Image

പ്രസിഡന്റ് പദവി: നാരായണമൂര്‍ത്തിക്ക് സാധ്യത

Published on 14 October, 2011
പ്രസിഡന്റ് പദവി: നാരായണമൂര്‍ത്തിക്ക് സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ഐടി അതികായനും ഇന്‍ഫോസിസിന്റെ സ്ഥാപകനുമായ എന്‍.ആര്‍.നാരായണമൂര്‍ത്തിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് കഴിഞ്ഞ ഏതാനും മാസങ്ങളായി പല കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതിനിടെ, ഇതെപ്പറ്റി വിശദീകരണവുമായി മൂര്‍ത്തി രംഗത്തെത്തി. പ്രസിഡന്റ് പദവി താന്‍ ലക്ഷ്യംവയ്ക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം, രാഷ്ട്രത്തെ സേവിക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷമായിരിക്കുമെന്ന് അദ്ദേഹം സൂചന നല്‍കി. 'രാജ്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഏതു നിലയിലും ഞാന്‍ തയ്യാറാണ്. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാകട്ടെ പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വികസിപ്പിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാകട്ടെ, അതൊക്കെ രാജ്യത്തിന് മൂല്യവര്‍ധന നല്‍കുന്നതാണ്. ഇക്കാര്യം ഞാന്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതിനാല്‍ ഏതു തരത്തില്‍ രാജ്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ അവസരം ലഭിച്ചാലും ഞാന്‍ സന്താഷവാനായിരിക്കും. അത് വലിയ ബഹുമതിയാണ്. അതിനാല്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.' അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇപ്പോഴുള്ളത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനിയും ഒമ്പതു മാസം അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക