Image

യുവജനങ്ങള്‍ ശ്ലീഹന്മാര്‍: മാര്‍ കല്ലറങ്ങാട്ട്

Published on 22 September, 2013
യുവജനങ്ങള്‍ ശ്ലീഹന്മാര്‍: മാര്‍ കല്ലറങ്ങാട്ട്
വാഗമണ്‍: യുവജനങ്ങള്‍ ശ്ലീഹന്മാരാണെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത കെസിവൈഎം വാഗമണ്‍ മൗണ്ട് നെബോ യുവജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ഭാവിയെ വര്‍ത്തമാനത്തിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന ജനാലകളാണു യുവജനങ്ങള്‍. ലോകമാകുന്ന പുസ്തകത്തിന്റെ താളുകള്‍ മറിച്ചു വായിച്ചു സമൂഹത്തെ ദൈവകൃപയാല്‍ നിറയ്ക്കാനാകണം. യുവജന സംഗമങ്ങള്‍ ആത്മവിശകലനത്തിനുള്ള അവസരങ്ങളാണ്. ക്രിസ്തുശിഷ്യരില്‍നിന്നു പാഠങ്ങള്‍ പഠിക്കണം. ബലഹീനതകളും കുറവുകളും കണ്ടറിഞ്ഞ് അവയെ ഈശോയോടു ചേര്‍ത്തുനിര്‍ത്തി മുന്നേറണം - മാര്‍ കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. 

സഭയുടെ വിശ്വാസം കുടുംബങ്ങളില്‍ ആളിക്കത്തിക്കണമെന്നു തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്‌ബോധിപ്പിച്ചു. ഹൃദയപീഠത്തില്‍ വിശ്വാസത്തിന്റെ വിളക്കു തെളിക്കണം. സഭയ്ക്കും സമൂഹത്തിനുമായി സാക്ഷ്യംവഹിക്കാനും വിശ്വാസപൈതൃകം ഏറ്റുവാങ്ങാനും യുവജനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേതൃത്വശൂന്യത അനുഭവപ്പെടുന്ന കാലഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനുള്ള നേതൃസാക്ഷ്യമാണെന്നും ത്യാഗത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും പാലാ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാനും കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായ ഡോ. സിറിയക് തോമസ് സന്ദേശത്തില്‍ പറഞ്ഞു. 

ഐസിവൈഎം ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിറിയക് ചാഴികാടനെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി രചിച്ച 'വഴിത്തിരിവ്' എന്ന പുസ്തകം മാര്‍ റാഫേല്‍ തട്ടിലിന് ആദ്യകോപ്പി നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. 

ഫാ. മാത്യു കദളിക്കാട്ടിലിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്നും നടന്നു. റവ. ഡോ. ജോസഫ് പാംപ്ലാനി ക്ലാസിനു നേതൃത്വം നല്‍കി. 

പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, പാലാ കാരിത്താസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കക്കാട്ടില്‍, രൂപതാ ഡയറ്ക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഫാ. തോമസ് മണ്ണൂര്‍, ഫാ. ഏബ്രഹാം തുരുത്തിയില്‍, രൂപതാ പ്രസിഡന്റ് ഷിജോ ചെന്നേലി, സിസ്റ്റര്‍ ഷൈനി, ബ്രദര്‍ ജോയല്‍ ഇഞ്ചിക്കുഴിയില്‍, മെബിന്‍ കുഴിവേലില്‍, ചിന്നു ജോയി, റിബിന്‍ അരഞ്ഞാണിയില്‍, ജിത്ത് ഔസേപ്പറമ്പില്‍, ജസ്‌വിന്‍ പഴയമ്പള്ളില്‍, റോഷന്‍ കോലത്തുപറമ്പില്‍, ജോസന്‍ പേഴുംകാട്ടില്‍, സനിമോള്‍ ഒനാനിയില്‍, സെബാസ്റ്റ്യന്‍ തോട്ടത്തില്‍, സൗമ്യ വാതല്ലൂര്‍, കൃപ മറ്റത്തില്‍, സാഗര നാരകത്തിങ്കല്‍, സിജോ ചെള്ളാവയലില്‍, ബിജു കാനകാട്ട്, ദേവസ്യാച്ചന്‍ പുളിക്കല്‍, ജസ്റ്റിന്‍ മണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക