Image

മലങ്കര കത്തോലിക്ക ആഗോള യുവജന സമ്മേളനം മാവേലിക്കരയില്‍

Published on 16 September, 2013
മലങ്കര കത്തോലിക്ക ആഗോള യുവജന സമ്മേളനം മാവേലിക്കരയില്‍
മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ യുവജനപ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എംസിവൈഎം) നേതൃത്വത്തിലുള്ള ആഗോള യുവജന സംഗമം ഈ മാസം 18, 20 തീയതികളില്‍ മാവേലിക്കരയില്‍ നടത്തും. 18 മുതല്‍ 21 വരെ നടക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ 83-ാം പുനരൈക്യ വാര്‍ഷികസഭാ സംഗമത്തോടനുബന്ധിച്ചാണ് സമ്മേളനം. 

യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു വിവിധ ഭദ്രാസന ഡയറക്ടര്‍മാരുടെയും ഭദ്രാസന ഭാരവാഹികളുടെയും നേതൃത്വത്തില്‍ വരുന്ന ദീപശിഖ, ഛായാചിത്രം, കാതോലിക്കാ പതാക, പേപ്പല്‍ പതാക, വിശ്വാസവര്‍ഷ ലോഗോ, എംസിവൈഎം ലോഗോ എന്നിവ 18 ന് ഉച്ചകഴിഞ്ഞു മൂന്നിന് മാവേലിക്കരയില്‍ എത്തിച്ചേരും. 

20 ന് രാവിലെ 9.30 ന് യുവജന സമ്മേളനം ആരംഭിക്കും. അന്തര്‍ദേശീയ സമിതി പ്രസിഡന്റ് പ്രദീപ് മാത്യു നല്ലിലയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യ സന്ദേശം നല്‍കും. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. 

യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് വിന്‍സന്റ് മാര്‍ പൗലോസ്, ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍, ഭദ്രാസന ഡയറക്ടര്‍മാരായ ഫാ. തോമസ് കൊച്ചുകരിക്കത്തില്‍, ഫാ. ജയിന്‍ തെങ്ങുവിള, റീന രാജന്‍, കെസിവൈഎം സംസ്ഥാന സെക്രട്ടറി റെനി രാജ്, ജോസഫ് ജോര്‍ജ്, അഡ്വ. ലിജോ റോയി, ജിഫി ആനിപ്പള്ളി, എയ്ഞ്ചല്‍ ഫെലിക്‌സ്, പ്രമോദ് പി മാര്‍ക്കോസ്, സിനു മാത്യു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു പാലാ രൂപത ജുഡീഷല്‍ വികാര്‍ റവ.ഡോ. റോയി ജോസഫ് കടുപ്പില്‍ ക്ലാസ് നയിക്കും. സംസ്ഥാന ദേശീയ കലാ-കായിക തലങ്ങളില്‍ മികവ് തെളിയിച്ച പ്രശസ്തരായ യുവ പ്രതിഭകളെ ചടങ്ങില്‍ അനുമോദിക്കും. 

കേരളത്തിന്റെ വിവിധ ഭദ്രാസനങ്ങളില്‍നിന്നും കേരളത്തിനു പുറത്തു പുത്തൂര്‍, മാര്‍ത്താണ്ഡം, ബാഹ്യകേരളം, വടക്കേ അമേരിക്ക, കാനഡ, ജര്‍മനി, ഇംഗ്ലണ്ട് വിവിധ ഗള്‍ഫ് മേഖലകള്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക