Image

രാധാകൃഷ്ണപിള്ളക്ക് സ്ഥാനക്കയറ്റം നല്‍കിയത് ഇടതുസര്‍ക്കാര്‍: മുഖ്യമന്ത്രി

Published on 13 October, 2011
രാധാകൃഷ്ണപിള്ളക്ക് സ്ഥാനക്കയറ്റം നല്‍കിയത് ഇടതുസര്‍ക്കാര്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ എസ്.എഫ്.ഐ സമരത്തിനിടെ വെടിവെയ്പ് നടത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിളളയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത് മുന്‍ സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ വിജിലന്‍സ് കേസ് നിലനില്‍ക്കെയായിരുന്നു സ്ഥാനക്കയറ്റം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയില്‍ പെരുമാറാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പോലീസിലെ ക്രിമിനലുകളെ കണ്ടെത്താന്‍ എ.ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ പി.സി ജോര്‍ജിന്റെ പ്രസ്താവന നിയമസഭയില്‍ വാക്ക് തര്‍ക്കത്തിനിടയാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ പ്രേമചന്ദ്രനുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് രാധാകൃഷ്ണപിള്ളയെന്നായിരുന്നു പി.സി.ജോര്‍ജിന്റെ ആരോപണം. ഇതിനു തെളിവനല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ യാതൊരു ദു:സ്സൂചനയും ഇല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പിന്നീട് പി.സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ചു.

അതിനിടയില്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടിന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മരുന്നുല്‍പാദകരുമായി ഒക്ടോബര്‍ 20ന് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക