Image

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം നാല്)- റെജീഷ് രാജന്‍

റെജീഷ് രാജന്‍ Published on 13 September, 2013
ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം നാല്)- റെജീഷ് രാജന്‍
നാല്
'എത്ര ലിറ്റര്‍ സ്പിരിറ്റ് ഉണ്ടായിരുന്നു? ' 
'മുന്നൂറു, കാറിന്റെ ഡിക്കിയില്‍ ഇരുനൂറു, ഫ്രന്റ് സീറ്റ്, ബാക്ക് സീറ്റ്, ഇവയുടെ അടിയില്‍ അമ്പതു വീതം.'
സി. ഐ സുരേന്ദ്രന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. 'അപ്പോള്‍ വണ്ടി റെജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കം നമുക്ക് ലഭിച്ച ഇന്‍ഫര്‍മേഷന്‍ എല്ലാം നൂറു ശതമാനം കറക്റ്റ്. കൊള്ളാം, ഈ ഒറ്റിക്കൊടുക്കുന്നവര്‍ പൊതുവേ വളരെ സത്യസന്ധര്‍ ആയിരിക്കും. അതിരിക്കട്ടെ, വേറെ വല്ല തുമ്പും കിട്ടിയോ?' 
'ഒരു കുട കിട്ടിയിട്ടുണ്ട് സര്‍, ' എസ്. ഐ ഗോപകുമാര്‍ പറഞ്ഞു.
'എവിടെ നോക്കട്ടെ.' കുട പരിശോധിച്ച ശേഷം സുരേന്ദ്രന്‍ പറഞ്ഞു, 'കൊള്ളാം നല്ല കളര്‍. ഈ റോസ് കളര്‍ കുട ഞാന്‍ അങ്ങനെ അധികം കണ്ടിട്ടില്ല. '
'ഇത് കൊണ്ട് നമുക്ക് വല്ല പ്രയോജനം ഉണ്ടോ സര്‍?' ഗോപകുമാര്‍ ചോദിച്ചു.
'മഴ നനയാതിരിക്കും, അല്ലാതെ വേറെന്തു പ്രയോജനം? ' സുരേന്ദ്രന്‍ ചിരിച്ചു.
'അല്ല വല്ല തുമ്പോ വല്ലതും ? '
'ഇതില്‍ നിന്ന് എന്ത് തുമ്പ്  കിട്ടാന്‍ ? അത് പോട്ടെ, വണ്ടിയുടെ ഉടമസ്ഥനെ എത്രെയും പെട്ടെന്ന് നമുക്ക് ട്രെയിസ് ചെയ്യണം.
'അതിനു വണ്ടിക്കകത്തു ബുക്കും പേപ്പറും ഒന്നുമില്ല.'
'അത് പിന്നെ ഉണ്ടാവില്ല എന്ന് നമുക്കൂഹിച്ചുകൂടെ, വണ്ടി ഓടിച്ചവന്‍ അത് അപ്പഴേ എടുത്തു മുങ്ങി കാണും.
 'വണ്ടി നമ്പര്‍ വെച്ച് നമുക്ക് ഇന്റര്‍നെറ്റില്‍ ഒന്ന് സേര്‍ച്ച് ചെയ്യാം, കേരള സര്‍ക്കാറിനുള്ളത് പോലെ പോണ്ടിച്ചേരി സര്‍ക്കാറിനും വണ്ടി നമ്പര്‍ വെച്ച് ഉടമസ്ഥനെ ട്രെയിസ് ചെയ്യാന്‍ വെബ്‌സൈറ്റ് ഉണ്ടെന്നാ കേട്ടത്. '
'അങ്ങനെ നോക്കിക്കോ പക്ഷെ വലിയ പ്രോയോജനം ഉണ്ടാവും എന്ന് തോന്നുന്നില്ല. പോണ്ടിച്ചേരി റെജിസ്‌ട്രേഷന്‍ അല്ലെ, അഡ്രസ്സ് മിക്കവാറും ഫേക്ക് ആയിരിക്കും, ഇവന്മാരൊക്കെ ഉടായിപ്പിന്റെ ആശാന്മാരാ.'
'പത്രകാരെ വിവരം അറിയിക്കണ്ടെ ?'
'എന്തിന്, അതൊന്നും ഇപ്പോള്‍ വേണ്ട. എഫ്. ഐ. ആര്‍ പോലും ഇപ്പോള്‍ എഴുതാന്‍ നില്‍ക്കണ്ട. വരട്ടേ, നമുക്ക് കുറച്ചു നേരം വെയിറ്റ് ചെയ്യാം.'
'സാര്‍ എന്താണ് ഉദ്ദേശിക്കുന്നത്?'
'പരിഭ്രമിക്കേണ്ടെടോ, എന്റെ ഊഹം ശരിയാണെങ്കില്‍ നമ്മള്‍ അന്വേഷിക്കുന്ന ആള്‍ ആരാണോ, അവന്‍ നമ്മളെ ഇന്ന് വൈകുന്നേരത്തിനകം ഇങ്ങോട്ട് കോണ്ടാക്റ്റ് ചെയ്യും, ഐ ആം ഷുവര്‍.' 
നേരം അങ്ങനെ കടന്നു പോയി. സമയം ഏകദേശം ഒരു മൂന്നു മണി ആയപ്പോള്‍ സുരേന്ദ്രന്റെ മേശപ്പുറത്തുള്ള ടെലിഫോണ്‍ മുഴങ്ങി. ഫോണ് എടുത്തപ്പോള്‍ അങ്ങേ തലക്കല്‍ നിന്നും പതിഞ്ഞ മട്ടിലുള്ള സ്വരമാണ് സുരേന്ദ്രന്‍ കേട്ടത്.
'സി ഐ സുരേന്ദ്രന്‍?'
'യെസ് പറഞ്ഞോളു.'
'സാര്‍ ഇന്ന് കാലത്തൊരു കൊറോള കാര്‍ പിടിച്ചില്ലേ.'
'യെസ് അതിനു?'
'ഞാന്‍ അതിന്റെ ഉടമസ്ഥന് വേണ്ടിയാണ് സംസാരിക്കുന്നത്.'
'ഉടമസ്ഥന്റെ പേര് പറഞ്ഞില്ല. '
'അത് ഞാന്‍ പറയാം പക്ഷെ അതിനു മുമ്പ് സാര്‍ ഈ കേസ് എങ്ങനെ ആണ് ഡീല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നൊന്ന് അറിയാനായിരുന്നു.
'താന്‍ പേര് പറഞ്ഞാലും ഇല്ലെങ്കിലും ഞങ്ങള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആളെ പോക്കിയിരിക്കും. പിന്നെ ഞാന്‍ വിചാരിച്ചാല്‍ മിനിമം ഒരു നാല് കൊല്ലമെങ്കിലും പ്രതിയെ അകത്തിടാനും സാധിക്കും.'
'സാര്‍ ഒന്ന് മനസ്സ് വെച്ചാല്‍ ഇരു ചെവി അറിയാതെ നമുക്കീ പ്രശ്‌നം ഒതുക്കി തീര്‍ക്കാവുന്നതെയുള്ളൂ. സാറിനതേറെ ഗുണവും ചെയ്യും. സാറിന്റെ ആവശ്യം എന്താണോ അതങ്ങ് പറഞ്ഞാല്‍ മതി. ഞാന്‍ പറഞ്ഞു വരുന്നത് സാറിന് മനസ്സിലായി കാണുമല്ലോ അല്ലെ?'
'അതിനു ഞാന്‍ കൈക്കൂലി വാങ്ങുമെന്ന് തന്നോടാരാ പറഞ്ഞത്?'
'ആരും പറഞ്ഞതല്ല സര്‍, ഞാനൂഹിച്ചു പിന്നെ ഈ സംഭവം കഴിഞ്ഞു ഏകദേശം നാലഞ്ചു മണിക്കൂറായി ഇതുവരെ പത്രത്തിലോ ചാനലിലോ ഇതിനെക്കുറിച്ച് ഒരു വാര്‍ത്തയും വന്നു കണ്ടില്ല. സാറിനു ഞങ്ങളെ പൊക്കാന്‍ ആയിരുന്നു പ്ലാന്‍ എങ്കില്‍ ഈ ന്യൂസ് എപ്പോള്‍ പുറത്തായി എന്ന് ചോദിച്ചാല്‍ പോരേ?'
'അപ്പോള്‍ തനിക്കു ബുദ്ധിയുണ്ട്. ശരി എന്നാ കാര്യത്തിലേക്ക് വരാം. ഞാന്‍ കേസ് ചാര്‍ജ് ചെയ്യാതിരുന്നാല്‍ എനിക്കെന്താണ് അത് കൊണ്ടുള്ള ഗുണം?'
'കേസ് ചാര്‍ജ് ചെയ്യാതിരുന്നാല്‍ മാത്രം പോര സര്‍, ആ വണ്ടിയും ഞങ്ങള്‍ക്ക് വിട്ടു തരണം.'
'നോ നെവര്‍, വണ്ടി പോയി, അതിനി തിരിച്ചു കിട്ടുമെന്ന് സ്വപ്നം പോലും കാണണ്ട.'
'അങ്ങനെ പറയരുത് സര്‍. എന്റെ മുതലാളി വളരെ ഇഷ്ടപ്പെട്ടു വാങ്ങിച്ച വണ്ടിയാണ്. കഷ്ടിച്ച് നാല് മാസമേ ആയിട്ടുള്ളൂ ആ വണ്ടി പുറത്തിറക്കിയിട്ടു.'
'ഈ ജാതി ഉടായിപ്പ് പരിപാടിക്ക് ഇറങ്ങുന്നതിനു മുമ്പ് ഇതൊക്കെ ആലോചിക്കണ്ടേ?'
'സര്‍ വണ്ടി എന്തായാലും ഞങ്ങള്‍ക്ക് കിട്ടിയേ ഒക്കൂ. കേസില്‍ നിന്നും ഞങ്ങളെ ഊരി തരണം. സാര്‍ ഒരു തുക പറഞ്ഞാല്‍ മതി, നമുക്കിന്നു തന്നെ സെറ്റില്‍ ചെയ്യാം.'
'നിങ്ങള്‍ക്കെത്ര തരാന്‍ പറ്റും?'
'സാര്‍ എത്രയാ പ്രതീക്ഷിക്കുന്നത്? അത് പറ.'
'ഒന്നര, ഐ മീന്‍ ഒന്നര ലക്ഷം.'
'അതിത്തിരി കൂടുതലാണ് സര്‍.'
'താന്‍ അല്ലെ പറഞ്ഞത് ഞാന്‍ എത്ര ചോദിച്ചാലും തരുമെന്ന്.'
'അതെ, പക്ഷെ ഒന്നര കൂടുതലാ. സര്‍, ഒരു ലക്ഷം ആണെങ്കില്‍ ഇപ്പോള്‍ തന്നെ റെഡി കാശ് ആയി കയ്യിലുണ്ട്. ഇപ്പോള്‍ തന്നെ ഡെലിവര്‍ ചെയ്യാം.'
ഒന്നാലോചിച്ച ശേഷം സുരേന്ദ്രന പറഞ്ഞു. 'ഉം, ശരി സമ്മതിച്ചു.'
'അപ്പോള്‍ സ്ഥലം? സമയം? കാശ് ഇപ്പോള്‍ തന്നെ സ്‌റ്റേഷനില്‍ വന്നു ഞങ്ങള്‍ ഡെലിവര്‍ ചെയ്യട്ടെ? എന്നിട്ട് അന്നേരം തന്നെ വണ്ടിയുമായി ഞങ്ങള്‍ സ്ഥലം വിട്ടോളാം.'
'വേണ്ട സ്‌റ്റേഷനില്‍ വെച്ച് വേണ്ട.' ഇത് പറഞ്ഞു തീര്‍ക്കുന്നതിന്റെ ഇടയില്‍ സുരേന്ദ്രന്റെ മൊബൈല്‍ റിംഗ് ചെയ്തു, ഭാര്യ രാധികയുടെ കാള്‍ ആണ്.
'നിങ്ങള്‍ ഒരു കാര്യം ചെയ്യ്, ഒരു പത്തു മിനിട്ട് കഴിഞ്ഞു ഈ നമ്പറിലേക്ക് ഒന്നൂടി വിളി, സ്ഥലം സമയം ഞാന്‍ അപ്പോള്‍ പറയാം.' ഇതും പറഞ്ഞു ലാന്‍ഡ് ഫോണ്‍ കട്ട് ചെയ്തു സുരേന്ദ്രന്‍ മൊബൈല്‍ അറ്റന്‍ഡ് ചെയ്തു.
'അതേയ് ഏട്ടനിപ്പോള്‍ ഫ്രീ ആണെങ്കില്‍ ഒന്നിങ്ങോട്ടു വരാന്‍ പറ്റുമോ? ഞാന്‍ ഇവിടെ ആലുക്കാസില്‍ നില്‍പ്പുണ്ട്. കൂടെ ജ്യോതിയും. ഞാന്‍ കുറച്ചു സ്വര്‍ണം വാങ്ങിച്ചു. അതിന്റെ ബില്‍ ഒന്ന് സെറ്റില്‍ ചെയ്യണം.'
'നീ സാരി വാങ്ങാന്‍ എന്നും പറഞ്ഞല്ലേ കാലത്ത് വീട്ടില്‍ നിന്നിറങ്ങിയത്? അതിനിടയ്ക്ക് നീ സ്വര്‍ണകടയിലും കയറിയോ?' സുരേന്ദ്രന ലേശം നീരസത്തോടെ ചോദിച്ചു.'
'അത് പിന്നെ ഏട്ടാ, അങ്ങനെ പറ്റി പോയി. ഈ ജ്യോതിയാ എല്ലാത്തിനും കാരണം. അടുത്താഴ്ച മാലതിയുടെ മോളുടെ കല്യാണത്തിന് ഇടാന്‍ വേണ്ടി ഞങ്ങള്‍ രണ്ടു സാരി മേടിച്ചു. അത് സെലക്റ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ അവള്‍ക്കൊരു പൂതി, തൊട്ടപ്പുറത്തെ സ്വര്‍ണ കടയിലൊന്നു കയറി ഒരു മാല കൂടി നോക്കാമെന്ന്. അങ്ങനെ അവിടെ കയറിയപ്പോള്‍ കുറേ പുതിയ ഡിസൈന്‍ ആഭരണങ്ങള്‍ കണ്ടു, അറേബ്യന്‍ ഫാഷന്‍ ആണത്രെ. എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. ജ്യോതി സെലക്റ്റ് ചെയ്ത അതേ ടൈപ്പ് മാലയാ ഞാനും സെലക്റ്റ് ചെയ്തത്. മുമ്പെങ്ങും കണ്ടിട്ടില്ലാത്തൊരു പുതിയ ഡിസൈന്‍. വായില്‍ വരാത്ത എന്തോ പേര് പറഞ്ഞു. എടീ ജ്യോതി, ആ ഡിസൈനിന്റെ പേരെന്താണെന്നാ പറഞ്ഞെ?'
'വേണ്ട വേണ്ട, നീയിപ്പോള്‍ പേരൊന്നും തപ്പി പിടിച്ചോണ്ട് വരണ്ട. ബില്‍ എല്ലാം കൂടി എത്രയായി അത് പറ.' സുരേന്ദ്രന്‍ ചോദിച്ചു.
 'ബില്‍ എല്ലാം കൂടി ഇപ്പോള്‍ ഒരു നാല്‍പ്പത്തി അയ്യായിരം അടുപ്പിച്ചായിട്ടുണ്ട്. ഏട്ടന്‍ ഒന്നിങ്ങോട്ടു വന്നു അത് പേ ചെയ്യാമോ? എന്റെ കയ്യിലെ കാശൊക്കെ ആ സാരി വാങ്ങാന്‍ ചിലവായി.'
'ഒരു കാര്യം ചെയ്യ്, ആ കടയില്‍ നമ്മളെ സ്ഥിരം ഡീല്‍ ചെയ്യുന്ന ഒരു സ്റ്റാഫ് ഇല്ലേ രഘുറാം, അവന്‍ വന്നിട്ടുണ്ടോ?'
'ഉണ്ടല്ലോ, രഘുറാം ഇത്രേയും നേരം നമ്മുടെ കൂടെ തന്നെയായിരുന്നു. പുള്ളിയാ ബില്ലിന്റെ കാര്യം പറഞ്ഞെ. അവന്‍ ആ കാശ് കൌണ്ടറിന്റെ അടുത്ത് നില്‍പ്പുണ്ട്.'
'നീയവന്റെ കയ്യിലൊന്നു ഫോണ്‍ കൊടുത്തേ.'
'ശരി'
 'എന്താ സര്‍' രഘുറാം ചോദിച്ചു.
'ബില്‍ എല്ലാം കൂടി എത്രയായി?'
'എല്ലാം കൂടി 44,657 ആയി'
'ഓക്കേ ഞാന്‍ അര മണിക്കൂറിനുള്ളില്‍ പേയ്‌മെന്റ് നടത്താനായി അങ്ങോട്ട് ആളെ വിടാം. അതിനു മുമ്പ് താന്‍ ഒരു കാര്യം ചെയ്യണം.'
'സര്‍ പറഞ്ഞോളു.'
'ഒരു അമ്പതിനായിരം രൂപ മറ്റൊരു പൊതിയിലൊ സഞ്ചിയിലൊ മാറ്റി വെക്കുക. തനിക്കു എന്റെ കൂടെ ജോലി ചെയ്യുന്ന എസ് ഐ ഗോപകുമാറിനെ അറിയില്ലേ?'
'അറിയാം'
'പുള്ളി അങ്ങോട്ട് അര മണിക്കൂറിനുള്ളില്‍ വരും. അവന്‍ കാറിലാണ് വരുന്നത്. പക്ഷെ പുള്ളി കടയുടെ അകത്തോട്ട് വരില്ല, പകരം കടയുടെ പാര്‍ക്കിംഗ് ഏരിയായില്‍ നില്ക്കും. അവിടെ വന്നു കഴിഞ്ഞാല്‍ അവന്‍ നിന്റെ നമ്പറില്‍ കോണ്ടാക്റ്റ് ചെയ്യും. അപ്പോള്‍ താന്‍ പിന്‍വശത്തെ വാതിലിലൂടെ പാര്‍ക്കിംഗ് ഏരിയായില്‍ ചെന്ന് ആ അമ്പതിനായിരത്തിന്റെ പൊതി പുള്ളിക്ക് ഡെലിവര്‍ ചെയ്യണം.'
'അയ്യോ സര്‍ അത്...'
'ഹാ പറയുന്നത് മുഴുവനും കേള്‍ക്കെടോ.' ഗോപകുമാര്‍ നിനക്ക് ആ കാറിന്റെ കീ തരും. ഏതാണ്ടാ സമയത്ത് തന്നെ നിങ്ങളെ കൌണ്ടറില്‍ ഒരാള്‍ വന്നു അന്വേഷിക്കും. സുരേന്ദ്രന്റെ ആളെന്ന് സ്വയം പരിചയപ്പെടുത്തും. പുള്ളി നിന്റെ കയ്യില്‍  ഒരു പൊതി തരും. അതിനകത്ത് ഒരു ലക്ഷം രൂപ ക്യാഷ് ഉണ്ടോ എന്ന് താന്‍ എണ്ണി ഉറപ്പു വരുത്തുക. ക്യാഷ് കറക്റ്റ് ആണെങ്കില്‍ ഗോപകുമാര്‍ തന്ന കാറിന്റെ കീ അവന്റെ കയ്യില്‍ കൊടുത്തേക്കുക. എല്ലാം മനസ്സിലായോ? സംശയം വല്ലതും?'
 'അല്ല ആ ഒരു ലക്ഷം രൂപ കൊണ്ട് മറ്റേ അമ്പതിനായിരത്തിന്റെയും പിന്നെ സാറിന്റെ ബില്ലും സെറ്റില്‍ ആവും. അത് കഴിച്ചു ബാക്കി അയ്യായിരത്തി ചില്വാനം രൂപയോ?'
'ഹാ അത് താന്‍ എടുത്തോടോ, തന്റെ കമ്മീഷന്‍. അതിനീ ഞാന്‍ പ്രത്യേകം പറയണോ?'
'താങ്ക് യു സര്‍'
'അപ്പോള്‍ ശരി താന്‍ വൈഫിന്റെ കയ്യിലൊന്നു കൊടുത്തെ.'
ഫോണ്‍ എടുത്തപ്പോള്‍ സുരേന്ദ്രന്‍ ചോദിച്ചു, 'അതേയ് നിന്റെ ഇന്നത്തെ പരിപാടി ഒക്കെ കഴിഞ്ഞില്ലേ? ഇനി വേറെ ഷോപ്പിംഗ് ഒന്നുമില്ലല്ലോ?'
'ഇല്ല, ഏട്ടന്‍ വരുന്നില്ലേ?'
'ഇല്ല, എനിക്കിവിടെ കുറച്ചു തിരക്കുണ്ട്. നീ ജ്യോതിയുടെ കാറില്‍ കയറി നേരെ വീട്ടിലേക്ക് വിട്ടോ. ബില്‍ ഞാന്‍ ഇവിടുന്നു ഒരാളെ വിട്ടു സെറ്റില്‍ ചെയ്യിച്ചോളാം. വേഗം വിട്ടോ. പിള്ളേരുടെ സ്‌കൂള്‍ ബസ് വരാന്‍ സമയമായി.'
'ശരി'
അഞ്ചു മിനിറ്റ് കഴിഞ്ഞു ലാന്‍ഡ് ഫോണിലേക്ക് അടുത്ത കാള്‍ വന്നു, ആദ്യ കാള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ കേട്ട അതേ പതിഞ്ഞ സ്വരം തന്നെ.
'സര്‍ അപ്പോള്‍ ഞാന്‍ എവിടെയാണ് വരേണ്ടത്?'
'താന്‍ ഒരു കാര്യം ചെയ്യ്, നേരെ ഹൈ കോര്‍ട്ടിനടുത്തുള്ള ആലുക്കാസ് ജുവല്ലറിയിലേക്ക് വിട്ടോ. ഇപ്പോള്‍ സമയം മൂന്നു മണി. ഷാര്‍പ്പ് നാല് മണി ആകുമ്പോള്‍ അവിടെ എത്തുക. അവിടെ ക്യാഷ് സെക്ഷനില്‍ വണ്‍ മിസ്റ്റര്‍ രഘുറാം, അവനെ കാണണം. അവനോടു താന്‍ സുരേന്ദ്രന്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞു സ്വയം പരിചയപ്പെടുക, എന്നിട്ട് ആ ഒരു ലക്ഷം രൂപ അവന്റെ കയ്യില്‍ കൊടുത്തേക്കു. ഒരു പത്തു മിനിട്ട് വെയിറ്റ് ചെയ്യേണ്ടി വന്നേക്കും. അവന്‍ ക്യാഷ് വെരിഫൈ ചെയ്തു കറക്റ്റ് ആണെങ്കില്‍ നിങ്ങള്ക്ക് കാറിന്റെ കീ തരും. കാര്‍ ആ ജുവല്ലറിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ ഉണ്ടാവും. നിങ്ങള്‍ക്ക് അത് ഓടിച്ചോണ്ട് പോകാം.'
'ഓക്കേ സര്‍ താങ്ക്‌സ്.'
ഫോണ്‍ താഴെ വെച്ച് സുരേന്ദ്രന്‍ ഗോപകുമാറിനെ വിളിച്ചു.
'ഗോപകുമാര്‍, താന്‍ ആ കൊറോള വണ്ടി എടുത്ത് നേരെ ഹൈ കോര്‍ട്ടിനടുത്തുള്ള  ആലുക്കാസ് ജുവല്ലറി വരെ ഒന്ന് പോകണം. രണ്ടു പ്രധാനപ്പെട്ട കാര്യം ഉണ്ട്. ഒന്ന്, യൂണിഫോം വേണ്ട മഫ്തിയില്‍ പോയാല്‍ മതി. രണ്ടു, ഒരു കാരണവശാലും താന്‍ കടയുടെ ഉള്ളില്‍ പ്രവേശിക്കരുത്. ആ കാര്‍ പാര്‍ക്കില്‍ തന്നെ വെയിറ്റ് ചെയ്താല്‍ മതി. കടയ്ക്കുള്ളിലെ സി സി ടി വി യില്‍ തന്റെ മോന്ത പതിഞ്ഞാല്‍ ചിലപ്പോള്‍ അത് പ്രശ്‌നമാകും. തനിക്കവിടത്തെ സ്റ്റാഫ് രഘുറാമിനെ പരിചയം ഉണ്ടോ?'
'ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട്.'
'ആ അവന്‍ നമ്മുടെ ആളാ. അവന്റെ മൊബൈല്‍ നമ്പര്‍ നിന്റെ കയ്യിലുണ്ടോ?'
'ഇല്ല'
'എന്നാല്‍ ഞാന്‍ ഇപ്പോള്‍ എഴുതി തരാം, താന്‍ അത് ഫീഡ് ചെയ്‌തൊ. അവിടെ എത്തിയ ശേഷം താന്‍ രഘുറാമിനെ കോണ്ടാക്റ്റ് ചെയ്തു അവനോടു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നിടത്ത് വരാന്‍ പറയണം. അവന്‍ നിന്റെ കയ്യില്‍ ഒരു പൊതി തരും. അതില്‍ അമ്പതിനായിരം തികച്ചും ഉണ്ടെങ്കില്‍ ആ കാറിന്റെ കീ അവനെ ഏല്പിക്കുക. എന്നിട്ട് ഒരു ബസ് പിടിച്ചു നേരെ ഇങ്ങോട്ട് പോന്നോ.'
'അല്ല സര്‍, നമ്മളിങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ട കാര്യമുണ്ടോ? അവനോടു നേരിട്ടിങ്ങോട്ടു വന്നു പൈസ തരാന്‍ പറഞ്ഞാല്‍ പോരെ?'

'താന്‍ സര്‍വിസില്‍ കയറിയിട്ട് എത്ര നാളായി?'
'അടുത്ത മാസം ഒരു കൊല്ലം തികയ്ക്കും.'

'അപ്പോള്‍ വെറുതെയല്ല ഓരോ മണ്ടന്‍ സംശയങ്ങള്‍ ചോദിക്കുന്നത്. എടൊ ആരെങ്കിലും നേരിട്ട് കൈക്കൂലി വാങ്ങുമോ? വല്ല വിജിലന്‍സുകാര് പൊടിയോ മറ്റോ വിതറിയ നോട്ടുകള്‍ ആണെങ്കിലോ? അല്ലേല്‍ വല്ല കള്ള നോട്ടാണ് ആ പഹയന്‍ നമുക്ക് തരുന്നതെങ്കിലോ? നമ്മളെന്തിനു വെറുതെ റിസ്‌ക് എടുക്കണം?'
'അത് ശരിയാ'

'ആ അപ്പോള്‍ താന്‍ വേഗം പോയേച്ചു വാ. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി.'
'ശരി സര്‍.'
ഏതാണ്ടൊരു മണിക്കൂറോളം സുരേന്ദ്രന്‍ സ്‌റ്റെഷനില്‍ ചിലവഴിച്ചു. സമയം അഞ്ചു മണി ആയപ്പോള്‍ തന്റെ ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കി ഗോപകുമാര്‍ തിരിച്ചെത്തി.
'അമ്പതിനായിരം രൂപ കറക്റ്റ് ആയിട്ടുണ്ടല്ലോ അല്ലെ?'
'ഉവ്വ് സര്‍'
'എങ്കില്‍ രൂപ താന്‍ ഒറ്റയ്ക്ക് വിഴുങ്ങാതെ നമ്മുടെ സ്‌റ്റെഷനില്‍ ഉള്ള എല്ലാവര്‍ക്കും ഒരു ഡീസെന്റ് വിഹിതം കൊടുത്തു സെറ്റില്‍ ചെയ്‌തേക്കു.'

'അപ്പോള്‍ സാറിനൊന്നും വേണ്ടേ?'
'എനിക്കുള്ള പങ്കു ഞാന്‍ നേരത്തെ തന്നെ വാങ്ങിച്ചെടുത്തു. ഇപ്പോള്‍ എങ്ങനെയുണ്ട്? ഈ വാര്‍ത്ത പത്രക്കാരെ അറിയിച്ചിരുന്നെങ്കില്‍ നമുക്ക് വല്ല മെച്ചവും കിട്ടുമായിരുന്നോ? കൂടി പോയാല്‍ ഒരു പതിനായിരം രൂപ ഇനാം സര്‍ക്കാരിന്റെ കയ്യില്‍ നിന്നും കിട്ടുമായിരിക്കും. അതും കുറഞ്ഞത് ആറു മാസമെങ്കിലും വെയിറ്റ് ചെയ്യണം ആ നക്കാപ്പിച്ച കിട്ടാന്‍. ഇതിപ്പോള്‍ ഒരു രണ്ടു മൂന്നു മണിക്കൂറിനുള്ളില്‍ നമ്മുടെ കയ്യില്‍ രൂപ അമ്പതിനായിരം വന്നത് കണ്ടോ?'

'അല്ല സര്‍ ഇപ്പഴും ഒരു സംശയം ബാക്കി. ആ വണ്ടിയില്‍ നിന്നും പിടിച്ച മുന്നൂറു ലിറ്റര്‍ സ്പിരിറ്റ് നമ്മള്‍ എന്ത് ചെയ്യും? അതെവിടുന്നു കിട്ടി എന്നാ ചോദ്യം വന്നാല്‍?'
'അതിനാണോ പ്രയാസം? മൂന്നു ദിവസം മുമ്പല്ലേ നമ്മള്‍ ഇതുപോലെ ഒരു ലോറിയില്‍ നിന്ന് രണ്ടായിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത്?'
'അതെ, അതിനു?'

'നമ്മള്‍ ആ കേസിന്റെ എഫ്.ഐ.ആര്‍ തിരുത്തുന്നു. കൂടുതല്‍ വിശദമായി പരിശോധിച്ചപ്പോള്‍. സീറ്റിന്റെ അടിയില്‍ മറ്റൊരു രഹസ്യ അറ കണ്ടെത്തി. അഥവാ ഇനി അറ ഇല്ലെങ്കില്‍ തന്നെ നമ്മള്‍ സീറ്റ് തുരന്നിട്ടാണെലും അറ ഉണ്ടാക്കുന്നു. ഈ മുന്നൂറു ലിറ്റര്‍ സ്പിരിറ്റ് നമ്മള്‍ ആ അറയില്‍ നിന്നും കണ്ടെത്തിയതാണ് എന്നെഴുതുന്നു. എന്താ പോരേ?'
'കൊള്ളാം നല്ല ഐഡിയ.'

'അപ്പോള്‍ ഞാന്‍ വീട്ടിലോട്ടു ചെല്ലട്ടെ. താന്‍ ഇവിടത്തെ കാര്യങ്ങള്‍ എല്ലാം നോക്കിക്കോണം. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം വിളിക്കുക ഓക്കേ?'
'ശരി സര്‍'
ദൌത്യം പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തോടെ സുരേന്ദ്രന്‍ തന്റെ വീട്ടിലേക്കു പ്രവേശിച്ചു. ആദ്യം ഭാര്യയുമായി ഇന്നത്തെ ഷോപ്പിംഗ് വിശേഷങ്ങളെ കുറിച്ച് ഒരു കുശലന്വേഷണം. പിന്നെ കുട്ടികളുടെ ഒപ്പമിരുന്നു അവരെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കല്‍. ഇതെല്ലാം കഴിഞ്ഞു മക്കളുടെ ഒപ്പം ഇരുന്നു ടീവീ കണ്ടു റിലാക്‌സ് ചെയ്ത് ഇരിക്കവെ, ആ റോസ് കളര്‍ കുട കയ്യില്‍ പിടിച്ചു രാധിക സുരേന്ദ്രന്റെ മുന്നില്‍ വന്നു നിന്നു. 

ശ്രദ്ധ മുഴുവനും ടീവിയില്‍ ആയതിനാല്‍ തന്റെ ഭാര്യ തന്നെ സംശയ ദൃഷ്ടിയോടെ നോക്കുന്ന വിവരം ആദ്യമൊന്നും സുരേന്ദ്രന്‍ അറിഞ്ഞില്ല. കൊറിച്ചോണ്ടിരുന്ന കപ്പലണ്ടി തീര്‍ന്നപ്പോള്‍ കൂടുതല്‍ എടുക്കാം എന്ന് കരുതി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് തന്റെ ഭാര്യ ഒരു പ്രതിയെ ചോദ്യം ചെയ്യാനെന്ന മട്ടില്‍ തന്നെ തുറിച്ചു നോക്കുന്ന കാര്യം സുരേന്ദ്രന്‍ ശ്രദ്ധിച്ചത്. 

നാട്ടിലും ഡിപ്പാര്‍ട്ട്‌മെന്റിലും ഒക്കെ സാമാന്യം നല്ല പേരുള്ള ഒരു പോലീസ് ഓഫീസര്‍ ആണ് താന്‍. അതിനു പുറമേ 'മിന്നല്‍ സുരേന്ദ്രന്‍' എന്ന തന്റെ ഇരട്ടപ്പേര് കുറ്റവാളികളില്‍ പ്രത്യേകിച്ചും സ്പിരിറ്റ് കള്ളക്കടത്തുകാരില്‍ ഒരു ഭയം ഉളവാക്കിയിരുന്നു. സംഗതി ഇതൊക്കെ ആണെങ്കിലും സ്വന്തം വീട്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ സുരേന്ദ്രന്‍ ബി. പി (അഥവാ ഭാര്യയെ പേടി) എന്നാ രോഗം പിടി കൂടും. അത് കൊണ്ട് തന്നെ തന്റെ ഭാര്യയുടെ ആ ദഹിപ്പിക്കുന്ന നോട്ടം കണ്ടു മിന്നല്‍ സുരേന്ദ്രന് ബി. പി സുരേന്ദ്രന്‍ ആയി പരിണമിക്കാന്‍ അധികം താമസം വേണ്ടി വന്നില്ല.
'എന്താ രാധികേ പ്രശ്‌നം വല്ലതും?'

'ഇതാരാ ഈ രേണുക?'

'രേണുകയോ, ഏത് രേണുക?'
'ദേ എന്റെ മുന്നില്‍ ഒരു മാതിരി പൊട്ടന്‍ കളിക്കരുത്. മര്യാദക്ക് സത്യം പറഞ്ഞോ, ഇല്ലേല്‍ ഞാന്‍ പിള്ളേരേയും കൂട്ടി നാളെ രാവിലെ തന്നെ എന്റെ വീട്ടിലോട്ടു പോകും. '
'നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. '
'ഈ കുട നിങ്ങള്‍ക്കെവിടുന്നു കിട്ടി?'

'ഓ അതാണോ, അതിന്നു രാവിലെ ഞങ്ങള്‍ക്കൊരു ഓപറേഷന്‍ ഉണ്ടായിരുന്നു. സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച ഒരു കാര്‍ ഞങ്ങള്‍ പൊക്കി. ഈ കുട അതില്‍ നിന്നും കളഞ്ഞു കിട്ടിയതാ.'
'ഈ നുണ ഞാന്‍ വിശ്വസിക്കണം അല്ലെ. ഇതാരാ നിങ്ങള്‍ക്ക് പ്രെസെന്റ് ആയി തന്നത്.?'
'ആരും പ്രെസെന്റ് ആയി തന്നതല്ല, ഈ കുട ആ കാറില്‍ കിടപ്പുണ്ടായിരുന്നു. കാര്‍ ഓടിച്ച െ്രെഡവര്‍ മറന്നു വെച്ചതാവും.'

'ഓ െ്രെഡവറിന്റെ പേര് രേണുക എന്നായിരിക്കും.' രാധിക പരിഹാസത്തോടെ ചോദിച്ചു.
'നീ ഏതു രേണുകയുടെ കാര്യമാ ഈ പറഞ്ഞോണ്ടു വരുന്നത്?'
പെട്ടെന്ന് അരിശം പൂണ്ടു രാധിക കുട നിവര്‍ത്തി കുടയുടെ അടിയില്‍ എഴുതി ചേര്‍ത്ത എംബ്രൊയിടറി വര്‍ക്ക് കാണിച്ചു കൊടുത്തു.

'കണ്ണ് തുറന്നു നോക്ക്. എഴുതി വെച്ചിരിക്കുന്നു. With lots of love, renuka.പോലും. ഇനി പറ ഈ രേണുക നിങ്ങളുടെ ആരായിട്ടു വരും?'

'എനിക്കൊരു രേണുകയേം അറിഞ്ഞു കൂടാ. ഞാന്‍ ഇതിപ്പഴാ കാണുന്നെ. ദയവായി വിശ്വസിക്കൂ.'
'നിങ്ങള്‍ക്ക് നാണമില്ലേ മനുഷ്യാ, രണ്ടു മക്കളുടെ അഛനായിട്ടു ഇങ്ങനെ പ്രേമിച്ചു നടക്കാന്‍?'
'നീ വെറുതെ ഇല്ലാത്ത ഓരോന്നും പറഞ്ഞുണ്ടാക്കരുത്. നീയെന്നെ കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റിലൊക്കെ അന്വേഷിച്ചു നോക്ക്, അപ്പോള്‍ മനസ്സിലാവും.'

'പിന്നെ ഒരു പകല്‍മാന്യന്‍, ഞാനിതിപ്പോള്‍ തന്നെ എന്റെ അച്ഛനെ വിളിച്ചു പറയും. നിങ്ങളെ അച്ഛന്‍ വെറുതെ വിടുമെന്ന് കരുതണ്ട.'

ഭാര്യ പിണങ്ങി പോയാലത്തെ ഭവിഷ്യത്തുകള്‍ എന്തൊക്കെ എന്ന് പെട്ടെന്ന് സുരേന്ദ്രന് ബോധം വന്നു. അമ്മായി അപ്പന്‍ മകളുടെ പെര്‍ക്കെഴുതി വെച്ചിട്ടുള്ള റബ്ബര്‍ എസ്‌റ്റേറ്റ്, തനിക്കു സ്ത്രീധനമായി തന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍, പിന്നെ തൃപ്പൂണിത്തറയില്‍ ഭാര്യയുടെ പേരിലുള്ള സ്‌റ്റെഷനറി കടയും, ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാണ്ടായാല്‍...ദൈവമേ ആലോചിക്കാന്‍ പോലും വയ്യ.

സുരേന്ദ്രന്‍ അവസാനത്തെ അടവെന്നുള്ള നിലയില്‍ രാധികയുടെ ശിരസ്സിനു മേലെ കൈ വെച്ച് കൊണ്ട് സത്യം ചെയ്തു.

'ഞാന്‍ അവസാനമായി പറയുകയാ. നീ ദയവു ചെയ്തു വിശ്വസിക്കണം. ഞാന്‍ കൈക്കൂലി വാങ്ങിച്ചിട്ടുണ്ട്, സര്‍ക്കാരിനെ ചതിച്ചിട്ടുണ്ട്, സമൂഹത്തെ വഞ്ചിച്ചിട്ടുണ്ട്, ഇതൊക്കെ ശരിയാ. പക്ഷെ നിന്നെ ഞാന്‍ ഒരിക്കലും വഞ്ചിച്ചിട്ടില്ല, വഞ്ചിക്കുകയുമില്ല. നീയാണെ നമ്മുടെ രണ്ടു മക്കളാണെ, ഇത് സത്യം.'

രാധിക സുരേന്ദ്രന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.

'നീ തന്നെ ഒന്നാലോചിച്ചു നോക്ക്,' സുരേന്ദ്രന്‍ തുടര്‍ന്നു, 'ഇനി അഥവാ എനിക്കങ്ങനെ ഒരു കാമുകി ഉണ്ടെന്നു തന്നെ ഇരിക്കട്ടെ. ഇങ്ങനെ ഒരു പ്രെസെന്റ് ഞാന്‍ ഇത്ര ധൈര്യത്തോടെ വീട്ടിലേക്കു കൊണ്ട് വരുമോ? അങ്ങനെ ചെയ്താല്‍ നീ കള്ളത്തരം കണ്ടു പിടിക്കും എന്നെനിക്കൂഹിച്ചു കൂടെ? ഞാന്‍ എന്താ അത്ര കോമണ്‍സെന്‍സ് ഇല്ലാത്തവനാണോ?'

രാധിക ഒരു രണ്ടു നിമിഷം എന്തോ ആലോചനയില്‍ മുഴുകി. പിന്നെന്തോ ബോധ്യം വന്ന മട്ടില്‍ മൂളി.
'ശരി, അത്താഴം വിളമ്പി വെച്ചിട്ടുണ്ട്. വന്നു കഴിക്ക്.'

തുടര്‍ന്ന് മറ്റു അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഇല്ലാതെ ആ രാത്രി കടന്നു പോയി. പിറ്റേ ദിവസം പ്രാതല്‍ കഴിഞ്ഞു കൈ കഴുകി വന്നപ്പോള്‍ ടി വി യുടെ മണ്ടയ്ക്കിരിക്കുന്ന ആ റോസ് കളര്‍ കുട സുരേന്ദ്രന്‍ ശ്രദ്ധിച്ചു. തലേ ദിവസത്തെ സംഭവങ്ങളുടെ ഭീകര ദൃശ്യങ്ങള്‍ സുരേന്ദ്രന്റെ ഓര്‍മയില്‍ പെട്ടെന്ന് മിന്നി മാഞ്ഞു. എത്രെയും വേഗം ആ കുട ഇവിടെ നിന്നൊഴിവാക്കണം. സ്‌റ്റേഷനില്‍ കൊണ്ട് വെക്കാം, അവിടെ ആരെങ്കിലും അതെടുത്തു ഉപയോഗിച്ചോളും. ഭാര്യ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിയ ശേഷം സുരേന്ദ്രന്‍ വളരെ വേഗത്തില്‍ ആ കുട താന്‍ സ്‌റ്റെഷനിലേക്ക് പതിവ് പോലെ കൊണ്ട് പോകാറുള്ള ബാഗിനകത്തു വെച്ചു. ഭാര്യ എന്തെടുക്കുന്നു എന്നറിയാനായി ബെഡ്‌റൂമിലേക്ക് ചെന്നപ്പോള്‍ അവള്‍ ധിറുതിയില്‍ എവിടേക്കോ പോകാനായി അണിഞ്ഞൊരുങ്ങുന്നതാ കണ്ടത്.

'പിള്ളെരെന്തിയെ? അവരു റെഡിയായോ? സ്‌കൂള്‍ ബസ് വരാന്‍ സമയമായല്ലോ.'
'ഓ ഇന്നവരെ സ്‌കൂളില്‍ വിടുന്നില്ല,' രാധിക പറഞ്ഞു, 'രണ്ടു പേര്‍ക്കും ഇന്ന് രാവിലെ ടെമ്പറേച്ചര്‍ ആദ്യേ കൂടി. പിന്നെ വിട്ടു മാറാത്ത ചുമയും. ഞാന്‍ ഇതുങ്ങളെ ആ ഡോക്ടറിന്റെ അടുത്തേക്ക് കൊണ്ട് പോയി കാണിചേച്ച് വരാം . അത് കഴിഞ്ഞു എനിക്കാ ക്ലബ്ബിലേക്കും ഒന്ന് പോകണം. പതിനൊന്നു മണിക്ക് മുന്നേ എത്തണം. ഇന്ന് ആനിവേര്‍സറി മീറ്റിംഗ് ഉള്ളതാ. അടുത്ത മാസത്തെ വാര്‍ഷികാഘോഷത്തിനുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം.

പിന്നേ വലിയ മല മറിക്കുന്ന പണിയല്ലേ ആ ഒണക്ക ക്ലുബ്ബിലുള്ളത്. കൊറേ സൊസൈറ്റി ലേഡീസിന് ചീട്ടു കളിക്കാനും പരദൂഷണം പറയാനും വേണ്ടിയുള്ള സ്ഥലം, അല്ലാതെന്ത് തേങ്ങാ പിണ്ണാക്കാ ഇവള്‍ അവിടെ ചെന്നിട്ടങ്ങ് ഒലത്താന്‍ പോണത്.' ലേശം പുച്ഛത്തോടെ സുരേന്ദ്രന്‍ ഓര്‍ത്തു.
'ഒരു കാര്യം ചെയ്യ്, നീ ക്ലബ്ബിലേക്ക് വിട്ടോ. പിള്ളേരെ ഞാന്‍ കൊണ്ട് പൊയ്‌ക്കോളാം. എനിക്കിന്ന് സ്‌റ്റെഷനില്‍ ഉച്ചയായിട്ടു എത്തിയാലും മതി. ഇന്നങ്ങനെ പ്രത്യേകിച്ച് വലിയ പണിയൊന്നുമില്ല.'
'എന്നാല്‍ ശെരിയേട്ടാ, ഞാന്‍ ചെല്ലട്ടെ.'

രാധിക പോയി പത്തു മിനിട്ടിനുള്ളില്‍ തന്നെ സുരേന്ദ്രന്‍ പിള്ളേരെ ഡ്രസ്സ് ചെയ്തു ഒരുക്കി നിര്‍ത്തി. പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അപ്രതീക്ഷിതമായി മഴ തുടങ്ങി. മഴ നനയാതിരിക്കാന്‍ വേണ്ടി പെട്ടെന്ന് തന്നെ സുരേന്ദ്രന്‍ ബാഗില്‍ നിന്നും ആ റോസ് കളര്‍ കുട എടുത്തു നിവര്‍ത്തി പിള്ളേരെ വേഗം വണ്ടിയിലോട്ടു കയറ്റി ഇരുത്തി വണ്ടി ഓടിച്ചങ്ങു പോയി.

(തുടരും..)

ഒരു കുടയുടെ സഞ്ചാരം (നോവല്‍ : ഭാഗം നാല്)- റെജീഷ് രാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക