Image

ഓണം-ഒരുമയുടെ വിശാല സങ്കല്‍പം (ടി.എന്‍. നായര്‍)

ടി.എന്‍. നായര്‍-KHNA president Published on 04 September, 2013
ഓണം-ഒരുമയുടെ വിശാല സങ്കല്‍പം (ടി.എന്‍. നായര്‍)
ഓണം മലയാളികള്‍ക്കൊരു സങ്കല്‍പ്പമാണ്‌. സ്‌നേഹത്തിന്റെ ശീതളിമയുള്ള ഈ സങ്കല്‍പ്പം നമുക്ക്‌ നല്‍കുന്നത്‌ വിശാലമായ കാഴ്‌ചപ്പാടാണ്‌. ചുരുങ്ങിത്തുടങ്ങിയ മലയാളി മനസുകളിലേക്ക്‌ ഒരുമയുടെ വിശാല സങ്കല്‍പം ഓണം നാളുകളില്‍ നിറയുന്നു.

ഓണ സങ്കല്‍പ്പങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഒരുമയുടേതാണ്‌. അതാണ്‌ ഈ കാലഘട്ടത്തിന്റേയും ആവശ്യം. ഒത്തൊരുമയില്ലാത്ത വിഘടിച്ചു നില്‍ക്കുന്നവര്‍ക്കിടയിലേക്ക്‌ ഓണം കൊണ്ടുവരുന്ന സന്ദേശമാണിത്‌. എല്ലാ മനുഷ്യരും ഒന്നാണെന്ന സങ്കല്‍പം. ഒന്നായ ഒരു അവസ്ഥ. ഇവിടെ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ല. പണക്കാരനും പാമരനുമില്ല. ഉള്ളവനും ഇല്ലാത്തവനുമില്ല. എല്ലാവരും സമന്മാരാണ്‌. എല്ലാവരും ഒത്തൊരുമയോടെയാണ്‌ ജീവിച്ചിരുന്നത്‌. വര്‍ഗ്ഗ സംഘട്ടനങ്ങളില്ല. മതങ്ങള്‍ തമ്മിലുള്ള സ്‌പര്‍ദ്ധയില്ല. പരസ്‌പര സ്‌നേഹത്തോടെയും സമന്വയത്തോടെയും സമഭാവനയോടെയും കഴിഞ്ഞിരുന്നു.

മലയാളി എവിടെയായാലും ഓണം ആഘോഷിക്കുന്നു. ഓണം മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ്‌. ഒരിക്കലും അസ്‌തമിക്കാത്ത സ്വപ്‌നങ്ങളാണ്‌. മലയാളി മാത്രമാണ്‌ ലോകത്തെവിടെ പോയാലും സ്വന്തം മണ്ണിലേക്ക്‌ തിരികെ വരണം എന്നാഗ്രഹിക്കുന്നവര്‍. ലോകത്തെവിടെയായാലും അവന്റെ മനസിലെ മോഹം തന്റെ മണ്ണില്‍ തിരിച്ചെത്തണമെന്നതാണ്‌. ഓണമാഘോഷിക്കുമ്പോള്‍ അവന്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തുകയാണ്‌. അവന്‍ എവിടെയായാലും കേരളം സൃഷ്‌ടിക്കുകയാണ്‌. മലയാളം അറിയില്ലെങ്കിലും മലയാളം പാട്ടുകള്‍ അവന്‍ പാടുന്നത്‌ ഓണത്തിനാണ്‌. ഓണത്തിനുവേണ്ടി അവന്‍ മലയാളം പാട്ടുകള്‍ പഠിക്കുന്നു. ഓണം പോലെ ഇത്തരം ഗൃഹാതുര ഓര്‍മ്മകള്‍ സൃഷ്‌ടിക്കുന്ന മറ്റൊരു ഉത്സവമില്ല, മറ്റൊരു ആഘോഷമില്ല.

ഓണം സ്വപ്‌നവും സങ്കല്‍പ്പവും മാത്രമല്ല എന്ന്‌ മലയാളി മനസില്‍ പറയണം. അതിന്‌ പുതിയൊരു ചിന്ത്‌ നമ്മളില്‍ വളരണം. സങ്കല്‍പ്പവും സ്വപ്‌നവുമില്ലാതെ മനുഷ്യനില്ല എന്നതുപോലെ, പുതിയ ചിന്തകളിലൂടെ മനുഷ്യന്‍ പുതിയ ചില മേഖലകളിലേക്ക്‌ വളരേണ്ടിയിരിക്കുന്നു. സ്‌നേഹത്തിന്റെ സ്വപ്‌നത്തിലേക്ക്‌ വളരേണ്ടിയിരിക്കുന്നു. സ്‌നേഹം നിറച്ച്‌ നീട്ടിത്തരുന്ന ഓണം അതിനായാണ്‌ നമ്മോട്‌ ഈ കഥ പറയുന്നത്‌. നമുക്ക്‌ ഈ കഥകള്‍ പറഞ്ഞുതന്നത്‌ ആരാണ്‌? നമ്മുടേതായ പഴംപാട്ടുകള്‍ നല്‍കിയതാരാണ്‌? അതൊക്കെയാണ്‌ പൈതൃകം എന്നു പറയുന്നത്‌. ഈ പൈതൃകം മറന്നുപോയതല്ലേ നമുക്ക്‌ പറ്റിയ തെറ്റ്‌. ഓണം വെറും ആഘോഷമല്ല. അതൊരു സാക്ഷാത്‌കാരമാണ്‌. കേരളത്തിലിരിക്കുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണമായി ആഘോഷിക്കുന്നില്ല. പൂര്‍ണ്ണമായും മനസിലാക്കുകയുമില്ല. എന്നാല്‍ കേരളത്തിനു വെളിയിലാകുമ്പോഴാണ്‌ ഇത്‌ സാക്ഷാത്‌കരിക്കുന്നത്‌. ഓണത്തിന്റെ സങ്കല്‍പ്പം അതിവിദൂരതയില്‍ നിന്ന്‌ വരുന്ന സ്‌നേഹത്തിന്റേതാണ്‌. സ്‌നേഹത്തിന്റെ രൂപത്തിന്‌ ആ മഹാബലിയുടെ വലിയ രൂപം നല്‍കുക മാത്രമാണ്‌ ചെയ്യുന്നത്‌. സ്‌നേഹത്തിന്റെ വിരുന്നാണ്‌ ഓണസദ്യയായി നാമൊരുക്കുന്നത്‌. മലയാളികള്‍ ഉള്ളിടത്തോളം കാലം ഓണം സുന്ദരസങ്കല്‍പ്പമായി നിലനില്‍ക്കും.
ഓണം-ഒരുമയുടെ വിശാല സങ്കല്‍പം (ടി.എന്‍. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക