെ ആട്ടിയോടിച്ച്‌ 'സംരക്ഷിക്കാന്‍' ഉണ്ടാക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവായാണ്‌, രാഷ്‌ട്രീയക്കാരും, ഉദ്യോഗസ്ഥരും, മന്ത്രിമാരുമൊക്കെ ഇതിനെ കാണുന്നതെന്നത്‌ സാക്ഷരകേരളത്തിന്‌ നാണക്കേടാണ്‌.

പശ്ചിമഘട്ടം എന്ന നമ്മുടെ സഹ്യാദ്രി അതിപുരാതനമായ ഒരു ആവാസവ്യവസ്ഥയാണ്‌. ലോകത്തിലെ 34 ജൈവവൈവിധ്യ പ്രാധാന്യ മേഖലകളില്‍ ഒന്നാണത്‌. ഇന്ത്യന്‍ ഉപദ്വീപിന്റെ ജലഗോപുരമാണ്‌. കാലവര്‍ഷത്തെ ആകര്‍ഷിച്ച്‌ നാട്ടില്‍ വെള്ളമെത്തിക്കുന്ന അത്ഭുത പ്രതിഭാസമാണ്‌ സഹ്യന്‍. നമ്മുടെ ജൈവസംസ്‌കാര ഈറ്റില്ലം കൂടിയാണത്‌. വംശനാശഭീഷണി നേരിടുന്ന വളരെയധികം സമ്പുഷ്‌ടി സസ്യങ്ങളുടേയും മത്സ്യങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടേയും ആവാസകേന്ദ്രമാണവിടം. ഏകദേശം 40 കോടി ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അവരുടെ ജീവിതവൃത്തിയുടെ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി പശ്ചിമഘട്ടമലനിരകളെ ആശ്രയിക്കുന്നു.
പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച്‌ കിഴക്കോട്ട്‌ പതിക്കുന്ന വലിയ നദികളായ കാവേരി, കൃഷ്‌ണ, ഗോദാവരി എന്നിവയേയും പടിഞ്ഞാറന്‍ ചെരിവുകളില്‍ നിന്ന്‌ ഉത്ഭവിച്ച്‌ കടലില്‍ ചെന്ന്‌ പതിക്കുന്ന നൂറുകണക്കിന്‌ കൊച്ചുപുഴകളേയും ആശ്രയിച്ചാണ്‌ ഇന്ത്യയുടെ 40% ഭൂപ്രദേശം നിലകൊള്ളുന്നത്‌.
അതിലോലമായ ആവാസവ്യവസ്ഥയും കുത്തനെയുള്ള പടിഞ്ഞാറന്‍ ചെരിവുകളും തെക്ക്‌മുതല്‍ വടക്ക്‌ വരെയുള്ള വ്യത്യസ്‌ത കാലാവസ്ഥ ഭൂമിശാസ്‌ത്ര ജൈവമേഖലകളും കിഴക്കന്‍ ചെരിവിലും പടിഞ്ഞാറന്‍ ചെരിവിലും അനുഭവപ്പെടുന്ന വ്യത്യസ്‌ത കാലാവസ്ഥ രീതികളും, അവ കാരണം ഉരുത്തിരിഞ്ഞു വന്നിട്ടുള്ള കാടിന്റെ സ്വഭാവവും പുഴകളിലെ നീരൊഴുക്കിന്റെ വ്യതിയാനങ്ങളും കൂട്ടി വായിച്ചാല്‍ മാത്രമേ പശ്ചിമഘട്ടമെന്ന മലനിരയുടെ സങ്കീര്‍ണ്ണമായ അവസ്ഥ മനസ്സിലാകൂ. കഴിഞ്ഞ ഇരുനൂറോളം കൊല്ലക്കാലമായി മനുഷ്യന്‍ നടത്തി വരുന്ന പലതരം ഇടപെടലുകള്‍ ഈ സങ്കീര്‍ണ്ണതയെ വികലമാക്കിയിട്ടുണ്ട്‌. ഈ ഇടപെടലുകളെ നാം വികസനപ്രവര്‍ത്തനങ്ങള്‍ എന്ന ഓമനപേരില്‍ അറിയുന്നു. കാടിന്റെ നാശത്തില്‍ നിന്നും തുടങ്ങി തോട്ടവിള, കൃഷി, ഖനനം, അണക്കെട്ടുകള്‍, കുടിയേറ്റം, ടൂറിസം, ഹൈവേകള്‍, മലിനീകരണം, മണല്‍വാരല്‍ എന്നിങ്ങനെ നീണ്ട പട്ടിക. വികസന വകുപ്പുകള്‍ പലതും അവയുടെ ലക്ഷ്യപ്രാപ്‌തി മാത്രം മുന്‍നിര്‍ത്തി പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. കഴിഞ്ഞ പത്തിരുപത്‌ വര്‍ഷത്തിനുള്ളില്‍ സ്വകാര്യമേഖലകളും പശ്ചിമഘട്ട പ്രകൃതിവിഭവങ്ങളെ ലക്ഷ്യമിട്ടുകൊണ്ട്‌ മൂലധനം ഇറക്കിതുടങ്ങിയിരിക്കുന്നു

ഇവിടുത്തെ സസ്യ സമ്പത്ത്‌ ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ ..എങ്ങനെയാണ്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ കാണുന്നത്‌ ?

1920 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ പശ്ചിമഘട്ടത്തിലെ സസ്യസമ്പത്തില്‍ 40 ശതമാനവും നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന്‌ മേനോനും ബാവയും 1997 ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പശ്ചിമഘട്ടത്തിലെ ആദിസമ്പത്തിന്റെ 6.8% മാത്രമേ ഇന്ന്‌ അവശേഷിച്ചിട്ടുള്ളുവത്രേ!

പൊതുവെ പറഞ്ഞാല്‍ പശ്ചിമഘട്ടിത്തിന്റെ 15% വിസ്‌തീര്‍ണ്ണം സംരക്ഷിത പ്രദേശമാണ്‌. നാഷണല്‍ പാര്‍ക്കുകള്‍, വൈല്‍ഡ്‌ലൈഫ്‌ സാങ്‌ച്വറികള്‍, ബയോസ്‌ഫിയര്‍ റിസര്‍വ്വുകള്‍, റിസര്‍വ്‌ ഫോറസ്റ്റുകള്‍ ഏറെ 'വിശുദ്ധവനങ്ങള്‍' (സേക്രഡ്‌ ഗ്രോവ്‌സ്‌) എന്നിവ നിലവിലുള്ളതായി രേഖകള്‍ കാണിക്കുന്നു. പക്ഷേ ഇതൊന്നും പശ്ചിമഘട്ടത്തിന്റെ സമ്പൂര്‍ണ്ണ സംരക്ഷണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു.

പ്രകൃതിവിഭവങ്ങളെ കരുതലോടെ ഉപയോഗിച്ചുകൊണ്ടും ഒരു പ്രദേശത്തിന്റെ വികസന വാഹകശേഷി അപഗ്രഥിച്ചുകൊണ്ടും പ്രകൃതിസംരക്ഷിക്കുന്നതിനും പ്രാദേശിക വികസനത്തിനും ഒരേ പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു പരിസര സൗഹൃദഭരണം ആണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തസത്ത.

എന്തുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ഇത്‌ തള്ളിയത്‌ ?

സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ ഇത്രയും പ്രകൃതിസമ്പത്ത്‌ ഉള്‍ക്കൊള്ളുന്ന പശ്ചിമഘട്ടം ശിഥിലമായികൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിന്നും 'വിവേകപൂര്‍വ്വം' സംരക്ഷിച്ചുകൊണ്ട്‌ സുസ്ഥിരമായ വികസനം ഉറപ്പാക്കാന്‍ വേണ്ട പരിപ്രേക്ഷ്യമാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ കാതല്‍. പ്രകൃതിവിഭവങ്ങളെ നേരിട്ട്‌ ആശ്രയിക്കുന്ന മനുഷ്യസമൂഹങ്ങളെ ഉള്‍പ്പെടുത്തി ഗ്രാമസഭകളെ ശാക്തികരിച്ചുകൊണ്ടും വികേന്ദ്രീകൃതാസൂത്രണ ഇതു മനസ്സിലാക്കാതെയാണ്‌ കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ അപ്പാടെ തള്ളണം എന്ന്‌ കേന്ദ്രസര്‍ക്കാരിന്‌ എഴുതിയത്‌. പരിസര നിരക്ഷരരായ കുറേ ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിച്ച്‌ നമ്മുടെ മുഖ്യമന്ത്രി അത്‌ ആവര്‍ത്തിച്ച്‌ പ്രഖ്യാപനം നടത്തികൊണ്ടേ ഇരുന്നു. പക്ഷേ ഡിസംബര്‍ 20 ന്‌ പ്രശ്‌നം ചര്‍ച്ച ചെയ്‌ത അസംബ്ലിയില്‍ വിവരമുള്ള ഒരു കൂട്ടം ജനപ്രതിനിധികള്‍ (ഭരണകക്ഷിയില്‍ പെട്ടവരടക്കം) നല്ല നിലയില്‍ പ്രതികരിച്ചു. അവര്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. അങ്ങനെയാണ്‌ വിശദമായ ചര്‍ച്ചക്കുശേഷമേ ശുപാര്‍ശകള്‍ നടപ്പാക്കാവൂ എന്ന പ്രമേയത്തില്‍ ഒതുങ്ങിയത്‌.

ഗാഡ്‌ഗില്‍ കമ്മറ്റി മുന്നോട്ട്‌ വയ്‌ക്കുന്ന പല നിര്‍ദേശങ്ങളും നമ്മേ സംബന്ധിച്ച്‌ പുതുമയുള്ളതല്ലെന്നതാണ്‌ യഥാര്‍ത്ഥ വസ്‌തുത. പശ്ചിമഘട്ട പ്രദേശങ്ങളില്‍ രാസവസ്‌തുക്കളും കീടനാശിനികളും ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതികളെ നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദേശം അത്തരത്തിലുള്ള ഒന്നാണ്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പാസാക്കിയ ജൈവകൃഷി നയത്തിന്റെ അടിസ്ഥാനത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പൂര്‍ണ്ണമായി തന്നെ ജൈവകൃഷിയിലേക്ക്‌ കൊണ്ടുപോകാന്‍ കേരളം ബാദ്ധ്യസ്ഥമാണ്‌. ജനിതകമാറ്റം വരുത്തിയ വിളകളുടെ കാര്യത്തിലും സംസ്ഥാനവ്യാപകമായി നാം ശക്തമായ നിലപാടാണ്‌ എടുത്തിട്ടുള്ളത്‌. പശ്ചിമഘട്ട മേഖലയില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കുക, രാസവ്യവസായങ്ങള്‍ക്ക്‌ അനുമതി നല്‍കുക, വലിയ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി ഗാഡ്‌ഗില്‍ കമ്മിറ്റി നിരോധനമാവശ്യപ്പെടുന്ന കാര്യങ്ങള്‍ കേരളത്തിന്‌ അനുവദിക്കാനാവുമോ?

ആധുനിക ഭരണനിര്‍വ്വഹണ രീതിയിലേക്കും അതിനാവശ്യമായ പരിസ്ഥിതി സൗഹൃദ നയരൂപവല്‍ക്കരണങ്ങളിലേക്കും നമ്മള്‍ മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും അതിനുള്ള വ്യക്തമായ ഒരു കര്‍മ്മ പദ്ധതി നിര്‍ദേശിക്കുകയും ചെയ്യുന്ന ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ വിശദമായി പഠിക്കുകയും ഉള്‍ക്കൊള്ളുകയുമാണ്‌ നമ്മുടെ കടമ. കാടുപോയി പാറ തെളിഞ്ഞ മഞ്ഞത്തലപ്പുകളും വറ്റിക്കൊണ്ടിരിക്കുന്ന പുഴാകളും തുടര്‌ച്ച നഷ്ട്‌ടപ്പെട്ട അവശിഷ്ട്‌ടങ്ങളും എല്ലാം കൂടിച്ചേര്‍ന്നു ഈ ആവാസ വ്യവസ്ഥയെ ഒരു മരുഭുമിയാക്കുന്ന കാലം അതിവിതുരമല്ല .. 
ഗാഡ്‌ഗില്‍ കമ്മിറ്റി എന്തപരാധം ചെയ്‌തു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക