Image

മാര്‍ഗരെറ്റിന്റെ പൂച്ചകള്‍ ( ചെറുകഥ - മുരുകേഷ് പനയറ )

മുരുകേഷ് പനയറ Published on 19 September, 2013
മാര്‍ഗരെറ്റിന്റെ പൂച്ചകള്‍ ( ചെറുകഥ - മുരുകേഷ് പനയറ )

 അമ്പത്തിരണ്ടു  പേര്‍ കടന്നു പോയിക്കഴിഞ്ഞു  ഇതിനോടകം .

മുപ്പത്തിനാല്  പേര്‍ കിഴക്കോട്ടും പതിനെട്ടു  പേര്‍ പടിഞ്ഞാറോട്ടും ആണ് പോയത്.

അതില്‍ മുപ്പത്തിരണ്ടുപേര്‍  പേര്‍ കൂട്ടിനാരും  ഇല്ലാതെ കടന്നു പോയവരാണ്. താന്താങ്ങളുടെ അന്തരംഗത്തിലേക്ക് ആവാഹനം  ചെയ്യപ്പെട്ട നരച്ച നിഴലുകള്‍ എന്നോണം  തികച്ചും ഒറ്റപ്പെട്ടവരെ പോലെ അവര്‍ നടന്നു പോയി. ചിലപ്പോള്‍ അവരെ  കുറിച്ച് ചിന്തിക്കാന്‍ 'പോലെ' എന്നൊരു കണ്ണി വച്ച് വിളക്കിയത്  ചെമ്പ് ആയിരിക്കാം. നെവെര്‍ മൈന്‍ഡ്.

പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടായിരുന്നു നടന്നു പോയവരില്‍.

പ്രായമുള്ളവരും ചെറുപ്പക്കാരും ഉണ്ടായിരുന്നു. കൌമാരം തളിര് ചേര്‍ത്തു മൊട്ടു മുളപ്പിച്ച ഒന്ന് രണ്ടു നവ പൌര പ്രതിനിധികളും   ഉണ്ടായിരുന്നത് നല്ലോണം  ഓര്‍ക്കുന്നു.

തമിള്‍, കേരള, പട്ടേല്‍ ആദിയായ ഭരത വര്‍ഗ്ഗക്കാര്‍ , ഇംഗ്ലീഷ്, ബ്ലാക്ക്, ഇതര യൂറോപ്പിയന്‍  രാജ്യക്കാര്‍ ...അങ്ങനെ പലര്‍ ഉണ്ടായിരുന്നു. അത് പുതുമയല്ല. ബഹുജന പ്രാതിനിധ്യം കൊണ്ട് പുകള്‍പെറ്റ ഈ ഭിന്ന സംസ്‌കൃതി കളിയാടുന്ന റാണി നാടിനു ചേരുന്ന വൈരുധ്യ വര്‍ണ്ണ ചാരുത തന്നെ ആത്. റബ്ബിഷ്.

പതിനാറു  പേര്‍ ജോഡികളായി പോയതാണ്.

രണ്ടു പെണ്‍ ജോടികളും ഒരു ആണ്‍ ജോടിയും  അഞ്ച്  ആണ്‍ പെണ്‍ അടങ്ങുന്ന ജോടികളും. പെണ്‍ ജോടികള്‍ ഇണകള്‍ ആണെന്ന് തോന്നിയില്ല എങ്കിലും ആണ്‍ ജോഡി അങ്ങനെ തന്നെ എന്നുറപ്പ്. തരിമ്പും തെളിയാതെ ചെരച്ചു കളഞ്ഞ പുറം രോമവും തലമുടിയും ഉള്ള ചെറുക്കന്‍ മുല ഞെട്ടുകളും കീഴ്ച്ചുണ്ടും പുറം കാതുകളും തുളച്ചു ചങ്ങലകൊണ്ടു കൂച്ച് വിലങ്ങിട്ട ട്രിഡ ഗത്രക്കാരന്‍ നീല കണ്ണു കാരനോട് വിധേയ പൂര്‍വം അടക്കം പറഞ്ഞ വാക്കുകളില്‍ അധോ വായു മണക്കുന്ന  ഇക്കിളി ഉണ്ടായിരുന്നു. ഹൊറിബിള്‍ !

ഇടയ്ക്കു എപ്പോഴോ നടന്നു പോയ നാലുപേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ആണെന്ന് വേണം കരുതാന്‍..

പാകിസ്താന്‍ കാര്‍ എന്ന് തോന്നിയ അവര്‍ പതിനേഴില്‍ ഒട്ടും കൂടുതല്‍ പ്രായം മതിക്കാന്‍ ആകാത്ത  പെണ്‍കുട്ടിയുടെ കല്യാണ കാര്യം ചൊല്ലി വഴക്കടിച്ചു നടന്നു പോവുക ആയിരുന്നു. അറേഞ്ച് കല്യാണത്തിനു പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും അവളുടെ പിതാവ് അവളെ ഭീഷണിപ്പെടുത്തുന്നതും അവളുടെ അമ്മയായ സ്ഥൂല ഗാത്രി  വനിതയെ ആ മനുഷ്യന്‍ പുലഭ്യം പറയുന്നതും അയാള്‍ അവ്യക്തമായി കേട്ടു . ആ കൊച്ചു പെണ്‍കുട്ടിയുടെ വിധിയില്‍ അയാള്‍ക്ക് സഹതാപവും , അധികാരത്തിന്റെ അമൂര്‍ത്ത മുദ്രണം തന്റെ സാമ്രാജ്യമായ കുടുംബത്തിനു മേല്‍ അനുനിമിഷം എന്നവണ്ണം കൊത്തിവക്കുന്ന അവളുടെ അച്ഛനെന്നു തോന്നിയ നരച്ച താടിക്കാരനോട് അയാള്‍ക്ക് അമര്‍ഷവും തോന്നുകയുണ്ടായി .അല്ലെങ്കില്‍ ആ സംഭാഷണം അങ്ങനെ ആണെന്ന് അയാളുടെ മനസ്സ് അയാളോട് നിശ്ശങ്കം ചൊല്ലിക്കൊടുത്തു 

അടുത്ത ക്ഷണം അയാളുടെ വിവേചന ബുദ്ധി അയാളോട് പറഞ്ഞു അത്തരം വികാര ബോധങ്ങള്‍ നിരുപയോഗം ആണെന്ന്. സത്യം! നോണ്‍സെന്‍സ്.

 

 എല്ലാപേരോടും അയാള്‍ ദയനീയ സ്വരത്തില്‍ അപേക്ഷിച്ചതാണ് ഒരു കൈ സഹായിക്കാന്‍.

കുറെ പേര്‍ കേട്ട ലക്ഷണം പോലും  കാട്ടുക ഉണ്ടായില്ല.

പിന്നെ കുറെ പേര്‍ എന്തൊക്കെയോ  പറഞ്ഞു ചിരിച്ചു കൊണ്ട് നടന്നു പോയി.

വേറെ കുറെ പേര്‍ ഫോണില്‍ സംസാരിക്കുന്ന വെപ്രാളത്തിലും മറ്റു ചിലര്‍ ഹെഡ് ഫോണ്‍ വഴി സംഗീതം ആസ്വദിച്ചു നൃത്ത ചുവടു വച്ച് നീങ്ങിയത് കൊണ്ടും അയാള്‍ കേണു പറഞ്ഞത് കേട്ടില്ല.

അയാള്‍ക്ക് നന്നായി കലി കയറി. ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍? സെല്‍ഫിഷ് ഇടിയട്ട്‌സ് .

എന്ത് ചെയ്യാന്‍.? തണുപ്പത്ത്  കാല്‍ വഴുതി, നില തെറ്റി  വീണു പോയതാണ്.

നടപ്പാതക്ക്  അപ്പുറത്ത് മര വേലിക്കും വീടിന്റെ വാതിലിനും ഇടയില്‍  മഞ്ഞില്‍ വീണു പോയി.  മൂന്നാല് ദിവസം കൂടിയേ ഉള്ളൂ ക്രിസ്മസിന് . നല്ലപോലെ മഞ്ഞു വീഴുന്നുണ്ടായിരുന്നു. ഏഴെട്ടു മണിക്കൂര്‍ ആയി നിര്‍ത്താതെ പെയ്യുന്ന മഞ്ഞ്  വെളുത്ത സമതയുടെ പുതപ്പു വളരെ സാവധാനം തുന്നിയെടുത്ത് അലിവോടെ സര്‍വ്വതിനെയും പുതപ്പിക്കുന്നത്  അയാള്‍ കണ്ടിരുന്നു. മഞ്ഞിന് പക്ഷഭേദവും സ്വാര്‍ഥ ബോധവും ഇല്ല എന്നത് അയാളെ ചിന്തിപ്പിക്കുന്ന  വസ്തുത ആയിരുന്നു എന്നും. പുക വലിക്കിടയില്‍ മഞ്ഞിന്റെ മന്ത്ര മന്ത്രണം കേട്ടുകൊണ്ട് ഇമ ചിമ്മാതെ ഇരിക്കുന്ന അയാളെ പിന്നിലൂടെ ഒച്ചവക്കാതെ വന്ന ഭാര്യ ഒന്നിലേറെ തവണ അപ്രതീക്ഷിതമായി ചുംബിച്ചിട്ടുണ്ട്. ബ്യൂട്ടിഫുള്‍.

ക്രോണിക്  ആര്‍ത്രയിട്ടിസ്സും കഴിഞ്ഞ വിന്റര്‍ കാലത്ത് ആക്കിലിസ് റ്റെന്‍ടണ് ഏറ്റ അപരിഹാര്യമായ ക്ഷതവും നിമിത്തം ഒരു കാല്‍ കെട്ടി വലിച്ചു കൊണ്ട് പോകും പോലെ ആണ് അയാളുടെ നടപ്പ്. കൂടെ മൂത്ത പ്രമേഹം പാതി മറയിട്ടു പിടിക്കുന്ന  കാഴ്ചയും ഉയര്‍ന്ന രക്ത മര്‍ദ്ദവും കിതപ്പും.

ഒരു മൊബിലിറ്റി  സ്‌കൂട്ടര്‍  ഉണ്ടായിരുന്നത് വിറ്റിട്ടാണ് അയാള്‍ രണ്ടു നാള്‍ മുമ്പ്  ഭാര്യക്ക് ഒരു പുതു വസ്ത്രവും കട്ടികൂടിയ ക്വില്‍ട്ടും പിന്നെ അല്ലറ ചില്ലറ മേക്കപ്പ്  സാധനങ്ങളും വിലകുറച്ച് വച്ചിരുന്ന ബേക്കറി സാമാനങ്ങളും  ഒക്കെ വാങ്ങിയത്.

കൃസ്സ്മസ്സ് അല്ലേ ?

അതെങ്കിലും ചെയ്തില്ലെങ്കില്‍ വലം കൈ ഒഴികെ ചലന ശേഷി നഷ്ട്ടപ്പെട്ടു ശയ്യാവലംബി ആയ ഭാര്യയെ സ്‌നേഹിക്കുന്നു എന്ന് അഹങ്കാരം കൊള്ളുന്നതില്‍ എന്ത് അര്‍ഥം ? പുരുഷന്‍ എന്ന തന്‍ ബോധത്തിന് എന്ത് മൂല്യം? അത് ആലോചിച്ചപ്പോള്‍ അയാള്‍ക്ക് ചിരിക്കണം എന്ന് തോന്നി. ശബ്ദമില്ലാതെ അയാള്‍ ചിരിക്കുക തന്നെ ചെയ്തു.

ഉച്ചകഴിഞ്ഞപ്പോള്‍ വളരെ അപ്രതീക്ഷിതമായി ഭാര്യ പറഞ്ഞു അവള്‍ക്കൊരു രണ്ടു ഡ്രിങ്ക് വേണം എന്ന്.  അന്ന് വളരെ സുഖം തോന്നുന്നു എന്ന്. ഹണിമൂണ്‍ കാലത്തെ ഓര്‍മ്മകള്‍ നരയുടെ നിറവും ജരയുടെ ചാലും തീണ്ടാതെ മനസ്സ് നിറഞ്ഞ് കവിഞ്ഞ് ഒഴുകുക ആണ് എന്നാണവള്‍ അയാളോട് പറഞ്ഞത്. കണ്ണുകള്‍ നിറഞ്ഞു ചാലിട്ടു പുറത്തേക്ക് ചിന്തിയ കണ്ണീര്‍ ആ കവിഞ്ഞൊഴുക്ക് തന്നെ ആകണം എന്നയാള്‍ അപ്പോള്‍ വിചാരിച്ചു എങ്കിലും അതയാള്‍ക്ക് തീര്‍ച്ച ഉണ്ടായില്ല. ഏറെയും മൃതമായിപ്പോയ ഇണചേരല്‍ സ്മരണകള്‍ അയവിറക്കി ക്ഷമാപണം ചെയ്യുക കൂടി ചെയ്തു കളഞ്ഞു അവള്‍... അതയാളെ പിടിച്ചു കുലുക്കി, വല്ലാതെ.. ഇത്ര പാവം ആയിരുന്നു അവള്‍ എന്ന് അയാള്‍ ഒരിക്കലും ആലോചിച്ചില്ലല്ലോ.

ശരീരം വലിഞ്ഞു മുറുകി ജീവ വാഹിയായ പ്രവാഹം കിനിയാന്‍ തുടങ്ങുപോള്‍ ആണ് പതിവായി അവള്‍ തന്റെ പരാതിയും പരിഭവവും ആവശ്യങ്ങളും അയാളോട് നിരത്തുക. മുന്നമേ അരുത് എന്ന് വിലക്കിയവ പലതും അപ്പോള്‍ അയാള്‍ വെപ്രാളത്തോടെ സമ്മതിക്കുകയാണ് ചെയ്യുക. ജീവ തന്തുക്കള്‍ വെട്ടി വിറച്ചു പുതിയ അവബോധം പോലെ സുഖാനുഭവം സ്വായത്തമാകാന്‍ ആയുന്ന  ആ ഖട്ടത്തില്‍ അയാള്‍ മറുത്തൊരു മറുപടിക്ക് ശേഷി അറ്റവന്‍ ആയിരിക്കും എന്ന തിരിച്ചറിവ് ജീവിതം അവളെ പഠിപ്പിച്ച പാഠം ആയിരിക്കാം. അത് പക്ഷെ ചിലപ്പോഴെങ്കിലും അവര്‍ തമ്മില്‍ ഘോരമായ വഴക്കുകള്‍ക്കു വഴി വച്ചിരുന്നു......

 

അതിനൊക്കെ ആണ്  ഉറക്കം ഉണര്‍ന്ന കുട്ടി എന്ന കണക്കെ അവള്‍  ക്ഷമ പറഞ്ഞത് . ഇനി ഒരിക്കല്‍ തനിക്കു അയാളോട് അതൊക്കെ മനസ്സിന് മറ ഇടാതെ  പറയാന്‍ അവസരം കിട്ടിയില്ലെങ്കിലോ എന്ന് പറയുമ്പോള്‍ അവളുടെ ശബ്ദം ചിലംബിക്കുകയും ശ്വാസ തടസ്സമോ എന്ന് തോന്നിപ്പിച്ച ഒരു ശക്തമായ തേങ്ങല്‍ അവള്‍ കീഴ്ചുണ്ട് കടിച്ചു ചുമപ്പിച്ചു അമര്‍ത്തിയതും  എന്ത് കൊണ്ടാണ് എന്നത് അയാള്‍ക്ക് പൂര്‍ണ്ണമായും തിരിഞ്ഞില്ല എങ്കിലും താന്‍ കരഞ്ഞു പോയത് സ്‌നേഹ  തള്ളിച്ച കൊണ്ടു  തന്നെ എന്നയാള്‍ക്ക് തീര്‍ച്ച ഉണ്ടായിരുന്നു. ഹൌ സ്‌ട്രെയിഞ്ച് !

ഏതൊരു ശയ്യാവലംബി ആയ മനുഷ്യ ജന്മവും മരണം മുന്നില്‍ എത്തുമ്പോള്‍ തെല്ലൊന്നു ചൈതന്യം ആര്‍ജ്ജിക്കും  എന്നും അത് ആ ആത്മാവിനു ഈ ലോകത്ത് ക്ഷമാപണം നടത്താന്‍ ഉള്ള ഒരു അവസാന അവസരം ആയി ജഗദീശ്വരന്‍ കൊടുക്കുന്ന വരം ആണെന്നും അയാളുടെ ഏതോ ഒരു പഴയ സുഹൃത്തായ ഇന്ത്യാക്കാരന്‍ പണ്ട് പറഞ്ഞത് ഒരു കൊള്ളിയാന്‍ പോലെ അയാളുടെ ഉള്ളില്‍ മിന്നി. ഇടി നാദം എന്നോണം ഹൃത്തടം തുള്ളി. മഴക്കാറ്റ് ചേക്കേറിയ തളിര്‍ മരം പോലെ അയാളുടെ തനുവാകെ വിറ പൂണ്ടു.

ഓ മൈ !

ഇവള്‍ തന്നെ വിട്ടു പോകാന്‍ ഒരുങ്ങുക  ആണോ?  അതുകൊണ്ടാണോ തന്നോടൊപ്പം ഒരു ഡ്രിങ്ക് കഴിക്കാന്‍ അവള്‍ കൊതി കൊള്ളുന്നത്?  എന്നും അതവള്‍ക്ക് അനിതര സാധാരണമായ  സുഖ ദായക പ്രവര്‍ത്തി ആയിരുന്നല്ലോ.  ആവര്‍ത്തനം വിരസത കയറ്റാത്ത അപൂര്‍വ്വം സത്യങ്ങളില്‍ ഒന്ന്.  ഒരുമിച്ചുള്ള മദ്യപാനവും അതിന്റെ ലഹരിയില്‍ അരങ്ങു തകര്‍ത്ത് ആടുന്ന രതി ക്രിയകളും.

ആ ചിന്ത അയാളെ ഗദ്ഗദം കൊള്ളിച്ചു.

അത്തരം ഒരനുഭവം ആണ് ഒക്കെ കീഴ്‌മേല്‍ തിരിച്ചു കളഞ്ഞത്.

മദ്യ ലഹരി ചുക്കാന്‍ പിടിച്ച , സ്‌ടെയര്‍  കേസ്സില്‍ വച്ചുള്ള രതി കര്‍മ്മ വേളയില്‍ ,ആനന്ദ ലബ്ധിയില്‍  വിറകൊണ്ടു ചുരുങ്ങുന്ന അവളുടെ മേലുള്ള തന്റെ പിടി ഒന്നയഞ്ഞു പോയി. ....തണ്ടെല്ല്  തല്ലി  താഴെ പടിയിലേക്കുള്ള വീഴ്ച. അങ്ങനെ അവള്‍ ശയ്യാവലംബി ആയി......

അതൊന്നും ഓര്‍ക്കാന്‍ അയാള്‍ക്ക് ഇഷ്ട്ടമില്ല. ബാഡ് ലക്ക്.

അവളുടെ ആഗ്രഹം കേട്ടപ്പോള്‍  തന്നെ അയാള്‍ കടയില്‍ പോയി ഒരു ബോട്ടില്‍ വോഡ്കയും ഒരു ബോട്ടില്‍ ലേമനേടും വാങ്ങി വന്നതാണ്.

പക്ഷെ വീണു പോയി.

ഒരു സഹജീവിയുടെ  അപേക്ഷയെ ഇത്ര നിഷ്‌ക്കരുണം തള്ളിക്കളയാന്‍ ആളുകള്‍ക്ക് എങ്ങനെ പറ്റുന്നു?

ഒരു കൈ തന്നുയര്‍ത്തിയാല്‍ തനിക്കു വീട്ടിലേക്കു കേറി പോകാം. അങ്ങനെ ചെയ്യുന്നത് കൊണ്ട് ആര്‍ക്കെന്തു ചേതം വന്നു പെടാന്‍ ആണ്?

ഈ മനുഷ്യരെല്ലാം കേള്‍വി പോയവര്‍ ആണോ?

കിഴക്ക്  പടിഞ്ഞാറു ദിശയില്‍ നീളുന്ന സാമാന്യം നെടുപ്പം കൂടിയ റോഡിലെ വലതു വശത്ത് ഒറ്റയക്കങ്ങള്‍ കൊണ്ട് നമ്പര്‍ ഇട്ട പതിനൊന്നു വീടുകള്‍ കൌണ്‍സില്‍ വക ആണ്. അതിലൊന്നാണ് അയാളുടേത്.

ഡാനിയല്‍ സ്റ്റീവന്‍സണ്‍.  .

അതാണ് അയാളുടെ പൂര്‍ണ്ണമായ പേര്.

ഡാനി എന്ന് ആളുകള്‍ അയാളെ വിളിച്ചിരുന്നു.

അവര്‍ക്ക് ചെറുതും ഇമ്പമുള്ളതും ആയ ആ  പേര് സൌകര്യപ്രദവും ഓമനത്തം ഉള്ളതും ആയിരുന്നു.

ഡാനീ എന്ന് നീട്ടി വിളിച്ച് ആര്‍ എന്ത് ആവശ്യ പെട്ടാലും അയാള്‍ ചെയ്തു കൊടുക്കുമായിരുന്നു. മുന്‍ ഗാര്‍ഡന്‍ ചെടികള്‍ ട്രിം ചെയ്യുക, റബ്ബിഷ് കെട്ടിയെടുത്തു ലോറിക്കാരന്  ലോഡ് ചെയ്യാന്‍ പാകത്തില്‍ വക്കുക തുടങ്ങിയ ചെറിയ ഉപകാരങ്ങള്‍.

ഭാര്യ പക്ഷെ അയാളെ ഡാന്‍  എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. എല്ലാവരും  സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന ഡാനി എന്ന പ്രശസ്തി കൂടിയ പേരിനോട് കാരണം പറയാന്‍ ഒക്കാത്ത ഒരു വെറുപ്പ്  മാര്‍ഗരറ്റ്  സ്റ്റീവന്‍സണ്‍.ന് ഉണ്ടായിരുന്നു

അത് അയാള്‍ക്ക് നന്നായി അറിയാമായിരുന്നു താനും.

അതിലയള്‍ക്ക് ഒട്ടും വിഷമം ഇല്ലായിരുന്നു എന്നതാണ് സത്യം.

മകന്‍ ഹാര്‍പ്പര്‍  ഡാട് എന്ന് കുറച്ചുകാലം വിളിച്ചിരുന്നു.

മകള്‍ ഡാട് എന്നും പിന്നെ പിന്നെ മറ്റുപലതും വിളിച്ചു പോന്നു. ചിലപ്പോള്‍ തെറി വാക്കുകളും .

അതിലും അയാള്‍ക്ക് ഒരു വിഷമവും വിരോധവും ഉണ്ടായില്ല.

അങ്ങനെ ഉണ്ടാകേണ്ട കാര്യം ഇല്ല . കാരണവും ഇല്ല തന്നെ. എന്നും അതയാള്‍ക്ക് നല്ലോണം അറിയാമായിരുന്നല്ലോ.

മയക്കു മരുന്ന് കേസില്‍ കുടുങ്ങിയ മകന്‍ ജയിലില്‍ ആയിട്ട് കൊല്ലങ്ങള്‍ കുറെ ആയി.

അവന്റെ മുപ്പത്തി ഒന്നാം പിറന്നാള്‍ ദിനത്തില്‍ അവനു വേണ്ടി നാല് കാന്‍ സ്‌പെഷല്‍ ബ്രൂ വാങ്ങി വീടിലേക്ക് വരുമ്പോള്‍  കണ്ടത് പോലീസുകാര്‍ അവനെ വിലങ്ങണിയിച്ച്  കാറില്‍ കയറ്റി ഇരുത്തുന്നതാണ്.

കാറിനുള്ളില്‍ എത്തി നോക്കിയ തന്നെ  ഒരു ഓഫീസര്‍ എന്താ എന്ന ഭാവത്തില്‍ നോക്കി.  ബാസ്റ്റാര്‍ഡ് .

'  എന്റെ ഡാഡ്  ആണ് ' ഹാര്‍പ്പര്‍ പറയുന്നത് കേട്ടു .

' അതെയോ ?'  വനിതാ ഓഫീസറുടെ സ്വരത്തില്‍ ഒരു പരിഹാസം ഉള്ളത് തിരിച്ചറിഞ്ഞു എങ്കിലും മിണ്ടിയില്ല. ബിച്ച് .

അവനെ പിന്നെ ഈ നേരം വരെ കണ്ടിട്ടില്ല.

 

അയാള്‍ പ്ലാസ്റ്റിക് സഞ്ചിയിലെ കുപ്പികള്‍ തൊട്ടു നോക്കി. ഭാഗ്യം . പൊട്ടിയിട്ടില്ല.

 

മകന്റെ  ഗേള്‍ ഫ്രണ്ട് ആയിരുന്ന വലേറി  ഒരുപാടു ആണുങ്ങളെ വീട്ടില്‍ വിളിച്ചു വരുത്താന്‍ തുടങ്ങിയപ്പോള്‍ ആണ് താനും മാര്‍ഗരറ്റും ചേര്‍ന്ന് അവളെ പുറത്താക്കിയത്. തങ്ങള്‍ പുറത്താകാതെ ഇരിക്കാന്‍ വേണ്ടി ചെയ്തു പോയതാണ്.

അന്നവള്‍ വിളിച്ചു പറഞ്ഞത് ഇന്നും ഓര്‍മ്മയുണ്ട്.

' ലുക്ക്. . എനിക്ക് പണം വേണം. സിഗരെറ്റ് , കാനബിസ് , ഡ്രിങ്ക്‌സ് , ഡ്രസ്സ് , പെട്രോള്‍, പിന്നെ ഫുഡ്..  ലുക്ക്. ഹാര്‍പ്പര്‍ പോയിട്ട് കൊല്ലം രണ്ടായി . ഇത്ര കാലം നിങ്ങളെ തീറ്റി പോറ്റിയത് പിന്നെ എങ്ങനെ എന്നാ വിചാരം? ബെനിഫിറ്റ് കിട്ടുന്നത് നിങ്ങള്‍ക്ക്  ഡ്രിങ്ക്‌സ് വാങ്ങാന്‍ തികയുമായിരുന്നോ? ഒരു തവണ എങ്കിലും പോന്നു മോള്‍ ഒന്ന് വന്നു നോക്കിയോ?'

അവള്‍ പറഞ്ഞത് നേര് തന്നെ ആയിരുന്നു.

വീട് വിട്ടു പോയ മകള്‍ ഹീതര്‍  എവിടെ ആണെന്ന് അവള്‍ക്കേ അറിയാവൂ.  അവളുടെ  ജോലിക്കും സ്ടാട്ടസിനും  തങ്ങളും ആയുള്ള ബന്ധം നല്ലതല്ല എന്നാണ് അവള്‍ ഏറ്റവും ഒടുവില്‍ കണ്ടപ്പോള്‍ പറഞ്ഞ ന്യായം..  അന്നവള്‍ക്ക് ഇരുപത്തഞ്ചു  വയസ്സ് പ്രായം കാണും. ഹാര്‍പ്പര്‍ ജയിലില്‍ പോകുന്നതിനും രണ്ടോ മൂന്നോ കൊല്ലം മുമ്പാണ് അത് .

നേരത്തെ സ്‌കൂളില്‍ പോക്ക് നിര്‍ത്തിയ ഹാര്‍പ്പര്‍ തങ്ങള്‍ക്ക്  ഒരു ഭാരം ആയിരുന്നില്ല  ഒരിക്കലും. തല്ലുണ്ടാക്കിയും പല തൊഴില്‍ ചെയ്തും അവന്റെ ബ്രെഡ് അവന്‍ നേടുമായിരുന്നു. ആ കാര്യത്തില്‍ അവന്‍ തന്നെ പോലെയും ഭാര്യയെ  പോലെയും ആയിരുന്നു.

ഹീതര്‍ എന്നും തങ്ങള്‍ക്കു ഒരു ഭാരം തന്നെ  ആയിരുന്നു. തല തിരിഞ്ഞ പെണ്ണ്.

പഠിക്കണം എന്ന ഒറ്റ ചിന്ത. വായന. കലാ പ്രവര്‍ത്തനങ്ങള്‍.  കുറെ എഴുത്ത്. തന്റെയോ അവളുടെയോ ജനിതക ഗുണം ഹീതറിനു  ഇല്ലാതെ പോയി. കടുത്ത വഴക്കിനോടുവില്‍ മാര്‍ഗരെറ്റ് വീട് വിട്ടു നിന്ന കാലത്താണ് ഹീതറിന്റെ വിത്തെറിയപ്പെട്ടത് എന്ന് താന്‍ സംശയിക്കാന്‍ അതാണ് കാരണം. മാര്‍ഗരെറ്റ് പക്ഷെ കടുത്ത ഭാഷയില്‍ താക്കീതു ചെയ്തു. ഇനിയങ്ങനെ ചിന്തിക്കരുതെന്ന്... ആ ചിന്ത ആവര്‍ത്തിക്കുന്ന പക്ഷം അവളുടെ മേല്‍ തൊടാന്‍ പറ്റില്ല എന്ന്.

എന്ത് മാത്രം ധനം അവള്‍ക്കായി ചെലവിട്ടു. അത് കൊണ്ട് ഒന്നും കരുതി വക്കാനും ആയില്ല.

ബി ബി സീ  ഇന്റെര്‍വ്യൂ കഴിഞ്ഞു വീട്ടില്‍ എത്തി ഒരാഴ്ച പോയപ്പോള്‍  ആണ് അവള്‍ നയം  വ്യക്തമാക്കിയതും വീട് വിട്ടു പോയതും.

ലണ്ടനിലോ സബര്‍ബിലോ സ്വന്തമാക്കിയ ഫ്‌ലാറ്റില്‍ ആരുടെയോ മാറിലെ ചൂടും അരക്കെട്ടിലെ ഊര്‍ജ്ജവും പങ്കിട്ടു അവള്‍ സുഖിച്ചു കഴിയുന്നുണ്ടാവും. സ്ലട്ട് .

ജോലി നഷ്ട്ടവും കള്ളുകുടിയും മാര്‍ഗരട്ടിന്റെ ജീവിത ശൈലിയും ഒക്കെ കൂടി ആയപ്പോള്‍ ഇങ്ങനെ ഒക്കെ ആയി. കൂടാതെ പൂച്ചകളും.

വലെറിയോടു   ചെയ്തത്  തെറ്റായിപ്പോയി എന്ന് നാലാഴ്ച്ച  കഴിഞ്ഞപ്പോള്‍ മനസ്സിലായി.

പൂച്ചകള്‍ അര്‍ദ്ധ പട്ടിണിയില്‍ ആയി. അതാണ് കഷ്ട്ടം. ഇന്‍സള്‍ട്ട് ടു ഇഞ്ചുറി !

മാര്‍ഗരെറ്റ് ആരോ ഉപേക്ഷിച്ച രണ്ടു പൂച്ച കുഞ്ഞുങ്ങളെ കൊണ്ട് വന്നു വളര്‍ത്തി തുടങ്ങിയതാണ്..

ഒരാണും.ഒരു പെണ്ണും.

അവയുടെ നാലാമത്തെ തലമുറ ആണ് ഇപ്പോള്‍ ഉള്ളത്. അതും   ഒരാണും മറ്റേതു പെണ്ണും.

തങ്ങള്‍ക്കു അവ തികഞ്ഞ ആശ്വാസം തന്നെ. അത്രയ്ക്ക് ചിന്തിച്ചാണ് മാര്‍ഗരെറ്റ് അവയ്ക്ക് പേരുകള്‍ കൊടുത്തതും ചൊല്ലി വിളിക്കുന്നതും, താലോലിച്ചു പോന്നതും.

 താനും മാര്‍ഗരറ്റും ആഹാരം ഇല്ലെങ്കിലും ദിവസം ആറു  സ്‌പെഷല്‍ ബ്രൂ വച്ച് കിട്ടിയാല്‍ പിടിച്ചു നില്‍ക്കും. സിഗരെറ്റുകള്‍ റോഡുവക്കിലും  ഷോപ്പിംഗ് മാല്‍  വാതിലുകളിലും ഉള്ള ബിന്നുകളില്‍ നിന്ന് കണ്ടെത്താം. അത് ഭാഗ്യത്തിന് വേണ്ടത്ര കിട്ടിയിരുന്നു. പൂച്ചകളെ പട്ടിണിക്കിട്ട് കൊല്ലാന്‍ വയ്യാത്തത് കൊണ്ട് താന്‍ രണ്ടുനേരത്തെ ആഹാരം ഒരുപാടു ദിവസം വേണ്ട എന്ന് വക്കുക ആയിരുന്നു. കിടപ്പില്‍ ആയ ശേഷം അതിന്റെ ഒരു വേവലാതി മാര്‍ഗരെറ്റ് അറിഞ്ഞിട്ടില്ല.

ഒരുപാടു തവണ അവള്‍ പറഞ്ഞതാണ് കൌണ്‍സില്‍ അധികൃതരെ വിളിച്ചു പറഞ്ഞു വല്ല ഹോമിലും കൊണ്ട് കിടത്താന്‍. അവള്‍ക്കു വേണ്ടി സമയം കളഞ്ഞു പ്രെഷര്‍ കൂട്ടേണ്ട എന്ന്.  അവള്‍ക്കു പറഞ്ഞാല്‍ മതി. അവള്‍ കൂടി പോയാല്‍ തന്നോട് ആര് മിണ്ടും? ആര്  വഴക്ക് കൂടും?

തനിക്കു പൂച്ചകളോട് മിണ്ടാം വഴക്ക് കൂടാം. പക്ഷെ അവറ്റകള്‍ക്ക് തനിക്കു മനസ്സിലാവുന്ന ഭാഷ അറിയില്ലല്ലോ. പേരെടുത്തു വിളിക്കുമ്പോള്‍ അവ തിരിച്ചറിഞ്ഞു ഓടിവന്നു മുതുകു വളച്ചു , കാതു കൂര്‍പ്പിച്ചു വാല്‍ കൊടിമരം പോല്‍ ഉയര്‍ത്തി സ്‌നേഹത്തിന്റെ അംഗ ചലനം നടത്തും എങ്കിലും തന്നെ ഒന്ന് ചീത്ത പറയാന്‍ അവറ്റക്ക്  കഴിവില്ല. സ്‌നേഹം മാത്രം പകരാന്‍ പറ്റുന്ന വിഡ്ഢികള്‍..

വാതിലിനുള്ളില്‍ അവ ദയനീയമായി കരയുന്നത് കേള്‍ക്കാം. തീറ്റ കൊടുത്തിട്ടാണ് താന്‍ ഇറങ്ങിയത്.. പിന്നെ എന്ത് പറ്റി ആവോ ?

സാധാരണ താന്‍ പുറത്തു പോകുമ്പോള്‍ ആണ്‍ പൂച്ച മാര്‍ഗരറ്റിന്റെ തലക്കലും  പെണ്‍  പൂച്ച കാല്‍ക്കലും  ആയി അനങ്ങാതെ ഇരിക്കുക ആണ് പതിവ്. ഉറങ്ങുക കൂടി ഇല്ല അവ. താന്‍ അകത്തു കയറിയാല്‍ ഉടനെ അവ എഴുന്നേറ്റു തങ്ങളുടെ കാര്യം  നോക്കും. ഇന്നെന്തു കൊണ്ടാണ് അവ ഇങ്ങനെ വിറളി  പിടിച്ചു വിലപിക്കുന്നത്?  വാതില്‍ പാളി മാന്തി പൊളിക്കാന്‍ പണിപ്പെടുന്നത് ?

മാര്‍ഗരെട്ടിനു വല്ലതും ?

ഓ! നോ!

ഒരു ഡ്രിങ്ക് ഷെയര്‍ ചെയ്യാന്‍ എങ്കിലും അവള്‍ വെയിറ്റ് ചെയ്‌തേ  പറ്റൂ. പറ്റണം . അല്ലാതെ എന്തോന്ന് മാര്‍ഗരെറ്റ് . എന്റെ മാഗി.

എന്തിനും ഇവിടെ നിന്ന് ഒന്നെഴുന്നെല്‍ക്കാന്‍ പറ്റിയിട്ടു വേണ്ടേ.

അയാള്‍ വീണ്ടും കാലോച്ചക്ക് കാതോര്‍ത്തു . അടുത്ത് വരുന്നത് ആരായാലും ഉറക്കെ നിലവിളിച്ചു അവരുടെ ശ്രദ്ധ പിടിച്ചു പറ്റണം . ഒരു കൈത്താങ്ങ് വാങ്ങി ഇവിടെ നിന്നെഴുന്നേറ്റു ഉള്ളില്‍ പോകണം. പൂച്ചകള്‍ പേടിക്കാന്‍ ഉള്ള കാരണം അറിയണം. ഒരുമിച്ചു രണ്ടു ലാര്‍ജ് കഴിക്കണം. പിന്നെ അവളുടെ കിടക്കയില്‍ തന്നെ ഇന്ന് രാത്രി ഉറങ്ങണം. നാളെ ഒരു  പക്ഷെ അവള്‍ ഉണരാന്‍ ഇടയില്ല. അങ്ങനെ ആരോ മനസ്സില്‍ ഇരുന്നു പറയുന്നു.

ഡാനി ചെവി വട്ടം പിടിച്ചു ജാഗരൂകനായി. അകലത്തു നിന്ന് ഒരു കാലൊച്ച അടുത്ത് വരുന്നുണ്ട്. പാത പതന താളം കൊണ്ട് തോന്നുന്നത് തൊട്ടടുത്ത അയല്‍ക്കാരനായ നെവിന്‍ ഡിസൂസ ആണെന്നാണ്..

അഹം ഭാവം തലയില്‍ കയറിയ മിശ്ര വര്‍ഗ്ഗക്കാരന്‍ ടോസ്സര്‍ .

തങ്ങള്‍ വഴക്കിട്ടു സ്വൈരം കെടുത്തുന്നു എന്നും പൂച്ചകള്‍ അയാളുടെ വീടിനു മുന്നില്‍ കാഷ്ട്ടിക്കുന്നു എന്നും ചൊല്ലി എന്ത് മാത്രം പുകിലാണ് അവന്‍ ഉണ്ടാക്കിയത്. എന്നാല്‍ ഒരു ഡ്രിങ്ക് കൊടുത്താല്‍ സ്‌നേഹം ഒഴുക്കി കണ്ണ് നനയ്ക്കും. സാരമില്ല. ഇവിടെ നിന്ന് ഒന്നെനീക്കാന്‍ അവന്റെ സഹായം ആയാലും മതി. എഴുന്നേറ്റെ പറ്റൂ. തണുപ്പ് അസ്ഥിയിലേക്ക് കയറി മരവിക്കാന്‍ തുടങ്ങി.

കാലൊച്ച അടുത്ത് വന്നു. അയാള്‍ വീടിന്റെ വാതിലില്‍ എത്തിയപ്പോള്‍ ഡാനി ഉറക്കെ അലറി വിളിച്ചു.

തന്റെ നിലവിളി നെവിന്‍ കേട്ടുവോ എന്ന് ഡാനിക്ക്  മനസ്സിലായില്ല. അയാള്‍ അര വേലിക്ക്  ഇപ്പുറത്തേക്ക് എത്തി നോക്കുകയും വാതിലില്‍ മാന്തി പൊളിക്കുന്ന പൂച്ചകളുടെ ശബ്ദം കേള്‍ക്കുകയും ചെയ്തു എന്ന് ഡാനിക്ക് തോന്നി.

' നെവിന്‍ ഒന്ന് ഹെല്പ് ചെയ്യ്. മഗിക്ക് എന്തോ  സംഭവിച്ചു എന്ന് ഞാന്‍ ഭയക്കുന്നു. കേട്ടില്ലേ പൂച്ചകളുടെ ബഹളം.'

നെവിന്‍ അയാളുടെ അടുത്ത് വന്നു സൂക്ഷിച്ചു നോക്കി.

' ആഹാ ! നന്നായി മോന്തിയിട്ട് മഞ്ഞില്‍ കിടക്കുകാ അല്ലെ ?' പിന്നെ അവന്‍ കുറെ ശാപവാക്കുകള്‍ പറയുന്നത് ഡാനി കേട്ടു .

എന്നിട്ട് ഒരു കൈ സഹായിക്കാതെ മാറി നിന്ന് ഫോണ്‍ വിളിക്കാന്‍ തുടങ്ങി.

'സെല്‍ഫിഷ് ക്രൂക്ക്  '

ഡാനി അവന്‍ കേള്‍ക്കാതെ ചീത്ത വിളിച്ചു.

മൂന്ന് നാല് മിനിട്ട് നെവിന്‍ ശക്തമായ അംഗ ചലനങ്ങളോടെ ഫോണില്‍ സംസാരിക്കുന്നത് ഡാനി കണ്ടു. സംസാരം തുടങ്ങിയപ്പോള്‍ മുതല്‍ നെവിന്‍ നടക്കാന്‍ തുടങ്ങിയത് കൊണ്ട് എന്ത് പറഞ്ഞു എന്ന് കേള്‍ക്കാന്‍ ഡാനിക്കു പറ്റിയില്ല.

എന്തായാല്‍ എന്ത്? ഐ ഡോണ്ട് കേര്‍ !

ഫോണ്‍ പോക്കറ്റില്‍ ഇട്ടു നെവിന്‍ സഗരെറ്റ് കൊളുത്തി.

'പ്ലീസ് ഒന്നെനിക്ക് കൂടെ.' വിളിച്ചു പറഞ്ഞെങ്കിലും നെവിന്‍ ശ്രദ്ധിക്കില്ല എന്ന് ഡാനിക്ക് അറിയാമായിരുന്നു.

ഒരു അര മണിക്കൂര്‍ കടന്നു പോയി.  

 മുന്‍ കൂട്ടി ക്രമീകരിച്ചു വച്ച മൈക്രോ ചിപ്പുകള്‍ നിയന്ത്രിക്കുന്ന സൈറന്‍ തുടരെ ഉയര്‍ത്തി ആംബുലന്‍സ് വാഹനവും പോലിസ് കാറുകളും വന്നു നിന്നു. ക്വിക്ക് റെസ്‌പോന്‍സ് ആംബുലന്‍സ് കാര്‍ ആണ് ആദ്യം വന്നത്. പിന്നാലെ കൂടുതല്‍ സൗകര്യം ഉള്ള വാന്‍ കൂടി വന്നു.

പോലിസ് കാറില്‍  വന്ന വനിതാ ഓഫീസര്‍ നെവിനെ നോക്കി ചോദിച്ചു.

' നീ എപ്പോഴാ കണ്ടത്.? തീര്‍ച്ചയാണോ നിനക്ക്?'

' നൂറു തരം . കണ്ട ഉടനെ ഞാന്‍ 999 വിളിച്ചു. ഒരര മണിക്കൂര്‍ മുമ്പ്.'

അര മണിക്കൂര്‍ എന്നത് നെവിന്‍ ഒന്നുറക്കെ ആണ് പറഞ്ഞത്.  പോലിസ് കാരിക്ക് അതത്ര പിടിച്ചില്ല.

ഡാനിയെ  പരിശോധിച്ച ആംബുലന്‍സ് ജീവനക്കാര്‍ വിളിച്ചു പറഞ്ഞു.

' ശരിയാ.  ഒരുപാടു നേരം ആയി കാണണം.  റിഗര്‍  മോര്‍ട്ടിസ്  പൂര്‍ണ്ണമായിപ്പോയി '

ഡാനിയെ അവര്‍ ചുമന്നു കൊണ്ട് പോകാവുന്ന കിടക്കയില്‍ കയറ്റി കിടത്തി.

നെവിന്‍ കൊടുത്ത വിവരം പൂര്‍ണ്ണമായും വിശ്വാസ യോഗ്യം ആയതു കൊണ്ട് വളരെ വൈകാതെ പോലിസ് സംഘം മുന്‍ വാതില്‍ പൊളിച്ചു അകത്തു കടന്നു. വാതില്‍ക്കല്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പൂച്ചകള്‍.. .

അവ പോലീസുകാരെയും ആംബുലന്‍സ് ജീവനെക്കരെയും മാറി മാറി നോക്കിയിട്ട് നെവിനോട് എന്തോ പറയാന്‍ ശ്രമിച്ചു.

കിടക്ക പരിശോധിച്ച ജീവനക്കാര്‍ വിളിച്ചു പറഞ്ഞു.

' ഇത് ദയനീയമാണ്. ഷി  ഈസ് നോ മോര്‍ ആസ് വെല്‍ . മണിക്കൂറുകള്‍ ആയി മരിച്ചിട്ട് .'

വനിതാ പോലിസ് ഉദ്യോഗസ്തക്ക് ഒന്ന് വോമിറ്റ് ചെയ്യണം എന്ന് തോന്നി. അവള്‍ അടിവയര്‍ പൊത്തി പിടിച്ചു നിലത്തു കുത്തി ഇരുന്നു.

' നോക്കൂ . ഇതെന്താണ്?' പുതുതായി ജോലി തുടങ്ങിയ ചെറുപ്പക്കാരന്‍ പോലിസ് കിടക്കയുടെ ഹെഡ് ബോര്‍ഡില്‍ കണ്ട കുറിപ്പിലേക്ക് വിരല്‍ ചൂണ്ടി.

രണ്ടു നാള്‍ മുമ്പ് ഡാനി വാങ്ങി കൊണ്ട് വന്ന കടുത്ത നിറം ഉള്ള ലിപ് സ്ടിക് കൊണ്ട് മാര്‍ഗരറ്റ് കോറി ഇട്ടതു വായിക്കാന്‍ പ്രയാസം ഇല്ല.

' ഡാന്‍  എനിക്ക് വേണ്ടി തണുപ്പത്തു തനിച്ചു  വെയിറ്റ് ചെയ്യുന്നു. പോയെ പറ്റൂ.  ഹാര്‍പ്പറും  ഹീതറും പാവങ്ങളാണ്. അവരെ വേദനിപ്പിക്കരുത്.' ആരോട് എന്നില്ലാതെ മാര്‍ഗരറ്റ് ധൃതി പിടിച്ചു എഴുതിയതാണ് എന്നുറപ്പ്.

' ആരാ ഈ ഹാര്‍പ്പര്‍ ആന്‍ഡ് ഹീതെര്‍ ?'

പോലീസുകാര്‍ തങ്ങളോട് തന്നെ എന്നത് പോലെ  ചോദിച്ചു.

'പേരുകള്‍ ഇവരുടെ മക്കളുടെതായിരുന്നു.  ഇവറ്റകളുടെ പേരും അത് തന്നെ.'

നെവിന്‍ പറഞ്ഞു.

അയാള്‍ പൂച്ചകളുടെ നേരെ വിരല്‍ ചൂണ്ടി ആണ് അങ്ങനെ പറഞ്ഞത്.

ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയില്‍ മുഴുകവേ പുറത്തു തുളവീണ സമതയുടെ പുതപ്പു വെള്ളി നാരു കൊണ്ട് തുന്നിയടക്കാന്‍ മഞ്ഞു തിടുക്കം കൂട്ടി.

മാര്‍ഗരെറ്റിന്റെ പൂച്ചകള്‍ ( ചെറുകഥ - മുരുകേഷ് പനയറ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക