Image

ഓണത്തിന്‌ സര്‍ക്കാര്‍ കൊടുത്ത മോചനം! (ജോണ്‍ മാത്യു)

Published on 14 September, 2013
ഓണത്തിന്‌ സര്‍ക്കാര്‍ കൊടുത്ത മോചനം! (ജോണ്‍ മാത്യു)
ദേശത്തോടും സമൂഹത്തോടും ആചാരങ്ങളോടും ബന്ധപ്പെട്ടതെല്ലാം നമ്മുടെയൊക്കെ മനസ്സിനോടും ചേര്‍ന്നതാണ്‌. അറിഞ്ഞോ അറിയാതെയോ ഇതെല്ലാം വിശ്വാസങ്ങളുടെയും പുരാണകഥകളുടെയും ഭാഗവുമായിത്തീര്‍ന്നിരിക്കാം.

ഓണക്കാലത്ത്‌ സാധാരണ ചോദിക്കാറുണ്ട്‌ :

`നിങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ ഓണം എങ്ങനെയായിരുന്നു? അതേ, അമ്പതുകളിലെ ആഘോഷങ്ങള്‍ മാത്രമല്ല കേരളീയജീവിതംതന്നെ എങ്ങനെയായിരുന്നു?'

വിശാലമായ കുന്നിന്‍ ചെരിവുകളും താഴ്‌വരകളും, കാട്ടുചെടികളും കാട്ടുമരങ്ങളും, കാട്ടുപഴങ്ങളുമൊക്കെക്കൊണ്ട്‌ സമൃദ്ധമായിരുന്നു ഞങ്ങളുടെ നാട്ടിനപുറം. വേണമെങ്കില്‍ വരച്ച്‌ ചില്ലിട്ടുവെക്കാവുന്ന ചിത്രംപോലുള്ള ഗ്രാമീണഭംഗി. ഇന്നും അത്‌ ഓര്‍മ്മയില്‍ കൊണ്ടുനടക്കുന്നു.

പക്ഷേ, `ഓണം' എന്ന ഉത്സവം മതേതരമായിരുന്നെങ്കിലും പുരാണകഥകളും ചേര്‍ത്ത്‌ അത്‌ മനോഹരമാക്കിയതിനൊപ്പം വിശ്വാസങ്ങളുടെ സ്വാധീനവുമുണ്ടായി. രാജ്യത്തെ കാലാവസ്ഥ, വിളവെടുപ്പ്‌, ജീവിതരീതി മുതലായവയുമായും ഈ ആഘോഷങ്ങള്‍ ഇണങ്ങിച്ചേരുകയും ജന്മിത്വവ്യവസ്ഥിതി ഇത്‌ നിയന്ത്രിക്കുകയും ചെയ്‌തു.

സ്‌കൂള്‍കുട്ടികള്‍ക്ക്‌ അക്കാലത്ത്‌ ഓണപ്പരീക്ഷ ഒരു പരീക്ഷയേ ആയിരുന്നില്ല. സ്‌കൂള്‍വര്‍ഷത്തിന്റെ തുടക്കത്തിലെ മഴയും വെള്ളപ്പൊക്കവും അരിഷ്‌ടതകളുമെല്ലാം കഴിഞ്ഞ്‌ പേരിനൊരു പരീക്ഷ! അതൊന്ന്‌ തോറ്റാലും ജയിച്ചാലും അത്ര കാര്യമൊന്നുമല്ലതാനും.

തുടര്‍ന്ന്‌ വരുന്നത്‌ ഓണം, `മഴമാറിത്തെളിയുമ്പോള്‍ തിരുവോണം നമുക്കെല്ലാം' എന്ന്‌ പറഞ്ഞതുപോലെ, പക്ഷേ, അത്‌ ചിട്ടപ്പടി ആഘോഷിച്ചിരുന്നത്‌ ആഢ്യത്വപ്രകാരവും, മറ്റുള്ളവരുടെ ഓണം നിയന്ത്രിച്ചിരുന്നത്‌ സമൂഹത്തിലെ നിലയനുസരിച്ചും. എന്തായാലും ഊഞ്ഞാലും കളിത്തട്ടും സാര്‍വത്രികംതന്നെ.

മലബാറുമായിവന്നുചേര്‍ന്ന സമ്പര്‍ക്കം മറ്റൊരു തിരിച്ചറിവിന്‌ വഴിവെച്ചു. അവര്‍ ഓണത്തിനേക്കാള്‍ പ്രാധാന്യം കൊടുത്തിരുന്നത്‌ വിഷുവിനായിരുന്നെന്ന്‌. പടക്കംപൊട്ടിച്ചുള്ള ആഘോഷം! ഭാരതത്തിന്റെ പുതുവര്‍ഷമാണല്ലോ വിഷു, തിരുവിതാംകൂറിന്റേത്‌ ചിങ്ങവും.

ഇപ്പറഞ്ഞതൊക്കെ ദേശത്തിന്റെയും വ്യത്യസ്‌ത വിഭാഗങ്ങളുടെയും ധാരണകളും ആചാരങ്ങളും. ഇതിനോടൊത്ത്‌ ചിന്തിക്കേണ്ട മറ്റൊരു വസ്‌തുതയാണ്‌ ആഘോഷങ്ങള്‍ നിര്‍വചിച്ചിരുന്ന ഒരു മേലാള വര്‍ഗ്ഗത്തിന്റെ കഥ. അത്‌ ജന്മിയും മുതലാളിയും ബ്രാഹ്മണനുമൊക്കെയാവാം.

ആഘോഷങ്ങളുടെ മാനസികാവസ്ഥ എല്ലായിടത്തും ഒരുപോലെയാണ്‌. അമേരിക്കയില്‍ ആഘോഷങ്ങള്‍ ദേശീയമാണ്‌. ആ തിരിച്ചറിവാണ്‌ വീടിനു മുന്നില്‍ ഒരു ദേശീയപതാക തൂക്കിയിടുന്നത്‌. ഒരു `ബോസ്റ്റന്‍ ബ്രാഹ്മി'നാണ്‌ ഈ കര്‍മ്മത്തിന്‌ എന്നെ സഹായിച്ചത്‌. പേടിക്കേണ്ട, ഈ `ബ്രാഹ്മിന്‍' ഒരു പ്രയോഗം മാത്രം. ഇംഗ്ലണ്ടിനോടുചേര്‍ന്ന പ്രദേശങ്ങളില്‍നിന്ന്‌ ആദ്യകാത്ത്‌ കുടിയേറി, ഹാര്‍വാര്‍ഡ്‌ കലാശാലാപാരമ്പര്യമുള്ള, അമേരിക്കന്‍ സാംസ്‌ക്കാരികതയുടെ ഗുട്ടന്‍സ്‌ കക്ഷത്തില്‍വെച്ചുകൊണ്ടുനടക്കുന്ന ഒരു മാന്യന്‍ എന്നേ ഈ `ബോസ്റ്റന്‍ ബ്രാഹ്മിന്‍' പ്രയോഗത്തിന്‌ അര്‍ത്ഥമുള്ളൂ. അയാള്‍ പറഞ്ഞു: അമേരിക്കയിലെ ദേശീയത വിദേശികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന്‌. ആദ്യത്തെ പതിമൂന്ന്‌ സംസ്ഥാനങ്ങളുടേതാണ്‌ ആഘോഷങ്ങളെന്ന്‌, അവരാണ്‌ രാജ്യഭക്തി നിര്‍വചിക്കേണ്ടതെന്ന്‌.

ശരിയാണ്‌ നമ്മുടെ ജന്മിത്വസമൂഹവും മേല്‍വര്‍ഗ്ഗങ്ങളും ഇതേ കാഴ്‌ചപ്പാടിലാണ്‌ ഓണത്തെയും കണ്ടിരുന്നത്‌. അടിയാന്മാര്‍ക്ക്‌ സ്വന്തമായി ആഘോഷത്തിന്‌ അര്‍ഹതയില്ല. ജന്മിയുടെ മുന്നില്‍ `കാഴ്‌ച' അര്‍പ്പിച്ചിരിക്കണം. ആ `കാഴ്‌ച്ച'യില്‍ സംതൃപ്‌തനായി, ആ ആനന്ദത്തില്‍, ജന്മി നല്‌കുന്ന നെല്ല്‌, എണ്ണ, തേങ്ങ മുതലായവകൊണ്ടുവേണം അടിയാന്‍ ഓണം ആഘോഷിക്കാന്‍. എന്തൊരു ആശ്രിതവാത്സല്യം! മാതൃകാപരമെന്നല്ലേ ഇതിനെ പറയുക. അടിയാനും ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നുള്ളതിന്റെ വിളംബരം! അത്‌ ഇന്നലത്തെ കഥ!

കേരളപ്പിറവിക്കുശേഷം എന്തെല്ലാം സാമൂഹിക പരിഷ്‌ക്കാരങ്ങളാണ്‌ നടപ്പിലായത്‌. ഭൂമിയുടെ ഉടമസ്ഥതയിലും വിദ്യാഭ്യാസമേഖലയിലും മറ്റുമുണ്ടായ മാറ്റങ്ങള്‍ സമൂഹത്തെ കീഴ്‌മേല്‍ മറിച്ചു. ഇതിനിടെ, അത്ര സാമൂഹികപ്രാധാന്യമൊന്നുമില്ലാതെ ഓണം കേരളത്തിന്റെ ഉത്സവമായി പ്രഖ്യാപിക്കപ്പെട്ടത്‌ ഒരു സാധാരണ സര്‍ക്കാര്‍ ഉത്തരവുമാത്രമായി കരുതിയവര്‍ക്ക്‌ തെറ്റി.

ജന്മിത്വമനസ്സിന്റെ പിടിയില്‍നിന്നും സാമൂഹിക ജീവിതത്തെ മോചിപ്പിക്കുന്നതിനുള്ള പാരമ്പര്യത്തിന്റെ മുതുകത്ത്‌ കൊടുത്ത ചവിട്ടായിരുന്നു ആ ഉത്തരവ്‌. ഇനിയും `കാഴ്‌ച്ച'യുമായി അടിയാന്‍ ജന്മിയുടെ ഔദാര്യത്തിന്‌ കാത്തുനില്‌ക്കേണ്ടെന്ന്‌ ധ്വനി. ആരുടെയും ചിട്ടപ്പടിയുള്ള കുറിപ്പടികളും ആവശ്യമില്ല!

ശരിയാണ്‌, പാരമ്പര്യങ്ങളില്‍നിന്ന്‌ പലതിനെയും മോചിപ്പിച്ചു, എന്നാല്‍ ഇന്ന്‌, ഒരിക്കല്‍ മാറ്റപ്പെട്ട വ്യവസ്ഥിതിക്കുപകരം, മറ്റെല്ലാ ഉത്സവങ്ങളുംപോലെ വാണിജ്യലോകത്തിന്റെ സമ്മര്‍ദ്ദമാണോ നമ്മെ കാത്തിരിക്കുന്നത്‌. ജന്മിത്വവ്യവസ്ഥിതി തങ്ങളുടെ നിലനില്‌പിന്‌ പുരാണകഥകളില്‍നിന്ന്‌ മെനഞ്ഞെടുത്ത ഉത്സവത്തെ നവമുതലാളിത്തം തോളിലേറ്റുന്നത്‌ ഇപ്പോള്‍ കേരളചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു. ഇവിടെയാണ്‌ മലയാളത്തിന്റെ ആ സുപ്രസിദ്ധമായ പഴഞ്ചൊല്ല്‌ ഓര്‍മ്മവരുന്നത്‌. `ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനെന്നും കുമ്പിളില്‍ക്കഞ്ഞി!'

`ഓണം' എന്നും കഴിഞ്ഞുപോയ, ഇനിയും മടങ്ങിവരുമെന്ന്‌ പ്രതീക്ഷിക്കുന്ന ഒരു നല്ലകാലത്തിന്റെ ഓര്‍മ്മയാണ്‌. എന്തായാലും ആ ഓര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്‌ കേരളത്തിന്‌ പുറത്ത്‌ ജീവിക്കുന്ന മലയാളികളും. അമേരിക്കയിലെ കുടിയേറ്റമലയാളികള്‍ മുഖ്യധാരയുമായി അലിഞ്ഞുചേര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നമ്മുടേതായ രീതികളും ആഘോഷങ്ങളും വരുംതലമുറകള്‍ക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്നുവെന്നത്‌ മറ്റൊരു ദുഃഖസത്യവും.

പതിവുപോലെ കേരളത്തില്‍ മഴയെല്ലാം മാറി വിളവെടുപ്പ്‌, ഇവിടെ നാമൊക്കെ മനോഹരമായ ശരത്‌ക്കാലത്തിന്റെയും ഉത്സവകാലത്തിന്റെയും പടിവാതിലില്‍ നില്‌ക്കുന്നു. ഈ സന്ദര്‍ഭത്തില്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടേതായ രീതിയില്‍ ഓണം ആഘോഷിക്കുമ്പോള്‍ നമുക്കും ആ സന്തോഷത്തില്‍ പങ്കുചേരാം.
ഓണത്തിന്‌ സര്‍ക്കാര്‍ കൊടുത്ത മോചനം! (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക