Image

ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 20 September, 2013
ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
പമ്പാസരസിന്‌ ഇരുകരയിലും ആര്‍ത്തുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നടമാടിയ ആറന്മുള ജലോത്സവത്തില്‍ അന്‍പത്തൊന്നില്‍ നാല്‌പത്തിയൊന്‍പതു ചുണ്ടനും വീര്യം കാത്തു. ഏഴര നൂറ്റാണ്ടിന്റെ പാരമ്പര്യം പേറി അരയന്നങ്ങളെപ്പോലെ തുഴഞ്ഞുവന്ന ചുണ്ടനുകള്‍ സ്വര്‍ണവര്‍ണാങ്കിതമായ മുത്തുക്കുടകളേന്തിയ കരക്കാര്‍ ``ആര്‍പ്പോ ഇര്‍...ര്‍...റോ...'' ഘോഷിക്കുന്നതിനിടയില്‍ മാരാമണ്‍ ചുണ്ടന്‍ പാര്‍ത്ഥസാരഥി കിരീടം സ്വന്തമാക്കി. രണ്ടാം സ്ഥാനം മല്ലപ്പുഴശേരിയും, മൂന്നാം സ്ഥാനം ഓതറയും നേടി. മുഖ്യാതിഥി സുരേഷ്‌ഗോപി ആറന്മുള പൊന്നമ്മയെ അനുസ്‌മരിച്ചുകൊണ്ടാണ്‌ പ്രസംഗം തുടങ്ങിയത്‌

വരുണന്‍ കനിഞ്ഞനുഗ്രഹിച്ചതിനാല്‍ നിറഞ്ഞുകവിഞ്ഞൊഴുകിയ പമ്പയാറില്‍ ഒഴുക്കിനെതിരേ മത്സരിച്ചു മുന്നേറാന്‍ എ, ബി ക്ലാസ്സുകളിലായി അണിനിരന്ന വള്ളങ്ങളിലെ നാനാജാതി മതസ്ഥരായ അയ്യായിരത്തോളം തുഴക്കാര്‍ക്ക്‌ നന്നേ പാടുപെടേണ്ടിവന്നു. മാരാമണ്‍, മല്ലപ്പുഴശേരി, ഓതറ, ഇടശേരിമല്‌ ചുണ്ടനുകള്‍ പതിവുപോലെ ഓളപ്പരപ്പില്‍ നിറഞ്ഞാടി. പമ്പ, കക്കി ഡാമുകള്‍ തുറന്നുവിട്ടതു മൂലമുള്ള മലവെള്ളപ്പാച്ചിലിനെ അതിജീവിക്കുന്നതായിരുന്നു അവരുടെ അത്യുത്സാഹം.

``ആറന്മുളയില്‍ പാര്‍ത്ഥസാരഥി ജയിച്ചു; രാഷ്‌ട്രീയക്കോമരങ്ങള്‍ തോറ്റു എന്നു പറയാമോ?' പള്ളിയോട സേവാസംഘം പ്രസിഡന്റുസ്ഥാനം രാജിവച്ചൊഴിഞ്ഞിട്ടും സത്രം വേദിക്കരികില്‍ ആത്യന്തം ജാഗരൂകനായി നിന്ന കെ.വി. സാംബദേവനോട്‌ `ഇമലയാളി' ലേഖകന്‍ ചോദിച്ചു.

``വരട്ടെ, അങ്ങനെ പറയാറായിട്ടില്ല. ഇനിയുള്ള കാലം പവിത്രമായ ജലമേളയോട്‌ ലോകം കാണിക്കുന്ന സമീപനം എങ്ങനെയെന്നു നോക്കിയിട്ടാവാം തീരുമാനം'' -ഏഴര നൂറ്റാണ്ടിന്റെ പാരമ്പര്യവും 1947 മുതലുള്ള സംഘടിത ജലോത്സവത്തിന്റെ ചരിത്രവും പേറിനില്‍ക്കുന്ന പമ്പാസരസിലേക്കു മിഴിപായിച്ച്‌ അദ്ദേഹം പറഞ്ഞു.

``എന്റെ ഓര്‍മയില്‍ ജലോത്സവത്തെ രാഷ്‌ട്രീയപാമരന്മാര്‍ കലുഷിതമാക്കുന്നത്‌ ഇതാദ്യമാണ്‌. കുചേലന്മാര്‍ അവില്‍പ്പൊതിയുമായി ദ്വാരകയിലെത്തി ശ്രീകൃഷ്‌ണനെ കണ്ട കാലം ഓര്‍ക്കുക. ഇന്ന്‌ രാഷ്‌ട്രീയ കുചേലന്മാര്‍ അവില്‍പ്പൊതിക്കു പകരം ദുഷ്‌ടലാക്കോടെയാണ്‌ ക്ഷേത്രനടയിലെത്തുന്നത്‌. അവരെ നിഗ്രഹിക്കാന്‍ പാര്‍ത്ഥസാരഥിയോ അദ്ദേഹം പറഞ്ഞുവിടുന്ന പാര്‍ത്ഥനോ എത്തുമോ എന്ന്‌ നോക്കിപ്പാര്‍ത്തിരിക്കാം'' -അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റം വലിയ സാംസ്‌കാരികോത്സവമാണ്‌ ആറന്മുള്ള ഉത്രട്ടാതി ജലോത്സവം. ആറന്മുളയില്‍ ആസൂത്രണം ചെയ്യുന്ന എയര്‍പോര്‍ട്ട്‌ പരിസ്ഥിതിനാശം വരുത്തുമെന്ന പേരില്‍ അതുമായി ബന്ധപ്പെട്ടവരെ ജലോത്സവത്തില്‍ അടുപ്പിക്കരുതെന്നു വാശിപിടിക്കുന്ന ചിലരാണ്‌ പവിത്രമായ ഈ ഉത്സവത്തെ മലീമസപ്പെടുത്തുന്നത്‌. ജലോത്സവവും എയര്‍പോര്‍ട്ടും തമ്മില്‍ ബന്ധപ്പെടരുതെന്ന്‌ ഹൈക്കോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടും അതു ലംഘിച്ചുകൊണ്ടാണ്‌ കരുനീക്കങ്ങള്‍. അതിനോടു യോജിക്കാന്‍ എനിക്കാവില്ല. ജലമേള ഒന്ന്‌, എയര്‍പോര്‍ട്ട്‌ മറ്റൊന്ന്‌ എന്‍.എസ്‌.എസും മാര്‍ത്തോമ്മാ സഭാധ്യക്ഷനും നിലപാടെടുത്തത്‌ ശ്രദ്ധിക്കൂ.

ഈ കുഴപ്പങ്ങള്‍ മൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു പ്രതീക്ഷിച്ചിരുന്ന 35 ലക്ഷം രൂപ വെള്ളത്തിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. കേന്ദ്ര ടൂറിസം മന്ത്രി കെ. ചിരഞ്‌ജീവി ആറന്മുളയില്‍ മുഖ്യാതിഥിയായെത്തി കേന്ദ്രത്തിന്റെ വിഹിതമായി 25 ലക്ഷം രൂപ സഹായം പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. ഒപ്പം, കേരള സര്‍ക്കാരിന്റെ 10 ലക്ഷവും. രണ്ടും നഷ്‌ടമായി. ഒപ്പം, മൂന്നു പ്രമുഖ സ്‌പോണ്‍സര്‍മാരുടെ സഹായവും. ഇനി വള്ളസദ്യയില്‍നിന്നു മിച്ചം വയ്‌ക്കാവുന്ന തുകയേ പ്രതീക്ഷിക്കാനുള്ളൂ.

പതിനഞ്ചു വര്‍ഷം മുന്‍പ്‌ 1997-ലാണ്‌ വിപുലമായ തോതില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമൂഹസദ്യ ആരംഭിച്ചത്‌. ഭക്തജനങ്ങള്‍ പാര്‍ത്ഥസാരഥിക്ക്‌ അര്‍പ്പിക്കുന്ന കാണിക്കയാണു വള്ളസദ്യ. ആയിരക്കണക്കിനാളുകള്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സദ്യയില്‍ പങ്കെടുക്കുന്നു. ഇത്തവണ ജൂലൈ 31-നാരംഭിച്ച്‌ ഒക്‌ടോര്‍ രണ്ടിനു സമാപിക്കും.

അന്‍പത്തൊന്നു ചുണ്ടന്‍വള്ളങ്ങളാണ്‌ ആറന്മുളയ്‌ക്കു ചുറ്റുമുള്ള കരക്കാര്‍ക്കു സ്വന്തമായുള്ളത്‌. ഇതില്‍ കേടുപാടു പറ്റിയ രണ്ടെണ്ണമൊഴിച്ച്‌ നാല്‌പത്തൊന്‍പതും ജലമേളയില്‍ പങ്കെടുത്തു. ഓരോ ചുണ്ടനും ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു പള്ളിയോട സേവാസംഘത്തിന്റെ ആഗ്രഹം. പക്ഷേ, കേന്ദ്ര-സംസ്ഥാന സഹായങ്ങളുടെ അഭാവം അത്‌ വെട്ടിക്കുറയ്‌ക്കേണ്ടിവന്നിരിക്കുകയാണ്‌.
ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആറന്മുളയില്‍ മാരാമണ്‍ ചുണ്ടന്‍ മഹാറാണി (റിപ്പോര്‍ട്ട്‌, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക