Image

എന്തെന്റെ മാവേലീ വന്നില്ല ? (കവിത-ജോസഫ് നമ്പിമഠം)

Published on 06 September, 2013
എന്തെന്റെ മാവേലീ വന്നില്ല ? (കവിത-ജോസഫ് നമ്പിമഠം)
സ്വീന്‍ ഒന്ന് : ദൈവത്തിന്റെ സ്വന്തം നാട്

കര്‍ക്കിടകക്കാറൊക്കെ മാറിയിട്ടും
പൊന്നിന്‍ ചിങ്ങം പിറന്നിട്ടും
എന്തെന്റെ മാവേലീ വന്നില്ല?
അത്തപ്പൂക്കളമൊരുക്കിയിട്ടും ഓണത്തുമ്പികള്‍ പാറിനടന്നിട്ടും
എന്തെന്റെ മാവേലീ വന്നില്ല?

ഊഞ്ഞാലിലുണ്ണികളാടിമടുത്തിട്ടും
പെണ്‍ കൊടിമാര്‍ തുമ്പി തുള്ളിത്തളര്‍ന്നിട്ടും
എന്തെന്റെ മാവേലീ വന്നില്ല?
 തിരുവോണത്തോണിമടങ്ങിയിട്ടും
പള്ളിയോടങ്ങളുറങ്ങിയിട്ടും
എന്തെന്റെ മാവേലീ വന്നില്ല?

തിരുവോണപ്പൂക്കളം  വാടിയിട്ടും
ഓണ സദ്യയൊരുക്കി കാത്തിരുന്നിട്ടും
എന്തെന്റെ മാവേലീ വന്നില്ല?
കള്ളപ്പറകള്‍ പെരുകിയിട്ടോ
കള്ളപ്പരിഷകള്‍ നിറഞ്ഞിട്ടോ
എന്തെന്റെ മാവേലീ വന്നില്ല?

 മദ്യക്കടയുടെ ക്യൂവിലുറച്ചു പോയോ
വഴിയിലെ പാതാളക്കുഴിയില്‍ താണു പോയോ
സോളാര്‍ കേസിലെങ്ങാനും പെട്ടുപോയോ?
മാവേലി മന്നാ പൊന്നതമ്പുരാനേ
 നീ വന്നാലുമില്ലേലുമൊരു പുല്ലുമില്ലേ
ഊഞ്ഞാലില്ലാതാടി നടക്കാനും
നീന്തിത്തുടിക്കാനും മദ്യക്കുളങ്ങളുണ്ടേ
ചിലവിടാന്‍ കള്ളപ്പണക്കെട്ടുകളുണ്ടേ
പണി ചെയ്യാനന്യദേശ പണിക്കാരുമുണ്ടേ

സ്വീന്‍  രണ്ട് :  പ്രവാസി മാവേലി

പാതാളവാസീ പ്രവാസീ
ഞങ്ങളെപ്പോലെ നീയും പ്രവാസിയല്ലേ
പോയിട്ടൊരുപാടുകാലമായില്ലേ
ഗൃഹാതുരത്വം മാറിയില്ലേ
വാമനന്‍മാരിന്നും പാര്‍ത്തിരിപ്പുണ്ട്
പാതാളത്തിലേക്ക് തിരിച്ചയയ്ക്കാന്‍

മാവേലി മന്നാ പൊന്നു തിരുമേനി
ഇനിയൊരിക്കലും പോകാതിരിക്കണം
പണ്ടേ ചവിട്ടിത്താഴ്ത്തിയതല്ലേ
ഓണമെന്നാല്‍………..
നന്മയെ നാടുകടത്തിയ വാമന വിജയമല്ലേ
ഓണസദ്യയെന്നാല്‍ ….

നന്മയെകൊനചെയ്തവര്‍
നിനക്കായയൊരുക്കും ശ്രാദ്ധമൂണല്ലേ
മാവേലി ചക്രവര്‍ത്തി പ്രവാസീ
പ്രവാസം തന്നെ ജീവിതം
കേരള സന്ദര്‍ശനം
മൃതിയേക്കാള്‍ ഭയാനകം

കുറിപ്പ് : 1) മാവേലി എന്ന പേര് മഹാബലി എന്ന പദം ലോപിച്ചുണ്ടായതാണെന്ന് പറയപ്പെടുന്നു.
             
               2) സ്വാതന്ത്ര്യം തന്നെയമൃതം…..എന്ന കവിതയുടെ പാരഡി




Join WhatsApp News
Sudhir Panikkaveetil 2013-09-06 03:09:11
പ്രവാസികൾ കണ്ട കേരളമല്ല ഇന്ന്. മാവേലി ഭരിച്ച്, കണ്ട കേരളമല്ല ഇന്ന്. ചവുട്ടി താഴ്ത്തപെട്ട സ്ഥലത്തേക്ക് എന്തിനു വീണ്ടും പോകുന്നു? ചുവുട്ടിയവനെ ഓർത്തല്ല പക്ഷെ പ്രജകളെ ഓർത്ത് എന്ന ന്യായ്ത്തിനും പ്രസക്തിയില്ല. കാരണം പ്രജകൾ വമാനനെക്കൾ കഷ്ടം. കവി ഒരു യതാർത്ഥ ചിത്രം വരച്ചിരിക്കുന്നു. ശ്രീ നമ്പിമഠത്ത്തിനു അഭിനന്ദനങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക