Image

ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)

Published on 08 September, 2013
ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)
ചിത്രങ്ങള്‍: എം.കെ. വര്‍ഗീസ്‌, കുര്യന്‍ പാമ്പാടി

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലെ ബെന്യാമിനും ഒരു സ്വപ്‌നമുണ്ട്‌. ഒരു
ആഫ്രിക്കന്‍ അമേരിക്കനെ അമേരിക്കന്‍ പ്രസിഡന്റായി കാണാന്‍ 50 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. പക്ഷേ, അതു യാഥാര്‍ത്ഥ്യമാകുംമുമ്പ്‌ മാര്‍ട്ടിന്‍ ലൂഥര്‍  കിംഗിനെ വര്‍ണവെറിയന്മാര്‍ വെടിവച്ചുകൊന്നു. ബന്യാമിനെ ആരും കൊല്ലാന്‍ സാധ്യതയില്ല. കാരണം, ഇതുവരെ ആരും എഴുതാത്ത ഒരറബിക്കഥ എഴുതുകയാണ്‌ അദ്ദേഹത്തിന്റെ സ്വപ്‌നം. അതിന്‌ അമ്പതു വര്‍ഷമൊന്നും വേണ്ട; ഏറിയാല്‍ അഞ്ചു മാസം.

`ആടുജീവിതം' എന്ന നോവല്‍ ലോകമലയാളികള്‍ നെഞ്ചിലേറ്റി നടന്ന കാലം മുതല്‍ ബെന്യാമിന്‍ ആ സ്വപ്‌നം കണ്ടു നടക്കുന്നു. മരുഭൂമിയില്‍ ആടു മേയ്‌ച്ചുനടന്ന ബെദോയിനുകളുടെ കാലം മുതല്‍ എണ്ണപ്പാടങ്ങളുടെ സുല്‍ത്താനാകുന്നതു വരെയുള്ള അറബികളുടെ ആകമാന ചരിത്രം വിവരിക്കുന്ന ഒരു നോവല്‍. 50 വര്‍ഷം മുമ്പ്‌ ഗള്‍ഫിലെത്തിയ മലയാളികളും അതില്‍ വരും. പക്ഷേ, മലയാളികളുടെ കഥയല്ല.

``ഞാനിതുവരെ കൈകാര്യം ചെയ്‌തതില്‍വച്ച്‌ ഏറ്റവും വലിയ കാന്‍വാസില്‍ ഇതു വരച്ചിടണം. ആശയം മനസ്സിന്റെ മൂശയിലിട്ടു നടക്കുന്നു. വാര്‍ത്തെടുക്കുകയേ വേണ്ടൂ'' -ബെന്യാമിനു സ്വന്തമായ ഭാഷയില്‍ പറഞ്ഞാല്‍ ആശയം മനസ്‌ എന്ന പ്രിസത്തില്‍ക്കൂടി വികിരണം ചെയ്യണം. പത്തനംതിട്ട കുളനട പഞ്ചായത്തിലെ അവസാന വാര്‍ഡിലൂടെ നിറഞ്ഞൊഴുകുന്ന അച്ചന്‍കോവിലാറിനെ സാക്ഷിനിര്‍ത്തി 43-കാരനായ ബെന്യാമിന്‍ പ്രതിജ്ഞ ചെയ്യുന്നു- മാന്തളിര്‍ പള്ളിയാണെ സത്യം, ഗീവര്‍ഗീസ്‌ സഹദായാണേ സത്യം. വിശുദ്ധ മറിയാമാണെ സത്യം.

നൂറു വര്‍ഷം മുമ്പ്‌ രാജാ കേശവദാസന്‍ ദിവാനായിരുന്ന കാലത്ത്‌ പണികഴിപ്പിച്ച എം.സി റോഡില്‍ (മെയിന്‍ സെന്‍ട്രല്‍ റോഡ്‌, ഇന്നത്‌ സ്റ്റേറ്റ്‌ ഹൈവേ നമ്പര്‍ വണ്‍) പന്തളത്തിനടുത്ത്‌ കുളനട. അവിടെ ബസിറങ്ങി നടന്നുപോകാന്‍ ദൂരമേയുള്ളൂ, ബന്യാമിന്റെ ഞെട്ടൂര്‍ മണ്ണില്‍ വീട്ടിലേക്ക്‌. ഓട്ടോയില്‍ മൂന്നു മിനിറ്റ്‌. 25 രൂപ വാങ്ങും. ബെന്യാമിനെ അറിയില്ലെങ്കിലും പിതാവ്‌ മണ്ണില്‍ ദാനിയേലച്ചായനെ എല്ലാ ഓട്ടോക്കാര്‍ക്കും അറിയാം. അദ്ദേഹം കുളനടയില്‍ ആദ്യത്തെ ടാക്‌സി ഓടിച്ചയാളാണ്‌, 80 വയസ്സായി.

മണ്ണില്‍ അച്ചായന്റെ ഏകപുത്രനാണ്‌ ബെന്യാമിന്‍ എന്ന തൂലികാനാമമുള്ള ബെന്നി ദാനിയേല്‍. ഏകപെങ്ങള്‍ ഉഷയെ അടൂരില്‍ കെട്ടിച്ചയച്ചു. അളിയന്‍ ദുബൈയിലായിരുന്നു. പിന്നീട്‌ ബഹറിനില്‍ എത്തിച്ചേര്‍ന്നു. ബെന്യാമിന്‍ ജനിച്ചുവളര്‍ന്ന ഞെട്ടൂര്‍ ഗ്രാമം പത്തനംതിട്ട ജില്ലയിലെ ഏറ്റം ഒടുവിലത്തെ പഞ്ചായത്ത്‌ വാര്‍ഡാണെന്നു പറഞ്ഞല്ലോ. അച്ചന്‍കോവിലാറിന്‌ അക്കരെ ആലപ്പുഴ ജില്ലയായി.

``ഈ ആറ്റില്‍ കൊച്ചുന്നാളില്‍ എത്രയോ കാലം നീന്തിക്കുളിച്ചതാണു ഞാന്‍'' -തന്റെ കൂമ്പാളപ്രായം ഓര്‍മ്മിച്ചുകൊണ്ട്‌ ബെന്യാമിന്‍ മനസ്സു തുറന്നു. അക്കരെ വരെ നീണ്ടും. അപ്പുറത്ത്‌ ഒരു ക്ഷേത്രമുണ്ട്‌. ചിലപ്പോള്‍ കൂട്ടുകാരുമൊത്ത്‌ അവിടേക്ക്‌ ഒരോട്ടം. ഒപ്പം വന്ന പ്രശസ്‌തന്‍ മലയാള മനോരമയുടെ പിക്‌ചര്‍ എഡിറ്റര്‍ ആയിരുന്ന എം.കെ. വര്‍ഗീസിന്‌ പോസ്‌ ചെയ്യുന്നതിനിടെ ബെന്യാമിന്‍ പറഞ്ഞു: ``ഈയിടെ വനിതയില്‍നിന്ന്‌ ചിലര്‍ ഫോട്ടോയെടുക്കാന്‍ വന്നിരുന്നു. എന്റെ ആദ്യത്തെ കഥ `ശത്രു' അച്ചടിച്ചതും മനോരമയുടെ ഗള്‍ഫ്‌ എഡീഷനിലാണ്‌.''

മണ്ണിലെ വീട്‌ പുതുക്കിപ്പണിയുന്ന തിരക്കിലാണു ബെന്യാമിന്‍. സ്‌ട്രക്‌ചര്‍ തീര്‍ന്നു. മുഴുവന്‍ പൊടിപിടിച്ചു കിടക്കുന്നു. ചെരുപ്പ്‌ ഊരേണ്ടെന്നു പറഞ്ഞ്‌ വാതില്‍ തുറന്നു.

മറ്റൊരാള്‍ക്കു വന്ന വിസയില്‍ ഭാഗ്യം കടാക്ഷിച്ച്‌ ഗള്‍ഫിലെത്തിയതാണു ബെന്യാമിന്‍. ഹെല്‍പ്പറില്‍ ആരംഭിച്ച്‌ 20 വര്‍ഷംകൊണ്ട്‌ പ്രോജക്‌ട്‌ മാനേജര്‍ വരെയെത്തി. ജോലി കഴിഞ്ഞ്‌ ധാരാളം സമയമുള്ളതിനാല്‍ നിരവധി പുസ്‌തകങ്ങള്‍ വായിച്ചു; മനോരാജ്യം കണ്ടു. സൗദി മരുഭൂമിയില്‍ അടിമപ്പണിയില്‍നിന്ന്‌ ഓടി രക്ഷപ്പെട്ട നജീബിന്റെ കഥ പലവുരു കേട്ട്‌ മനസ്സാകുന്ന പ്രിസത്തിലൂടെ നോവലാക്കി മാറ്റി.

വര്‍ഗീസുമായുള്ള ഫോട്ടോസെഷന്‍ നടക്കുന്നതിനിടയില്‍ നാട്ടുകാരിയായ ഒരമ്മയും മകളും കടത്തുകടക്കാനെത്തി. വള്ളം അക്കരെ കിടക്കുന്നു. വള്ളക്കാരന്‍ പൊട്ടനാണ്‌. പശുവിനെ തീറ്റിച്ചുകൊണ്ട്‌ പുറംതിരിഞ്ഞു നില്‍ക്കുന്നു. അമ്മയും മകളും ഫോട്ടോയെടുപ്പ്‌ നോക്കിനിന്നു.

``ബെന്യാമിനെ അറിയില്ലേ? ഇവിടെ അടുത്താ വീട്‌. `ആടുജീവിതം' എഴുതി. അത്‌ ബ്ലെസ്സി ഉടനെ ചിത്രമാക്കുന്നു'' -ഞാനവരോടു പറഞ്ഞു. രണ്ടുപേരും ഒന്നുമറിയാത്ത മട്ടില്‍ മിഴിച്ചുനിന്നു. ബെന്യാമിന്‍ അടുത്തു പറഞ്ഞു: ``എന്നെ അറിയാന്‍ സാധ്യതയില്ല. ഞാന്‍ 20 വര്‍ഷമായി ബഹറിനിലായിരുന്നു.''

ആ അമ്മയുടെ കണ്ണുകള്‍ പെട്ടെന്നു തിളങ്ങി: ``ഞാനും ഇവിടില്ലായിരുന്നു. ബഹറിനില്‍ അമേരിക്കന്‍ ഹോസ്‌പിറ്റലില്‍ നേഴ്‌സായിരുന്നു. മതിയാക്കിപ്പോന്നു. ഇതെന്റെ മകള്‍. എം.ടെക്കിനു ചേരാന്‍ പോകുന്നു. അതിനു മുമ്പ്‌ അമ്പലത്തില്‍ തൊഴാന്‍ വന്നതാണ്‌.''

``നിങ്ങളുടെ ആശുപത്രിക്കടുത്ത്‌ സെല്‍മാനിയയിലാണു ഞാന്‍ താമസിച്ചിരുന്നത്‌.
ആശ ഇപ്പോഴും അവിടെ നേഴ്‌സാണ്‌'' -ബെന്യാമിന്‍ പറഞ്ഞു. മകള്‍ കെസിയയും അവിടെയുണ്ട്‌. ഒരു മകനുണ്ട്‌ -രോഹന്‍. അവന്‍ ചങ്ങനാശേരിയില്‍ പഠിക്കുകയാണ്‌.''

ബഹറിന്‍കാര്‍ പരസ്‌പരം സംസാരിക്കുന്നതിന്റെ ഫോട്ടോയെടുക്കണമെന്നുണ്ടായിരുന്നു. അപ്പോഴേക്കും വള്ളം വന്നു, അവര്‍ അക്കരയ്‌ക്കു പോയി.

ബെന്യാമിന്‍ വെളുത്ത `സ്വിഫ്‌റ്റ്‌' ഓടിച്ച്‌ ഞങ്ങളെ മാന്തളിര്‍ പള്ളിയും മത്സരിച്ചു പണിത മറ്റ്‌ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ പള്ളികളും കാണിച്ചു. സഭാവഴക്കിന്റെ കോമഡി `അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍' എന്ന പേരില്‍ നോവലാക്കിയത്‌ മാധ്യമം വാരികയിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്‌.

``അതു പുസ്‌തകമാക്കാനാണ്‌ ഞങ്ങള്‍ ആദ്യം ചോദിച്ചത്‌'' -ഗ്രീന്‍ ബുക്ക്‌സിന്റെ തൃശൂര്‍ അയ്യന്തോളിലെ ഹെഡ്‌ ഓഫീസിലിരുന്ന എം.ഡി. കൃഷ്‌ണദാസ്‌ എന്നോടു പറഞ്ഞു. ``അത്‌ ഡി.സി.ക്കു കൊടുത്തുപോയി. പകരം, അവര്‍ റിജക്‌ട്‌ ചെയ്‌ത ഒരു നോവല്‍ തരാം'' -ബെന്യാമിന്‍ പറഞ്ഞു. അതായിരുന്നു `ആടുജീവിതം'.

``ഞാനതിന്റെ കൈയെഴുത്തുപ്രതി ഒരു രാത്രികൊണ്ടു വായിച്ചുതീര്‍ത്തു. മണലാരണ്യത്തിന്റെ കൊടുങ്കാറ്റുകളും നെടുവീര്‍പ്പുകളും നിറഞ്ഞ കഥയുടെ അനന്തസാധ്യതകള്‍ ഓര്‍ത്ത്‌ എനിക്ക്‌ ഉറക്കംവന്നില്ല'' - അബുദാബിയിലെ ഹോങ്കോംഗ്‌ ബാങ്ക്‌ ഉദ്യോഗം മതിയാക്കി നാട്ടിലേക്കു മടങ്ങിയ ദാസ്‌ പറഞ്ഞു. 2008ല്‍ ആദ്യപ്രതി ഇറങ്ങി. അഞ്ചുവര്‍ഷംകൊണ്ട്‌ 65 എഡിഷനുകള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും പ്രതികള്‍ (65,000) വിറ്റഴിഞ്ഞ മലയാളത്തിലെ ആദ്യത്തെ കൃതിയാണ്‌ `ആടുജീവിതം'.

ഗ്രീന്‍ ബുക്ക്‌സ്‌ തുടങ്ങിയിട്ട്‌ പത്തു വര്‍ഷമായി. ഇതിനകം അഞ്ഞൂറു പുസ്‌തകങ്ങള്‍ ഇറക്കി. എല്ലാം നല്ല കൃതികള്‍. മാധവിക്കുട്ടിയുടെ `സുവര്‍ണകഥകള്‍' ആയിരുന്നു ആദ്യത്തേത്‌. എല്ലാം നന്നായി പോയി. പക്ഷേ, ഞങ്ങളെ രക്ഷപ്പെടുത്തിയതും ബെന്യാമിനെ തുണച്ചതും `ആടുജീവിതം' തന്നെ. ഒരുകോടി രൂപയുടെ വിറ്റുവരവ്‌. ബെന്യാമിന്‌ 20 ലക്ഷം രൂപ റോയല്‍റ്റി! `ദുബായിപ്പുഴ' ഉള്‍പ്പെടെയുള്ള ബെസ്റ്റ്‌ സെല്ലറുകളുടെ കര്‍ത്താവുകൂടിയായ ദാസ്‌ പറഞ്ഞു.

ബെന്യാമിന്‍ കുളനട ടൗണില്‍ സാഗര്‍ ഹോട്ടലിനു മുമ്പില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌തു. ``വരൂ, ഒരു ചായ കുടിക്കാം.'' ചായയ്‌ക്കൊപ്പം ചൂടുള്ള ഉഴുന്നുവടയും.

``കേരളത്തില്‍ ഏറ്റവും നല്ല മട്ടണ്‍ ബിരിയാണി കിട്ടുന്നത്‌ സാഗര്‍ ഹോട്ടലിലാണ്‌. അറിയില്ലേ?'' ഞാന്‍ ചോദിച്ചു.

``ഉവ്വോ? ഞാനിതുവരെ അറിഞ്ഞിട്ടില്ലല്ലോ.''

``ഇവിടല്ല, കോഴിക്കോട്ടെ സാഗര്‍ ഹോട്ടലില്‍!''

`ആടുജീവിതം' വായിച്ച ഒരു മുസ്ലിം ആരാധികയെ കാണാന്‍ കോഴിക്കോട്ടു പോയിട്ട്‌ ബെന്യാമിന്‍ മടങ്ങിവന്നതേയുള്ളൂ. പക്ഷേ, ബിരിയാണി കഴിക്കാന്‍ കഴിഞ്ഞില്ല.

തൃശൂരില്‍നിന്ന്‌ വേണാടില്‍ മടങ്ങുമ്പോഴുണ്ടായ ഒരനുഭവം ഞാന്‍ ബെന്യാമിനോടു പറഞ്ഞു: ട്രെയിന്‍ സൗത്തില്‍ നില്‍ക്കുമ്പോള്‍ ഇറങ്ങിപ്പോയ പെണ്‍കുട്ടി എന്റെ ജനാലയ്‌ക്കടുത്തു വന്നു ചോദിച്ചു: ``സാര്‍ ബെന്യാമിനാണോ? നല്ല സാമ്യം. എന്തൊക്കെയോ എഴുതുന്നതും കണ്ടല്ലോ...?''

``ഹെയ്‌ ഞാനല്ല. പക്ഷേ, ബെന്യാമിന്റെ ഒരു സുഹൃത്താണ്‌. അദ്ദേഹത്തെക്കുറിച്ച്‌ ഇതാ ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുന്നു'' - പാഡ്‌ ഉയര്‍ത്തി ഹെഡ്‌ലൈന്‍ കാണിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

ആള്‍ വിശ്വാസമില്ലാത്ത മട്ടില്‍ നടന്നകന്നു. വെല്‍ഫെയര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥയാണ്‌, ജയശ്രീ.

കഥ കേട്ട്‌ ബെന്യാമിന്‍ ചിരിച്ചു.
ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)ബന്യാമിനും ഒരു സ്വപ്‌നമുണ്ട്‌ - ഇതുവരെ ആരും എഴുതാത്ത അറബിക്കഥ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക