Image

കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്കും ജാതിയുടെ അതിര്‍വരമ്പുകളോ?- ഷോളി കുമ്പിളുവേലി

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 12 September, 2013
കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്കും ജാതിയുടെ അതിര്‍വരമ്പുകളോ?- ഷോളി കുമ്പിളുവേലി
മനുഷ്യന്റെ മനസില്‍ നന്മയുണ്ടായിരുന്ന പണ്ട് കാലത്ത് ഓണാഘോഷങ്ങള്‍ക്ക് ഇതിലും കൂടുതല്‍ അര്‍ത്ഥവും മാനവികതയും ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് കേരളത്തിന്റെ ദേശീയോത്സവമായ ഓണം എല്ലാ മലയാളികളും ഒരു പോലെ ആഘോഷിക്കുന്നുണ്ടോ? അതോ സാംസ്‌കാരികതയുടെ ഔന്നത്യത്തില്‍ വിരാജിക്കുന്നു എന്നവകാശപ്പെടുന്ന നാം ഓണാഘോഷങ്ങളേയും ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളിട്ട് വേര്‍തിരിച്ചു തുടങ്ങിയോ?

എന്തു തന്നെയായാലും കേരളത്തില്‍ ഓണാഘോഷങ്ങളുടെ ആത്മാവ് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

സ്‌ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത്, ഓണാവധിക്ക് വീടിനടുത്തു മൈതാനത്ത് നാടന്‍ പന്തു കളിക്കുമ്പോള്‍, അതില്‍ ഹിന്ദു എത്ര പേര്‍, ക്രിസ്ത്യന്‍ എത്ര പേര്‍ അല്ലെങ്കില്‍ മുസ്‌ളീം എത്രയെന്ന് തരംതിരിവില്ലായിരുന്നു. അങ്ങനെയുള്ള ഒരു ചിന്തപോലും നമ്മുടെയൊന്നും മനസ്സില്‍ പോലും ഉണ്ടായിട്ടില്ല. കളിയുടെ ആവേശം മാത്രമായിരുന്നു മനസു നിറയെ!! ആവേശം മൂത്ത് ഉന്തും തള്ളുമൊക്കെ പലപ്പോഴും ഉണ്ടാകാറുമുണ്ട്. അതൊക്കെ ആരെങ്കിലും ഇടപ്പെട്ട് അപ്പോഴെ പറഞ്ഞു തീര്‍ക്കും.

ഇന്നോ? കളിക്കിടയില്‍ ആണെങ്കില്‍ക്കൂടിയും, ഒരു മതത്തില്‍പ്പെട്ടയാള്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട ആളിനെ ഒന്നും പിടിച്ചു തള്ളിയാല്‍? കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊരു വര്‍ഗീയ കലാപത്തിന്റെ തന്നെ തുടക്കമാകാം.

അത്തപ്പൂക്കളമിടാന്‍, പൂനുള്ളാന്‍ തൊടിയില്‍ കൂടെ നടന്നുവരുടെ ജാതി നമ്മുടെ തലമുറ അന്വേഷിച്ചിട്ടേയില്ല. കൂട്ടുകാരുടെ വീടുകളില്‍ പോയി അടപ്രഥമന്‍ കഴിച്ചപ്പോള്‍ മതം നമുക്ക് പ്രശ്‌നമേയായിരുന്നില്ല. ക്രിസ്തുമസിനു മത്സരിച്ച് പടക്കം പൊട്ടിച്ചിട്ട് കൂവുമ്പോള്‍, അതിലും ശബ്ദമുള്ള പടക്കം പൊട്ടിച്ചിട്ട് തിരിച്ചു കൂവുന്ന കൂട്ടുകാരന്റെ മതവിശ്വാസത്തെപ്പറ്റി ഞാന്‍ വ്യാകുലപ്പെട്ടിരുന്നില്ല.

മുസ്‌ളീം പള്ളിയിലെ ചന്ദനക്കുടത്തിന്, പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ രാത്രി മുഴുവന്‍ ആനയുടെ പുറകേ നടന്നപ്പോള്‍ എന്നെ ആരും തുറിച്ചും നോക്കിയിട്ടില്ല. എന്നാല്‍ നാം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും, ശാസ്ത്രപരമായും  മുന്നോട്ടു പോയിരിക്കുന്ന ഈ കാലഘട്ടത്തെ, പഴയ ആ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ സാംസ്‌ക്കാരികമായി നാം എത്ര അധഃപതിച്ചിരിക്കുന്നതായി മനസിലാക്കാന്‍ സാധിക്കും. നമ്മുടെ ഇടയില്‍ പരസ്പര സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും ഊഷ്മളതയില്‍ കുറവു വന്നിട്ടുണ്ടെന്നുള്ളത് സത്യമല്ലേ?

പണ്ട്, തല്ലിപൊളികളോട് കൂട്ടുകൂടരുതെന്നു മക്കളെ ഉപദേശിച്ചിരുന്ന മാതാപിതാക്കളുടെ സ്ഥാനത്ത്, കൂട്ടുകാര്‍ സ്വന്തം മതത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്ന ഡാഡീ-മമ്മികളായി നാം ഇന്ന് വളര്‍ന്നിരിക്കുന്നു. ചില മതാദ്ധ്യാപകര്‍ അത് കുട്ടികളുടെ മനസില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. മാനവികത പഠിക്കേണ്ട കുട്ടികള്‍ക്കുള്ള പാഠ്യ പദ്ധതി തെരഞ്ഞെടുക്കുന്നത് ജാതി-മത മേലാധികാരികളുടെ ഇച്ഛയനുസരിച്ചാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ വെറും നോക്കുകുത്തികള്‍ മാത്രം.

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് തുടങ്ങി മഹാന്മാരുടെ വാക്കുകള്‍ ഞാന്‍ പഠിപ്പിച്ചിരുന്ന സ്‌ക്കൂളിന്റെ ഭിത്തിയില്‍ പണ്ട് എഴുതിയിരുന്നു. ഇന്നാണെങ്കില്‍ അതു നടക്കുമോ? മതമില്ലാത്ത ജീവന്റെ കഥകഴിച്ചത് ഞാന്‍ കണ്ടതല്ലേ?

ആത്മീയതയുടെ കാലത്തിലും കേരളത്തില്‍ വലിയൊരു ഉണര്‍വ്വ് ഇപ്പോള്‍ കാണുന്നുണ്ട്. പക്ഷേ, സ്വന്തം അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ ആത്മീയതക്കെന്തു പ്രസക്തിയാണുള്ളത്? നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കാന്‍ കഴിയുമ്പോഴാണ്, നാട്ടില്‍ സാഹോദര്യവും, ഐശ്വര്യവും ഉണ്ടാകുന്നത്. അപ്പോള്‍ മാത്രമാണ് ഓണവും, ക്രിസ്തുമസും ബക്രീദുമൊക്കെ നമ്മുടേതായി മാറുന്നത്. മാവേലിക്ക് ജാതിയും മതവും ഇല്ല. അതുകൊണ്ട് ഓണത്തിന്, ജാതിയുടെ അതിര്‍വരമ്പുകള്‍ വേണ്ട!

പ്രവാസികളായ നമ്മളെ സംബദ്ധിച്ചിടത്തോളം കടന്നു പോകുന്ന ഓരോ ഓണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു പിടി നല്ല പഴയകാല ഓര്‍മ്മകള്‍ അയവിറക്കുന്നതിനുള്ള അവസരം കൂടിയാണ്. അതൊടൊപ്പം നമ്മുടെ മക്കള്‍ക്ക് പ്രൗഢമായ മലയാളത്തിന്റെ സംസ്‌കാരത്തിന്റെ നന്മകളാല്‍ സമൃദ്ധമായ നമ്മുടെ പൈതൃകത്തെ പരിചയപ്പെടുത്തി കൊടുക്കാനുള്ള സന്ദര്‍ഭം കൂടിയാണ് ഓണാഘോഷങ്ങള്‍.

അതുകൊണ്ടു തന്നെ ഓണാഘോഷങ്ങളുടെ ശോഭ കുറയാതെ തന്നെ ഈ മറുനാട്ടിലും ആഘോഷിക്കണം. നാട്ടില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മഹത്തായ നമ്മുടെ  സംസ്‌കൃതിയെ ഈ നാട്ടിലെങ്കിലും അവര്‍ കണ്ടുമനസിലാക്കട്ടെ. പരസ്പരം സ്‌നേഹിക്കുവാനും, ബഹുമാനിക്കുവാനും പഠിക്കട്ടെ. നമ്മുടെ നാട്ടിനു വേണ്ടിയും സംസ്‌കാരത്തിന്റെ നിലനില്‍പ്പിനും വേണ്ടിയും പരസ്പരം കൈകള്‍ കോര്‍ക്കട്ടെ! 

അങ്ങനെ നന്മയുടെ ഉറവ വറ്റാത്ത മനസുകള്‍ക്കുടമകളായി അവര്‍ തീരട്ടെ!

നല്ലൊരു ഓണം  എല്ലാവര്‍ക്കും നേരുന്നു.
ഷോളി കുമ്പിളുവേലി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക