Image

ഒരായിരം കാതങ്ങള്‍ക്കപ്പുറത്ത്‌ ഒരു ഓണം (ഗോപിനാഥ്‌ മുതുകാട്‌)

Published on 17 September, 2013
ഒരായിരം കാതങ്ങള്‍ക്കപ്പുറത്ത്‌ ഒരു ഓണം (ഗോപിനാഥ്‌ മുതുകാട്‌)
കുഞ്ഞുവാമനന്‍ വളര്‍ന്ന്‌ വാനോളം ഉയര്‍ന്നതിനുപിന്നില്‍ വലിയൊരു വിസ്‌മയമുണ്ട്‌. മാവേലിയെ മായാലോകത്തേക്ക്‌ എത്തിച്ച മായാജാലം. അച്ഛന്‍ എന്നെ മടിയിലിരുത്തി പറഞ്ഞുതന്ന മാവേലിക്കഥ കേള്‍ക്കുമ്പോള്‍ എന്റെ കുഞ്ഞുമനസില്‍ നിറഞ്ഞത്‌ മുഴുവന്‍ മാന്ത്രികലോകമായിരുന്നു. തിരുവോണനാളില്‍ അരിമാവ്‌ കലക്കി ചാണകം മെഴുകിയ മുറ്റത്ത്‌ മനോഹരമായി അണിയുന്നതും അച്ഛനാണ്‌. അമ്മയും ഞങ്ങള്‍ മക്കളുമെല്ലാം കൂടെയുണ്ടാകും. അവസാനം അരിമാവുകൊണ്ട്‌ `തിരുവോണം സുഖം' എന്നെഴുതുമ്പോള്‍ അതില്‍ കള്ളമുണ്ടായിരുന്നില്ല, ചതിയുണ്ടായിരുന്നില്ല. കത്തിച്ചുവെച്ച നിലവിളക്കിലെ തിരിനാളത്തിന്റെ പരിശുദ്ധിയുണ്ടായിരുന്നു ആ കൂടിച്ചേരലുകള്‍ക്ക്‌. അതിരാവിലെ വടക്കെ പറമ്പിലെ മണ്ണ്‌ കിളച്ച്‌ കുഴച്ച്‌ ഏഴു മാതേവരെയാണ്‌ അച്ഛനുണ്ടാക്കുക. ഓരോന്നും വലിപ്പം കുറഞ്ഞുകുറഞ്ഞുവരും. ഏറ്റവും വലുത്‌ അച്ഛന്‍, പിന്നെ അമ്മ...അഞ്ചു മക്കള്‍. ഏറ്റവും ചെറിയവനാണ്‌ ഞാന്‍. അരിമാവുകൊണ്ടണിഞ്ഞതിന്റെ നടുവില്‍ മാതേവരെ നിരത്തുമ്പോള്‍ അച്ഛന്‍ പറയും. `ഇതാണ്‌ നമ്മുടെ കുടുംബം.'

പണ്ട്‌ വിക്രമാദിത്യ മഹാരാജാവ്‌ തന്റെ പണ്‌ഡിത സദസ്സിനുനേരെ ഒരു ചോദ്യമെറിഞ്ഞതിന്റെ കഥയുണ്ട്‌ അച്ഛന്‌ പറയുവാന്‍. ചോദ്യമിതായിരുന്നത്രേ. ഏതാണ്‌ ഏറ്റവും വിലകൂടിയ രത്‌നം? തന്റെ നിലവറയിലുള്ള മുത്തോ, പവിഴമോ, ഇന്ദ്രനീലമോ, മരതകമോ. ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായ രത്‌നം? പണ്‌ഡിതരെല്ലാം അന്തംവിട്ട്‌ നിന്നപ്പോള്‍ വരരുചി മഹര്‍ഷി പറഞ്ഞത്രേ. `മഹാരാജാവേ...അതൊന്നുമല്ല ഏറ്റവും ശ്രേഷ്‌ഠമായത്‌. അതിനേക്കാള്‍ വിലകൂടിയ മറ്റൊരു രത്‌നമുണ്ട്‌. അതാണ്‌ കുടുംബം'... അഞ്ചു വിരലുകള്‍ മുഷ്‌ടിയാക്കിപ്പിടിച്ച്‌ അച്ഛന്‍ പറയും `നിങ്ങള്‍ അഞ്ചു മക്കളും എന്നും ഇതുപോലെ ഒരുമിച്ച്‌ നില്‍ക്കുന്നത്‌ കാണുന്നതാണ്‌ എന്റേയും അമ്മയുടേയും ഓണം.' ആ ഒരുമ ഇന്നും ഞങ്ങള്‍ നിലനിര്‍ത്തുന്നു. പക്ഷെ. അത്‌ കാണാന്‍ അച്ഛനിന്നില്ല. ഓരോ ഓണത്തിനും ഞങ്ങള്‍ മക്കളും മരുമക്കളും പേരക്കുട്ടികളും അമ്മയോടൊപ്പം കവളമുക്കട്ടയിലെ വീട്ടില്‍ ഒത്തുചേരുന്നു.

പക്ഷെ ഇത്തവണ ഞാനിങ്ങുദൂരെ അമേരിക്കയുടെ മണ്ണിലാണ്‌. ഒരുമാസക്കാലത്തെ മാന്ത്രിക പര്യടനം. എന്റെ ജാലവിദ്യാ കുടുംബത്തോടൊപ്പം ഡാലസിലെ കെ.ജി. മന്മഥന്‍ അങ്കിളിന്റെ വീട്ടില്‍. അങ്കിളും രാധച്ചേച്ചിയും ചൊരിയുന്ന സമൃദ്ധമായ സ്‌നേഹത്തിന്റെ മധുരമാസ്വദിച്ചുകൊണ്ട്‌ മലയാളക്കരയില്‍ നിന്നും ഒരുപാട്‌ ദൂരെ. മനസ്സുകൊണ്ട്‌ കവളമുക്കട്ടയിലേക്ക്‌. അമ്മയുടെ അരികിലേക്ക്‌ പറക്കാം. അങ്ങകലെയുള്ള അമ്മയോട്‌ എത്രനേരം വേണമെങ്കിലും വര്‍ത്തമാനം പറയാം. പക്ഷെ അരികിലെത്താന്‍...ഒപ്പമിരുന്ന്‌ ഓണമുണ്ണാന്‍ ഒരിന്ദ്രജാലവുമില്ലെന്ന യാഥാര്‍ത്ഥ്യം എന്നെ അസ്വസ്ഥനാക്കുന്നു....

എല്ലാവര്‍ക്കും വിസ്‌മയകരമായ, സമ്പല്‍സമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു.....

സ്വന്തം

ഗോപിനാഥ്‌ മുതുകാട്‌

ഒരായിരം കാതങ്ങള്‍ക്കപ്പുറത്ത്‌ ഒരു ഓണം (ഗോപിനാഥ്‌ മുതുകാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക