Image

വിദ്യാഭ്യാസ- സാമൂഹികരംഗങ്ങളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ മലങ്കര കത്തോലിക്കാസഭയ്ക്കു കഴിഞ്ഞു: മന്ത്രി കെ.സി. ജോസഫ്

Published on 20 September, 2013
വിദ്യാഭ്യാസ- സാമൂഹികരംഗങ്ങളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ മലങ്കര കത്തോലിക്കാസഭയ്ക്കു കഴിഞ്ഞു: മന്ത്രി കെ.സി. ജോസഫ്

പുന്നമൂട്: വിദ്യാഭ്യാസ- സാമൂഹികരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ മലങ്കര കത്തോലിക്കാസഭയ്ക്കു കഴിഞ്ഞെന്ന് സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ്. മലങ്കര സുറിയാനി കത്തോലിക്കാസഭ 83-ാം പുനരൈക്യവാര്‍ഷികസഭാസംഗമത്തോടനുബന്ധിച്ചു മലങ്കര സുറിയാനി കത്തോലിക്കാസഭ രാഷ്ട്രനിര്‍മിതിയില്‍ നിര്‍വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സഭ സമൂഹത്തില്‍ചെയ്യുന്ന മികച്ച സേവനങ്ങള്‍ സഭയെ നേട്ടങ്ങളുടെ പാതയിലെത്തിച്ചു. വിദ്യാഭ്യാസരംഗത്തെയും ആതുരരംഗത്തെയും ഇന്നുകാണുന്ന പുരോഗതിക്ക് മലങ്കര കത്തോലിക്കാസഭ നല്കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് പക്ഷേ, കേരളം ഇപ്പോഴും പിന്നോക്കാവസ്ഥ നേരിടുകയാണ്. ഈ മേഖലയില്‍ സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കോഴ്‌സ് പഠിക്കാന്‍ നമ്മുടെ സംസ്ഥാനത്ത് സാഹചര്യമൊരുക്കണം. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ദീര്‍ഘവീക്ഷണത്തോടെ പോയില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവിക്ക് കനത്ത വില നല്‌കേണ്ടിവരും. മറ്റ് സംസ്ഥാനങ്ങള്‍ അടിസ്ഥാനവികസനരംഗത്ത് പുരോഗതി കൈവരിച്ചപ്പോള്‍ വിശാലമായ റോഡുകളും പാലങ്ങളും ഇന്നും കേരളത്തിന് സ്വപ്നം കാണാനേ ഭാഗ്യമുള്ളു. ചൈനയില്‍പോലും വമ്പിച്ച മാറ്റം കൈവന്നു. ഇന്നവിടെ കമ്യൂണിസം കാണാന്‍ കഴിയില്ല. 

നാടിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ കഴിയാതെ വിവാദങ്ങള്‍ക്കു പിന്നാലെ പോകാനാണ് എല്ലാവര്‍ക്കും താല്പര്യം. വികസനരംഗത്ത് രാഷ്ട്രീയ കൂട്ടായ്മ വേണം. വിവാദങ്ങള്‍ക്ക് അവധി നല്കി കേരളത്തിന്റെ വികസനം ചര്‍ച്ചചെയ്യാന്‍ എല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. ക്രാന്തദര്‍ശനത്തോടെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നസ്രാണിദീപികയില്‍ മലങ്കര കത്തോലിക്കാസഭയില്‍ എങ്ങനെയായിത്തീരണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖപ്രസംഗമെഴുതിയത് മലങ്കര സഭയ്ക്ക് ഊര്‍ജം പകര്‍ന്നു. വിശാലമായ കാഴ്ചപ്പാടോടെ ലോകത്തെ നന്മയുടെ പാതയില്‍ നോക്കിക്കണ്ട് പ്രവര്‍ത്തിക്കാന്‍ മലങ്കര കത്തോലിക്കാസഭയ്ക്ക് കഴിയുന്നുണെ്ടന്നു ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് പറഞ്ഞു. 

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജാതിവിവേചനം നിലനിന്ന സാമൂഹ്യഅന്തരീക്ഷത്തില്‍ പിന്നോക്കം നിന്ന ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ മലങ്കര കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കഴിഞ്ഞെന്നും ഭാരതവത്കരണം ശരിയായ രീതിയില്‍ പിന്‍തുടര്‍ന്ന പ്രവര്‍ത്തനമാണ് സഭയുടേതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. 

കാരിത്താസ് ഇന്ത്യയുടെ മുന്‍ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന, സാമ്പത്തികവിദഗ്ധന്‍ ഡോ. തോമസുകുട്ടി പനച്ചിക്കല്‍, സിസ്റ്റര്‍ ലില്ലി തോമസ് ഡിഎം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മുന്‍ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഐഎഎസ്, കൊച്ചിന്‍ പോര്‍ട്ട ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ ജേക്കബ് തോമസ് ഐഎഎസ്, മാര്‍ ഈവാനിയോസ് കോളജ് അധ്യാപകന്‍ ഡോ. എബ്രഹാം ജോസഫ് എന്നിവര്‍ പ്രബന്ധത്തിന് പ്രതികരണങ്ങള്‍ നല്കി. മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് സ്വാഗതവും പ്രഫ. തോമസുകുട്ടി കൈമലയില്‍ നന്ദിയും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക