Image

സോണിയയ്‌ക്കെതിരായ കേസിനെ ചെറുക്കും: ഐ.എന്‍.ഒ.സി (ഐ); കേസില്‍ കഴമ്പില്ല: വിദഗ്ദര്‍

Published on 06 September, 2013
സോണിയയ്‌ക്കെതിരായ കേസിനെ ചെറുക്കും: ഐ.എന്‍.ഒ.സി (ഐ); കേസില്‍ കഴമ്പില്ല: വിദഗ്ദര്‍
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെതിരേ സിഖ്‌സ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന നല്‍കിയ കേസിനെ ശക്തമായി നേരിടാന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ) തീരുമാനിച്ചു. അമേരിക്കന്‍ ജുഡീഷ്യല്‍ സിസ്റ്റത്തെ പ്രചാരണത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയും വ്യക്തികളെ തേജോവധം ചെയ്യുകയുമാണെന്നു ഐ.എന്‍.ഒ.സി വ്യക്തമാക്കി. കേസില്‍ യാതൊരു കഴമ്പുമില്ലെന്നും പണമുള്ള ആര്‍ക്കും മറ്റൊരാള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യാന്‍ പ്രയാസമില്ലെന്നും നിയമവിദഗ്ധരും വ്യക്തമാക്കി.

1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിഖുകാര്‍ക്കെതിരേ നടന്ന കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവരെ സോണിയാഗാന്ധി സംരക്ഷിക്കുന്നുവെന്നു പറഞ്ഞാണ് സിഖ്‌സ് ഫോര്‍ ജസ്റ്റീസിനുവേണ്ടി അറ്റോര്‍ണി ഗുര്‍പത്‌വന്ത് പാനൂന്‍ കേസ് ഫയല്‍ ചെയ്തത്. അടുത്ത കാലത്ത് നിയമമാക്കിയ ഏലിയന്‍ ടോര്‍ട് ക്ലെയിംസ് ആക്ട്, ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ഈസ്റ്റേണ്‍ ന്യൂയോര്‍ക്കില്‍ ഹര്‍ജി നല്‍കിയത്. ലോകത്തെവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഉള്‍പ്പെട്ടവരും അമേരിക്കയില്‍ വരികയോ, ഏതെങ്കിലും രീതിയില്‍ അമേരിക്കയുമായി ബന്ധപ്പെടുകയോ ചെയ്താല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം.

കൂട്ടക്കൊലയില്‍ പങ്കുള്ള ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍കുമാര്‍, കേന്ദ്രമന്ത്രി കമല്‍നാഥ് തുടങ്ങിയവരെ സോണിയാഗാന്ധി സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. കൂട്ടക്കൊല നടക്കുന്ന 1984-ല്‍ സോണിയ കോണ്‍ഗ്രസ് പോര്‍ട്ടി അംഗം പോലും ആയിരുന്നില്ല.

നേരത്ത സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ സതേണ്‍ ഡിസ്ട്രിക്ട് കോര്‍ട്ടില്‍ കൊടുത്ത കേസ് ഇനിയും ഒരിടത്തുമെത്തിയിട്ടില്ല. കോടതി എന്തിന് ഈ കേസ് കേള്‍ക്കണമെന്ന് ആദ്യം വ്യക്തമാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടിരിക്കുകയാണ്.

എസ്.എഫ്.ജെയ്‌ക്കൊപ്പം മറ്റു രണ്ടുപേര്‍ കൂടി ഹര്‍ജിക്കാരായ കേസ് സോണിയയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനങ്ങള്‍ യു.എസില്‍ ഐ.എന്‍.ഒ.സി മുഖേനയാണ് നടത്തുന്നതെന്നും കോണ്‍ഗ്രസിന്റെ ഒരു ശാഖയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ പാര്‍ട്ടിക്ക് യു.എസ് ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്രയും വര്‍ഷമായിട്ടും ഇന്ത്യന്‍ കോടതികള്‍ നീതി നടപ്പാക്കിയില്ലെന്നും അതിനാലാണ് യു.എസ് കോടതിയെ സമീപിക്കുന്നതെന്നും പാനൂന്‍ പറയുന്നു. ആയിരക്കണക്കിന് സിഖുകാരെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിട്ട് ഒരു ചലനവുമുണ്ടായില്ല. അതിനാലാണ് കേസ് ഫയല്‍ ചെയ്യുന്നത്. സംഭവം കഴിഞ്ഞ് മൂന്നു ദശാബ്ദത്തോളമായെന്നത് കൊണ്ട് കുറ്റകൃത്യം ഇല്ലാതാകുന്നില്ലെന്നും പാനൂന്‍ പറഞ്ഞു.

എന്നാല്‍ സിഖുകാര്‍ക്ക് ദ്രോഹമാണ് സിഖ്‌സ് ഫോര്‍ ജസ്റ്റീസ് ചെയ്യുന്നതെന്ന് ഐ.എന്‍.ഒ.സി പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് സിഖുകാരനായ പ്രധാനമന്ത്രിയെ നല്‍കിയത് സോണിയയാണ്. അവര്‍ ചികിത്സയ്ക്ക് അമേരിക്കയില്‍ വന്നപ്പോള്‍, നിരപരാധിയായ അവരെ ദ്രോഹിക്കുന്ന നടപടി ശരിയല്ല.

കേസ് പ്രചാരണത്തിനു വേണ്ടിയുള്ള അടവു മാത്രമാണ്. സിഖുകാരുടെ പേര് മോശമാക്കുന്ന നടപടിയാണിത്. 1984-ലെ പല കേസുകളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യന്‍ കോടതികളിലാണ് നീതി തേടേണ്ടത്.

മികച്ച അറ്റോര്‍ണിയെ നിയമിച്ച് കേസിനെ നേരിടുമെന്ന് സിംഗ് വ്യക്തമാക്കി.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന നിയമസംവിധാനത്തെ രാഷ്ട്രീയലക്ഷ്യത്തിനുപയോഗിക്കുന്നതിനെ ഐ.എന്‍.ഒ.സി ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അപലപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ചികിത്സയ്ക്ക് വരുമ്പോള്‍ ഇത്തരം നടപടിക്ക് ആരെങ്കിലും മുതിരുമെന്ന് സങ്കല്‍പ്പിക്കാനാവുന്നില്ല. അടിസ്ഥാന മാന്യതയെങ്കിലും പാലിക്കേണ്ടതല്ലേ?

മുപ്പത് വര്‍ഷം മുമ്പ് നടന്ന വേദനാജനകമായ സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെ രാജ്യത്തോട് മാപ്പ് പറഞ്ഞതാണ്. ഇന്ത്യന്‍ കോടതികളെ സമീപിക്കേണ്ടതിനുപകരം നിക്ഷിപ്ത താത്പര്യക്കാരും, വിഘടനവാദികളുമാണ് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്ന് ജോര്‍ജ് ഏബ്രഹാം പറഞ്ഞു.

കോടതിയില്‍ ഫയലിംഗ് ഫീസ് കൊടുത്താല്‍ ആര്‍ക്കെതിരേയും ഒരു സമന്‍സ് അയയ്ക്കാനാകുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. സോണിയയുടെ ഡല്‍ഹിയിലെ അഡ്രസിലും, ഐ.എന്‍.ഒ.സിയുടെ കെയര്‍ ഓഫ് അഡ്രസിലുമാണ് സമന്‍സ് അയച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക