Image

സാമ്പത്തിക മാന്ദ്യം: യുഎസില്‍ ജനനനിരക്ക്‌ കുറയുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 14 October, 2011
സാമ്പത്തിക മാന്ദ്യം: യുഎസില്‍ ജനനനിരക്ക്‌ കുറയുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: സാമ്പത്തിക മാന്ദ്യം യുഎസിലെ ജനനനിരക്കിനെയും കാര്യമായി ബാധിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഎസ്‌ ജനനനിരക്കില്‍ കാര്യമായ ഇടിവുണ്‌ടായതായി പ്യൂ റിസര്‍ച്ച്‌ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 മുതലാണ്‌ ഈ പ്രവണത ദൃശ്യമാകാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ച ഹിസ്‌പാനിക്‌ ഗ്രൂപ്പിനിടയിലാണ്‌ ജനനനിരക്ക്‌ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്‌.

2008-2009 വര്‍ഷങ്ങളില്‍ ഹിസ്‌പാനിക്‌സിനിടയിലെ ജനനനിരക്ക്‌ 5.9 ശതമാനം ഇടിഞ്ഞപ്പോള്‍ കറുത്ത വര്‍ഗക്കാരില്‍ 2.4 ശതമാനവും വെള്ളക്കാരുടെ ഇടയില്‍ 1.6 ശതമാനവും ഇടിഞ്ഞു. എന്നാല്‍ ഇത്‌ മൊത്തം ജനസംഖ്യയില്‍ പ്രതിഫലിക്കാത്തതിന്‌ കാരണം മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ തേടി ആയിരക്കണക്കിനാളുകള്‍ യുഎസിലേക്ക്‌ കുടിയേറുന്നകൊണ്‌ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മികച്ച വിദേശഭാഷാ ചിത്രത്തിനുളള ഓസ്‌കറിന്‌ 63 ചിത്രങ്ങള്‍ മത്സരരംഗത്ത്‌

ന്യൂയോര്‍ക്ക്‌: ഇത്തവണത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശത്തിനായി 63 ചിത്രങ്ങള്‍ മത്സരരംഗത്ത്‌. ഇന്ത്യയില്‍ നിന്ന്‌ മലയാള ചിത്രം `ആദാമിന്റെ മകന്‍ അബു' ആണ്‌ മത്സരരംഗത്തുള്ളത്‌.

ഇതാദ്യായി ന്യൂസിലന്‍ഡില്‍ നിന്നുള്ള ചിത്രവും മത്സരരംഗത്തുണ്‌ട്‌. ഫെബ്രുവരി 27നാണ്‌ 84-ാമത്‌ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ജനുവരി 24ന്‌ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രങ്ങങ്ങളേതൊക്കെയെന്ന്‌ അറിയാനാവും.

മൈക്രോസോഫ്‌റ്റ്‌ സ്‌കൈപ്പിനെ ഏറ്റെടുത്തു

ന്യൂയോര്‍ക്ക്‌: പ്രമുഖ ഇന്റര്‍നെറ്റ്‌ കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ സ്‌കൈപ്പിനെ മൈക്രോസോഫ്‌റ്റ്‌ ഏറ്റെടുത്തു. 8.5 ബില്യണ്‍ ഡോളറിനാണ്‌ മൈക്രോസോഫ്‌റ്റ്‌ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്ന്‌ പൂര്‍ത്തിയാക്കിയത്‌. ലോകത്തിലെ ലക്ഷകണക്കിന്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന സ്‌കൈപ്പിനെ ഏറ്റെടുക്കുന്നതിലൂടെ ആശയവിനിമയത്തില്‍ പുതുവഴികള്‍ തുറക്കാന്‍ മൈക്രോസോഫ്‌റ്റിനാവുമെന്ന്‌ മൈക്രോസോഫ്‌റ്റ്‌ സിഇഒ സ്റ്റീവ്‌ ബാള്‍മര്‍ പറഞ്ഞു.

സ്‌കൈപ്പ്‌ സഇഒ ടോണി ബേറ്റ്‌സ്‌ തന്നെയായിരിക്കും മൈക്രോസോഫ്‌റ്റിന്റെ കീഴിലും സ്‌കൈപ്പിനെ നയിക്കുക. ദിവസവും ഒരു ബില്യണ്‍ ഉപയോക്താക്കള്‍ എന്ന സ്‌കൈപ്പിന്റെ സ്വപ്‌നത്തിന്‌ ഗതിവേഗം നല്‍കാന്‍ മൈക്രോസോഫ്‌റ്റിന്റെ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന്‌ ടോണി ബേറ്റ്‌സ്‌ പറഞ്ഞു. 2003ല്‍ സ്‌കൈപ്പില്‍ 500 മില്യണ്‍ ഉപയോക്താക്കളായിരുന്നു ഉണ്‌ടായിരുന്നത്‌. ഇന്ന്‌ പ്രതിമാസം 170 മില്യണ്‍ ഉപയോക്താക്കളാണ്‌ സ്‌കൈപ്പ്‌ ഉപയോഗിക്കുന്നത്‌.

ഡിഎന്‍എ ടെസ്റ്റ്‌ രക്ഷയായി; 25 വര്‍ഷത്തിനുശേഷം മോര്‍ട്ടനു ജയില്‍ മോചനം

ഓാസ്‌റ്റിന്‍: ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 25 വര്‍ഷമായി ജയിലില്‍ കഴിയുന്നയാളെ ഡിഎന്‍എ പരിശോധനയിലെ തെളിവിന്റെ പേരില്‍ കോടതി വിട്ടയച്ചു. ഓസ്റ്റിനിലെ പലചരക്കുകട ജീവനക്കാരനായ മൈക്കല്‍ മോര്‍ട്ടന്‍ എന്നയാളാണ്‌ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കാല്‍ നൂറ്റാണ്‌ട്‌ ജയിലില്‍ കഴിഞ്ഞത്‌. മോര്‍ട്ടന്‍ നിരപരാധിയാണെന്നും ജയിലില്‍ കിടത്തിയതിന്‌ നഷ്‌ടപരിഹാരമായി പ്രതിവര്‍ഷം 80,000 ഡോളര്‍ എന്ന നിരക്കില്‍ ആകെ 20 ലക്ഷം ഡോളര്‍ (9.81 കോടി രൂപ) നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്‌ട്‌.

1986-ലാണ്‌ മോര്‍ട്ടന്റെ ഭാര്യ ക്രിസ്‌റ്റീന്‍ കൊല്ലപ്പെട്ടത്‌. താന്‍ കടയിലേക്കു പോകുമ്പോള്‍ ഭാര്യയും കുഞ്ഞും സുഖമായിരിക്കുകയായിരുന്നെന്നും വീട്ടില്‍ അതിക്രമിച്ചു കടന്ന ആരോ ആയിരിക്കാം കൊലപാതകം നടത്തിയതെന്നുമായിരുന്നു മോര്‍ട്ടന്റെ വാദം. എന്നാല്‍ സാഹചര്യത്തെളിവുകള്‍ ഇയാള്‍ക്കെതിരായി.

സംഭവസ്‌ഥലത്തുനിന്ന്‌ ഈയിടെ ലഭിച്ച രക്‌തംപുരണ്‌ട തൂവാലയാണ്‌ കേസില്‍ വഴിത്തിരിവായത്‌. ഇതിലെ ഡിഎന്‍എ സാംപിള്‍ മോര്‍ട്ടന്റെ ഡിഎന്‍എയുമായി ചേര്‍ന്നില്ല. ഇതേസമയം, കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളിയുടെ ഡിഎന്‍എയുമായി ചേര്‍ച്ച കാണുകയും ചെയ്‌തു. ഓസ്‌റ്റിനില്‍ തന്നെ 1988ല്‍ മറ്റൊരു സ്‌ത്രീ കൊല്ലപ്പെട്ട സ്‌ഥലത്തുനിന്നു ലഭിച്ച ഡിഎന്‍എ സാംപിളുമായും ഇതു ചേരുന്നതായി കണെ്‌ടത്തി. തുടര്‍ന്നാണ്‌ മോര്‍ട്ടനെ കുറ്റവിമുക്‌തനാക്കിയത്‌.

ഓഹരിവിപണിയിലെ ക്രമക്കേട്‌: ഹെഡ്‌ജ്‌ സ്‌ഥാപകനു 11 വര്‍ഷം തടവ്‌

ന്യൂയോര്‍ക്ക്‌: ഓഹരിവിപണിയില്‍ തട്ടിപ്പ്‌ നടത്തിയ കേസില്‍ ഹെഡ്‌ജ്‌ സ്‌ഥാപകനും കോടീശ്വരനുമായ ശ്രീലങ്കന്‍ വംശജന്‍ രാജ്‌ രാജരത്‌ന(54)ത്തെ യുഎസ്‌ കോടതി 11 വര്‍ഷം തടവിന്‌ ശിക്ഷിച്ചു. ഓഹരിവിപണിയിലെ തട്ടിപ്പിന്റെ ആധുനിക മുഖം എന്നാണു രാജരത്‌നത്തിന്റെ കുറ്റങ്ങളെ കോടതി വിശേഷിപ്പിച്ചത്‌. രാജരത്‌നം 10 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്‌ട്‌.

വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വേണ്‌ടി ജാമ്യം അനുവദിക്കണമെന്ന രാജരത്‌നത്തിന്റെ ആവശ്യം നിരസിച്ച കോടതി അടുത്തമാസം 28നു ജയിലില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്‌ട്‌.

ഓഹരിവിപണിയിലെ ക്രമക്കേടിലൂടെ രാജരതനം 50 മില്യണ്‍ ഡോളറെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്‌ടെന്ന്‌ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി വ്യക്തമാക്കി. ക്രമക്കേട്‌, ഗൂഢാലോചന തുടങ്ങിയ 14 കുറ്റങ്ങള്‍ക്കാണ്‌ രാജരത്‌നത്തെ ശിക്ഷിച്ചിരിക്കുന്നത്‌. രാജരത്‌നത്തെ പരമാവധിശിക്ഷയായ 20 വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം:സുക്കോട്ടി പാര്‍ക്ക്‌ ഒഴിയാനാവില്ലെന്ന്‌ പ്രക്ഷോഭകര്‍

ന്യൂയോര്‍ക്ക്‌: വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭകര്‍ തമ്പടിച്ച സുക്കോട്ടി പാര്‍ക്ക്‌ ശുചീകരിക്കുന്നതിനായി സമരകേന്ദ്രത്തില്‍നിന്ന്‌ താത്‌കാലികമായി മാറണമെന്ന ന്യൂയോര്‍ക്ക്‌ മേയര്‍ ബ്ലൂംബെര്‍ഗിന്റെ ആവശ്യം പ്രക്ഷോഭകര്‍ തള്ളി. ശുചീകരണത്തിന്റെ പേരില്‍ സമരത്തെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കമാണിതെന്ന്‌ സംശയിക്കേണ്‌ടിയിരിക്കുന്നുവെന്ന്‌ പ്രക്ഷോഭകര്‍ ചൂണ്‌ടിക്കാട്ടി. പാര്‍ക്കിന്റെ സുരക്ഷയും വൃത്തിയും നഷ്ടമാവാതിരിക്കാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നുണെ്‌ടന്നും അവര്‍ പറഞ്ഞു.

അതേസമയം സമരത്തെ ആദ്യഘട്ടത്തില്‍ അവഗണിച്ച അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രക്ഷോഭ വാര്‍ത്തകളുടെ എണ്ണം കൂടിത്തുടങ്ങി. വന്‍കിട മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളില്‍ ഇനിയും സമരം പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പ്രാദേശിക ചാനലുകളിലും റേഡിയോകളിലും ഇതുസംബന്ധിച്ച്‌ ഏറെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്‌ട്‌. ചാനലുകളുടെ ന്യൂസ്‌ ഫ്‌ളാഷുകളായും പത്രങ്ങളുടെ ഒന്നാംപേജ്‌ വാര്‍ത്തയായും കഴിഞ്ഞയാഴ്‌ചയോടെ സമരം മാറിയതായി 'പ്യു' ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നു. സെപ്‌റ്റംബര്‍ അവസാനത്തെ ആഴ്‌ച മൊത്തം വാര്‍ത്താ കവറേജിന്റെ രണ്‌ട്‌ ശതമാനം മാത്രമായിരുന്ന സമരം ഒക്ടോബര്‍ ആദ്യവാരമായപ്പോള്‍ ഏഴ്‌ ശതമാനമായി വര്‍ധിച്ചിട്ടുണ്‌ട്‌.

അതിനിടെ പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ച്‌ നേരിടുന്ന യു.എസ്‌. അധികൃതര്‍ ബുധനാഴ്‌ച നാല്‌ സമരക്കാരെ കൂടി അറസ്റ്റ്‌ ചെയ്‌തു. അമേരിക്കയിലെ കുത്തക ബാങ്കായ ജെ.പി. മോര്‍ഗന്‍ ചേസിനു മുന്നില്‍ റാലി നടത്തിയവരാണ്‌ അറസ്റ്റിലായത്‌. ബോസ്റ്റണ്‍ നഗരത്തില്‍ 150ഓളം പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അതേസമയം, വാള്‍സ്‌ട്രീറ്റ്‌ തെരുവില്‍ ഉടലെടുത്ത പ്രതിഷേധാഗ്‌നി ലോകമെങ്ങും വ്യാപിക്കുകയാണെന്ന്‌ സൂചനയുണ്‌ട്‌. മഹാഭൂരിപക്ഷം ജനങ്ങളെ തൊഴിലില്ലായ്‌മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്ന സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച ആഗോളതലത്തില്‍ പ്രക്ഷോഭം നടക്കും. 71 രാജ്യങ്ങളിലെ 719 നഗരങ്ങള്‍ പ്രക്ഷോഭത്തില്‍ കണ്ണിചേരും. വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള വ്യത്യസ്‌ത കൂട്ടായ്‌മകള്‍ ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറില്‍ ശനിയാഴ്‌ച ഒത്തുചേരുന്നുണ്‌ട്‌.

ഡെന്നിസ്‌ റിച്ചി വിടവാങ്ങി; ആരോരുമറിയാതെ

ന്യൂയോര്‍ക്ക്‌: ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍ മാറ്റത്തിന്‌ വഴിതെളിച്ച സ്റ്റീവ്‌ ജോബ്‌സിന്‌ പിന്നാലെ മറ്റൊരു അതികായകന്‍ കൂടി ഓര്‍മയായി. `സി' പ്രോഗ്രാമിംഗ്‌ ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ്‌ റിച്ചി (70) അന്തരിച്ച വിവരം, അദ്ദേഹത്തിന്റെ സുഹൃത്തും കനേഡിയന്‍ സോഫ്‌റ്റുവെയര്‍ എഞ്ചിനീയറുമായ റോബര്‍ട്ട്‌ സി.പൈക്‌ ആണ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്‌. ഒക്ടോബര്‍ എട്ടിനായിരുന്നു റിച്ചിയുടെ വിയോഗമെന്ന്‌ പൈക്‌ അറിയിച്ചു.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ഇന്റര്‍നെറ്റ്‌ അതിന്റെ ബാല്യം പിന്നിടുകയും ചെയ്യുന്ന 1970 കളുടെ തുടക്കത്തിലാണ്‌, സി പ്രോഗ്രാമിംഗ്‌ ലാംഗ്വേജ്‌ രൂപപ്പെടുത്തുന്നതിലും, കെന്‍ തോംപ്‌സണുമായി ചേര്‍ന്ന്‌ യുണീക്‌സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം(ഒഎസ്‌) വികസിപ്പിക്കുന്നതിലും റിച്ചി വിജയിക്കുന്നത്‌. പേഴ്‌സണല്‍ കമ്പ്യൂമ്പ്യൂട്ടിംഗിലും മൊബൈല്‍ കമ്പ്യൂമ്പ്യൂട്ടിംഗിലും ആധുനിക പ്രോഗ്രാമിംഗ്‌ സങ്കേതങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയ മുന്നേറ്റമാണ്‌ 1970 കളില്‍ ഡെന്നീസ്‌ റിച്ചി നടത്തിയതെന്ന്‌ സാരം. 'ഡെന്നിസ്‌ റിച്ചി ഇല്ലായിരുന്നെങ്കില്‍, സ്റ്റീവ്‌ ജോബ്‌സ്‌ ഉണ്‌ടാകുമായിരുന്നില്ല'ഒരു സോഷ്യല്‍ മീഡിയ സൈറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ട വാക്യമാണിത്‌. ഇത്‌ അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ്‌വില്ലിയില്‍ 1941 സെപ്‌റ്റംബര്‍ 9 ന്‌ ജനിച്ച ഡെന്നിസ്‌ മാക്‌അലിസ്‌റ്റൈര്‍ റിച്ചി, ന്യൂ ജെര്‍സിയിലാണ്‌ വളര്‍ന്നത്‌. ബെല്‍ ലബോറട്ടറീസില്‍ സ്വിച്ചിംഗ്‌ സിസ്റ്റംസ്‌ എഞ്ചിനീയറായിരുന്ന അലിസ്‌റ്റൈര്‍ റിച്ചിയായിരുന്നു പിതാവ്‌. 1963 ല്‍ ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ റിച്ചി ഭൗതികശാസ്‌ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാഡില്‍ വെച്ചാണ്‌ ആദ്യമായി ഒരു കമ്പ്യൂട്ടര്‍ പരിചയപ്പെടാന്‍ റിച്ചിക്ക്‌ അവസരം ലഭിച്ചത്‌. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറായ യുനിവാക്‌-1 നെപ്പറ്റി നടന്ന ഒരു ക്ലാസില്‍ പങ്കെടുക്കുമ്പോഴായിരുന്നു അത്‌. അത്‌ റിച്ചിയുടെ ഭാവനയെ ആഴത്തില്‍ സ്വാധീനിച്ചു.

പിന്നീട്‌ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എംഐടി) യില്‍ ചേര്‍ന്ന റിച്ചി, 1967 ല്‍ ബെല്‍ ലാബ്‌സിലെത്തി. ട്രാന്‍സിസ്റ്റര്‍ പിറന്നുവീണ ബെല്‍ ലാബ്‌സ്‌, അക്കാലത്ത്‌ ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന സ്ഥാപനമാണ്‌. കെന്‍ തോംപ്‌സണ്‍ എന്നറിയപ്പെട്ട കെന്നത്ത്‌ തോംപ്‌സണ്‍ അന്ന്‌ ബെല്‍ ലാബ്‌സിലുണ്‌ട്‌. ഇരുവരും താമസിയാതെ ഡിജിറ്റല്‍ മുന്നേറ്റങ്ങളില്‍ സഹകാരികളായി.

പില്‍ക്കാലത്ത്‌ മാനേജിങ്‌ രംഗത്ത്‌ പ്രവേശിച്ച റിച്ചി, 2007 ല്‍ 'ലൂസെന്റ്‌ ടെക്‌നോളജി സിസ്റ്റംസി'ന്റെ സോഫ്‌ട്‌വേര്‍ റിസര്‍ച്ച്‌ വകുപ്പ്‌ മേധാവിയായാണ്‌ വിരമിച്ചത്‌. സാങ്കേതിക രംഗത്തെ ഒട്ടേറെ ബഹുമതികള്‍ റിച്ചിയെ തേടിയെത്തിയിട്ടുണ്‌ട്‌. 'എസിഎം ടൂറിംഗ്‌ െ്രെപസ്‌' (1983), `യുഎസ്‌ നാഷണല്‍ മെഡല്‍ ഓഫ്‌ ടെക്‌നോളജി' (1998) എന്നിവ അതില്‍ പെടുന്നു.

ബുഷിനെ അറസ്റ്റ്‌ ചെയ്യണമെന്ന ആംനസ്റ്റിയുടെ ആവശ്യം കാനഡ തളളി

ഒട്ടാവ: ഈ മാസം 20ന്‌ കാനഡയിലെത്തുന്ന മുന്‍ യു.എസ്‌ പ്രസിഡന്‍റ്‌ ജോര്‍ജ്‌ ബുഷിനെ അറസ്റ്റ്‌ ചെയ്യണമെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ആവശ്യം കാനഡ തള്ളി. ഭീകരതാവിരുദ്ധ യുദ്ധവുമായി ബന്ധപ്പെട്ട്‌ നിരപരാധികളെ പീഡനത്തിനിരയാക്കിയതിന്റെ പേരില്‍ വിസ്‌തരിക്കുന്നതിനാണ്‌ ബുഷിനെ അറസ്റ്റുചെയ്യണമെന്ന്‌ ആംനസ്റ്റി കാനഡയോട്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ ആംനസ്റ്റിയുടെ ആവശ്യം വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്‌ടാണെന്നായിരുന്നു ഇതിനെക്കുറിച്ച്‌ കാനഡയുടെ പ്രതികരണം.

ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്‌ടു കാരണമാണ്‌ പല പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും ആംനസ്റ്റിയുടെ ആവശ്യങ്ങല്‍ മുഖനിലയ്‌ക്കെടുക്കാത്തതെന്നും കനേഡിയന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ജേസണ്‍ കെന്നി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായിരിക്കെ നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ക്ക്‌ ഉത്തരവാദിയായ ബുഷിനെ അറസ്റ്റു ചെയ്‌ത്‌ കൈമാറണമെന്നായിരുന്നു ആംനസ്റ്റി കാനഡയോട്‌ നേരത്തെ ആവശ്യപ്പെട്ടത്‌. ബുഷിനെതിരെ കാനഡ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുക്കണമെന്നും ആംനസ്റ്റി ആവശ്യപ്പിട്ടിരുന്നു. സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്‌ ഈ മാസം 20ന്‌ ബുഷ്‌ കാനഡയില്‍ എത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക