Image

അമേരിക്കയോ കമ്യൂണിസ്റ്റു പാര്‍ട്ടിയോ ഭീകരര്‍?

ബിനോയി സെബാസ്റ്റ്യന്‍ Published on 13 October, 2011
അമേരിക്കയോ കമ്യൂണിസ്റ്റു പാര്‍ട്ടിയോ ഭീകരര്‍?
ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു (മാര്‍ക്‌സിസ്റ്റ്‌) പാര്‍ട്ടിയുടെ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയും പോളിറ്റു ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ അമേരിക്കയ്‌ക്കെതിരെ നടത്തിയ ഒരു പ്രസ്‌താവന ഇവിടെ വിമര്‍ശനം അര്‍ഹിക്കുന്നു. ഒബാമ സര്‍ക്കാരും ഇതിനു മുമ്പു അധികാരത്തിലിരുന്ന ബുഷിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുമെല്ലാം നടപ്പിലാക്കിയ പദ്ധതികളോടും അന്തര്‍ദേശീയ നയങ്ങളോടും പുര്‍ണ്ണമായി യോജിച്ചു കൊണ്ടല്ല ഇതെഴുതുന്നത്‌. സാമ്പത്തികസ്വാതന്ത്ര്യത്തിലധിഷ്‌ഠിതമായ വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ്‌ ജനാധിപത്യത്തിലെ ഓരോ വ്യക്തിയുടെയും കടമ എന്നു കൂടി വിശ്വസിക്കുന്നതുകൊണ്ടാണ്‌ വിജയന്റെ പ്രസ്‌താവനയിലേക്കു വിരല്‍ ചൂണ്ടുന്നത്‌. അദേഹം പറഞ്ഞു ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്‌ട്രം അമേരിക്കയാണെന്ന്‌.

കണ്ണുരിലെ പിണറായി പാറപ്പുറത്തു നിന്നും പാര്‍ട്ടിയിലെ സമുന്നതനേതാവായ സഖാവ്‌ പി.കൃഷ്‌ണപിള്ള ഉള്‍പ്പെടെയുള്ളവരുടെ നേതൃത്തില്‍ ഇന്‍ഡ്യന്‍ കമ്യണിസ്റ്റു പാര്‍ട്ടി പിറവിയെടുത്തപ്പോള്‍ വിജയന്റെ പ്രായം എത്രയെന്ന്‌ തിരയേണ്ടിയിരിക്കുന്നു. കാര്‍ഷിക, സാംസ്‌ക്കാരിക, സാമൂഹിക, സാമുദായിക തൊഴില്‍ രംഗങ്ങളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നല്‍കിയ സംഭാവന വിസ്‌മരിക്കുവാനും ആദരിക്കാതിരിക്കുവാനും ആര്‍ക്കാണു കഴിയുക? ഉള്‍ക്കാമ്പും ഉള്‍ദര്‍ശനവുമുണ്ടായിരുന്ന, സംഘബലത്തിന്റെ അഹന്ത തൊടാതിരുന്ന, ദരിദ്രജതയ്‌ക്കായി സര്‍വ്വം സമര്‍പ്പിച്ചു പ്രവര്‍ത്തിച്ചിരുന്ന ആ പഴയ കമ്യൂണിസ്റ്റു പ്രസ്ഥാനം മരണമടഞ്ഞിട്ടു എത്രയോ വര്‍ഷങ്ങളായി എന്ന്‌ ആലോചിച്ചു പോവുകയാണ്‌! ഇന്നിപ്പോള്‍ അന്തര്‍ദേശീയ കോര്‍പ്പറേറ്റുകളെ സമുലം വിമര്‍ശിക്കുകയും അതിലും ഏകാധിപത്യകോര്‍പ്പറേറ്റുകളായി സ്വയം വാഴുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ കമ്യണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ സമീപകാലപ്രകടനങ്ങള്‍ ദരിദ്രജനതയ്‌ക്ക്‌ പ്രയോജനപ്രദമോ എന്നത്‌ ചിന്തനാര്‍ഹമല്ലേ?

മുന്നു ദശകത്തിലേറെയായി പശ്‌ചിമ ബംഗാള്‍ ഭരിച്ചുകൊണ്ടിരുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അവിടെ സ്വന്തം ഭരണവൈകല്യങ്ങള്‍ മുലം തിരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യമായപ്പോള്‍ അതിനും പോളിറ്റു ബ്യറോയിലുള്ളവര്‍ ഉള്‍പ്പെടെ പറഞ്ഞ കാരണം അമേരിക്ക പശ്‌ചിമബംഗാളില്‍ ഇടപെട്ടതുകൊണ്ടാണ്‌ പാര്‍ട്ടി അവിടെ പരാജയപ്പെട്ടതെന്ന്‌. അമേരിക്ക ഇടപെടാതെ തന്നെ സ്വയം നശിക്കുന്ന ഒരു പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മാറിയതിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുവാന്‍ ഇനിയും പോളിറ്റു ബ്യൂറോയ്‌ക്കും അതിന്റെ മറ്റു നേതാക്കള്‍ക്കും കഴിഞ്ഞിട്ടില്ല എന്നത്‌ ഖേദകരമാണ്‌. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോകരുത്‌. അവിടെ നിന്നും ഉണ്ണരുത്‌. അയാളുടെ വീടിന്റെ മുന്നില്‍ സ്റ്റേജ്‌ കെട്ടി ചീത്ത വിളിക്കുക. ഇതൊക്കെയാണോ ഇന്നു പാര്‍ട്ടിയുടെ അപ്രഖ്യാപിതനയരൂപരേഖകള്‍? കഷ്‌ടം!

ഒരു ദരിദ്രരാഷ്‌ട്രത്തിലെ ജനതയെ സമൃദ്ധിലേക്കു നയിക്കുമെന്നു പ്രഖ്യാപിച്ചു രാഷ്‌ട്രീയകളത്തിലേക്കിറങ്ങി നില്‍ക്കുന്നവര്‍ക്കു യോജിക്കുന്ന നയങ്ങളും വാക്കുകളുമാണോ ഈ വമ്പന്‍ നേതാക്കളുടെ നാവിന്‍ തുമ്പില്‍ നിന്നും അടര്‍ന്നു വീഴുന്നത്‌? ജനജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മേഖലകളെ ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ അധികാരത്തിനുവേണ്ടി ദാഹിച്ചു പരിഭ്രാന്തരായി നില്‍ക്കുന്ന ഒരു വിഭാഗം കമ്യൂണിസ്റ്റു നേതാക്കളാണോ ഇന്നുകളില്‍ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ നയിക്കുന്നത്‌? കേരള ജനതയ്‌ക്കു ഇവരെക്കെണ്ടെന്തു പ്രയോജനമെന്നു പാര്‍ട്ടി അണികള്‍പോലും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡോളറിന്റെ നിറത്തിനോ ദേശാന്തരസ്വാധീനത്തിനോ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ ഐത്തം കാണുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌. കേരളവ്യവസായികരംഗത്തേക്കു അമേരിക്കന്‍ വ്യവസായസംരംഭകരെ രാഷ്‌ട്രീയപഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ തിലകം ചാര്‍ത്തി അഭിവാദ്യം ചെയ്യുന്ന മാര്‍ക്‌സിസ്റ്റു നേതാക്കള്‍ അണികളുടെ വിചാരരഹിതവികാരത്തെ തൃപ്‌തിപ്പെടുത്തുവാന്‍ കാലഹരണപ്പെട്ട ബുര്‍ഷ്വാസി മുദ്രാവാക്യങ്ങളും ഭീകരരാഷ്‌ട്രമുറവിളിയും സാമ്രാജ്യത്വവാദവുമെക്കെ നിരത്തുന്നുണ്ടെങ്കിലും കാശുള്ളവന്റെ മുന്നില്‍ ഹരിശ്രീ വരച്ച്‌ സാഷ്‌ടാംഗം പ്രണമിക്കുന്ന ഇവരുടെ വരട്ടു തത്വശാസ്‌ത്രത്തെ രാഷ്‌ട്രീയതലത്തില്‍ തിരിച്ചറിയുവാനുള്ള പ്രാപ്‌തി നൂറുശതമാനം സാക്ഷരത്വമുള്ള കേരളത്തിലെ നാല്‍പ്പതു ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്കു ഇന്നും കഴിഞ്ഞിട്ടില്ല എന്നത്‌ ആപല്‍ക്കരമാണ്‌. കേരളത്തിന്റെ സമത്വവികസനത്തിനും വിഘാതമാണവരുടെ കാര്യപരിപാടി?

ചെറുപ്പത്തിന്റെ ഏതോ ഘട്ടത്തില്‍ കേട്ടറിഞ്ഞ രസം നിറഞ്ഞ ഒരു കഥയോടെ ഇതിവിടെ വിരമിപ്പിക്കുകയാണ്‌. കഥയിങ്ങനെ. ആനയുടെ തുമ്പിക്കൈയില്‍ ഒരറെുമ്പു കടിച്ചു. ആന തുമ്പിക്കൈയൊന്നു ചലിപ്പിച്ചു. ഇതേ സമയം യാദൃശ്‌ചികമായി ആനപ്പുറത്തിരുന്ന ഏലി ആനയോടു ചോദിച്ചു. ആനാമ്മേ.. ആനാമ്മേ നിനക്കു വേദനിക്കുണ്ടോയെന്ന്‌. പൂര്‍ണ്ണമാക്കാത്ത ഈ കഥയ്‌ക്കു സമം പോലുമല്ലല്ലോ ശ്രീ പിണറായി വിജയന്റെ അമേരിക്കയ്‌ക്കെതിരെയുള്ള ഭീകരവിരുദ്ധ പ്രസ്‌താവനകള്‍?

കേരളത്തിലെ ചെറിയ ഒരു വില്ലേജ്‌ ആഫീസിലെ, അല്ലെങ്കില്‍ ഒരു പഞ്ചായത്ത്‌ ആഫീസിലെ കൈക്കൂലിയും വ്യക്തിഗതസാമ്രാജ്യത്വവും നിറുത്തലാക്കുവാനും നിര്‍ദ്ധനരായ കേരള ഗ്രാമീണജനതയ്‌ക്കു സഹായം ആകുവാനും കഴിയാത്ത മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഏതവസ്ഥയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ സെക്രട്ടറി എന്ന നിലയില്‍ വിജയന്‍ മനസിലാക്കുക തന്നെ വേണം. എന്തിനാണ്‌ നമുക്കെത്തിപ്പെടുവാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ചു പറയുന്നത്‌? വാക്കുകള്‍ വെറുതെ ഉപയോഗിക്കുവാനുള്ളതല്ല എന്നും അദേഹം അറിയണം. സ്‌നേഹത്തോടെയാണിതു പറയുന്നത്‌ എന്നും അദേഹം മനസിലാക്കുമല്ലോ?

കണ്ണുരുണങ്ങാത്ത ഒരു ജനതയുടെ ഹൃദയത്തിലേക്കു കരുണയുടെ കടാക്ഷമേന്തി വന്ന പ്രിയ കമ്യൂണിസ്റ്റു ദര്‍ശനമേ എങ്ങിനെ നീ പരാജയപ്പെട്ടുപോയി?
അമേരിക്കയോ കമ്യൂണിസ്റ്റു പാര്‍ട്ടിയോ ഭീകരര്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക