Image

ഉത്രാടരാവില്‍ (അനില്‍ ആറന്മുള)

Published on 15 September, 2013
ഉത്രാടരാവില്‍ (അനില്‍ ആറന്മുള)
ഓണം. ആരോ പറഞ്ഞതുപോലെ ഓര്‍മ്മയ്‌ക്കു പേരാണ്‌ ഓണം. ഗൃഹാതുരനായ മലയാളിയുടെ മനസില്‍ ഓണം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ഒരായിരം ആയിരിക്കും.

ഓരോ പ്രദേശങ്ങളിലും ജീവിക്കുന്നവരുടെ ഓണവും ആഘോഷവും ഒക്കെ വ്യത്യസ്‌തമായിരിക്കും. കേരളത്തില്‍ തൃശൂരും തൃക്കാക്കരയും തിരുവനന്തപുരത്തും ഓണവും അതിന്റെ ചമയങ്ങളും വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടുതന്നെ ആറന്മുളയില്‍ ജനിച്ചുവളര്‍ന്ന എന്റെ ഓണ ഓര്‍മ്മകളും വ്യത്യസ്‌തമാണ്‌.

ഞങ്ങള്‍ ആറന്മുളക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ക്ക്‌ ഉത്രാടരാവാണ്‌ ഏറെ പ്രിയങ്കരം. ആ രാത്രിയിലാണ്‌ വീട്ടില്‍ നിന്നും മറ്റുമുള്ള ബന്ധനങ്ങള്‍ക്ക്‌ അല്‍പം അയവ്‌ ലഭിക്കുക. അമ്മമാര്‍ തിരക്കിട്ട പണിയിലായിരിക്കുമ്പോള്‍ അച്ഛന്മാര്‍ ഓണസമ്മാനങ്ങള്‍ അടുപ്പിക്കാനും പിന്നെ പിറ്റേന്ന്‌ ക്ഷേത്രത്തിലെത്തുന്ന തിരുവോണ തോണിയെ വരവേല്‍ക്കാനുമുള്ള വള്ളംകളി സംഘടിപ്പിക്കാനുള്ള തിരക്കിലുമായിരിക്കും.

ഓണത്തിന്‌ മൂന്നോ നാലോ ദിവസം മുമ്പായിരിക്കും പള്ളിഓടങ്ങള്‍ എന്നറിയപ്പെടുന്ന കളിവള്ളങ്ങള്‍ നീറ്റില്‍ ഇറക്കുക. അങ്ങനെയുള്ള രണ്ടുമൂന്നു ദിവസങ്ങള്‍ യുവാക്കളെ പരിശീലിപ്പിക്കാനും ഒക്കെ വള്ളംകളി സംഘടിപ്പിക്കാറുണ്ടായിരുന്നു. സ്‌കൂള്‍ അവധിക്കാലമായകയാല്‍ ഉച്ചയ്‌ക്കുശേഷം വള്ളം തുഴയാന്‍ പോകുക സാധാരണമായിരുന്നു. വള്ളപ്പാട്ട്‌ പഠിക്കാനും ആ അവസരമാണ്‌ ലഭ്യമാകുക.

അന്ന്‌ താരതമ്യേന ചെറിയ കുട്ടികളും ആരോഗ്യം കുറവുള്ളവരും (അന്ന്‌ ആറന്മുളയില്‍ ബര്‍ഗര്‍ കിംഗോ, കെ.എഫ്‌.സിയോ, ഇറച്ചിക്കോഴി വില്‍പ്പന കേന്ദ്രങ്ങളോ ഇല്ല) ആയ ഞങ്ങളെ പലപ്പോഴും വള്ളത്തില്‍ കയറ്റിയിരുന്നില്ല. എങ്കിലും വള്ളത്തിലെ വെള്ളം കോരിക്കളഞ്ഞും നന്‍പുകള്‍ വള്ളപ്പുരയില്‍ നിന്ന്‌ എടുത്തുകൊണ്ടുവരുവാനും മറ്റും കരപ്രമാണികളായ കൊച്ചാട്ടന്‍മാരെ മണിയടിച്ച്‌ വള്ളത്തില്‍ കയറുക പതിവായിരുന്നു.

ഉത്രാടരാവില്‍ ഓണ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും മറ്റും അലഞ്ഞു നടക്കുന്ന ഞങ്ങള്‍ തിരുവോണ നാളില്‍ നേരത്തെ ഉണര്‍ന്ന്‌ നാലുമണിയാകുമ്പോഴേക്കും സത്രക്കടവില്‍ എത്തിയിരിക്കും. അവിടെ നിന്നാണ്‌ തിരുവോണത്തോണിയെ എതിരേല്‍ക്കാന്‍ വള്ളം പുറപ്പെടുക. പാട്ടുപാടി തുഴഞ്ഞും പിന്നെ വള്ളത്തിന്റെ അമരം പിടിക്കാന്‍ പരിശീലിക്കാന്‍ യാചിച്ചും ഒക്കെ സമയം പോകുമ്പോള്‍ അമ്പലകടവില്‍ ആയിരങ്ങള്‍ നിരന്നിട്ടുണ്ടാകും തോണിയെ വരവേല്‍ക്കാന്‍. ആറുമണിയാകുമ്പോഴേക്കും അനേകം വള്ളങ്ങളുടെ അകമ്പടിയോടെ പ്രൗഢഗംഭീരമായ ഗരുഡന്‍ തലയുള്ള തിരുവോണത്തോണി ക്ഷേത്രക്കടവില്‍ അടുക്കുകയായി. പിന്നെ പമ്പയാറ്റില്‍ മുങ്ങിക്കുളിച്ച്‌ നീന്തിത്തുടിച്ച്‌ ക്ഷേത്രദര്‍ശനവും കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോഴേക്കും ഓണവെയില്‍ പരക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടാവുകയുള്ളൂ.

ഓണനാളില്‍ നേരത്തെ ഊണുള്ളതുകാരണം രാവിലെ ഉപ്പേരിയും കളിയടയ്‌ക്കയും തിന്നു വിശപ്പകറ്റും. പിതിനൊന്നുമണിയോടെ ഇലയിട്ട്‌ വിളമ്പുന്ന ഓണസദ്യ.

ഊണു കഴിഞ്ഞാല്‍ പിന്നെ വീണ്ടും കൂട്ടുകാരും കൂടി ഓലപ്പന്തുകളി എല്ലാ ഓണത്തിനും ഉണ്ടായിരുന്നു. ഓണദിവസം വാഹനങ്ങള്‍ അധികമാല്ലത്തതിനാല്‍ പൊതുനിരത്തുകളിലാണ്‌ ഞങ്ങള്‍ കളിച്ചിരുന്നത്‌. എല്ലാ പ്രായത്തിലുള്ള കുട്ടികളും പങ്കുചേരും. `തോപ്പംഅടി' ആണ്‌ പലപ്പോഴും കളിക്കുക. ഇന്നത്തെപ്പോലെ ഓണപ്പടങ്ങള്‍ കാണാന്‍ ടിവിയോ, ചെറുപ്പക്കാരില്‍ മദ്യപാനശീലമോ ഇല്ലാതിരുന്നതുകൊണ്ട്‌ എല്ലാ കുട്ടികളും കളിയില്‍ പങ്കെടുക്കുകയും മുതിര്‍ന്നവര്‍ ചുറ്റുംകൂടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.

ആറന്മുളക്കാരുടെ രണ്ടാം ഓണമാണ്‌ ഓണത്തിന്റെ നാലാം ദിനമായ ഉത്രട്ടാതി. പ്രശസ്‌തമായ ആറന്മുള വള്ളംകളി ഉത്രട്ടാതി ദിവസമാണ്‌ നടക്കുന്നത്‌.

ഓണത്തേക്കാളും ഗംഭീരമായ ഒരുക്കങ്ങളും സദ്യവട്ടങ്ങളും ഒക്കെയാണ്‌ ഉത്രട്ടാതിക്ക്‌ എല്ലാ വീടുകളിലും. കാരണം വള്ളംകളി കാണാനും മറ്റും ധാരാളം ബന്ധുക്കള്‍ എത്തുക പതിവായിരുന്നു.

നേരത്തെ ഊണുകഴിഞ്ഞ്‌ എവിടെനിന്നെങ്കിലും ചെറുവള്ളം സംഘടിപ്പിച്ച്‌ കളിവള്ളങ്ങള്‍ക്കിടയിലൂടെയും ഇരുകരകളിലും തിങ്ങി ആര്‍ക്കുന്ന പുരുഷാരത്തിനു നടുവിലൂടെയും തുഴയുക എന്നത്‌ ഹരമുളവാക്കുന്ന ചെറുപ്പകാലം.

കാല്‍നൂറ്റാണ്ടിലേറെ നീളുന്ന പ്രവാസ ജീവിതത്തില്‍ ഓണക്കാലങ്ങളില്‍ തികട്ടി വരുന്ന മധുര സ്‌മരണകളുടെ കഴുത്തുഞെരിക്കുന്ന നൊമ്പരകാഴ്‌ചകള്‍ മനസില്‍ നിറയുന്നു.

മൃതയാകുന്ന പമ്പയും തരിശാകുന്ന എന്റെ ഗ്രാമവും....എല്ലാം മറന്ന്‌ വരവേല്‍ക്കാം ഈ ഓണത്തെക്കൂടി....
ഉത്രാടരാവില്‍ (അനില്‍ ആറന്മുള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക