Image

പിള്ളമാരുടെ ക്രൂരകൃത്യങ്ങള്‍

ജി.കെ. Published on 14 October, 2011
പിള്ളമാരുടെ ക്രൂരകൃത്യങ്ങള്‍
ഒരു പിള്ള പോയാല്‍ മറ്റൊരു പിള്ള. ഇതെന്താ പിള്ള ശാപം വല്ലതുമാണോ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ചിന്തിച്ചാല്‍ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ബാലകൃഷ്‌ണപിള്ള ജയിലില്‍ കിടന്ന്‌ ഫോണ്‍വിളിച്ച്‌ കളിച്ചതിന്റെ പുകില്‌ ഇനിയും അടങ്ങിയിട്ടില്ല. ഇതിനു മുമ്പാണ്‌ ജയിലിന്‌ പുറത്ത്‌ മറ്റൊരു പിള്ള വെടിവെച്ചു കളിച്ചിരിക്കുന്നത്‌. കോഴിക്കോട്‌ പോലീസ്‌ അസി.കമ്മീഷണര്‍ രാമകൃഷ്‌ണപിള്ള എന്ന ആദര്‍ശധീരനാണ്‌ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ തോക്കുചൂണ്‌ടി നിന്ന്‌ നമ്മുടെ സൂപ്പര്‍ താരങ്ങളെപ്പോലും അസൂയപ്പെടുത്തിയിരിക്കുന്നത്‌. എന്തായാലും രണ്‌ടു പിള്ളമാരും ചില്ലറക്കാരല്ലാത്തതിനാല്‍ ഇതിന്റെയൊക്കെ പേരില്‍ കുഞ്ഞൂഞ്ഞിനുണ്‌ടായിരിക്കുന്ന തലവേദനയും ചില്ലറയല്ല.

നിര്‍മല്‍ മാധവ്‌ എന്ന വിദ്യാര്‍ഥിയെ കോഴിക്കോട്‌ വെസ്റ്റ്‌ ഹില്‍ എഞ്ചിനീയറിംഗ്‌ കോളജില്‍ പ്രവേശിപ്പിച്ചതിനെതിരെ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിന്റെ ന്യായന്യായങ്ങള്‍ എന്തൊക്കെയാണെങ്കിലും വിദ്യാര്‍ഥികള്‍ക്കു നേരെ `സുരേഷ്‌ഗോപി' സ്റ്റൈലില്‍ ആക്രോശിച്ചുകൊണ്‌ട്‌ നിറയൊഴിച്ച പോലീസ്‌ ഉദ്യോഗസ്ഥന്‍ ചെയ്‌തത്‌ അല്‍പം കടന്ന കൈയായിപ്പോയി എന്ന കാര്യത്തില്‍ കുഞ്ഞൂഞ്ഞിന്‌ പോലും രണ്‌ടു തരമില്ല. പറഞ്ഞിട്ടെന്തു കാര്യം മേല്‍പ്പടി ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി എടുക്കണമെങ്കില്‍ കുഞ്ഞൂഞ്ഞിന്‌ ആദ്യം കുഞ്ഞാപ്പയുടെ അനുമതി തേടണം. കാരണം കുഞ്ഞാപ്പയാണ്‌ ടിയാനെ ചില പ്രത്യേക ദൗത്യങ്ങളോടെ കോഴിക്കോട്ടേക്ക്‌ പറഞ്ഞയച്ചത്‌.

വിദ്യാര്‍ഥികള്‍ക്കു നേരെ നിറയൊഴിക്കണമെന്നൊന്നും കുഞ്ഞാപ്പ പറഞ്ഞിട്ടില്ലെങ്കിലും മേപ്പടി പിള്ളയെ കുഞ്ഞാപ്പ ഏല്‍പ്പിച്ച പ്രധാന ദൗത്യം ഐസ്‌ക്രീം കേസിന്റെ കാര്യം പറഞ്ഞ്‌ കുഞ്ഞാപ്പയ്‌ക്ക്‌ നിരന്തരം ശല്യമുണ്‌ടാക്കുന്ന പഴയ ബന്ധുവും ഇപ്പോള്‍ ശത്രുവുമായ റൗഫ്‌ എന്ന പുങ്കവനെ എങ്ങനെയെങ്കിലും പിടിച്ച്‌ അകത്തിടുക എന്നതായിരുന്നു. കാര്യങ്ങളൊക്കെ ഒന്നു ശരിയാക്കി വിലങ്ങുമായി പുറപ്പെടാനിരുന്നപ്പോഴാണ്‌ അറസ്റ്റു ചെയ്യാന്‍ മതിയായ കാരണം വേണമെന്ന്‌ തലയില്‍ ആള്‍താമസമുള്ള ചില മേലുദ്യോഗസ്ഥര്‍ പിള്ളസാറിനെ വിളിച്ച്‌ നിര്‍ദേശിച്ചത്‌. തല്‍ക്കാലം അറസ്റ്റുവേണ്‌ട കണ്ണുരുട്ടി പേടിപ്പിച്ചാല്‍ മതിയെന്ന നിലപാടില്‍ പിന്‍മാറേണ്‌ടിവന്നെങ്കിലും പിള്ളയുടെ ലീലാ വിലാസങ്ങള്‍ അവിടംകൊണ്‌ടൊന്നും തീര്‍ന്നില്ലെന്ന്‌ എസ്‌എഫ്‌ഐക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തതിലൂടെ കുഞ്ഞൂഞ്ഞും തിരിച്ചറിഞ്ഞു.

വിദ്യാര്‍ഥികളുടെ കല്ലേറില്‍ പരിക്കേറ്റ പോലീസുകാരെ രക്ഷിക്കാനായിരുന്നു വെടിവെച്ചത്‌ എന്നായിരുന്നുപിള്ള സാര്‍ മേലധികാരികളോടും മാധ്യമങ്ങളോടും പിന്നീട്‌ വിശദികരിച്ചത്‌. പരിക്കേറ്റ്‌ ചോരയില്‍ കുളിച്ചുകിടക്കുന്ന ഇതേ പോലീസുകാരാണ്‌ പിള്ള വെടിയുതിര്‍ക്കുമ്പോള്‍ `അയാള്‍ വെടിവെച്ചുകളിക്കുകയാണെന്ന്‌' ചാനല്‍ ക്യാമറകളിലൂടെ വിളിച്ചുപറയുന്നത്‌. കഴിഞ്ഞില്ല പിള്ളയുടെ ഹീറോയിസം. പിള്ള ആകാശത്തിലെ കാക്കകള്‍ക്കുനേരെയാണ്‌ വെടിവെച്ചതെന്ന്‌ മേലുദ്യോഗസ്ഥരും ഇന്റലിജന്‍സുമെല്ലാം മാധ്യമങ്ങളെയും ജനങ്ങളെയും ഒരുപോലെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പെടാപ്പാടുപെടുന്നതിനിടെയാണ്‌ താന്‍ വിദ്യാര്‍ഥികളുടെ നെഞ്ചിനു നേരെ തന്നെയാണ്‌ നിറയൊഴിച്ചതെന്ന സൂപ്പര്‍ ഡയലോഗുമായി പിള്ള വീണ്‌ടും രംഗത്തെത്തിയത്‌.

ഇതോടെ കുഞ്ഞൂഞ്ഞും കൂട്ടരും വെട്ടിലായി. പിള്ള സാറിന്‌ ഉന്നമില്ലാതിരുന്നത്‌ കുഞ്ഞൂഞ്ഞിന്റെ മുജ്ജന്മ സുകൃതം എന്നേ പറയാനാവൂ. വെടിയേറ്റ്‌ ഏതെങ്കിലും വിദ്യാര്‍ഥിക്ക്‌ എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ അതിനെതിരെ ഉയരുന്ന പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാന്‍ കുഞ്ഞൂഞ്ഞിന്‌ ഒരു പക്ഷെ രണ്‌ടു സീറ്റിന്റെ ഭൂരിപക്ഷം മതിയാവുമായിരുന്നില്ല. വെടിവെയ്‌ക്കാന്‍ തഹസില്‍ദാരുടെ അനുമതി നേരത്തെ വാങ്ങി പോക്കറ്റിലിട്ടിരുന്നു എന്നെല്ലാം പിള്ള സാര്‍ ആദ്യം വീമ്പടിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അനുമതി താന്‍ നല്‍കിയിട്ടില്ലെന്ന്‌ സ്ഥലത്തുണ്‌ടായിരുന്ന തഹസില്‍ദാര്‍ പ്രേംരാജ്‌ ജില്ലാ കളക്‌ടര്‍ പി.ബി.സലിമിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയതോടെ ആ വാദവും ലക്ഷ്യം തെറ്റിയുള്ള മറ്റൊരു വെടിയായി.

പിള്ളയുടെ വീരസാഹസിക കഥകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നതാണ്‌ രസകരം. കല്ലുവാതുക്കല്‍ മദ്യദുരന്തകാലത്തുതന്നെ സ്റ്റാറാണ്‌. മണിച്ചന്റെ മാസപ്പടി ഡയറിയിലോ മറ്റോ രാമകൃഷ്‌ണപിളള എന്ന പേര്‌ കയറികൂടിയതിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ എസ്‌എഫ്‌ഐക്കാര്‍ക്കു മാത്രമല്ല ജനങ്ങള്‍ക്കും രോമാഞ്ചം ഉണ്‌ടാവാറുണ്‌ട്‌. പിന്നീടൊരിക്കല്‍ കൈക്കൂലിക്കേസില്‍ വിജിലന്‍സ്‌ കൈയോടെ പിടികൂടിയപ്പോഴാണ്‌ ജനം പിള്ളയിലെ നടനെ ശരിക്കും തിരിച്ചറിഞ്ഞത്‌.

വിജിലന്‍സ്‌ പിടികൂടിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിള്ള അറസ്റ്റില്‍ നിന്ന്‌ രക്ഷപ്പെട്ടുവെന്ന്‌ മാത്രമല്ല പൂര്‍വാധികം ശക്തനായി സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്‌തു. സര്‍വീസില്‍ തിരിച്ചെത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

എന്തായാലും രണ്‌ടു പിള്ളമാരും കൂടി ചേര്‍ന്ന്‌ ഉമ്മന്‍ ചാണ്‌ടി മന്ത്രിസഭയ്‌ക്കുണ്‌ടാക്കിയ പ്രതിച്ഛായാ നഷ്‌ടം ചില്ലറയല്ല. സമ്മേളനകാലത്തെ വിഭാഗീയതയും പ്രതിപക്ഷ നേതാവിനും മകനുമെതിരെ കുത്തക മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണവുംകൊണ്‌ട്‌ പൊറുതിമുട്ടിയ പ്രധാന പ്രതിപക്ഷമായ സിപിഎമ്മാകട്ടെ പിള്ളമാരുടെ മണ്‌ടത്തരങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ച്‌ നിയമസഭയ്‌കകത്തും പുറത്തും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തു. എന്തായാലും പിള്ള ചവിട്ടിയാല്‍ തള്ളയ്‌ക്കു കേടില്ലെന്ന പഴഞ്ചൊല്ലില്‍ പതിരുണ്‌ടെന്ന്‌ മറ്റാരും പറഞ്ഞില്ലെങ്കിലും കുഞ്ഞൂഞ്ഞെങ്കിലും ഇപ്പോള്‍ പറയുമെന്ന കാര്യത്തില്‍ രണ്‌ടു തരമില്ല. കാരണം ഈ രണ്‌ടു പിളളമാരുടെയും ചവിട്ട്‌ യുഡിഎഫിന്റെയും കുഞ്ഞൂഞ്ഞിന്റെയും സദ്‌ഭരണമെന്ന സിദ്ധാന്തത്തിന്റെ നെഞ്ചത്തായിരുന്നു എന്നതു തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക