Image

ഇ-മലയാളിയുടെ ഓണപ്പൂക്കുടയ്‌ക്ക്‌ അഭിനന്ദനങ്ങള്‍!

മണ്ണിക്കരോട്ട്‌ Published on 14 September, 2013
ഇ-മലയാളിയുടെ ഓണപ്പൂക്കുടയ്‌ക്ക്‌ അഭിനന്ദനങ്ങള്‍!
ഇ-മലയാളിയുടെ ഓണാഘോഷത്തിന്റെ ഒരുക്കം തികച്ചും വ്യത്യസ്ഥമായി കാണുന്നു. ഓണത്തപ്പനെ വരവേല്‍ക്കാന്‍ പലവിധ ഒരുക്കങ്ങള്‍ കണ്ടിട്ടുണ്ട്‌. അത്തപ്പൂക്കളം, ഊഞ്ഞാല്‍, ഓണക്കോടി, ഓണസദ്യ, ഓണത്തല്ല്‌, ഓണക്കളി അങ്ങനെ ഒരുക്കങ്ങള്‍ ധാരാളം. അനുഗമിക്കാന്‍ ഓണക്കിളിയും ഓണത്തുമ്പിയും ഓണശലഭവുമൊക്കെ വേറെയും. എന്നാല്‍ അക്ഷരങ്ങള്‍കൊണ്ട്‌ പൂക്കുട തീര്‍ത്ത്‌ ഓണത്തപ്പനെ സ്വീകരിക്കുന്നത്‌ ഇത്‌ ആദ്യമായിട്ടാണെന്നു തോന്നുന്നു. ഒരു പ്രസിദ്ധീകരണത്തിന്‌ അതുതന്നെയാണെല്ലൊ കരണീയവും കമനീയവും.

ഈ പുത്തന്‍ സ്വീകരണം ഓണത്തപ്പനും വളരെ ഇഷ്ടപ്പെടുമെന്നുള്ളതിന്‌ സംശയമില്ല. കാരണം എത്രകാലമായി ഓണത്തപ്പന്‍ കാത്തിരിക്കുന്നതായിരിക്കും ഇത്തരമൊരു സ്വീകരണത്തിന്‌. ഒരു പക്ഷെ കല്‍പ്പാന്തകാലം മുതലുള്ള കാത്തിരുപ്പിനുശേഷമായിരിക്കും അതിയാന്‌ ഇത്തരത്തില്‍ സാഹിത്യത്തില്‍ തീര്‍ത്ത പൂമാലസ്വീകരണം ലഭിക്കുന്നത്‌. അതും അമേരിക്കയെന്ന മറുരാജ്യത്തുനിന്നും. ഓണക്കാലത്ത്‌ പലരും തന്നെപ്പറ്റി പലതും എഴുതുമെങ്കിലും അതെല്ലാംകൂടി ഒരു പെരിയ പൂക്കളമൊ സാഹിത്യമാലയൊയായി തീര്‍ത്ത്‌, അതുമണിഞ്ഞ്‌ പ്രജകളെ മുഖം കാണിക്കുന്നതിലുള്ള തലയെടുപ്പ്‌ ഒന്നു വേറെതന്നെ. അതിനിപ്പോള്‍ ഇ-മലയാളി കളമൊരുക്കിയിരിക്കുകയാണ്‌. ആ മാലയും ചാര്‍ത്തിയുള്ള ഓണത്തപ്പന്റെ നടത്തയുടെ ഗമ ഒന്നു ചിന്തിക്കാനെയുള്ളു. ഇ-മലയാളിയെ ഓണത്തപ്പന്‍ അനുഗ്രഹിക്കാതിരിക്കില്ല. തീര്‍ച്ച.

ഇ-മലയാളിയുടെ ഈ ആശയം അഗാധമയം. അതിന്‌ സംശയ ലേശമേയില്ല. അഭിനന്ദനങ്ങള്‍! അഭിവാദനങ്ങള്‍!!

അമേരിക്കയിലെ മിക്കവാറും എല്ലാം എഴുത്തുകാരുടെയും രചനകള്‍ ക്രോഡീകരിച്ച്‌ ഒരു സാഹിത്യമാല തീര്‍ക്കാന്‍ ഇ-മലയാളിയ്‌ക്കു കഴിഞ്ഞത്‌ ശ്ലാഘനീയം. വിവിധയിനം പൂക്കള്‍കൊണ്ട്‌ മനോജ്ഞമായ പൂക്കളം തീര്‍ക്കുന്നതുപോലെയാണ്‌ ഇവിടെ ഓണസാഹിത്യമാല തീര്‍ത്തിരിക്കുന്നത്‌. ലേഖനങ്ങള്‍, കവിതകള്‍, നര്‍മ്മം, പുരാണം എന്നുവേണ്ട എല്ലാ സാഹിത്യവിഭവങ്ങളും ആ അപൂര്‍വ്വ ഹാരത്തില്‍ ഖണ്ഡം ഖണ്ഡമായി ചേര്‍ത്തിട്ടുള്ളതും നന്നായി.

പെണ്‍കുട്ടികള്‍ താലപ്പൊലിയുമേന്തി ഓണത്തപ്പനെ സ്വീകരിക്കുന്നതുപോലെ ഇ-മലയാളിയ്‌ക്ക്‌ അക്ഷരമാലയുമായി ഓണത്തപ്പനെ സ്വീകരിക്കാം. ഇ-മലയാളിയ്‌ക്ക്‌ ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍!!!

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
ഇ-മലയാളിയുടെ ഓണപ്പൂക്കുടയ്‌ക്ക്‌ അഭിനന്ദനങ്ങള്‍!
Join WhatsApp News
Sudhir Panikkaveetil 2013-09-15 04:46:25
ഇ-മലയാളിക്ക് അഭിനന്ദനങ്ങൾ ! ശ്രീ മണ്ണിക്കരോട്ടിന്റെ
ഈ കുറിപ്പ് ഹ്രുദ്യവും മനോഹരവുമാണ്.
ഇ-മലയാളിക്കും ലേഖകനും  ഓണാശംസകൾ !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക