Image

മോണ്‍ കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 12 October, 2011
മോണ്‍ കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ യാത്രയയപ്പ്‌ നല്‍കി
ന്യൂയോര്‍ക്ക്‌: യുണൈറ്റഡ്‌ നേഷന്‍സിന്റെ വത്തിക്കാന്റെ രണ്ടാം സ്ഥാനപതിയും ഫസ്റ്റ്‌ കൗണ്‍സിലറുമായ മോണ്‍സിഞ്ഞോര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ ഊഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി. ജര്‍മ്മനിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ ഡപ്യൂട്ടി ന്യൂണ്‍ഷ്യോ ആയി (സെക്കന്‍ഡ്‌ വത്തിക്കാന്‍ അംബാസിഡര്‍) ആയിട്ടാണ്‌ പരിശുദ്ധ പിതാവ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്‌.

പരിശുദ്ധ പിതാവിന്റെ ജര്‍മ്മന്‍ സന്ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ്‌ ജര്‍മ്മന്‍ ഭാഷാപണ്‌ഡിതന്‍ കൂടിയായ മോണ്‍ ഭരണികുളങ്ങരയെ ജര്‍മനിയിലെ വത്തിക്കാന്‍ കാര്യാലയത്തിലേക്ക്‌ നിയമിച്ചതെങ്കിലും, സെപ്‌റ്റംബര്‍ മാസത്തില്‍ യു.എന്‍ പൊതുസഭ സമ്മേളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഒക്‌ടോബര്‍ ആദ്യവാരത്തില്‍ മാത്രമേ അദ്ദേഹം പുതിയ ചുമതലയേല്‍ക്കുകയുള്ളൂ.

സെപ്‌റ്റംബര്‍ 14-ന്‌ ബുധനാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്‌ ന്യൂസിറ്റിയിലുള്ള സെന്റ്‌ ഫ്രാന്‍സീസ്‌ അസീസ്സി ദേവാലയത്തില്‍ ചേര്‍ന്ന സമ്മേളനം റീത്ത മണലുങ്കലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു.

പ്രശസ്‌ത ക്രിസ്‌തീയ ഭക്തിഗാന രചയിതാവും റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്റെ ഡയറക്‌ടറും മോണ്‍സിഞ്ഞോറിന്റെ വൈദീക സഹപാഠിയുമായ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. തങ്ങളുടെ 37 വര്‍ഷത്തെ സൗഹൃദത്തിന്റെ അനര്‍ഘനിമിഷന്‍ അദ്ദേഹം ശ്രോതാക്കളുമായി പങ്കുവെച്ചു. കഠിനാധ്വാനിയും പരിശ്രമശാലിയും, തീഷ്‌ണവിശ്വാസിയുമായിരുന്നു തന്റെ പ്രിയസുഹൃത്തെന്ന്‌ ഫാ. തദേവൂസ്‌ അനുസ്‌മരിച്ചു. ഒരു ഡിപ്ലോമാറ്റ്‌ എന്നതിലുപരി ഒരു സാധാരണക്കാരനായി വര്‍ത്തിക്കാനുള്ള മോണ്‍സിഞ്ഞോര്‍ ഭരണികുളങ്ങരയുടെ കഴിവിനേയും, നര്‍മ്മത്തിന്റെ മര്‍മ്മം കണ്ടറിഞ്ഞ അദ്ദേഹത്തിലെ കലാസ്വാദകനേയും ഫാ. തദേവൂസ്‌ സദസ്സിന്‌ പരിചയപ്പെടുത്തി.

മലയാളം പത്രം ചീഫ്‌ എഡിറ്റര്‍ ജേക്കബ്‌ റോയി, മാനുഷിക മൂല്യങ്ങള്‍ക്കായും ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായും യു.എന്നില്‍ നിലകൊള്ളുന്ന ബഹു. ഭരണികുളങ്ങരയുടെ പരിശ്രമങ്ങളെ പ്രകീര്‍ത്തിക്കുകയും കൂടുതല്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന്‌ ലഭിക്കട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.

തന്റെ മറുപടി പ്രസംഗത്തില്‍ സ്‌നേഹോഷ്‌മളമായ യാത്രാമംഗളങ്ങള്‍ക്ക്‌ നന്ദി പറയുകയും, ഒരു ഡിപ്ലോമാറ്റായിത്തീരാനുണ്ടായ സാഹചര്യം വിവരിക്കുകയും ചെയ്‌തു. റോമില്‍ നിന്നും കാനോനിക നിയമത്തില്‍ ഡോക്‌ടറേറ്റ്‌ നേടി തിരിച്ചെത്തിയപ്പോള്‍, കാലം ചെയ്‌ത കര്‍ദ്ദിനാള്‍ പടിയറ പിതാവ്‌ അദ്ദേഹത്തെ സഭയുടെ നയതന്ത്ര വിഭാഗത്തിലേക്ക്‌ സ്വാഗതം ചെയ്‌തു. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിച്ചിരുന്ന ഫാ. ഭരണികുളങ്ങരയെ പടിയറ പിതാവിന്റെ ഉത്‌ബോധനം- ലോകത്തില്‍ എവിടെ പോയാലും അവിടെയുള്ളവരെയെല്ലാം സ്വന്തം കുടുംബം പോലെ കരുതുക, ആളുകളെ മിതമായും സാരമായും വര്‍ത്തിക്കാന്‍ (നയ-തന്ത്രം) ശീലിക്കുക- ഏറെ സ്വാധീനം ചെലുത്തി. ദൈവേഷ്‌ടമനുസരിച്ച്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പോകുവാനും ക്രിസ്‌തുവിന്റെ ജീവനിലും ദൗത്യത്തിലും അനേകരെ പങ്കാളികളാക്കുന്ന സഭയുടെ നയതന്ത്ര ജോലിയില്‍ ഭാഗമാകുവാനും സാധിച്ചതില്‍ താന്‍ ധന്യമാണെന്നദ്ദേഹം വെളിപ്പെടുത്തി. താന്‍ ജോലിചെയ്‌ത ബാങ്കോക്ക്‌, ഇറാക്ക്‌, വെനിസ്വേല, കോംഗോ, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളിലെല്ലാം എല്ലാവരും തനിക്ക്‌ കുടുംബം പോലെയായിരുന്നു എന്നദ്ദേഹം ഓര്‍മ്മിച്ചു. 193 അംഗ രാജ്യങ്ങളുള്ള യു.എന്നില്‍ 174 രാജ്യങ്ങളുമായി വത്തിക്കാന്‍ നയതന്ത്രബന്ധം പുലര്‍ത്തുമ്പോള്‍ ഇനിയും പല ദേശങ്ങളിലും പോകേണ്ടതുണ്ടെന്നും ബഹുഭാഷാപണ്‌ഡിതനായ ഭരണികുളങ്ങര പറഞ്ഞു. പ്രവാസികളായ നമ്മള്‍ ഭാവി തലമുറയ്‌ക്കായി വിശ്വാസ സമൂഹങ്ങള്‍ കെട്ടിപ്പെടുക്കാന്‍ ഉദ്യമിക്കണം എന്നദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

കൈക്കാരന്മാരായ ഫ്രാന്‍സീസ്‌ ക്ലമന്റ്‌ ഇടവകയുടെ ഉപഹാരം മോണ്‍സിഞ്ഞോറിന്‌ സമര്‍പ്പിക്കുകയും, ജോസഫ്‌ വാണിയപ്പള്ളി കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്‌തു.

ഫാ. സിബി വെട്ടിയോലില്‍, ഫാ. ബിജു നാറാണത്ത്‌, ഫാ. വര്‍ഗീസ്‌ ചെത്തിപ്പുഴ, ഫാ. സന്തോഷ്‌ മാത്തന്‍കുന്നേല്‍, ഫാ. ഏബ്രഹാം വല്ലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജയിന്‍ ജേക്കബ്‌ എംസിയായി പ്രവര്‍ത്തിച്ചു. സ്‌നേഹവിരുന്നിനെ തുടര്‍ന്ന്‌ മോണ്‍. ഭരണികുളങ്ങര വിളമ്പിയ നര്‍മ്മ വിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
മോണ്‍ കുര്യാക്കോസ്‌ ഭരണികുളങ്ങരയ്‌ക്ക്‌ റോക്ക്‌ലാന്റ്‌ മിഷനില്‍ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക