Image

ദീപ്‌ത സ്‌മരണകളുണര്‍ത്തുന്ന ഓണക്കാലം (ഡോ. പി.സി. നായര്‍)

Published on 07 September, 2013
ദീപ്‌ത സ്‌മരണകളുണര്‍ത്തുന്ന ഓണക്കാലം (ഡോ. പി.സി. നായര്‍)
നൂറ്റാണ്ടുകളായി കേരളത്തില്‍ മാത്രമല്ല, കേരളീയര്‍ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ ആഹ്ലാദപൂര്‍വ്വം കൊണ്ടാടുന്ന ഒരു ഉത്സവമാണ്‌ ഓണം. പ്രവാസി മലയാളികള്‍ ഗൃഹാതുരരാകുന്ന ദിവസങ്ങള്‍.

കേരളീയരുടെ മനസിലുള്ള ഓണമെന്ന സങ്കല്‍പ്പത്തിന്‌ രൂപത്തിലും ഭാവത്തിലും കാലാന്തരത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അതിന്നും ജ്വലിക്കുന്ന ദീപമാണ്‌. പക്ഷെ കേരളത്തില്‍ പോലും അതാഘോഷിക്കുന്ന രീതിയിലും പൊലിമയിലും മാറ്റങ്ങള്‍ ദൃശ്യമാണ്‌. ഓണാഘോഷം ഒരുകാലത്ത്‌ നിര്‍വചിക്കപ്പെട്ടിരുന്നത്‌ വീട്ടുമുറ്റത്തെ പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും കൊണ്ടായിരുന്നെങ്കില്‍ ഇന്നത്‌ പലര്‍ക്കും ഔപചാരികമായ ഒരു ചടങ്ങായി മാറിയിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ഭൗതീക സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഓണം ആഘോഷിക്കുന്ന രീതിയിലും മാറ്റമുണ്ടാകുക ഒട്ടൊക്കെ സ്വാഭാവികമാണ്‌. നഗരങ്ങളിലെ താമസക്കാര്‍ കൂടുതവും പതിനഞ്ചും ഇരുപതും നില ഉയരമുള്ള കെട്ടിടങ്ങളിലെ `കണ്‍ടോമിനി'യങ്ങളിലാവുമ്പോള്‍ പൂക്കളത്തിന്റെ പ്രസക്തി നഷ്‌ടപ്പെടുന്നു. അതിവേഗം കടന്നു പോകുന്ന ജീവിതത്തിന്റെ തിരക്കില്‍ പണ്ട്‌ മുത്തശ്ശിമാര്‍ വീട്ടിലൊരുക്കിയിരുന്ന സദ്യയിപ്പോള്‍ ഹോട്ടലില്‍ നിന്നു വരുത്തുകയാകും ഇപ്പോഴത്തെ പതിവ്‌. ഇങ്ങനെയുള്ള മാറ്റങ്ങള്‍ക്കിടയിലും മലയാളി ഓണമെന്ന സ്വപ്‌നത്തെ ഒരുത്സവമായി കൊണ്ടാടുന്നുവെന്നത്‌ ആശാവഹം തന്നെ. അതിന്റെ കാതലായ ഭാവത്തിന്‌ മാറ്റം സംഭവിച്ചിട്ടുമില്ല.

പഴയകാലത്ത്‌ ഓണാഘോഷ വേളയില്‍ മലയാളി നെഞ്ചോടുചേര്‍ത്തുവെച്ച്‌ താലോലിച്ചിരുന്ന പഴയ ആചാരങ്ങളും കളികളും ഇന്നൊരു നേരിയ ഓര്‍മ്മയായി മാത്രം അവശേഷിക്കുന്നു. സൗഹൃദം പുതുക്കാനും മാനസീകോല്ലാസത്തിനും അത്‌ പണ്ട്‌ വഴിയൊരുക്കിയിരുന്നു. ഉദാഹരണമായി ഇന്ന്‌ എത്ര സ്ഥലങ്ങളിലാണ്‌ `പുലികളി' നടത്തുന്നത്‌? സ്‌ത്രീകള്‍ കൂടിയിരുന്ന്‌ `അക്കയ്യിലോ ഇക്കയ്യിലോ മാണിക്യ ചെമ്പഴുക്ക' എന്ന കളി അരങ്ങേറുന്നത്‌? കുറച്ചു സ്‌ത്രീകളും പറമ്പിലെ കവുങ്ങില്‍ നിന്ന്‌ ഒരു അടയ്‌ക്കയുമുണ്ടെങ്കില്‍ `ചെമ്പഴുക്ക' കളിക്കാം. വൃത്താകൃതിയില്‍ ഇരിക്കുന്ന സ്‌ത്രീകള്‍ കൈകള്‍ പിറകില്‍ കെട്ടി, വൃത്തത്തിനു നടുവിലിരിക്കുന്ന കളിക്കാരിയെ `കളി'പ്പിക്കുന്നതാണീ കളി.

പ്രകൃതി പ്രസാദിക്കുന്ന സമയമാണല്ലോ `പൊന്നിന്‍' ചിങ്ങമാസം. കര്‍ക്കിടമാസത്തിലെ കാര്‍മേഘങ്ങള്‍ നീങ്ങി സൂര്യന്‍ ലോഭമെന്യേ തന്റെ രശ്‌മികള്‍ വരിക്കോരി നമുക്കു നല്‍കുന്ന മാസം. ആ സന്ദര്‍ഭത്തെ ഒരു കവിയുടെ ഉള്‍ക്കാഴ്‌ചയോടെ നാം കാണുകയും ആനന്ദിക്കുയും ചെയ്യുന്നതോടൊപ്പം അത്‌ സമസൃഷ്‌ടികളുമായി പങ്കുവെയ്‌ക്കുകയും വേണം. അതിനുള്ള കണ്ണ്‌ 'ദൃഷ്‌ട്യാപ്രതിച്യാ പ്രതീയിദൃഷ്‌ടി' (ഭാവനാദൃഷ്‌ടിയില്ലെങ്കില്‍ ദേവദൃഷ്‌ടി) നമുക്കോരുത്തര്‍ക്കും ഉണ്ടാവണം. `പഴയ പൊന്നോണക്കാലം ഇനി തിരിച്ചുവരില്ല' എന്ന്‌ നിരാശപ്പെടാതെ ആ കാലം ഇനിയും രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക്‌ കഴിയണം.

പൊയ്‌പ്പോയ പൊന്നോണക്കാലത്തെ സാമൂഹ്യ വ്യവസ്ഥ നാം ഓര്‍ക്കുക. അതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം `കള്ള'മോ, `ചതി'യോ ഇല്ലാത്ത, എല്ലാവരും `ആമോദത്തോടെ വസിച്ചിരുന്ന കാലം', മഹാബലി നാടുവാണിരുന്നതുപോലൊരു കാലം ഇനിയും സംജാതമാകുമോ എന്ന്‌ വ്യാകുലപ്പെടുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ ആ നല്ലകാലം., മഹാത്മജിയും, അണ്ണാ ഹസ്സാരെയും വിഭാവനം ചെയ്യുന്ന കാലം യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമായിരിക്കണം ഓരോ മലയാളിയുടേയും ജീവത ലക്ഷ്യം. അതിനുള്ള ആര്‍ജ്ജവവും അവര്‍ക്കുണ്ട്‌. സാധാരണയായി അസുരരെ ദുര്‍വൃത്തരെന്നും ദേവന്മാരെ സദ്‌ വൃത്തരെന്നും കരുതുന്ന പാരമ്പര്യമുള്ള ഭാരത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരസുരചക്രവര്‍ത്തിയെ മഹാ നന്മയുടെ പ്രകീകമായി സങ്കല്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ കഥപറയാന്‍ കഴിയുന്നവരാണ്‌ കേരളീയര്‍.

ഓണാഘോഷത്തിന്‌ കേരളത്തില്‍ ഒട്ടാകെയൊരു മാന്ദ്യം സംഭവിച്ചിട്ടുണ്ടെന്നുള്ളത്‌ വാസ്‌തവമാണ്‌. നാട്ടിലെ പൊതുവായ സ്ഥിതിക്കു തന്നെ മ്ലാനത ബാധിച്ചിട്ടില്ലേയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അടുത്തകാലത്തായി പല അസ്വസ്ഥതകളുടേയും സാമ്പത്തിക തകര്‍ച്ചയുടേയും അതിന്റെ ഫലമായ വിലക്കയറ്റത്തിന്റേയും കറുത്ത നിഴല്‍ നമ്മെ ഭയാകുലരാക്കുന്നുണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം കരകയറുവാനുള്ള പ്രപ്‌തി നമുക്കുണ്ടാകണം. അല്ലെങ്കില്‍ ഉണ്ടാകട്ടെ എന്നാണ്‌ എന്റെ ഈ അവസരത്തിലെ പ്രാര്‍ത്ഥന.

ദീപ്‌ത സ്‌മരണകളുണര്‍ത്തുന്ന ഓണക്കാലം (ഡോ. പി.സി. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക