Image

മധുരമുള്ള ഓര്‍മ്മകള്‍ (ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഫോമാ ജനറല്‍ സെക്രട്ടറി)

Published on 10 September, 2013
മധുരമുള്ള ഓര്‍മ്മകള്‍ (ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഫോമാ ജനറല്‍ സെക്രട്ടറി)
ഒരിക്കല്‍ക്കൂടി പൊന്നോണം വരവായി.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും വലിയ ആഹ്ലാദത്തിന്റെ നാളുകളായിരുന്നു ബാല്യ കാലത്തെ ഓണം.

ഞങ്ങളുടെ നാട്ടില്‍ (കറ്റാനത്ത് -- മാവേലിക്കരക്കടുത്ത്) ഓണം ആഘോഷിക്കുന്നത് മതവും ജാതിയും മറന്നായിരുന്നു. ഒരുമിച്ച് അത്തം മുതല്‍ തിരുവോണം വരെ ആഘോഷത്തിമിര്‍പ്പ്. അയലത്തെ വീടുകളില്‍ \ിന്ന് ഓണത്തിന്റെ പലതരം പായസം, ഉപ്പേരി, മധുര പലഹാരങ്ങള്‍. അതിന്റെ രുചി ഇന്നും നാവില്‍!

'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു ഓണം ആഘോഷിച്ചിരുന്നത്. പുതിയ വസ്ത്രങ്ങളും, വിവിധ തരം പലഹാരങ്ങളും, സദ്യയും വള്ളംകളി ഉള്‍പ്പടെയുള്ള വിനോദങ്ങളുമായി ഓണം കെങ്കേമമാക്കും.

ഓണം വരുമ്പോള്‍ ഏറ്റവും ആഹ്ലാദം തരുന്ന കാര്യം പുതിയ വസ്ത്രം ലഭിക്കുന്നു എന്നതായിരുന്നു. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കയ്യില്‍ നിന്നും ലഭിക്കുന്ന ഓണക്കോടി.
ഒരാഴ്ച ലഭിക്കുന്ന ഓണാവധി, പൂക്കളം ഇടുക, തിരുവാതിരകളി, പുലികളി എന്നിവ കാണാന്‍ പോകുക, ഇലയിലുള്ള ഓണസദ്യ, പലതരത്തിലുള്ള വിഭവങ്ങള്‍; എല്ലാം ഇന്ന് ഗ്രുഹാതുരത്വം പകരുന്നു. ഏറ്റവും ഇഷ്ടം അടപ്രഥമനായിരുന്നു!

കറ്റാനം ഇന്നു പട്ടണമായി. അന്നു പുലികളിയുമൊക്കെ അരങ്ങേറിയ കവലയൊക്കെ ഇന്നു മാറിപ്പോയി. കൂറ്റന്‍ കെട്ടിടങ്ങളും വാഹനങ്ങളും പരിഷ്‌കാരവും. പഴയ തരം ഓണം ഓര്‍മ്മയില്‍ മാത്രമായി. ആഘോഷങ്ങളൊന്നും കാലാനുസ്രുതമായി മാറരുതെന്നു ശഠിക്കാനാവില്ലല്ലോ.

അമേരിക്കയിലെ ഓണാഘോഷങ്ങള്‍ നാട്ടിലേതിനെ കവച്ചു വെയ്ക്കുന്നതാണ്. വിവിധ സംഘടനകളും, ഇപ്പോള്‍ പള്ളികളും, അമ്പലങ്ങളും മത്സരിച്ചാണ് ഓണം ആഘോഷിക്കുന്നത്. വള്ളംകളി ഒഴികെയുള്ള നാട്ടിലുള്ള എല്ലാ കളികളും ഇലയില്‍ എല്ലാവിധ വിഭവങ്ങളും ചേര്‍ത്തുള്ള ഓണസദ്യയുമുണ്ട്. അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ വള്ളംകളിയും ഇപ്പോള്‍ നടന്നുവരുന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് മറ്റെന്തെങ്കിലുമൊരു കാര്യം കൂടി സംഘടനകള്‍ ഏറ്റെടുത്തു നടത്തിയാല്‍ നന്നായിരിക്കും. എതെങ്കിലുമൊരു ചാരിറ്റി പ്രവര്‍ത്തനമോ പുതുമയുള്ള മറ്റെന്തെങ്കിലുമോ ഒക്കെ ആകാം. ആഘോഷത്തിന്റെ മാറ്റു കൂട്ടാനും അതു നല്ലതു തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക