Image

ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 17 September, 2013
ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഗ്രീക്ക്‌ പുരാണത്തില്‍ ഒരു കഥയുണ്ട്‌ മിഡാസ്‌ രാജാവിനെക്കുറിച്ച്‌. തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസിനെപ്പോലെ കോട്ടയത്തൊരാളുണ്ട്‌ - പൊന്നച്ചന്‍ എന്നുതന്നെ പേരുള്ള വി.ടി. മാത്യു - ഏറ്റുമാനൂര്‍ വല്യാത്ത്‌ തോമസ്‌ മകന്‍ മാത്യു. പക്ഷേ, പൊന്നച്ചന്‍ എന്നു പറഞ്ഞാലേ നാട്ടുകാര്‍ക്കറിയൂ. 85 വയസ്സിന്റെ യൗവനം. 80 ലക്ഷം രൂപ വിലയുള്ള കോട്ടയത്തെ ആദ്യത്തെ വോള്‍വോ ബസിന്റെ ഉടമ. ഇപ്പോഴും കാറോടിച്ചു സഞ്ചാരം. ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പുതിയ മോഡല്‍, പത്തുലക്ഷം വിലയുള്ള വെന്റോ . വോള്‍വോയും വെന്റോയും നല്ല റോഡാണെങ്കില്‍ വെണ്ണപോലെ ഒഴുകും.

കര്‍ഷക കുടുംബത്തിലാണു ജനിച്ചത്‌. അച്ചാച്ചന്റെ കണ്ടത്തില്‍ ഇഞ്ചിത്തടം വെട്ടാന്‍ നാല്‌പതു പണിക്കാരെ നിര്‍ത്തിയ കാലം ഓര്‍ക്കുന്നു. അവിടെ ചവറു വെട്ടിയിടാന്‍ നിര്‍ത്തിയ തെള്ളകത്തെ ആ കാട്ടിലാണ്‌ ഇപ്പോള്‍ മാതാ ആശുപത്രിയുടെ നേഴ്‌സിംഗ്‌ കോളേജ്‌. പഠിക്കാന്‍ മണ്ടനായിരുന്നു. എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളേജില്‍ ഇന്റര്‍മിഡിയറ്റിനു പഠിക്കുമ്പോള്‍ ലക്ഷ്‌മണ്‍, മേനക, പത്മ തിയേറ്ററുകളില്‍ രാജ്‌കപൂര്‍, നര്‍ഗീസ്‌, ദിലീപ്‌കുമാര്‍ നടിച്ച ഹിന്ദി പടങ്ങള്‍ക്കെല്ലാം സെക്കന്‍ഡ്‌ ഷോയ്‌ക്കു പോകും.

പഠിത്തം മതിയാക്കിയതോടെ കോട്ടയത്ത്‌ എ.ടി. തോമസിന്റെ തേയിലക്കടയില്‍ ജോലിക്കാരനായി കൂടി. ക്രമേണ സ്വന്തമായി തേയിലക്കച്ചവടം തുടങ്ങി. പീരുമേട്ടില്‍ റാണിമുടി, പട്ടുമുടി തുടങ്ങിയ തോട്ടങ്ങളില്‍നിന്നു തേയില വാങ്ങി ചാക്കില്‍ക്കെട്ടി പീരുമേട്ടിലെത്തിച്ച്‌ ടി.വി.എസില്‍ ബുക്ക്‌ ചെയ്‌തയയ്‌ക്കും. പലപ്പോഴും ദാസന്‍ ബസിന്റെ മുകളില്‍ കയറ്റി കോട്ടയത്തു കൊണ്ടുവരുകയായിരുന്നു ആദ്യം. തമിഴ്‌നാട്ടിലും തിരുവിതാംകൂറിലും മൊത്തക്കച്ചവടം അങ്ങനെ പൊടിപൊടിച്ചു.

സ്വന്തമായി കാശായപ്പോള്‍ ആദ്യത്തെ ഫര്‍ഗോ ലോറി വാങ്ങി. പിന്നീടൊരു ബെഡ്‌ഫോര്‍ഡ്‌ എടുത്തു. ഡ്രൈവര്‍ താന്‍തന്നെ. കോട്ടയത്തുനിന്നു പെരിയാറ്റിലേക്ക്‌ പലചരക്കുമായി പോകും. തിരികെ വരുമ്പോള്‍ തേയിലയും തടിയുമായി വരും. പെരിയാറ്റിനു കിഴക്ക്‌ പച്ചക്കാനത്തുനിന്ന്‌ ഒരിക്കല്‍ തടികയറ്റി വരുമ്പോള്‍ റോഡിലുണ്ട്‌ ഒരു കൊമ്പന്‍. ലോറി എന്‍ജിന്‍ ഓഫാക്കാതെ നിര്‍ത്തി. കൊമ്പന്‍ പേടിച്ച്‌ കാട്ടിലേക്കു വലിഞ്ഞു. വണ്ടി വിടുമ്പോള്‍ ഒരു കൊലവിളി കേട്ടു. കോട്ടയത്തു വന്നാണ്‌ വണ്ടി നിര്‍ത്തിയത്‌! കോതമംഗലത്തുനിന്ന്‌ ഈറ്റ കയറ്റി പുലനൂര്‍ പേപ്പര്‍ മില്ലിലേക്കു പോയതും അവിടെനിന്ന്‌ തടിയുമായി വന്നതും വേറെ കഥ.

ലോറിയായി, കാറായി, ടാക്‌സിയായി, ബസായി. മറ്റക്കര-പാലാ-കോട്ടയം റൂട്ടില്‍ ഓടുന്ന ബീന ബസ്‌ ഇപ്പോഴും പാലാ-കോട്ടയമായി ഓടുന്നു. പൈസ ലാഭിക്കാന്‍ ആദ്യത്തെ ബസിന്റെ ചേസിസ്‌ എടുത്തത്‌ കേന്ദ്രഭരണ പ്രദേശമായ സില്‍വാസയില്‍നിന്നാണ്‌ 15,000 രൂപ നികുതി ലാഭം. ഇന്‍ഡോറിലേക്ക്‌ ഓടിച്ചു പോയി ബോഡി ചെയ്യിച്ചു. കൊടുംതണുപ്പത്ത്‌ തലയില്‍ ഒരു കെട്ടും കെട്ടി തനിയെ ആയിരുന്നു ചേസിസ്‌ കൊണ്ടുപോയത്‌.

ഇന്ന്‌ അതൊക്കെ ഓര്‍ക്കുമ്പോള്‍ കുളിരുകോരും. 1973ല്‍ ലെയ്‌ലാന്‍ഡ്‌ എടുത്ത്‌ ഭംഗിയായി ബോഡി ചെയ്‌ത്‌ ടൂറിസ്റ്റ്‌ വണ്ടിയായി ഇറക്കി. അന്ന്‌ ടൂറിസ്റ്റ്‌ വണ്ടിക്ക്‌ സീറ്റൊന്നിന്‌ 25 രൂപയേ ക്വാര്‍ട്ടറില്‍ ടാക്‌സുള്ളൂ. പുതിയ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിയായപ്പോള്‍ അത്‌ നൂറായി കൂട്ടി.

തീര്‍ത്ഥാടകര്‍ക്കുവേണ്ടി ഒരു ബസ്‌ ആഴ്‌ചയിലൊരിക്കല്‍ വേളാങ്കണ്ണിയിലേക്ക്‌ ഓടിച്ചുതുടങ്ങിയത്‌ 1973-ലാണ്‌. ടിക്കറ്റൊന്നിന്‌ 150 രൂപ. ഇന്നു വോള്‍വോയില്‍ അത്‌ 1500 ആയി. ഒരു പൂജ്യം കൂട്ടിയെന്നേയുള്ളൂ. പൂജ്യത്തിനെന്താ വില! കോട്ടയത്തെ ആദ്യത്തെ എ.സി ബസും ബീനയുടേതുതന്നെ. സ്വീഡനില്‍നിന്നു വരുന്ന ആദ്യത്തെ വോള്‍വോയും. 41 സീറ്റ. ശരാശരി എടുത്താല്‍ 1500 വച്ച്‌ 60,000 രൂപ. മാസം 2,40,000. 350 ലിറ്റര്‍ ഡീസലിന്‌ 15000, ഡ്രൈവര്‍ക്കു 2000. എന്നാലും ലാഭം തന്നെ.

ഞാന്‍ പൊന്നച്ചനെപ്പറ്റി ആദ്യം കേള്‍ക്കുന്നത്‌ റാണിമുടിയുടെ ഉടമസ്ഥനായ ഹാജി ജലാലില്‍നിന്നാണ്‌. പൊന്നച്ചന്‍ പതിവുപോലെ ജലാലിനെ കണ്ടു മടങ്ങുമ്പോള്‍ ഞാന്‍ ജലാലിനോടും ചോദിച്ചു: ആരാണ്‌ ഈ തലനരച്ച കൊച്ചുമനുഷ്യന്‍? പിറ്റേന്നു രാവിലെ എം.സി റോഡില്‍ മാതാ ആശുപത്രിക്കു തൊട്ടുചേര്‍ന്നു കിടക്കുന്ന തന്റെ ഒന്നര ഏക്കര്‍ റബര്‍ത്തോട്ടത്തില്‍വച്ചു കാണാമെന്നു പറഞ്ഞ്‌ പൊന്നച്ചന്‍ പിരിഞ്ഞു. ഞാന്‍ പോയി. അന്ന്‌ അദ്ദേഹം ഓടിച്ചിരുന്ന പാലിയോ കാര്‍ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നു. പക്ഷേ, കാറുടമയെ കാണാനുണ്ടായിരുന്നില്ല. ഞാന്‍ തോട്ടത്തില്‍ ചുറ്റിനടന്നു. ഒടുവില്‍ കണ്ടുപിടിച്ചു. ഒരു മൂലയില്‍ നിന്ന്‌ റബര്‍ വെട്ടുന്നു. അതും നല്ല ഭംഗിയായി. എന്തുപറ്റി? ``ഇന്ന്‌ വെട്ടുകാരന്‍ വന്നില്ല. പലപ്പോഴും അവന്‍ ലേറ്റാണ്‌. അതുവരെ വെറുതെ നില്‍ക്കണ്ടല്ലോ എന്നു കരുതി.''

അതില്‍നിന്ന്‌ ഒന്നേകാല്‍ ഏക്കര്‍ ഇപ്പോള്‍ ടി.വി.എസിന്റെ ഷോറൂം/സര്‍വീസ്‌ സ്റ്റേഷനു വാടകയ്‌ക്കു കൊടുത്തിരിക്കുകയാണ്‌. പഴയ ലെയ്‌ലാന്‍ഡ്‌ ബസ്‌ വിറ്റുകിട്ടിയ 20 ലക്ഷം രൊക്കം കൊടുത്ത്‌ വോള്‍വോ എടുത്തു. ബാക്കിക്ക്‌ ബാങ്ക്‌ ലോണ്‍. ടി.വി.എസില്‍നിന്നു കിട്ടുന്ന വാടക പ്രതിമാസം ഇന്‍സ്റ്റാള്‍മെന്റ്‌ അടയ്‌ക്കാന്‍ ധാരാളം. വേളാങ്കണ്ണിക്കു പോകുമ്പോള്‍ കെ.എസ്‌.ആര്‍.ടി.സി.യില്‍നിന്നു റിട്ടയര്‍ ചെയ്‌ത കുഞ്ഞുമോനാണ്‌ പുറത്തുനിന്നുള്ള ഡ്രൈവര്‍. മകന്‍ ബോബിയും മാറിമാറി ഓടിക്കും. മറ്റു ജോലിക്കാരാരുമില്ല. ഇതാണ്‌ പൊന്നച്ചന്റെ എക്കണോമിക്‌സ്‌.

വോള്‍വോ എടുത്തിട്ട്‌ പൊന്നച്ചന്‍ ആദ്യമായി വേളാങ്കണ്ണിക്കു പോയപ്പോള്‍ എന്നെയും കൂട്ടി. പോകുന്ന വഴിക്ക്‌ കുമളിയില്‍നിന്ന്‌ ലോവര്‍ ക്യാമ്പ്‌, ഡിണ്ടിഗല്‍, തൃശിനാപ്പള്ളി, തഞ്ചാവൂര്‍, പട്ടുക്കോട്ട, മണ്ണാര്‍ഗുഡി വഴി വേളാങ്കണ്ണിയിലെത്താന്‍ 500 കിലോമീറ്റര്‍. 12 മണിക്കൂര്‍. വൈകിട്ട്‌ ആറിനു പുറപ്പെട്ടാല്‍ രാവിലെ ആറിന്‌ എത്തും. മടക്കയാത്രയും വൈകിട്ട്‌ ആറിനുതന്നെ. വഴിക്കു കടന്നുപോയ പ്രധാന സ്ഥലങ്ങളുടെയെല്ലാം ചരിത്രവും ഭൂമിശാസ്‌ത്രവും പൊന്നച്ചന്‍ വിശദീകരിച്ചുകൊണ്ടിരുന്നു. ലോവര്‍ ക്യാമ്പില്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ്‌ എന്‍ജിനീയര്‍ ജോണിന്റെ പ്രതിമ വൈദ്യുതദീപാലങ്കരത്തോടെ രാത്രിയില്‍ ശോഭിച്ചുനില്‍ക്കുന്നു. ഉത്തമപാളയത്ത്‌ റോഡിനോടു മുട്ടി ഒരമ്പലം. അതിനടുത്തൊരു പാലം. അതിനിടിയിലൂടെ ഒഴുകുന്നത്‌ പെരിയാറിലെ വെള്ളമാണ്‌.

ബദലഗുണ്ടിലെത്തിയപ്പോള്‍ ദൂരെ കൊടൈക്കനാലിലെ ലൈറ്റുകള്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ മലയാണ്‌ കൊടൈക്കനാല്‍, 8000 അടി! അവിടെത്തന്നെ നക്ഷത്രബംഗ്ലാവു നില്‍ക്കുന്നിടത്തു മാത്രം 9000 അടി!! വണ്ടി വെളുപ്പിന്‌ ഒന്നരയ്‌ക്ക്‌ തഞ്ചാവൂരിലെത്തി. അവിടെ ഡീസലടിച്ച്‌ വേളാങ്കണ്ണി വരെ ഇരുവശത്തും നെല്‍പ്പാടങ്ങള്‍ക്കു നടുവിലൂടെ. തഞ്ചാവൂരില്‍നിന്നാണ്‌ നമ്മുടെ നാട്ടിലേക്കു പൊന്നിയരി എത്തുന്നത്‌.

ഉത്തമപാളയത്തും മറ്റും വഴിയരികിലെ പുളിമരങ്ങളില്‍ ഒളിച്ചിരിക്കുന്ന പാണ്ടിത്തേവന്മാര്‍ (തേവര്‍മകന്‍ എന്ന ചിത്രം ഓര്‍ക്കുന്നില്ലേ? കമലഹാസന്‍, ഗൗതമി, രേവതി) റോഡില്‍ കല്ലും തടിയും നിരത്തി ചരക്കുലോറികള്‍ തടഞ്ഞ്‌ കയറില്‍നിന്ന്‌ ഊര്‍ന്നിറങ്ങി ചരക്കുകള്‍ കൊള്ളയടിക്കുന്ന കാലമുണ്ടായിരുന്നു. വോള്‍വോ ചിന്നമന്നൂരിലെത്തിയപ്പോള്‍ അടുത്ത കഥ. അടുത്ത മലമുകളില്‍ തേയിലക്കൃഷിയുണ്ട്‌. ചിന്നമന്നൂര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ കളക്‌ടര്‍ ഈയടുത്ത കാലംവരെ മലയാളിയായിരുന്നു. അവിടെ ഒരു വിമാനം തകര്‍ന്നുവീണ്‌ കോട്ടയത്തെ തന്റെ അയല്‍ക്കാരനായ പമ്പുടമ ജോസഫ്‌ ആന്റണിയുടെ മകന്‍ മരണമടഞ്ഞ സംഭവം പൊന്നച്ചന്‍ അനുസ്‌മരിക്കുന്നു.

മക്കളുടെയെല്ലാം പേര്‌ `ബി' യില്‍ തുടങ്ങുന്നു- ബീന (ബസിന്റെ പേര്‌), ബിന്നി, ബെറ്റി, ബിജു, ബോബി. പെണ്‍മക്കളെയെല്ലാം ഭാര്യ കുഞ്ഞമ്മ(തെക്കേക്കര കുടുംബം)യുടെ നാടായ ചങ്ങനാശേരിയില്‍ കെട്ടിച്ചിരിക്കുന്നു. ബോബിയുടെ ഭാര്യ അഡ്വ. സിനി തോമസ്‌ മുന്‍ മന്ത്രിയും ചങ്ങനാശേരി എം.എല്‍.എയുമായ സി.എഫ്‌. തോമസിന്റെ മകളാണ്‌. ബിജുവിന്റെ ഭാര്യ ലീമ പൈക നന്തികാട്ട്‌ കണ്ടത്തില്‍ കുടുംബാംഗം.

വേളാങ്കണ്ണിയില്‍നിന്നു മടങ്ങുംമുമ്പ്‌ തീര്‍ത്ഥാടകരെ ബസിനു മുമ്പില്‍ അണിനിരത്തി ഫോട്ടോയെടുത്ത്‌. കൈക്കുഞ്ഞുമായി ഒരു ചെറുപ്പക്കാരന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. മിടുക്കി പെണ്‍കുഞ്ഞ്‌. തൊട്ടടുത്ത്‌ ദുബായിയില്‍നിന്നു വന്ന അയാളുടെ സഹോദരന്‍. വേളാങ്കണ്ണിയില്‍ മൂന്നു തവണ തീര്‍ത്ഥാടനം നടത്തിയതിന്റെ ദൈവദാനമാണത്രേ ആ കുഞ്ഞ്‌.

വിശ്വാസമല്ലേ എല്ലാം!
ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഇതാ തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കോട്ടയംകാരന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക