Image

മാര്‍പാപ്പയും പൗരസ്ത്യ കാതോലിക്കയും തമ്മിലെ കൂടിക്കാഴ്ച: ഒരു വിശകലനം -(കോരസണ്‍ വര്‍ഗീസ്)

ഇ-മലയാളി എക്‌സ്‌ക്ലൂസീവ് Published on 13 September, 2013
മാര്‍പാപ്പയും പൗരസ്ത്യ കാതോലിക്കയും തമ്മിലെ കൂടിക്കാഴ്ച: ഒരു വിശകലനം -(കോരസണ്‍ വര്‍ഗീസ്)
പൗരസ്ത്യ  കാതോലിക്കയും,  മാര്‍പ്പാപ്പയും തമ്മില്‍ കൂടിക്കാണുന്നതിന് ചരിത്രപരമായ സാംഗത്യം ഉണ്ട്. പൗരാണിക അപ്പോസ്‌തോലിക പിന്‍തുടര്‍ച്ചയും പാരമ്പര്യവും സ്വയശീര്‍ഷകത്വമുള്ള രണ്ടു ക്രൈസ്തവ സഭാ തലവന്‍മാര്‍ തമ്മില്‍ വലിപ്പച്ചെറുപ്പമോ കാനോനിക അതിര്‍ വരമ്പുകളോ, കൂടാതെ ക്രിസ്തുവില്‍ ഒന്നാണെന്ന ദിവ്യ സന്ദേശം നല്‍കുവാന്‍ കഴിയുന്ന അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഒന്നായി വേണം ഇതിനെ വിലയിരുത്തുവാന്‍.

ക്രിസ്തുവിന്റെ സുവിശേഷ കിരണങ്ങള്‍ റോമില്‍ പതിക്കുന്നതിനു മുമ്പുതന്നെ ഭാരതത്തില്‍ ആഴത്തില്‍ പതിച്ചു എന്നതു വസ്തുതയാണ്. റോമന്‍ കൊളോണിയല്‍ ആധിപത്യം ലോകത്തിന്റെ വിവിധ കോണുകളില്‍ ചിറകു വിരിച്ച് ഇറങ്ങിയപ്പോഴും  ഭാരത്തിലെ ക്രൈസ്തവര്‍ സുറിയാനി പാരമ്പര്യത്തില്‍ നിമിശമായ ലളിത ആരാധനാശൈലിയുമായി നൂറ്റാണ്ടുകള്‍ നിലയുറപ്പിച്ചു. കൊളോണിയല്‍ വാണിജ്യ തന്ത്രങ്ങളില്‍ വിശ്വാസ വിതരണവും അടിസ്ഥാന നിലനില്‍പ്പിന്റെ ആധാരമായി എന്നത് റോമന്‍ സഭയുടെ പശ്ചാത്തലമാണ്. 15-#ാ#ം നൂറ്റാണ്ടുവരെ ഭാരതത്തില്‍ നിലനിന്ന ശീതളിമ നഷ്ടപ്പെട്ടു തുടങ്ങിയത് തെക്കേ ഇന്ത്യയില്‍ പോര്‍ത്തുഗീസ് കപ്പലുകള്‍ വന്നു തുടങ്ങിയത് മുതലാണ്. ഒരേ അപ്പത്തിന്റെ അവകാശികള്‍ എന്ന നിലയില്‍ സൗഹൃദത്തില്‍ ആരംഭിച്ച പൗരസ്ഥ്യ സുറിയാനി സമൂഹവും പാശ്ചാത്യ കാത്തോലിക്ക സമൂഹവുമായുള്ള ബന്ധം ആധിപത്യത്തിന്റെയും തിരസ്‌ക്കരണത്തിന്റെയും ചുഴലിയില്‍പ്പെട്ടു തീവ്രവിചാരണകള്‍ക്ക് വിധേയമായി. 1653 ലെ കൂനന്‍ കുരിശു സത്യപ്രതിജ്ഞയോടെ വിടപറഞ്ഞു. സീറോ റീത്ത് തുടങ്ങിയ സ്വതന്ത്ര അവകാശങ്ങള്‍ നല്‍കി ഭാരതീയ സഭയെ റോമന്‍ കുടക്കീഴില്‍ തുടരാന്‍ പ്രേരിപ്പിച്ചപ്പോഴും ഭാരതീയതയില്‍ ഉറച്ചുനിന്ന് സെന്റ് തോമസ് പാരമ്പര്യം കാത്തുസൂക്ഷിച്ചതാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടിസ്ഥാന തത്വം.

ഇതര ക്രൈസ്തവസഭകളുടെ ചിന്തകളെ വച്ചുനോക്കുമ്പോള്‍ വിശ്വാസങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും അടുപ്പങ്ങളാണു കൂടുതല്‍. ഒരു ആഗോളസഭ എന്ന നിലയില്‍ കത്തോലിക്ക സഭ വിശാല സംസ്‌കാരത്തിന്റെ അത്യത്ഭുതകരമായ വന്‍ മേളനമാണ്. വൈവിധ്യങ്ങള്‍  നിലനിര്‍ത്തുമ്പോള്‍ തന്നെ വ്യത്യസ്ഥ ചിന്തകള്‍, സംസ്‌ക്കാരങ്ങള്‍, ജാതികള്‍, ഭാഷകള്‍, വര്‍ണ്ണങ്ങള്‍ ഒന്നായി സമന്വയിപ്പിച്ച് ഒരു വിശ്വാസ കുടക്കീഴില്‍, അധികാര ശ്രേണിയില്‍ ബന്ധിപ്പിക്കാനാകുന്നത് വിസ്മയനീയമായ കാഴ്ചയാണ്. ഇരുപതോളം നൂറ്റാണ്ടുകള്‍ വിദേശ ആധിപത്യത്തില്‍ കീഴടങ്ങാതെ, വര്‍ണ്ണ-വര്‍ഗ്ഗ വേര്‍തിരിവില്‍ ചിതറാതെ, പുരോഗമന-നവീകരണനശ്രമങ്ങളില്‍ പതറാതെ, അധികാര മാത്സ്യരങ്ങളില്‍ തകരാതെ, തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെകൊണ്ടും നിലനിന്നു എന്നതാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠത.

1964 മുതല്‍ ഇരു സഭാ തലവന്മാരും തമ്മില്‍ നേരില്‍ കാണുകയും പരസ്പരം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരു സഭകള്‍ തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങളും നിരന്തര സംഭാഷണങ്ങളും തുടര്‍ന്നു പോകുന്നുമുണ്ട്. ഇത് പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കുവാനും ഉതകുന്നുണ്ട്. 1913 സെപ്റ്റംബര്‍ 5-#ാ#ം തീയതി പരി.ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയും പരി. ഫ്രാന്‍സിസ് പോപ്പും തമ്മില്‍ ഊഷ്മളമായ ബന്ധം പുതുക്കാനായത് അനിവാര്യമായിരുന്ന ഒരു ചരിത്ര വഴിത്തിരിവായി വിലയിരുത്തേണ്ടതാണ്. ലോകം എന്ന് പുതിയ വെല്ലുവിളികളെ നേരിടുമ്പോള്‍ ക്രിസ്തുസുവിശേഷത്തിന് ഒരു പ്രത്യയശാസ്ത്രത്തിന്റെ ലേബലിലല്ല, മറിച്ച് ആധുനീക ചിന്തകളെയും പുനര്‍ വായനകളെയും സമന്വയിപ്പിച്ചും, സമരസപ്പെടും, സമരം ചെയ്തും ലോകത്തിന് പുതിയ ഒരു ദര്‍ശനം നല്‍കാനാകുമെന്നും ശാശ്വത സമാധാനം നല്‍കാനാകുമെന്നും, പാശ്ചാത്യ ലോകത്തും പൗരസ്ഥ്യ ലോകത്തും മാറ്റങ്ങളുടെ ശംഖൊലി മുഴക്കാന്‍ ഇരു പിതാക്കന്മാര്‍ക്കും കഴിയും, എന്നു തന്നെ വിശ്വസിക്കാം.

ചുമതലകള്‍ ഏറ്റെടുത്തിട്ട് മാസങ്ങളെ ആയുള്ളൂ എങ്കിലും ലോകത്തിലും സ്വന്തം സഭയില്‍ തന്നെയും വലിയ മാറ്റങ്ങള്‍. ലോകം വരുത്താന്‍ കഴിയുന്ന വ്യക്തിയായിട്ട് പരി. ഫ്രാന്‍സിസ് പോപ്പിനെ, ഉറ്റുനോക്കുകയാണ്. ചേരിയിലെ ആര്‍ച്ചുബിഷപ്പിന് തെക്കേ അമേരിക്കയിലെ ഇല്ലായ്മയുടേയും, ചൂഷണത്തിന്റെയും ചൂടു നന്നായി അറിയാം. പൗരോഹിത്യത്തിന്റെ ഇരുണ്ട ഇടനാഴിയിലെ പാദസ്വരവും, സംവൃത സമൂഹമായ വിശ്വാസികളുടെ നിസ്സംഗതയും അദ്ദേഹത്തിന്റെ മനസ്സിലെ കനല്‍കൂട്ടമാണ്. സഭ എന്നും ദരിദ്രരോടും ചൂഷണ വിധേയരോടും, പാപികളോടും  ഒപ്പമായിരിക്കണം പ്രവൃത്തിക്കേണ്ടത്, വിവേചനങ്ങളോടും സാമൂഹിക അനീതിയോടും കൂടുതല്‍ ആത്മാര്‍ത്ഥയോടെ പ്രതികരിക്കേണ്ടിയിരിക്കുന്നു.

പുരോഹിതന്മാര്‍ അവരുടെ സര്‍വജ്ഞഭാവം (Clerical Culture) വെടിഞ്ഞ് തങ്ങളുടെ ആളുകളെ നന്നായി കരുതുന്നവരാകണം. തങ്ങള്‍ എല്ലാവരേക്കാളും മേന്മയുള്ളവരും വിശ്വസ്തന്മാരും ആണെന്ന  വരേണ്യ നിലപാട് അപകടരമായ അവസ്ഥയാണ് ഉളവാക്കുന്നത്. അതുപോലെ തന്നെയുള്ള കുറ്റകരമായ അനുധാവനമാണ്(Sinful Complacity) വിശ്വാസികളില്‍ നിന്നും ഉണ്ടാവുന്നത സ്വഭാവ വിശേഷം അവര്‍ പുരോഹിതന്മാരെ വളരെ ഉന്നത നിലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. വിമര്‍ശന രഹിതമായി എല്ലാം വിഴുങ്ങാന്‍ വിധിക്കപ്പെട്ടവരല്ല, വിശ്വാസികള്‍. സഭയുടെ ലൗകീക ലക്ഷ്യങ്ങള്‍ വെടിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഇന്നലെ വരെയുള്ള ശീലങ്ങള്‍ വെടിഞ്ഞ് പുതുക്കം പ്രാപിക്കേണ്ടോ സമയം അതിക്രമിച്ചിരിക്കുന്നു. സുസ്‌മേരവദനനായി, ആക്ഷോഭനായി ലോകം കേള്‍ക്കുമാറ് ഉച്ചത്തില്‍ പരി. പോപ്പ് സംസാരിക്കുമ്പോള്‍ ലോകം നിശ്ശബ്ദമായ കാതോര്‍ക്കയാണ്, മരുഭൂമിയിലെ ചാറ്റല്‍ മഴപോലെ.
പൈതൃകമായി കിട്ടിയ സ്ഥലത്ത് ഭവനങ്ങള്‍ പണിത് ഭവനരഹിതരെ കൊണ്ടു താമസിപ്പിച്ച പുതിയ പാരമ്പര്യമാണ് മലങ്കര സഭയുടെ പരി. കതോലിക്കാ ബാവ തുടക്കമിട്ടത്. ഗോത്രസംസ്‌കാരത്തിന്റെ ഒടുങ്ങാത്ത പോരാട്ടങ്ങളിലും വ്യവഹാരങ്ങളിലും അഭിരമിച്ചിരുന്ന ഒരു സമൂഹത്തെ നേര്‍ദിശയില്‍ നയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പരി. കാതോലിക്കബാവ ഏറ്റെടുത്തിരിക്കുന്നത്. മൗനത്തിലും ധ്യാനത്തിലും ദൈവീക ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് നിഷ്‌കളങ്കമായി മന്ദഹസ്സിക്കുകയും, ചടുലമായി ചിന്തിക്കയും ചെയ്യുന്ന മാര്‍ തോമാസ്ലീഹായുടെ പിന്‍ഗാമി സമാനതകളില്ലാത്ത വ്യക്തിത്വമാണ്. ജീവിക്കുന്ന സമൂഹത്തിലും ലോകത്തിന്റെ ഏതുകോണിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങള്‍ വീക്ഷിക്കുകയും തന്റേതായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം അതീവശ്രദ്ധ ചെലുത്താറുണ്ട്. എന്തിനോടും എങ്ങനെയും ഒത്തുപോകുന്ന രീതിവിട്ട് മാനുഷികതയില്‍ ചുവടുവച്ച്, സത്യത്തോടുള്ള തീവ്രമായ ആഭിമുഖ്യം പരി. പിതാവിന്റെ നിരന്തരമായ പ്രബോധനങ്ങളിലൂടെ വെളിച്ചം കാണുന്നുണ്ട്.
മലങ്കരയില്‍ വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മഹാപുരോഹിതസ്ഥാനത്തിന് അയോഗ്യത കല്‍പ്പിച്ചിരുന്ന നാളുകളും, വരേണ്യത കല്‍പ്പിച്ച് വിധേയം ഏറ്റുപറയേണ്ട കാലങ്ങളും വിസ്മൃതിയിലാക്കി, ഒരു ജനതയുടെ നൂറ്റാണ്ടുകളിലൂടെ തിളക്കപ്പെട്ടിരുന്ന അപശക്തതയെ വിമോചിപ്പിച്ച് പൈതൃക പാരമ്പര്യത്തെ തേജസുറ്റ പ്രകാശ ഗോപുരമാക്കാന്‍ പരി. പൗലോസ് ദ്വിതയന്‍ കാതോലിക്ക ബാവര്‍ ആയിട്ടുണ്ട്.  മാര്‍ത്തോമ്മന്‍ പൈതൃകത്തിലുള്ള എല്ലാ വിശ്വാസികളേയും ഒരേ കുടക്കീഴില്‍ അണി നിരത്തുകയാണ് തന്റെ സ്വപ്നമെന്നു അദ്ദേഹം പറയുന്നു.

പോസ്റ്റ് കൊളോണിയല്‍ സംസ്‌കാരത്തില്‍ അമ്പരിപ്പിക്കുന്ന ബഹുസ്വരത ഉള്‍കൊണ്ടുകൊണ്ട് അധീശ്വത്വത്തിന്റെയും വൈരുദ്ധ്യങ്ങളുടേയും കനല്‍ പാടുകള്‍ മായിച്ച് ഒരേ വിശ്വാസത്തിലും സുവിശേഷത്തിലും സമന്വയത്തിന്റെ പാലങ്ങള്‍ പണിയുവാന്‍, തമസ്സിന്റെ നീരാളിപ്പിടുത്തങ്ങള്‍ വിടുവിച്ച് ജ്യോതിസ്സിന്റെ നാളം ജ്വലിപ്പിക്കുവാന്‍ ഈ മഹാ പുരോഹിതന്മാര്‍ക്ക് ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഈ ആത്മീയ ബന്ധം സുഭഗവും സഫലവുമായിത്തീരട്ടെ.


മാര്‍പാപ്പയും പൗരസ്ത്യ കാതോലിക്കയും തമ്മിലെ കൂടിക്കാഴ്ച: ഒരു വിശകലനം -(കോരസണ്‍ വര്‍ഗീസ്)മാര്‍പാപ്പയും പൗരസ്ത്യ കാതോലിക്കയും തമ്മിലെ കൂടിക്കാഴ്ച: ഒരു വിശകലനം -(കോരസണ്‍ വര്‍ഗീസ്)മാര്‍പാപ്പയും പൗരസ്ത്യ കാതോലിക്കയും തമ്മിലെ കൂടിക്കാഴ്ച: ഒരു വിശകലനം -(കോരസണ്‍ വര്‍ഗീസ്)മാര്‍പാപ്പയും പൗരസ്ത്യ കാതോലിക്കയും തമ്മിലെ കൂടിക്കാഴ്ച: ഒരു വിശകലനം -(കോരസണ്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക