Image

സൗന്ദര്യമത്സരത്തിന്റെ മാനദണ്ഡം തിരുത്തി എഴുതിയ സൗന്ദര്യ റാണി (ജി. പുത്തന്‍കുരിശ്‌)

Published on 18 September, 2013
സൗന്ദര്യമത്സരത്തിന്റെ മാനദണ്ഡം തിരുത്തി എഴുതിയ സൗന്ദര്യ റാണി (ജി. പുത്തന്‍കുരിശ്‌)
സൗന്ദര്യം, തൊലി വെളുപ്പിനപ്പുറം മറ്റു പലഘടകങ്ങളും ഉള്‍ചേര്‍ന്നതാണെന്ന്‌ വിളിച്ചറിയിച്ചുകൊണ്ട്‌, നിനാ ഡുവലറി എന്ന സുന്ദരിക്കുട്ടി അമേരിക്കന്‍ സൗന്ദര്യകിരീടം അണിഞ്ഞപ്പോള്‍ അമേരിക്കയിലെ അന്തരീക്ഷം വര്‍ഗ്ഗവിദ്വേഷംകൊണ്ട്‌ മലീമസമായി. അജ്‌ഞതയുടേയും അറിവില്ലായ്‌മയുടേയും ടിവ്‌റ്ററുകളുടെ നിരന്തര പ്രവാഹത്തില്‍ ടെലിവിഷനടക്കമുള്ള മാദ്യമങ്ങള്‍ ശ്വാസംമുട്ടി. അതോടൊപ്പം പിതൃത്വംകൊണ്ട്‌ ഇന്ത്യാക്കാരിയും ജന്മംകൊണ്ട്‌ അമേരിക്കകാരിയുമായ നിനാ ഡുവലറിയുടെ കുടുംബ പാരമ്പര്യം, ജാതി, വര്‍ണ്ണം, തുടങ്ങിയവയുടെ അടിവേരുകള്‍ അന്വേഷിച്ചുള്ള പ്രയാണവും ആരംഭിച്ചു. വര്‍ഗ്ഗീയ വിദേഷ്വത്തിന്റെ ദംഷ്‌ട്രങ്ങള്‍ പ്രസിഡണ്ട്‌ ഒബാമയുടെ നേരെ പല്ലിളിച്ച്‌ കാണിക്കുന്നത്‌ നാംമെല്ലാം കണ്ട്‌ മറക്കാന്‍ തുടങ്ങുന്നതിന്‌ മുന്‍പാണ്‌ വീണ്ടും അവ മോണകാട്ടാന്‍ തുടങ്ങിയിരിക്കുന്നത്‌.

വളരെ ചെറുപ്പത്തിലെ അമിതവണ്ണത്തെ ചെറുത്തു തോല്‍പ്പിച്ച ഈ മുഗ്‌ദ്ധ മനോഹരി ദൃഢതയാര്‍ന്ന മനസ്സിന്റേയും ആത്‌മ വിശ്വാസത്തിന്റേയും ഉടമയാണ്‌. കഠിനമായ അദ്ധ്വാനത്തിലൂടെ വിദ്യാഭ്യാസ രംഗത്ത്‌ നിറമാര്‍ന്ന വിജയം വരിച്ച ഈ ചെറുപ്പക്കാരി മസ്‌തിഷ്‌ക്കത്തിന്റെ സ്വഭാവ സംബന്ധമായ ശാസ്‌ത്രത്തില്‍ ഡിഗ്രിയും, കൂടാതെ വൈദ്യശാസ്‌ത്രം അഭ്യസിച്ചുകൊണ്ടിരിക്കുകയുമാണ്‌. അച്ഛനെപ്പോലെ ഒരു വൈദ്യനാകാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. കലാപരമായ കഴിവുകളിലും നിനാ പിന്നോക്കമല്ല. നൃത്തത്തിന്റെ വിവിധ തലങ്ങളില്‍ പ്രാവണ്യം നേടിയിട്ടുള്ള ഈ മിടുക്കി, സൗന്ദര്യ മത്സരത്തിനായി അവതരിപ്പിച്ച കിടിലന്‍ സമ്മിശ്രണ നൃത്തം സദസ്യരെ മറ്റൊരു മായലോകത്തിലെത്തിച്ചപ്പോള്‍ തകര്‍ന്ന്‌ വീണത്‌ സൗന്ദര്യമത്സര പാരമ്പര്യത്തിന്റെ മതില്‍കെട്ടുകളും നേടിയത്‌ അമേരിക്കന്‍ എന്ന വാക്കിന്‌ പുത്തന്‍ മാനവുമാണ്‌.

ധവള വര്‍ണ്ണവും സ്വര്‍ണ്ണ മുടിയുമുള്ളവള്‍ക്കു മാത്രമെ സൗന്ദര്യ പട്ടത്തിന്‌ അര്‍ഹതയുള്ളുവെന്ന തെറ്റായ ധാരണകളെ തകിടം മറിച്ചിട്ടാണ്‌ ഈ ധൂമ്രവര്‍ണ്ണ കഴിഞ്ഞ വര്‍ഷത്തെ സുന്ദരിയില്‍ നിന്ന്‌ കിരീടം വാങ്ങി ശിരസ്സില്‍ അണിഞ്ഞത്‌. അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല മറ്റൊരു നിറത്തിലുള്ള സ്‌ത്രീ സൗന്ദര്യ മത്സരത്തില്‍ കിരീടം അണിയുന്നത്‌. മുപ്പത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വനീസ വില്യംസ്‌ അടക്കം ഏഴു കറുത്ത വര്‍ഗ്ഗക്കാരും ഒരു ഏഷ്യക്കാരിയും ഈ സൗന്ദര്യ പട്ടത്തിന്‌ അര്‍ഹതയായിട്ടുണ്ട്‌. ഇവരെല്ലാവരും പിന്നീട്‌ അവരവരുടെ തൊഴില്‍ രംഗങ്ങളില്‍ വളരെ പ്രശസ്‌തമായ രീതിയില്‍ വിജയം വരിക്കുകയും ചെയ്‌തു. പക്ഷെ എന്ന്‌ സൗന്ദര്യ മത്സരത്തിലെ ബ്ലോണ്ട്‌ സങ്കല്‌പങ്ങളെ ഇളക്കി മറിച്ച്‌ മറ്റൊരു വര്‍ണ്ണക്കാരി കിരീടം അണിഞ്ഞിട്ടുണ്ടോ അന്നൊക്കെ ഈ ഇതരവര്‍ഗ്ഗ വിരോധികള്‍ക്ക്‌ ഹാലിളകുകയും ഇതെങ്ങനെ സംഭവിച്ചുവെന്ന്‌ മുറവിളികൂട്ടുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷെ ഈ വര്‍ഗ്ഗത്തെ അവഗണിച്ച്‌ മുന്നേറുകയല്ലാതെ മറ്റെന്ത്‌ മാര്‍ഗ്ഗം?

സൗന്ദര്യമത്സര വിജയിയായ അമേരിക്കയിലെ വ്യത്യസ്‌ത വര്‍ഗ്ഗത്തില്‍പ്പെട്ട ഡുവലറി അടുത്ത തലമുറയ്‌ക്ക്‌ തന്റെ വിജയത്തിലൂടെ നല്‍കുന്ന ശക്‌തമായ സന്ദേശം പരമ്പരാഗതമായ സൗന്ദര്യ സങ്കല്‌പങ്ങളുടെ പിന്നാലെ പരക്കം പായുന്നതിനെക്കാളും വ്യത്യസ്‌തയില്‍ സൗന്ദര്യം കണ്ടെത്താനാണ്‌. സൗന്ദര്യമത്സര വിജയിയെ തിരഞ്ഞെടുത്തതില്‍ അപാകതയുണ്ടെന്ന്‌ അലമുറ കൂട്ടുന്നവരില്‍ പലര്‍ക്കും ്‌ ഭൂപടത്തില്‍ ഇന്ത്യ എവിടെയാണെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളത്‌ ദൂഃഖകരമായ ഒരു സത്യമാണ്‌. അതുകൊണ്ട്‌ ഡുവലറിയെ അറബ്‌ രാജ്യക്കാരിയെന്നു മുദ്രകുത്തി. ഒരു പക്ഷെ രണ്ടായിരത്തി പത്തിലെ സൗന്ദര്യ റാണിയായ റിമാ ഫെക്കിയുമായി ഡുവലറിയെ തെറ്റ്‌ ധരിച്ചിരിക്കാനും സാധ്യതയുണ്ട്‌.

രണ്ടായിരത്തി പത്തിലെ സെന്‍സ്‌സ്‌ പ്രകാരം ഏകദേശം മൂന്ന്‌ ദശാംശം രണ്ട്‌ മില്ലിയണ്‍ ഇന്ത്യന്‍ അമേരിയ്‌ക്കക്കാരണ്‌ ഇവിടെയുള്ളത്‌. വിദ്യാഭ്യാസത്തിലും തൊഴിലിലും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരോ ഇടത്തരം ഇന്ത്യന്‍ കുടുംബങ്ങളുടെയും വരുമാനം ഏകദേശം തൊണ്ണൂറായിരം ഡോളറാണ്‌. അമേരിക്കയുടെ സമ്പത്ത്‌ വ്യവസ്ഥയെ ശക്‌തമായി തുണയ്‌ക്കുന്ന ഇക്കൂട്ടരെ അംഗീകരിക്കുന്നതില്‍ അജ്‌ഞതയുടെ അന്ധകൂപങ്ങളില്‍ വസിക്കുന്ന പലര്‍ക്കും കഴിയുന്നില്ലെന്നുള്ളത്‌ ഖേദകരമായ മറ്റൊരു സത്യമാണ്‌. ഏത്‌ രംഗത്ത്‌ നാം പ്രവര്‍ത്തിക്കുന്നോ ആ രംഗത്ത്‌ ശ്രേഷ്‌ഠത കൈവരിക്കുകയെന്നതാണ്‌ വര്‍ഗ്ഗീയതയേയും പുരുഷനും സ്‌ത്രീയും എന്നുള്ള ഭിന്നതയേയും ചെറുത്തു തോല്‌പ്പിക്കാനുള്ള ഏകമാര്‍ഗ്ഗം എന്ന ഓപ്പറ വിംഫ്രിയുടെ വാക്കുകളെ ഒന്നുകൂടി അടിവരയിട്ട്‌ ഉറപ്പിക്കുകയായിരുന്നു ലോകത്തിനും പ്രത്യേകിച്ച്‌ സ്‌ത്രീവര്‍ഗ്ഗത്തിന്‌ മാതൃകയും അഭിമാനവുമായ നിനാ ഡുവലറിയെന്ന യുവ സുന്ദരി തന്റെ വിജയത്തീലൂടെ ചെയ്‌തതു. ഡുവലറിയുടെ ഈ വിജയത്തില്‍ സന്തോഷിക്കുന്നതോടൊപ്പം എല്ലാ ഭാവുകംങ്ങളും നേരുന്നു.
സൗന്ദര്യമത്സരത്തിന്റെ മാനദണ്ഡം തിരുത്തി എഴുതിയ സൗന്ദര്യ റാണി (ജി. പുത്തന്‍കുരിശ്‌)സൗന്ദര്യമത്സരത്തിന്റെ മാനദണ്ഡം തിരുത്തി എഴുതിയ സൗന്ദര്യ റാണി (ജി. പുത്തന്‍കുരിശ്‌)സൗന്ദര്യമത്സരത്തിന്റെ മാനദണ്ഡം തിരുത്തി എഴുതിയ സൗന്ദര്യ റാണി (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക